അധ്യായം 97
മുന്തിരിത്തോട്ടത്തിലെ പണിക്കാരുടെ ദൃഷ്ടാന്തം
-
മുന്തിരിത്തോട്ടത്തിലെ ‘പിമ്പന്മാരായ’ പണിക്കാർ “മുമ്പന്മാർ” ആകുന്നു
പെരിയയിൽവെച്ച് “മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്ന് യേശു തന്റെ ശ്രോതാക്കളോട് പറഞ്ഞതേ ഉള്ളൂ. (മത്തായി 19:30) ഈ കാര്യം വ്യക്തമാക്കാൻ മുന്തിരിത്തോട്ടത്തിലെ പണിക്കാരുടെ ദൃഷ്ടാന്തം യേശു ഉപയോഗിക്കുന്നു:
“മുന്തിരിത്തോട്ടത്തിലേക്കു പണിക്കാരെ കൂലിക്കു വിളിക്കാൻ അതിരാവിലെ ഇറങ്ങിയ ഒരു വീട്ടുകാരനെപ്പോലെയാണു സ്വർഗരാജ്യം. പണിക്കാരോടു ദിവസം ഒരു ദിനാറെ കൂലി പറഞ്ഞൊത്ത് അയാൾ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. ഏകദേശം മൂന്നാം മണി നേരത്ത് അയാൾ വീണ്ടും പുറത്ത് പോയപ്പോൾ മറ്റു ചിലർ പണിയില്ലാതെ ചന്തസ്ഥലത്ത് നിൽക്കുന്നതു കണ്ടു. അയാൾ അവരോടു പറഞ്ഞു: ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു പൊയ്ക്കോ; ന്യായമായ കൂലി തരാം.’ അങ്ങനെ, അവർ പോയി. അയാൾ പിന്നെയും ഏകദേശം ആറാം മണി നേരത്തും ഒൻപതാം മണി നേരത്തും പുറത്ത് പോയി അങ്ങനെതന്നെ ചെയ്തു. ഒടുവിൽ, ഏകദേശം 11-ാം മണി നേരത്ത് അയാൾ പുറത്ത് പോയപ്പോൾ വേറെ ചിലർ അവിടെ നിൽക്കുന്നതു കണ്ട് അവരോട്, ‘നിങ്ങൾ പണിക്കു പോകാതെ ദിവസം മുഴുവൻ ഇവിടെ നിന്നത് എന്താണ് ’ എന്നു ചോദിച്ചു. ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവർ പറഞ്ഞു. അപ്പോൾ അയാൾ അവരോട്, ‘നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ല് ’ എന്നു പറഞ്ഞു.”—മത്തായി 20:1-7.
“വീട്ടുകാരനെ”ക്കുറിച്ചും “സ്വർഗരാജ്യ”ത്തെക്കുറിച്ചും യേശു പറഞ്ഞപ്പോൾ കേട്ടുനിന്നവർ യഹോവയെക്കുറിച്ചു ചിന്തിച്ചുകാണും. കാരണം ഒരു മുന്തിരിത്തോട്ടത്തിന്റെ ഉടമയായി യഹോവയെ തിരുവെഴുത്തുകൾ ചിത്രീകരിച്ചിരിക്കുന്നു. ആ മുന്തിരിത്തോട്ടം ഇസ്രായേൽ ജനതയായിരുന്നു. (സങ്കീർത്തനം 80:8, 9; യശയ്യ 5:3, 4) നിയമ ഉടമ്പടിയിലുള്ളവരെ മുന്തിരിത്തോട്ടത്തിലെ പണിക്കാരോടാണ് ഉപമിച്ചിരിക്കുന്നത്. പക്ഷേ കഴിഞ്ഞ കാലത്തെ കാര്യങ്ങളെക്കുറിച്ചല്ല യേശു പറയുന്നത്. മറിച്ച് തന്റെ നാളുകളിൽ ഉണ്ടായിരുന്ന ഒരു സാഹചര്യത്തെ വിശദീകരിക്കുകയായിരുന്നു.
വിവാഹമോചനം എന്ന വിഷയത്തിൽ യേശുവിനെ കുടുക്കാൻ ശ്രമിച്ച പരീശന്മാരെപ്പോലുള്ള മതനേതാക്കന്മാർ ദൈവസേവനത്തിൽ കഠിനാധ്വാനം ചെയ്യുന്നവരായിട്ടാണ് സ്വയം വീക്ഷിച്ചിരുന്നത്. ദിവസം മുഴുവൻ ജോലി ചെയ്തതിന്റെ കൂലിയായ ഒരു ദിനാറെ പ്രതീക്ഷിച്ച പണിക്കാരെപ്പോലെയാണ് ഇവർ.
പുരോഹിതന്മാരുടെയും കൂടെയുള്ളവരുടെയും നോട്ടത്തിൽ സാധാരണക്കാരായ ജൂതന്മാർ വളരെ ചുരുങ്ങിയ സമയമാണ് ദൈവസേവനത്തിൽ ചെലവിടുന്നത്, ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ കുറച്ചു നേരം മാത്രം പണിയെടുക്കുന്നവരെപ്പോലെ. യേശുവിന്റെ ദൃഷ്ടാന്തത്തിൽ, ‘ഏകദേശം 3-ാം മണി നേരത്തും’ (രാവിലെ 9 മണി) പിന്നീട് 6-ാം മണി, 9-ാം മണി, 11-ാം മണി (വൈകുന്നേരം 5 മണി) നേരത്തും ഒക്കെ വന്ന ആളുകളാണ് ഇവർ.
യേശുവിനെ അനുഗമിച്ച സ്ത്രീകളെയും പുരുഷന്മാരെയും ‘ശപിക്കപ്പെട്ട ജനം’ ആയാണു പരീശന്മാർ കണക്കാക്കിയിരുന്നത്. (യോഹന്നാൻ 7:49) അവർ മീൻപിടുത്തവും മറ്റു ജോലികളും ചെയ്തുപോന്നവരായിരുന്നു. എന്നാൽ എ.ഡി. 29-ലെ ഒക്ടോബർ മാസത്തോടെ ക്രിസ്തുവിന്റെ ശിഷ്യരായി ദൈവത്തിനുവേണ്ടി വേല ചെയ്യുന്നതിനു സാധാരണക്കാരായ ഈ ആളുകളെ വിളിക്കാൻ “മുന്തിരിത്തോട്ടത്തിന്റെ ഉടമ” യേശുവിനെ അയയ്ക്കുന്നു. യേശു പറഞ്ഞ 11-ാം മണി നേരത്ത് വന്ന “പിമ്പന്മാർ” ആണ് ഇവർ.
ദൃഷ്ടാന്തത്തിൽ ആ ദിവസത്തിന്റെ അവസാനം എന്താണ് സംഭവിച്ചതെന്നു ഉപസംഹാരമായി യേശു വിശദീകരിക്കുന്നു: “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച് കൂലി കൊടുക്ക്. അവസാനം വന്നവർതൊട്ട് വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക് അവസാനവും.’ 11-ാം മണി നേരത്ത് വന്നവർക്ക് ഓരോ ദിനാറെ കിട്ടി. അതു കണ്ടപ്പോൾ ആദ്യം വന്നവർ കൂടുതൽ കിട്ടുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അവർക്കും ഓരോ ദിനാറെയാണു കിട്ടിയത്. അപ്പോൾ അവർ വീട്ടുകാരനു നേരെ ഇങ്ങനെ പിറുപിറുത്തു: ‘ഒടുവിൽ വന്ന ഇവർ ഒരു മണിക്കൂറേ പണിയെടുത്തുള്ളൂ. ഞങ്ങളാകട്ടെ പൊള്ളുന്ന ചൂടും സഹിച്ച് ദിവസം മുഴുവൻ അധ്വാനിച്ചു. എന്നിട്ടും താങ്കൾ ഇവരെ ഞങ്ങളോടു തുല്യരാക്കിയല്ലോ.’ അയാൾ അവരിൽ ഒരാളോടു പറഞ്ഞു: ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമൊന്നും ചെയ്യുന്നില്ലല്ലോ. ഒരു ദിനാറെയല്ലേ ഞാൻ നിന്നോടു പറഞ്ഞൊത്തത്? നിനക്കുള്ളതു വാങ്ങി പൊയ്ക്കൊള്ളുക. നിനക്കു തന്നതുപോലെതന്നെ ഒടുവിൽ വന്ന ഇയാൾക്കും കൊടുക്കാനാണ് എനിക്ക് ഇഷ്ടം. എനിക്കുള്ളതുകൊണ്ട് എന്റെ ഇഷ്ടംപോലെ ചെയ്യാൻ എനിക്ക് അവകാശമില്ലേ? അതോ ഞാൻ നല്ലവനായതുകൊണ്ടുള്ള അസൂയയാണോ നിനക്ക്?’ ഇതുപോലെ, പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.”—മത്തായി 20:8-16.
യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ അവസാനഭാഗത്തെക്കുറിച്ച് ശിഷ്യന്മാർ അതിശയത്തോടെ ചിന്തിച്ചിരിക്കാം. തങ്ങളെത്തന്നെ ‘മുമ്പന്മാരായി’ കണക്കാക്കിയിരുന്ന
ജൂതമതനേതാക്കന്മാർ എങ്ങനെയാണ് ‘പിമ്പന്മാരായി’ത്തീർന്നത്? എങ്ങനെയാണ് യേശുവിന്റെ ശിഷ്യന്മാർ ‘മുമ്പന്മാരായി’ത്തീർന്നത്?പരീശന്മാരും മറ്റുള്ളവരും ‘പിമ്പന്മാരായി’ കരുതിയിരുന്ന യേശുവിന്റെ ശിഷ്യന്മാർ “മുമ്പന്മാർ” ആകാൻപോകുകയാണ്; അവർ ഒരു ദിവസത്തെ മുഴുവൻ ശമ്പളം വാങ്ങും. യേശുവിന്റെ മരണത്തോടെ ഭൗമിക യരുശലേമിനെ ഉപേക്ഷിച്ച് അതിനു പകരമായി “ദൈവത്തിന്റെ ഇസ്രായേൽ” എന്നൊരു പുതിയ ജനതയെ ദൈവം തിരഞ്ഞെടുക്കും. (ഗലാത്യർ 6:16; മത്തായി 23:38) പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തെക്കുറിച്ച് സംസാരിച്ച സ്നാപകയോഹന്നാൻ വിരൽ ചൂണ്ടിയത് ഇവരിലേക്കാണ്. പരിശുദ്ധാത്മാവിനാലുള്ള സ്നാനമേൽക്കാനും “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” യേശുവിനെക്കുറിച്ച് പ്രസംഗിക്കാനും ഉള്ള പദവി ആദ്യമായി ലഭിച്ചത് ഈ “പിമ്പന്മാർ”ക്കായിരുന്നു. (പ്രവൃത്തികൾ 1:5, 8; മത്തായി 3:11) യേശു പറഞ്ഞ ഈ നാടകീയ മാറ്റം എന്താണെന്നും എങ്ങനെ സംഭവിക്കുമെന്നും ശിഷ്യന്മാർക്ക് എത്രത്തോളം അപ്പോൾ മനസ്സിലായിക്കാണുമെന്ന് അറിയില്ല. അവർക്ക് കുറച്ചെങ്കിലും മനസ്സിലായെങ്കിൽ ‘പിമ്പന്മാരാകാൻ’ പോകുന്ന മതനേതാക്കന്മാരിൽനിന്ന് അവർ ഭാവിയിൽ നേരിടുന്ന ശക്തമായ എതിർപ്പിനെക്കുറിച്ച് കുറച്ചൊക്കെ വിഭാവന ചെയ്യാൻ കഴിഞ്ഞിരിക്കും.