അധ്യായം 17
യേശു രാത്രിയിൽ നിക്കോദേമൊസിനെ പഠിപ്പിക്കുന്നു
-
യേശു നിക്കോദേമൊസിനോടു സംസാരിക്കുന്നു
-
‘വീണ്ടും ജനിക്കുക’ എന്നതിന്റെ അർഥം എന്താണ്?
വർഷം എ.ഡി. 30. യേശു പെസഹയ്ക്കുവേണ്ടി യരുശലേമിൽ എത്തിയിരിക്കുന്നു. ശ്രദ്ധേയമായ പല അടയാളങ്ങളും അത്ഭുതങ്ങളും യേശു അവിടെ ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി പലരും യേശുവിൽ വിശ്വസിക്കുന്നു. ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനിലെ ഒരു അംഗമായ നിക്കോദേമൊസ് എന്ന പരീശനും യേശുവിന്റെ പ്രവർത്തനങ്ങളിൽ മതിപ്പു തോന്നുന്നു. അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയാനായി അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുത്ത് വരുന്നു. താൻ യേശുവിന്റെ അടുക്കൽ വരുന്നത് കണ്ടാൽ ജൂതന്മാരായ മറ്റു നേതാക്കന്മാരുമായുള്ള ബന്ധത്തെ അതു ബാധിക്കുമോ എന്നു പേടിച്ചാണ് ഒരുപക്ഷേ അദ്ദേഹം രാത്രിയിൽ വരുന്നത്.
“റബ്ബീ, അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്ന ഗുരുവാണെന്നു ഞങ്ങൾക്ക് അറിയാം. കാരണം, ദൈവം കൂടെയില്ലാതെ ഇതുപോലുള്ള അടയാളങ്ങൾ ചെയ്യാൻ ആർക്കും കഴിയില്ല,” നിക്കോദേമൊസ് പറയുന്നു. മറുപടിയായി യേശു നിക്കോദേമൊസിനോട്, ദൈവരാജ്യത്തിൽ കടക്കാൻ ഒരു വ്യക്തി ‘വീണ്ടും ജനിക്കണം’ എന്നു പറയുന്നു.—യോഹന്നാൻ 3:2, 3.
പക്ഷേ, ഒരാൾക്ക് എങ്ങനെയാണു വീണ്ടും ജനിക്കാൻ കഴിയുന്നത്? “അയാൾക്ക് അമ്മയുടെ വയറ്റിൽ കടന്ന് വീണ്ടും ജനിക്കാൻ കഴിയുമോ” എന്ന് നിക്കോദേമൊസ് ചോദിക്കുന്നു.—യോഹന്നാൻ 3:4.
വീണ്ടും ജനിക്കുക എന്നു പറയുന്നതിന്റെ അർഥം അതല്ല. “വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിക്കാത്തയാൾക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനാകില്ല” എന്ന് യേശു വിശദീകരിക്കുന്നു. (യോഹന്നാൻ 3:5) യേശു വെള്ളത്തിൽ സ്നാനമേറ്റ സമയത്ത് പരിശുദ്ധാത്മാവും യേശുവിന്റെ മേൽ വന്നു. അങ്ങനെ യേശു ‘വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും’ ജനിച്ചു. കൂടാതെ, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നൊരു പ്രഖ്യാപനവും സ്വർഗത്തിൽനിന്ന് കേട്ടു. (മത്തായി 3:16, 17) അങ്ങനെ സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള പ്രത്യാശയോടെ യേശു ദൈവത്തിന്റെ ഒരു ആത്മീയപുത്രനായിത്തീർന്നു. പിന്നീട് എ.ഡി. 33-ലെ പെന്തിക്കോസ്തിൽ സ്നാനപ്പെട്ട മറ്റുള്ളവരുടെ മേലും പരിശുദ്ധാത്മാവിനെ പകരുമായിരുന്നു. അങ്ങനെ അവരും ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെട്ട ദൈവപുത്രന്മാരായി വീണ്ടും ജനിക്കും.—പ്രവൃത്തികൾ 2:1-4.
രാജ്യത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നതൊന്നും നിക്കോദേമൊസിനു മനസ്സിലാകുന്നില്ല. അതുകൊണ്ട് സ്വർഗത്തിൽനിന്ന് വന്ന മനുഷ്യപുത്രൻ എന്ന നിലയിലുള്ള തന്റെ പ്രത്യേകപങ്കിനെക്കുറിച്ച് യേശു കൂടുതലായ ചില വിവരങ്ങൾ പറയുന്നു. യേശു പറയുന്നു: “മോശ വിജനഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്. അങ്ങനെ, അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.”—യോഹന്നാൻ 3:14, 15.
പണ്ട് ഇസ്രായേല്യർക്കു വിഷപ്പാമ്പുകളുടെ കടിയേറ്റപ്പോൾ രക്ഷപ്പെടാൻ താമ്രസർപ്പത്തെ നോക്കണമായിരുന്നു. (സംഖ്യ 21:9) ഇതേപോലെ മരണത്തിൽനിന്ന് രക്ഷപ്പെട്ട് നിത്യജീവൻ നേടാൻ എല്ലാ ആളുകളും ദൈവത്തിന്റെ മകനിൽ വിശ്വസിക്കേണ്ടതുണ്ട്. ഈ കാര്യത്തിലുള്ള യഹോവയുടെ സ്നേഹപൂർവകമായ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട് യേശു അടുത്തതായി നിക്കോദേമൊസിനോടു പറയുന്നു: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.” (യോഹന്നാൻ 3:16) അങ്ങനെ, മനുഷ്യവർഗത്തെ രക്ഷയിലേക്കു നയിക്കുന്ന വഴി താനാണെന്ന കാര്യം ശുശ്രൂഷ തുടങ്ങി ആറു മാസത്തിനു ശേഷം യേശു വ്യക്തമാക്കുന്നു.
യേശു നിക്കോദേമൊസിനോടു പറയുന്നു: “ദൈവം മകനെ ലോകത്തേക്ക് അയച്ചത് അവൻ ലോകത്തെ വിധിക്കാനല്ല.” അതിന്റെ അർഥം യേശുവിനെ അയച്ചത് ലോകത്തെ പ്രതികൂലമായി ന്യായംവിധിക്കാനോ എല്ലാ മനുഷ്യരെയും നാശത്തിനു വിധിക്കാനോ അല്ല എന്നാണ്. പകരം “അവനിലൂടെ ലോകം രക്ഷ നേടാനാണ്” എന്ന് യേശുതന്നെ പറയുന്നു.—യോഹന്നാൻ 3:17.
ഇരുട്ടത്ത് ആരും കാണാതെ പേടിച്ചാണ് നിക്കോദേമൊസ് യേശുവിന്റെ അടുത്ത് വരുന്നത്. അതുകൊണ്ടുതന്നെ യേശു തന്റെ സംഭാഷണം ഇങ്ങനെ അവസാനിപ്പിക്കുന്നു: “ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം (തന്റെ ജീവിതത്തിലൂടെയും പഠിപ്പിക്കലിലൂടെയും യേശു വെളിച്ചമായിരുന്നു.) ലോകത്തേക്കു വന്നിട്ടും മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്. ഹീനമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നയാൾ വെളിച്ചത്തെ വെറുക്കുന്നു. അയാളുടെ പ്രവൃത്തികൾ യോഹന്നാൻ 3:19-21.
വെളിച്ചത്ത് വരാതിരിക്കാൻവേണ്ടി അയാൾ വെളിച്ചത്തിലേക്കു വരുന്നില്ല. എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നയാൾ, തന്റെ പ്രവൃത്തികൾ ദൈവേഷ്ടപ്രകാരമുള്ളതാണെന്നു വെളിപ്പെടാൻവേണ്ടി വെളിച്ചത്തിലേക്കു വരുന്നു.”—അങ്ങനെ ഇസ്രായേലിലെ അധ്യാപകനും പരീശനും ആയ നിക്കോദേമൊസ് ദൈവോദ്ദേശ്യത്തിലുള്ള യേശുവിന്റെ പങ്കിനെക്കുറിച്ച് കേട്ടു. ഇനി, കേട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്.