അധ്യായം 105
അത്തി മരം ഉപയോഗിച്ച് വിശ്വാസത്തെക്കുറിച്ച് ഒരു പാഠം പഠിപ്പിക്കുന്നു
മത്തായി 21:19-27; മർക്കോസ് 11:19-33; ലൂക്കോസ് 20:1-8
-
ഉണങ്ങിപ്പോയ അത്തി മരം—വിശ്വാസത്തെക്കുറിച്ചുള്ള ഒരു പാഠം
-
യേശുവിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നു
തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോഴേക്കും യേശു യരുശലേമിൽനിന്ന് പോകുന്നു. ഒലിവുമലയുടെ കിഴക്കൻ ചെരിവിലൂടെ ബഥാന്യ ലക്ഷ്യമാക്കിയാണ് യേശുവിന്റെ യാത്ര. തന്റെ സുഹൃത്തുക്കളായ മാർത്തയുടെയും ലാസറിന്റെയും മറിയയുടെയും വീട്ടിലായിരിക്കാം യേശു ആ രാത്രി ചെലവഴിച്ചത്.
നീസാൻ 11. നേരം പുലർന്നു. യേശുവും ശിഷ്യന്മാരും യരുശലേമിലേക്കു വീണ്ടും യാത്രയായി. ദേവാലയത്തിൽ യേശുവിന്റെ അവസാനദിവസമാണ് ഇത്. മാത്രമല്ല പെസഹയ്ക്കും മരണത്തെ ഓർമിക്കുന്ന സ്മാരകം ഏർപ്പെടുത്തുന്നതിനും വിചാരണ ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നതിനും മുമ്പുള്ള യേശുവിന്റെ പരസ്യശുശ്രൂഷയുടെ അവസാനദിനം.
ഒലിവുമലയിലൂടെ ബഥാന്യയിൽനിന്ന് യരുശലേമിലേക്കുള്ള യാത്രയിൽ, തലേ ദിവസം രാവിലെ യേശു ശപിച്ച അത്തി മരം പത്രോസ് കാണുന്നു. പത്രോസ് ഇങ്ങനെ പറയുന്നു: “റബ്ബീ കണ്ടോ, അങ്ങ് ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”—മർക്കോസ് 11:21.
ആ മരം ഉണങ്ങിപ്പോകാൻ യേശു ഇടയാക്കിയത് എന്തുകൊണ്ട്? അതിന്റെ കാരണം യേശുതന്നെ പറയുന്നു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോടു ചെയ്തതു മാത്രമല്ല അതിലപ്പുറവും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതുപോലും സംഭവിക്കും. വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു കിട്ടും.” (മത്തായി 21:21, 22) ഒരു മലയെ നീക്കിക്കളയാൻപോലും വിശ്വാസത്തിനു കഴിയുമെന്നു യേശു നേരത്തെ പറഞ്ഞ കാര്യം യേശു ഒന്നുകൂടി ആവർത്തിച്ചു.—മത്തായി 17:20.
ആ മരം ഉണങ്ങിപ്പോകാൻ ഇടയാക്കിക്കൊണ്ട്, ദൈവത്തിൽ വിശ്വാസം ഉണ്ടായിരിക്കണം എന്ന പ്രധാനപ്പെട്ട ഒരു പാഠം യേശു പഠിപ്പിച്ചു. യേശു പറയുന്നു: “നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.” (മർക്കോസ് 11:24) യേശുവിന്റെ എല്ലാ അനുഗാമികൾക്കുമുള്ള എത്ര പ്രധാനപ്പെട്ട ഒരു പാഠം! അപ്പോസ്തലന്മാർ ഉടൻതന്നെ ബുദ്ധിമുട്ടേറിയ പരിശോധനകൾ നേരിടാൻ പോകുകയായിരുന്നതുകൊണ്ട് യേശു പഠിപ്പിച്ച ഈ പാഠം അവർക്ക് തികച്ചും യോജിച്ചതായിരുന്നു. എന്നാൽ അത്തി മരം ഉണങ്ങിപ്പോയതും വിശ്വാസം എന്ന ഗുണവും തമ്മിൽ മറ്റൊരു ബന്ധവും കൂടിയുണ്ടായിരുന്നു.
ഈ അത്തി മരത്തെപ്പോലെ ഇസ്രായേൽ ജനതയ്ക്കും ഒരു കപടഭാവമാണുള്ളത്. ഈ ജനത്തിന് ദൈവവുമായി ഒരു ഉടമ്പടി ബന്ധമുണ്ട്. പുറമേ നോക്കിയാൽ നിയമം അനുസരിക്കുന്ന ഒരു കൂട്ടമാണെന്നേ തോന്നൂ. എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർക്ക് വിശ്വാസമില്ലായിരുന്നു. നല്ല ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. ദൈവത്തിന്റെ സ്വന്തം പുത്രനെപ്പോലും ഉപേക്ഷിച്ചു! ഫലം തരാതിരുന്ന അത്തി മരം ഉണങ്ങിപ്പോകാൻ ഇടയാക്കിയതിലൂടെ ഫലശൂന്യരും വിശ്വാസമില്ലാത്തവരും ആയ ഇസ്രായേൽ ജനതയുടെ അവസാനം എന്തായിത്തീരുമെന്ന് യേശു കാണിക്കുകയായിരുന്നു.
അധികം വൈകാതെ യേശുവും ശിഷ്യന്മാരും യരുശലേമിൽ എത്തി. പതിവുപോലെ യേശു ദേവാലയത്തിൽ എത്തി പഠിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം യേശു നാണയമാറ്റക്കാരോട് ചെയ്ത കാര്യങ്ങളൊക്കെ മുഖ്യപുരോഹിതന്മാരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ട് അവർ യേശുവിനോട് ധിക്കാരത്തോടെ ഇങ്ങനെ ചോദിക്കുന്നു: “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”—മർക്കോസ് 11:28.
യേശു അതിനു മറുപടി പറയുന്നു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം. യോഹന്നാനാലുള്ള സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? പറയൂ.” ചോദ്യം ഇപ്പോൾ ശത്രുക്കൾക്കു നേരെയായി. പുരോഹിതന്മാരും മൂപ്പന്മാരും എന്ത് ഉത്തരം പറയണമെന്നു പരസ്പരം കൂടിയാലോചിക്കുന്നു: “‘സ്വർഗത്തിൽനിന്ന് ’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന് അവൻ ചോദിക്കും. ‘മനുഷ്യരിൽനിന്ന് ’ എന്നു പറയാമെന്നുവെച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹന്നാനെ ഒരു പ്രവാചകനായി ജനം കണക്കാക്കിയിരുന്നതുകൊണ്ട് അവർക്ക് അവരെ പേടിയായിരുന്നു.”—മർക്കോസ് 11:29-32.
ഉചിതമായ ഒരു ഉത്തരം കൊടുക്കാൻ യേശുവിനെ എതിർത്തവർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോട്, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.—മർക്കോസ് 11:33.