അധ്യായം 107
രാജാവ് വിവാഹവിരുന്നിനു ക്ഷണിക്കുന്നു
-
വിവാഹവിരുന്നിനെക്കുറിച്ചുള്ള ദൃഷ്ടാന്തം
യേശുവിന്റെ ശുശ്രൂഷ അവസാനിക്കുന്ന സാഹചര്യത്തിലും, ശാസ്ത്രിമാരുടെയും പുരോഹിതന്മാരുടെയും കപടത തുറന്നുകാട്ടുന്ന ദൃഷ്ടാന്തങ്ങൾ യേശു ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ അവർ യേശുവിനെ കൊല്ലാൻ ആഗ്രഹിക്കുന്നു. (ലൂക്കോസ് 20:19) യേശു ആകട്ടെ അവരുടെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരു ദൃഷ്ടാന്തം പറയുകയാണ്:
“സ്വർഗരാജ്യം, തന്റെ മകനുവേണ്ടി വിവാഹവിരുന്ന് ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണ്. വിവാഹവിരുന്നിനു ക്ഷണിച്ചവരെ കൂട്ടിക്കൊണ്ടുവരാൻ രാജാവ് തന്റെ അടിമകളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല.” (മത്തായി 22:2, 3) ‘സ്വർഗരാജ്യത്തെക്കുറിച്ച് ’ പറഞ്ഞുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം തുടങ്ങുന്നത്. അതുകൊണ്ട് ഈ “രാജാവ് ” ദൈവമായ യഹോവയായിരിക്കാനാണു സാധ്യത. അപ്പോൾ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവർ ആരായിരിക്കും? ആരാണ് രാജാവിന്റെ മകൻ? രാജാവ് യഹോവയാണെങ്കിൽ രാജാവിന്റെ മകൻ യേശുവാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഭാവിയിൽ സ്വർഗരാജ്യത്തിൽ മകനോടൊപ്പം ആയിരിക്കുന്നവരാണ് ക്ഷണിക്കപ്പെട്ടവർ.
ഈ വിവാഹവിരുന്നിന് ആദ്യം ക്ഷണിച്ചത് ആരെയാണ്? ഇതു മനസ്സിലാക്കാൻ സ്വർഗരാജ്യത്തെക്കുറിച്ച് യേശുവും അപ്പോസ്തലന്മാരും ആരോടായിരുന്നു പ്രസംഗിച്ചുകൊണ്ടിരുന്നത് എന്നു ചിന്തിക്കുക. അവർ പ്രസംഗിച്ചതു ജൂതന്മാരോടായിരുന്നു. (മത്തായി 10:6, 7; 15:24) ആ ജനത ബി.സി. 1513-ൽ നിയമ ഉടമ്പടി സ്വീകരിച്ചു. അങ്ങനെ ‘രാജ-പുരോഹിതന്മാരുടെ’ ആദ്യത്തെ നിരയിലേക്കു വന്നത് അവരായിരുന്നു. (പുറപ്പാട് 19:5-8) എന്നാൽ, അവരെ “വിവാഹവിരുന്നിനു” ക്ഷണിച്ചത് എപ്പോഴാണ്? ആ ക്ഷണം അവർക്കു ലഭിച്ചത് എ.ഡി. 29-ൽ യേശു സ്വർഗരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.
ആ ക്ഷണത്തോട് മിക്ക ഇസ്രായേല്യരും പ്രതികരിച്ചത് എങ്ങനെയാണ്? യേശു പറഞ്ഞതുപോലെ “അവർ വരാൻ കൂട്ടാക്കിയില്ല.” ഭൂരിഭാഗം മതനേതാക്കന്മാരും ജനവും യേശുവിനെ ദൈവത്തിന്റെ നിയമിത രാജാവായും മിശിഹയായും സ്വീകരിച്ചില്ല.
ജൂതന്മാർക്ക് മറ്റൊരു അവസരംകൂടി ലഭിക്കുമെന്ന് യേശു സൂചിപ്പിച്ചു: “രാജാവ് വീണ്ടും മറ്റ് അടിമകളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ചവരോട് ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കിക്കഴിഞ്ഞു. എന്റെ കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിരിക്കുന്നു. എല്ലാം തയ്യാറായിക്കഴിഞ്ഞു. വിവാഹവിരുന്നിനു വരൂ.”’ എന്നാൽ ക്ഷണം കിട്ടിയവർ അതു ഗൗനിക്കാതെ ഒരാൾ തന്റെ വയലിലേക്കും മറ്റൊരാൾ കച്ചവടത്തിനും പൊയ്ക്കളഞ്ഞു. ബാക്കിയുള്ളവർ മത്തായി 22:4-6) ഇത്, പിന്നീട് ക്രിസ്തീയസഭ സ്ഥാപിതമാകുമ്പോൾ സംഭവിക്കുമായിരുന്നതിനു ചേർച്ചയിലാണ്. അപ്പോഴും സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കാനുള്ള അവസരം ജൂതന്മാർക്കുണ്ടായിരുന്നു. എന്നാൽ മിക്കവരും ആ ക്ഷണം നിരസിച്ചു. ‘രാജാവിന്റെ അടിമകളെ’ ഉപദ്രവിക്കുകപോലും ചെയ്തു.—പ്രവൃത്തികൾ 4:13-18; 7:54, 58.
രാജാവിന്റെ അടിമകളെ പിടിച്ച് അപമാനിച്ച് കൊന്നുകളഞ്ഞു.” (അതുകൊണ്ട് ഈ ജനതയ്ക്ക് എന്തു സംഭവിക്കുമായിരുന്നു? യേശു പറയുന്നു: “അപ്പോൾ രോഷാകുലനായ രാജാവ് തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ കൊന്ന് അവരുടെ നഗരം ചുട്ടുചാമ്പലാക്കി.” (മത്തായി 22:7) എ.ഡി. 70-ൽ റോമാക്കാർ ജൂതന്മാരുടെ “നഗരം” ആയ യരുശേലം നശിപ്പിച്ചപ്പോഴാണ് ഇക്കാര്യം സംഭവിച്ചത്.
രാജാവിന്റെ ക്ഷണം ഇവർ നിരസിച്ചെന്നു കരുതി വേറെയാരെയും ക്ഷണിക്കില്ലെന്ന് അതിന് അർഥമുണ്ടോ? യേശുവിന്റെ ദൃഷ്ടാന്തം അനുസരിച്ച് അങ്ങനെയാകില്ല. യേശു തുടരുന്നു: “പിന്നെ (രാജാവ്) അടിമകളോടു പറഞ്ഞു: ‘വിവാഹവിരുന്നു തയ്യാറാണ്. പക്ഷേ ക്ഷണം കിട്ടിയവർക്ക് അതിന് അർഹതയില്ലാതെപോയി. അതുകൊണ്ട് നിങ്ങൾ നഗരത്തിനു പുറത്തേക്കുള്ള വഴികളിൽ ചെന്ന് ആരെ കണ്ടാലും അവരെ വിവാഹവിരുന്നിനു ക്ഷണിക്കുക.’ അങ്ങനെ, ആ അടിമകൾ ചെന്ന് ദുഷ്ടന്മാരും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവരെയെല്ലാം കൂട്ടിക്കൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.”—മത്തായി 22:8-10.
പിൽക്കാലത്ത്, അപ്പോസ്തലനായ പത്രോസ് ജനതകളെ, അതായത് പരിവർത്തനത്താലോ ജനനത്താലോ ജൂതന്മാർ അല്ലാത്തവരെ, സത്യക്രിസ്ത്യാനികളാകാൻ സഹായിക്കുമായിരുന്നു. എ.ഡി. 36-ൽ റോമൻ സൈനികോദ്യോഗസ്ഥനായ കൊർന്നേല്യൊസിനും കുടംബത്തിനും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ലഭിച്ചു. അങ്ങനെ അവർ യേശു പറഞ്ഞ സ്വർഗരാജ്യത്തിന്റെ ഭാഗമായിരിക്കുന്നവരുടെ നിരയിലേക്കു വന്നു.—പ്രവൃത്തികൾ 10:1, 34-48.
വിവാഹവിരുന്നിനു വരുന്ന എല്ലാവരെയും ‘രാജാവ് ’ സ്വീകരിക്കും എന്ന് യേശു സൂചിപ്പിച്ചില്ല. യേശു പറയുന്നു: “രാജാവ് അതിഥികളെ കാണാൻ അകത്ത് ചെന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ കണ്ടു. രാജാവ് അയാളോട്, ‘സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ താങ്കൾ എങ്ങനെ അകത്ത് കടന്നു’ എന്നു ചോദിച്ചു. അയാൾക്ക് ഉത്തരം മുട്ടിപ്പോയി. അപ്പോൾ രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടിലേക്ക് എറിയുക. അവിടെ കിടന്ന് അവൻ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.’ ‘ക്ഷണം കിട്ടിയവർ അനേകരുണ്ട്; പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ്.’”—മത്തായി 22:11-14.
യേശു പറഞ്ഞ ദൃഷ്ടാന്തംകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നോ അതിന്റെ അർഥമെന്താണെന്നോ പൂർണമായി മനസ്സിലാക്കാൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും തങ്ങളെ ഈ വിധത്തിൽ അപമാനിച്ച യേശുവിനോട് അവർക്ക് കടുത്ത അനിഷ്ടം തോന്നി. മുമ്പെന്നത്തേക്കാളും വാശിയോടെ യേശുവിനെ എങ്ങനെയും വകവരുത്താൻ അവർ തീരുമാനിച്ചുറച്ചു.