അധ്യായം 16
സത്യാരാധനയിലുള്ള യേശുവിന്റെ ശുഷ്കാന്തി
-
യേശു ആലയം ശുദ്ധീകരിക്കുന്നു
കാനായിലെ കല്യാണത്തിനു ശേഷം യേശു കഫർന്നഹൂമിലേക്കു പോകുന്നു. അമ്മയും അർധസഹോദരന്മാരായ യാക്കോബ്, യോസേഫ്, ശിമോൻ, യൂദാസ് എന്നിവരുമുണ്ട് യേശുവിന്റെകൂടെ.
പക്ഷേ, യേശു എന്തിനാണു കഫർന്നഹൂമിലേക്കു പോകുന്നത്? നസറെത്തിനെയും കാനായെയും അപേക്ഷിച്ച് കൂടുതൽ പ്രാധാന്യമുള്ളതും സാധ്യതയനുസരിച്ച് വലുതും ആണ് ഈ നഗരം. കൂടാതെ, യേശുവിന്റെ പുതിയ ശിഷ്യന്മാരിൽ പലരും കഫർന്നഹൂമിലും അതിന് അടുത്തും ആണു താമസിക്കുന്നത്. അതുകൊണ്ട് അവരുടെ നാട്ടിൽവെച്ചുതന്നെ അവർക്കു പരിശീലനം കൊടുക്കാനും യേശുവിനാകും.
കഫർന്നഹൂമിൽ താമസിക്കുമ്പോൾ യേശു പല അത്ഭുതങ്ങളും ചെയ്യുന്നുണ്ട്. ആ നഗരത്തിലും അതിനു ചുറ്റും ഉള്ള ആളുകൾ അതെക്കുറിച്ച് കേൾക്കുന്നു. എന്നാൽ ഇപ്പോൾ എ.ഡി. 30-ലെ പെസഹയ്ക്കു സമയമായി. യേശുവും കൂട്ടുകാരും ഭക്തരായ ജൂതന്മാരാണ്. അതുകൊണ്ട് അവർക്കു പെട്ടെന്നുതന്നെ യരുശലേമിലേക്കു പോകണം.
യരുശലേമിലെ ദേവാലയത്തിൽവെച്ച്, യേശു മുമ്പ് ഒരിക്കലും ചെയ്യാത്ത ഒരു കാര്യം ചെയ്യുന്നതു ശിഷ്യന്മാർ കാണുന്നു. അവരിൽ വളരെ മതിപ്പുളവാക്കുന്ന ഒരു കാര്യമാണത്.
ഇസ്രായേല്യർക്കു കൊടുത്ത ദൈവനിയമമനുസരിച്ച് ദേവാലയത്തിൽ മൃഗങ്ങളെ ബലിയർപ്പിക്കണമായിരുന്നു. ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് അവിടെ താമസിക്കുമ്പോൾ ഭക്ഷണവും ആവശ്യമാണ്. അതുകൊണ്ട് യരുശലേമിലേക്കു വരുമ്പോൾ അവർക്ക് “കന്നുകാലി, ചെമ്മരിയാട്, കോലാട്” എന്നിവയെ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി പണം കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നു. (ആവർത്തനം 14:24-26) പക്ഷേ, യരുശലേമിലെ കച്ചവടക്കാർ ദേവാലയത്തിന്റെ വിശാലമായ മുറ്റത്തുതന്നെ മൃഗങ്ങളെയും പക്ഷികളെയും വിൽക്കുകയാണ്. ചിലരാണെങ്കിൽ കൂടുതൽ പണം വാങ്ങിക്കൊണ്ട് ആളുകളെ പറ്റിക്കുന്നുമുണ്ട്.
ഇതെല്ലാം കണ്ട് ദേഷ്യം വന്ന യേശു നാണയം മാറ്റിക്കൊടുക്കുന്നവരുടെ നാണയങ്ങൾ ചിതറിച്ചുകളയുന്നു; അവരുടെ മേശകൾ മറിച്ചിടുന്നു; ആ കച്ചവടക്കാരെയും അവിടെനിന്ന് ഓടിക്കുന്നു. എന്നിട്ട് യേശു പറയുന്നു: “എല്ലാം ഇവിടെനിന്ന് കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു മതിയാക്കൂ!”—യോഹന്നാൻ 2:16.
ഇതു കാണുമ്പോൾ “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളയും” എന്ന ദൈവപുത്രനെക്കുറിച്ചുള്ള ഒരു പ്രവചനം യേശുവിന്റെ ശിഷ്യന്മാർ ഓർക്കുന്നു. എന്നാൽ ജൂതന്മാർ “ഇതൊക്കെ ചെയ്യാൻ തനിക്ക് അധികാരമുണ്ടെന്നതിനു തെളിവായി എന്തെങ്കിലും അടയാളം കാണിച്ചുതരാൻ പറ്റുമോ” എന്നു ചോദിക്കുന്നു. “ഈ ദേവാലയം പൊളിക്കുക; മൂന്നു ദിവസത്തിനകം ഞാൻ ഇതു പണിയും” എന്ന് യേശു മറുപടി പറയുന്നു.—യോഹന്നാൻ 2:17-19; സങ്കീർത്തനം 69:9.
യരുശലേമിലുള്ള ദേവാലയത്തെക്കുറിച്ചാണ് യേശു പറയുന്നതെന്ന് ജൂതന്മാർ വിചാരിക്കുന്നു. അതുകൊണ്ട് അവർ “46 വർഷംകൊണ്ട് പണിത ഈ ദേവാലയം മൂന്നു ദിവസത്തിനകം നീ പണിയുമെന്നോ” എന്നു ചോദിക്കുന്നു. (യോഹന്നാൻ 2:20) പക്ഷേ യേശു ഉദ്ദേശിക്കുന്നത് തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ്. മൂന്നു വർഷത്തിനു ശേഷം യേശു പുനരുത്ഥാനത്തിൽ വരുമ്പോൾ ശിഷ്യന്മാർ ഈ വാക്കുകൾ ഓർക്കുന്നു.