അധ്യായം 121
“ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു”
-
കുറച്ച് കഴിഞ്ഞാൽ പിന്നെ അപ്പോസ്തലന്മാർ യേശുവിനെ കാണില്ല
-
അപ്പോസ്തലന്മാരുടെ ദുഃഖം ആനന്ദമായി മാറും
യേശുവും അപ്പോസ്തലന്മാരും പെസഹ ആഘോഷിച്ച ആ മുറിയിൽനിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങുകയാണ്. പ്രധാനപ്പെട്ട ചില മുന്നറിയിപ്പുകൾ കൊടുത്തശേഷം യേശു ഇങ്ങനെയും പറയുന്നു: “നിങ്ങൾ വീണുപോകാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത്.” അത്തരം ഒരു മുന്നറിയിപ്പ് ഉചിതമായിരുന്നത് എന്തുകൊണ്ട്? യേശു അവരോടു പറയുന്നു: “ആളുകൾ നിങ്ങളെ സിനഗോഗിൽനിന്ന് പുറത്താക്കും. നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു കരുതുന്ന സമയം വരുന്നു.”—യോഹന്നാൻ 16:1, 2.
യേശുവിന്റെ ഈ വാക്കുകൾ അപ്പോസ്തലന്മാരെ അസ്വസ്ഥരാക്കിയിട്ടുണ്ടാകും. ലോകം അവരെ വെറുക്കുമെന്നു യേശു പറഞ്ഞിരുന്നു. എന്നിരുന്നാലും അവർ കൊല്ലപ്പെടുമെന്നു യേശു അവരോടു നേരിട്ടു പറഞ്ഞിരുന്നില്ല. എന്തുകൊണ്ട്? യേശു പറയുന്നു: “ഞാൻ നിങ്ങളുടെകൂടെയുണ്ടായിരുന്നതുകൊണ്ടാണു തുടക്കത്തിൽ ഈ കാര്യങ്ങൾ നിങ്ങളോടു പറയാതിരുന്നത്.” (യോഹന്നാൻ 16:4) എന്നാൽ ഇപ്പോൾ പോകുന്നതിനു മുമ്പ് ചില മുന്നറിയിപ്പുകൾകൂടി യേശു കൊടുക്കുകയായിരുന്നു. പിന്നീട് വീണുപോകാതിരിക്കാൻ ഇത് അവരെ സഹായിക്കുമായിരുന്നു.
യേശു തുടരുന്നു: “ഇപ്പോൾ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകുന്നു. പക്ഷേ നിങ്ങൾ ആരും എന്നോട്, ‘അങ്ങ് എവിടേക്കു പോകുന്നു’ എന്നു ചോദിക്കുന്നില്ല.” എന്നാൽ യേശു എവിടേക്കാണു പോകുന്നതെന്ന് അന്നു വൈകുന്നേരം അവർ ചോദിച്ചിരുന്നു. (യോഹന്നാൻ 13:36; 14:5; 16:5) പക്ഷേ ഇപ്പോൾ, അവർ നേരിടാൻപോകുന്ന ഉപദ്രവത്തെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളാണ് അവരുടെ മനസ്സിൽ. ഇതെക്കുറിച്ച് ഓർത്ത് അവർ ആകെ വിഷമിച്ചിരിക്കുകയാണ്. അതുകൊണ്ട് യേശുവിനു ലഭിക്കാനിരിക്കുന്ന മഹത്ത്വത്തെക്കുറിച്ചോ സത്യാരാധകർക്കുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ചോ കൂടുതലൊന്നും അവർക്കു ചോദിക്കാനാകുന്നില്ല. അതു മനസ്സിലാക്കിയ യേശു പറയുന്നു: “ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.”—യോഹന്നാൻ 16:6.
അപ്പോൾ യേശു വിശദീകരിക്കുന്നു: “നിങ്ങളുടെ പ്രയോജനത്തിനാണു ഞാൻ പോകുന്നത്. ഞാൻ പോയില്ലെങ്കിൽ സഹായി നിങ്ങളുടെ അടുത്ത് വരില്ല. പോയാലോ ഞാൻ സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും.” (യോഹന്നാൻ 16:7) യേശു മരിച്ച് സ്വർഗത്തിലേക്കു പോയാൽ മാത്രമേ യേശുവിന്റെ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവ് ലഭിക്കുകയുള്ളൂ. ഭൂമിയിൽ എവിടെയും ഉള്ള തന്റെ ജനത്തിനു പരിശുദ്ധാത്മാവിനെ നൽകി യേശുവിന് അവരെ സഹായിക്കാനാകും.
പരിശുദ്ധാത്മാവ് “പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.” (യോഹന്നാൻ 16:8) അതെ, ദൈവപുത്രനിൽ വിശ്വസിക്കാൻ പരാജയപ്പെട്ട ലോകത്തെ അതു തുറന്നുകാട്ടും. യേശു ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്കു പോകുന്നതു യേശു നീതിമാനാണെന്ന കാര്യത്തിനു ശക്തമായ ഒരു തെളിവായിരിക്കും. കൂടാതെ, ‘ഈ ലോകത്തിന്റെ ഭരണാധികാരിയായ’ സാത്താൻ ന്യായവിധിക്ക് അർഹനായിരിക്കുന്നത് എന്തുകൊണ്ടെന്നും അതു വെളിപ്പെടുത്തും.—യോഹന്നാൻ 16:11.
“ഇനിയും ഒരുപാടു കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട് ” എന്ന് യേശു പറയുന്നു. എന്നിട്ട് ഇങ്ങനെ തുടരുന്നു: “പക്ഷേ ഇപ്പോൾ നിങ്ങൾക്ക് അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല.” യേശു പരിശുദ്ധാത്മാവിനെ കൊടുക്കുമ്പോൾ അത് അവരെ വഴിനയിക്കും, അങ്ങനെ “സത്യം മുഴുവനായി” മനസ്സിലാക്കാൻ അവർക്കാകും. കൂടാതെ ആ സത്യത്തിനു ചേർച്ചയിൽ ജീവിക്കാനും അവർ പ്രാപ്തരാകും.—യോഹന്നാൻ 16:12, 13.
യേശുവിന്റെ തുടർന്നുള്ള പ്രസ്താവന അവരെ ആശയക്കുഴപ്പത്തിലാക്കി. “കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും.” യേശു പറഞ്ഞതിന്റെ അർഥം എന്താണെന്ന് അവർ തമ്മിൽത്തമ്മിൽ ചോദിക്കുന്നു. അവർ അതെക്കുറിച്ച് തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കിയ യേശു അവരോടു വിശദീകരിക്കുന്നു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞുവിലപിക്കും, പക്ഷേ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.” (യോഹന്നാൻ 16:16, 20) പിറ്റേന്ന് ഉച്ചകഴിഞ്ഞ് യേശു കൊല്ലപ്പെടുമ്പോൾ മതനേതാക്കൾ സന്തോഷിക്കുന്നു, പക്ഷേ യേശുവിന്റെ ശിഷ്യന്മാർ കരഞ്ഞുവിലപിക്കുന്നു. എന്നാൽ യേശു ഉയിർത്തെഴുന്നേൽക്കുകയും അവരുടെ മേൽ പരിശുദ്ധാത്മാവിനെ പകരുകയും ചെയ്തതോടെ അവരുടെ ദുഃഖം ആനന്ദമായി മാറി!
അപ്പോസ്തലന്മാരുടെ സാഹചര്യത്തെ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയോട് താരതമ്യപ്പെടുത്തിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “പ്രസവസമയമാകുമ്പോൾ ഒരു സ്ത്രീ അവളുടെ വേദന ഓർത്ത് ദുഃഖിക്കുന്നു. എന്നാൽ കുഞ്ഞിനെ പ്രസവിച്ചുകഴിയുമ്പോൾ, ഒരു മനുഷ്യൻ ലോകത്തിൽ പിറന്നുവീണതുകൊണ്ടുള്ള സന്തോഷം കാരണം അവൾ അനുഭവിച്ച കഷ്ടം പിന്നെ ഓർക്കില്ല.” ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങൾക്കും ഇപ്പോൾ ദുഃഖമുണ്ട്. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം യോഹന്നാൻ 16:21, 22.
സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും കവർന്നുകളയില്ല.”—ഇതുവരെ, അപ്പോസ്തലന്മാർ യേശുവിന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. ഇപ്പോൾ യേശു പറയുന്നു: “അന്ന് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് അപേക്ഷിക്കും.” എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യേണ്ടിയിരുന്നത്? പിതാവ് അവരുടെ അപേക്ഷകൾ കേൾക്കാതിരുന്നതുകൊണ്ടല്ല. യേശു പറയുന്നു: “നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.”—യോഹന്നാൻ 16:26, 27.
യേശുവിന്റെ ഈ വാക്കുകൾ അപ്പോസ്തലന്മാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകും. അവർ ഉറപ്പോടെ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്നതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” എന്നാൽ അവരുടെ ആ ബോധ്യം ഉടൻതന്നെ പരിശോധിക്കപ്പെടുമായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് യേശു വിശദീകരിക്കുന്നു: “എന്നാൽ ഇതാ, നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം വരുന്നു. അത് ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു.” എങ്കിലും യേശു അവർക്ക് ഉറപ്പു കൊടുക്കുന്നു: “ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനമുണ്ടാകാനാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്. ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.” (യോഹന്നാൻ 16:30-33) യേശു ഇപ്പോൾ അവരുടെ അടുക്കൽനിന്ന് പോകുകയാണെങ്കിലും തുടർന്നും അവരെ പിന്തുണയ്ക്കുമായിരുന്നു. സാത്താനും അവന്റെ ലോകവും അപ്പോസ്തലന്മാരുടെ വിശ്വസ്തതയെ തകർക്കാൻ ശ്രമിക്കും. എങ്കിലും വിശ്വസ്തമായി ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ട് അവർക്കും തന്നെപ്പോലെതന്നെ ലോകത്തെ കീഴടക്കാനാകുമെന്ന് യേശുവിന് ഉറപ്പായിരുന്നു.