അധ്യായം 103
ദേവാലയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു
മത്തായി 21:12, 13, 18, 19; മർക്കോസ് 11:12-18; ലൂക്കോസ് 19:45-48; യോഹന്നാൻ 12:20-27
-
യേശു ഒരു അത്തി മരത്തെ ശപിക്കുന്നു, ദേവാലയം ശുദ്ധീകരിക്കുന്നു
-
അനേകർക്കു ജീവൻ ലഭിക്കാൻ യേശു മരിക്കണം
യരീഹൊയിൽനിന്ന് വന്ന യേശുവും ശിഷ്യന്മാരും മൂന്നു രാത്രി ബഥാന്യയിൽ ചെലവഴിക്കുന്നു. നീസാൻ 10-ാം തീയതി തിങ്കളാഴ്ച രാവിലെതന്നെ അവർ യരുശലേമിലേക്കു പോകുന്നു. യേശുവിന് അപ്പോൾ വിശക്കുന്നുണ്ടായിരുന്നു. ഒരു അത്തി മരം കണ്ടപ്പോൾ യേശു അതിന്റെ അടുത്തേക്കു ചെല്ലുന്നു. അതിൽ അത്തിപ്പഴങ്ങൾ ഉണ്ടായിരുന്നോ?
ഇപ്പോൾ മാർച്ച് മാസം കഴിയാറായി. അത്തി മരം കായ്ക്കുന്നത് ജൂണിലാണ്. എന്നാൽ ഇവിടെ ഇതാ, ഈ അത്തി മരത്തിന്റെ ഇലകൾ നേരത്തേ തളിർത്തിരിക്കുന്നു. അതുകൊണ്ട് അതിൽ പഴങ്ങൾ കാണുമെന്നു യേശു വിചാരിച്ചു. എന്നാൽ ഒരെണ്ണംപോലും യേശുവിനു കണ്ടെത്താൻ കഴിയുന്നില്ല. മരത്തിന്റെ ഇലകൾ കണ്ടാൽ അതിൽ പഴമുണ്ടെന്നേ ആർക്കും തോന്നൂ. അതുകൊണ്ട്, യേശു അതിനോട്, “നിന്നിൽനിന്ന് ഇനി ഒരിക്കലും ആരും പഴം കഴിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. (മർക്കോസ് 11:14) പെട്ടെന്നുതന്നെ, ആ മരം ഉണങ്ങിത്തുടങ്ങി. ഇതിന്റെയെല്ലാം അർഥം അടുത്ത ദിവസം രാവിലെ അവർ മനസ്സിലാക്കുമായിരുന്നു.
അധികം താമസിയാതെ, യേശുവും ശിഷ്യന്മാരും യരുശലേമിൽ എത്തി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ദേവാലയത്തിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച യേശു ഇപ്പോൾ ചിലതു ചെയ്യാൻ തീരുമാനിച്ചാണ് വന്നിരിക്കുന്നത്. മൂന്നു വർഷം മുമ്പ്, എ.ഡി. 30-ലെ പെസഹയുടെ സമയത്ത് ചെയ്ത അതേ കാര്യം. (യോഹന്നാൻ 2:14-16) “ദേവാലയത്തിൽ . . . വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നവരെ” യേശു ഇപ്പോൾ പുറത്താക്കുന്നു. “നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും” മറിച്ചിടുന്നു. (മർക്കോസ് 11:15) നഗരത്തിന്റെ ചില ഭാഗത്തേക്കു സാധനങ്ങൾ ദേവാലയത്തിന്റെ മുറ്റത്തുകൂടെ എളുപ്പത്തിൽ എത്തിക്കാമായിരുന്നെങ്കിലും അതിന് യേശു ആരെയും അനുവദിച്ചില്ല.
ദേവാലയത്തിൽ മൃഗങ്ങളെ വിൽക്കുകയും നാണയം മാറ്റിക്കൊടുക്കുകയും ചെയ്യുന്നവർക്ക് എതിരെ യേശു ശക്തമായ നടപടി സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? യേശു അവരോട് ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കുമുള്ള പ്രാർഥനാലയം എന്ന് അറിയപ്പെടും’ എന്ന് എഴുതിയിട്ടുണ്ടല്ലോ. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.” (മർക്കോസ് 11:17) ബലിക്കായി മൃഗങ്ങളെ വാങ്ങുന്നവരുടെ കൈയിൽനിന്ന് അവർ അമിതമായി പണം ഈടാക്കിയിരുന്നു. അതുകൊണ്ടാണ് യേശു അവരെ കള്ളന്മാർ എന്നു വിളിക്കുന്നത്. അതെ, യേശു അവർ ചെയ്തതിനെ ഒരു കവർച്ചയായിത്തന്നെ വീക്ഷിക്കുന്നു.
മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മറ്റു പ്രമുഖരായ ആളുകളും യേശു ഈ ചെയ്തതിനെക്കുറിച്ച് കേട്ടപ്പോൾ യേശുവിനെ കൊല്ലാനായി വീണ്ടും ശ്രമിക്കുന്നു. എന്നാൽ ഒരു പ്രശ്നമുണ്ട്. ഇപ്പോൾ ആളുകളെല്ലാം യേശുവിനു ചുറ്റുംതന്നെയാണ്. അതുകൊണ്ട് യേശുവിനെ എങ്ങനെ കൊല്ലും എന്ന ചിന്തയിലാണ് അവർ.
ജൂതന്മാർ മാത്രമല്ല ജൂതമതം സ്വീകരിച്ചവരും പെസഹ ആചരണത്തിന് വന്നിട്ടുണ്ട്. അവരിൽ ആരാധനയ്ക്കായി കൂടിവന്ന ഗ്രീക്കുകാരുമുണ്ട്. ഫിലിപ്പോസ് എന്നത് ഒരു ഗ്രീക്ക് പേരായതുകൊണ്ടാകാം അവർ ഫിലിപ്പോസിനെ സമീപിച്ച് യേശുവിനെ കാണാൻ പറ്റുമോ എന്നു ചോദിക്കുന്നത്. ഫിലിപ്പോസ് അന്ത്രയോസിനോട് ഈ കാര്യം ചർച്ച ചെയ്തു. ഒരുപക്ഷേ അത്തരമൊരു കൂടിക്കാഴ്ച ഇപ്പോൾ പറ്റുമോ എന്ന കാര്യം ഫിലിപ്പോസിന് ഉറപ്പില്ലായിരുന്നതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്. യേശുവിനോട് ഇതെക്കുറിച്ച് ചോദിക്കാൻ അവർ പോകുന്നു. സാധ്യതയനുസരിച്ച് യേശു അപ്പോൾ ദേവാലയത്തിൽത്തന്നെ ഉണ്ടായിരുന്നു.
ആളുകളുടെ ആകാംക്ഷ തൃപ്തിപ്പെടുത്താനും അവരുടെ ഇടയിൽ പ്രശസ്തനാകാനും ഉള്ള സമയമല്ലായിരുന്നു അത്. കാരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ മരിക്കുമെന്ന കാര്യം യേശുവിന് നന്നായി അറിയാം. ആ രണ്ട് അപ്പോസ്തലന്മാരുടെ ചോദ്യത്തിനു മറുപടിയായി യേശു ഒരു ഉദാഹരണം പറയുന്നു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഒരു ഗോതമ്പുമണി മണ്ണിൽ വീണ് അഴുകുന്നില്ലെങ്കിൽ അത് ഒരൊറ്റ ഗോതമ്പുമണിയായിത്തന്നെയിരിക്കും. എന്നാൽ അഴുകുന്നെങ്കിലോ അതു നല്ല വിളവ് തരും.”—യോഹന്നാൻ 12:23, 24.
ഒരു ഗോതമ്പുമണിയെ നമ്മൾ വില കുറച്ചു കണ്ടേക്കാം. എന്നാൽ അത് മണ്ണിൽ വീണ് ‘അഴുകുമ്പോൾ’ അത് കിളിർത്ത് അനേകം ധാന്യമണികളുള്ള ഗോതമ്പുകതിരായി വളരും. അതുപോലെ, പൂർണമനുഷ്യനായിരുന്ന യേശു മരണത്തോളം ദൈവത്തോടു വിശ്വസ്തനായിരുന്നു. അതുകൊണ്ട് അനേകർക്കു നിത്യജീവന്റെ അനുഗ്രഹം പകർന്നുകൊടുക്കാൻ യേശുവിനു കഴിഞ്ഞു. യേശുവിനെപ്പോലെ ആത്മത്യാഗമനോഭാവമുള്ളവർക്കാണ് ഈ അനുഗ്രഹം ലഭിക്കുക. അതുകൊണ്ടാണ് യേശു ഇങ്ങനെ പറയുന്നത്: “തന്റെ ജീവനെ പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. എന്നാൽ ഈ ലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും.”—യോഹന്നാൻ 12:25.
യേശു തന്നെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. കാരണം, യോഹന്നാൻ 12:26) എത്ര വലിയ പ്രതിഫലം! പിതാവിനാൽ ആദരിക്കപ്പെടുന്നവർ ക്രിസ്തുവിന്റെ രാജ്യത്തിന്റെ പങ്കാളികളാകും.
യേശു പറയുന്നു: “എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. ഞാൻ എവിടെയാണോ അവിടെയായിരിക്കും എനിക്കു ശുശ്രൂഷ ചെയ്യുന്നവനും. എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് ആദരിക്കും.” (തന്നെ കാത്തിരിക്കുന്ന വേദനാകരമായ കഷ്ടവും മരണവും ഓർത്തുകൊണ്ട് യേശു പറയുന്നു: “ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥനാണ്. ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ.” എന്നാലും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാതിരിക്കാൻ യേശു ആഗ്രഹിക്കുന്നില്ല. യേശു ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എങ്കിലും ഇതിനുവേണ്ടിയാണല്ലോ ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നത്.” (യോഹന്നാൻ 12:27) സ്വന്തം ജീവൻ ബലിയർപ്പിക്കുന്നത് ഉൾപ്പെടെ ദൈവം ഉദ്ദേശിച്ച എല്ലാ കാര്യങ്ങളിലും ദൈവത്തോടൊപ്പം നിൽക്കാൻ യേശു തയ്യാറായിരുന്നു.