മുഖ്യലേഖനം | ബൈബിൾ—പിന്നിട്ട വഴികളിലൂടെ
ബൈബിൾ നശിക്കാതെ ഇന്നും നിലനിൽക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ നശിക്കാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഇന്നു നിങ്ങൾക്ക് അത് വാങ്ങാനും വായിക്കാനും കഴിയും. വായിക്കാനായി ബൈബിളിന്റെ നല്ല ഒരു പരിഭാഷ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം, അത് ബൈബിളിന്റെ മൂലപാഠത്തോട് പറ്റിനിൽക്കുന്ന ഒന്നാണെന്ന്. * ബൈബിളിന്റെ ചരിത്രം നോക്കിയാൽ, അതിലെ സന്ദേശത്തിന് മാറ്റം വരുത്താനുള്ള ശ്രമങ്ങളെയും എതിർപ്പുകളെയും അത് അതിജീവിച്ചു. അതിന്റെ പകർപ്പുകൾ ജീർണിച്ച് നഷ്ടപ്പെട്ടു പോയില്ല. എങ്ങനെയാണ് ബൈബിൾ ഇതിനെയെല്ലാം അതിജീവിച്ച് നമ്മുടെ കൈകളിൽ എത്തിയത്. ഈ പുസ്തകത്തിന് എന്താണ് ഇത്ര പ്രത്യേകത?
“ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനം തന്നെയാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യമായി”
‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്’ എന്നെഴുതിയ അപ്പോസ്തലനായ പൗലോസിന്റെ അതേ അഭിപ്രായമാണ് ബൈബിൾ പഠിച്ച പലരുടെയും. (2 തിമൊഥെയൊസ് 3:16) ബൈബിൾ അതിജീവിക്കാൻ കാരണം അത് ദൈവത്തിന്റെ വചനമായതുകൊണ്ടാണെന്നും ദൈവമാണ് അത് സംരക്ഷിച്ചതെന്നും അവർ വിശ്വസിക്കുന്നു. ഈ പറഞ്ഞതെല്ലാം ശരിയാണോ എന്നറിയാൻ ആമുഖലേഖനത്തിൽ നമ്മൾ കണ്ട ഫൈസൽ, ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. പഠിച്ചു കഴിഞ്ഞപ്പോൾ ശരിക്കും അദ്ദേഹം അത്ഭുതപ്പെട്ടുപോയി. ക്രൈസ്തവ സമൂഹത്തിൽ വളരെ പ്രചാരത്തിലുള്ള പല പഠിപ്പിക്കലുകളും ബൈബിളിലുള്ളതല്ല എന്ന കാര്യം അദ്ദേഹം പെട്ടെന്നുതന്നെ മനസ്സിലാക്കി. ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനസ്സിലാക്കിയത് അദ്ദേഹത്തെ ഒത്തിരി ആകർഷിച്ചു.
“ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനം തന്നെയാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യമായി” എന്ന് അദ്ദേഹം പറയുന്നു. “ഈ പ്രപഞ്ചം ഉണ്ടാക്കിയ ദൈവത്തിന് നമുക്ക് ഒരു പുസ്തകം തരാനും അത് സംരക്ഷിക്കാനും ഉള്ള കഴിവില്ലേ? അങ്ങനെ ചെയ്യാൻ ദൈവത്തിന് ശക്തി ഇല്ലെങ്കിൽ, ദൈവത്തിന് പരിമിതികളുണ്ട് എന്ന് വരില്ലേ? സർവശക്തനായ ദൈവത്തെ ചോദ്യം ചെയ്യാൻ ഈ ഞാൻ ആരാണ്?”—യശയ്യ 40:8.
^ ഖ. 3 “നിങ്ങൾക്ക് എങ്ങനെ നല്ല ബൈബിൾ പരിഭാഷ തിരഞ്ഞെടുക്കാം?” അതിനായി വീക്ഷാഗോപുരം 2008 മേയ് 1 (ഇംഗ്ലീഷ്) കാണുക.