യേശു ദൈവമാണോ?
“ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന ഉപദേശമാണ്” ത്രിത്വം എന്ന് പല ആളുകളും വിശ്വസിക്കുന്നു. ഈ ഉപദേശമനുസരിച്ച് പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യക്തികളാണെങ്കിലും അവർ മൂവരും ചേർന്ന് ഒരൊറ്റ ദൈവമാണ്. കർദിനാൾ ജോൺ ഓ കോണോർ ത്രിത്വത്തെക്കുറിച്ച് പറഞ്ഞത് ഇതാണ്: “അത് നിഗൂഢമായ ഒരു രഹസ്യമാണ്. നമ്മൾ അതിനെക്കുറിച്ച് ഇതുവരെ മനസ്സിലാക്കിത്തുടങ്ങിയിട്ടില്ല.” എന്തുകൊണ്ടാണ് ത്രിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇത്ര പ്രയാസം?
ബൈബിൾചിത്ര നിഘണ്ടു (ഇംഗ്ലീഷ്) അതിനുള്ള ഒരു കാരണം പറയുന്നു. ത്രിത്വത്തെക്കുറിച്ച് ഈ പ്രസിദ്ധീകരണം ഒരു കാര്യം സമ്മതിച്ചുപറയുന്നു: “ഇതൊരു ബൈബിളുപദേശമല്ല. കാരണം ബൈബിളിൽ ഒരിടത്തും ഈ ഉപദേശത്തെക്കുറിച്ച് കാണാൻ കഴിയില്ല.” ത്രിത്വം ‘ഒരു ബൈബിളുപദേശം അല്ലാത്തതുകൊണ്ട്’ അതിനെ പിന്തുണയ്ക്കുന്ന ബൈബിൾ വാക്യങ്ങൾ കണ്ടെത്താൻ ത്രിത്വവാദികൾ കഷ്ടപ്പെടുകയാണ്. ചിലപ്പോൾ അതിനുവേണ്ടി ബൈബിൾ വാക്യങ്ങൾ വളച്ചൊടിക്കുകപോലും ചെയ്യുന്നു.
ത്രിത്വത്തെ പിന്താങ്ങുന്ന ഒരു വാക്യം?
ആളുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കാറുള്ള ഒരു ബൈബിൾ വാക്യമാണ് യോഹന്നാൻ 1:1. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ ആ വാക്യം ഇങ്ങനെ വായിക്കുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ (ഗ്രീക്കിൽ റ്റോൺ തെയോൺ) ആയിരുന്നു. വചനം ദൈവം (തെയോസ്) ആയിരുന്നു.” തെയോസ് (ദൈവം) എന്ന ഗ്രീക്കുനാമത്തിന്റെ രണ്ടു രൂപങ്ങൾ നമുക്ക് ഈ വാക്യത്തിൽ കാണാം. അതിൽ ആദ്യത്തേതിന് തൊട്ടുമുമ്പ് ഗ്രീക്കിലെ നിശ്ചായക ഉപപദത്തിന്റെ ഒരു രൂപമായ റ്റോൺ കാണാം. അവിടെ തെയോൺ സൂചിപ്പിക്കുന്നത് സർവശക്തനായ ദൈവത്തെയാണ്. എന്നാൽ രണ്ടാമത്തെ സ്ഥലത്ത് തെയോസ് എന്നതിനൊപ്പം നിശ്ചായക ഉപപദം കാണുന്നില്ല. അത് അബദ്ധത്തിൽ സംഭവിച്ചതാണോ?
എന്തുകൊണ്ടാണ് ത്രിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇത്ര പ്രയാസം?
സാധാരണക്കാർ സംസാരിച്ചിരുന്ന കൊയ്നി ഗ്രീക്ക് ഭാഷയിലാണ് യോഹന്നാന്റെ സുവിശേഷം എഴുതിയത്. നിശ്ചായക ഉപപദം ഉപയോഗിക്കുന്ന കാര്യത്തിൽ ആ ഭാഷയിൽ പ്രത്യേകനിയമങ്ങൾ ഉണ്ടായിരുന്നു. ബൈബിൾ പണ്ഡിതനായ എ.ടി. റോബർട്ട്സൺ പറയുന്നത് ആഖ്യക്കും ആഖ്യാതത്തിനും ഒപ്പം നിശ്ചായക ഉപപദങ്ങളുണ്ടെങ്കിൽ അവയെ “രണ്ടിനെയും ഒരുപോലെ കാണാനാകുമെന്നും ഒന്ന് മറ്റൊന്നിനോട് തുല്യമാണെന്നും ആണ്. അവ പരസ്പരം മാറ്റിമാറ്റി ഉപയോഗിച്ചാലും തെറ്റില്ല.” മത്തായി 13:38 ആണ് അദ്ദേഹം ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. അവിടെ “വയൽ (ഗ്രീക്കിൽ, ഹോ അഗ്റോസ്) ലോകം (ഗ്രീക്കിൽ, ഹോ കോസ്മൊസ്)” എന്നു പറയുന്നു. ഇവിടെ ലോകം തന്നെയാണ് വയൽ എന്ന് മനസ്സിലാക്കാൻ ഗ്രീക്ക് വ്യാകരണനിയമം നമ്മളെ സഹായിക്കുന്നു.
എന്നാൽ യോഹന്നാൻ 1:1-ൽ കാണുന്നതുപോലെ ആഖ്യക്കൊപ്പം നിശ്ചായക ഉപപദം ഉണ്ടായിരിക്കുകയും ആഖ്യാതത്തിനൊപ്പം അത് ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിലോ? ആ വാക്യത്തെ ഉദാഹരണമായി എടുത്തുകൊണ്ട് പണ്ഡിതനായ ജയിംസ് അലൻ ഹ്യുവെറ്റ് ഇങ്ങനെ പറയുന്നു: “ഇങ്ങനെയൊരു സാഹചര്യത്തിൽ ആഖ്യയെയും ആഖ്യാതത്തെയും തുല്യമായി കാണാനാകില്ല, എന്നു പറഞ്ഞാൽ അവ ഒന്നല്ല.”
അത് തെളിയിക്കാൻ ഹ്യുവെറ്റ് 1 യോഹന്നാൻ 1:5 ഉപയോഗിക്കുന്നു. അവിടെ “ദൈവം വെളിച്ചമാണ്” എന്നു പറയുന്നു. ഈ വാക്യം ഗ്രീക്ക് ഭാഷയിൽ നോക്കിയാൽ “ദൈവം” എന്നതിന് ഹോ തെയോസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നുവെച്ചാൽ അവിടെ ഒരു നിശ്ചായക ഉപപദം ഉണ്ട്. എന്നാൽ “വെളിച്ചം” എന്നതിന്റെ ഗ്രീക്കു പദമായ ഫോസ് എന്നതിനു മുമ്പ് നിശ്ചായക ഉപപദം കാണുന്നില്ല. ഹ്യുവെറ്റ് പറയുന്നു: “ദൈവത്തെ വെളിച്ചത്തോട് ഉപമിക്കുന്നതിൽ തെറ്റില്ല. പക്ഷേ വെളിച്ചം ദൈവമാണെന്ന് പറയാനാകില്ല.” സമാനമായ ഉദാഹരണങ്ങളാണ് “ദൈവം ഒരു ആത്മവ്യക്തിയാണ്” എന്നു പറയുന്ന യോഹന്നാൻ 4:24-ഉം “ദൈവം സ്നേഹമാണ്” എന്നു പറയുന്ന 1 യോഹന്നാൻ 4:16-ഉം. ഈ രണ്ടു വാക്യങ്ങളിലും ആഖ്യക്കൊപ്പം നിശ്ചായക ഉപപദങ്ങൾ ഉണ്ട്. എന്നാൽ “ആത്മവ്യക്തി,” “സ്നേഹം” എന്നീ ആഖ്യാതങ്ങൾക്കൊപ്പം നിശ്ചായക ഉപപദം കാണുന്നില്ല. അതുകൊണ്ട് ഈ വാക്യങ്ങളിലെ ആഖ്യകളെയും ആഖ്യാതങ്ങളെയും തുല്യമായി കാണാനാകില്ല. എന്നുവെച്ചാൽ “ആത്മവ്യക്തി ദൈവമാണ്” എന്നോ “സ്നേഹം ദൈവമാണ്” എന്നോ ഒരു അർഥം ഈ വാക്യങ്ങൾക്കില്ല.
“വചനം” ആരാണ്?
യോഹന്നാൻ 1:1-നെക്കുറിച്ച് പല ഗ്രീക്ക് പണ്ഡിതന്മാരും ബൈബിൾ പരിഭാഷകരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ആ വാക്യം “വചനം” ആരാണെന്ന് വെളിപ്പെടുത്തുകയല്ല, വചനത്തിന്റെ ഒരു സവിശേഷത എടുത്തുകാണിക്കുക മാത്രമാണ് ചെയ്യുന്നത്. ബൈബിൾ പരിഭാഷകനായ വില്യം ബാർക്ലേ പറയുന്നു: “അപ്പോസ്തലനായ യോഹന്നാൻ ഇവിടെ തെയോസ് എന്ന പദത്തിനു മുമ്പ് ഒരു നിശ്ചായക ഉപപദം ഉപയോഗിക്കാത്തതുകൊണ്ട് അത് ഒരു വിശേഷണം മാത്രമാണ്. അല്ലാതെ അദ്ദേഹം, വചനം ദൈവമാണെന്ന് പറയുകയായിരുന്നില്ല. ലളിതമായി പറഞ്ഞാൽ യേശു ദൈവമാണെന്നല്ല അദ്ദേഹം പറഞ്ഞത്.” പണ്ഡിതനായ ജയ്സൺ ഡേവിഡ് ബെഡൂണും ഇതിനോടു യോജിക്കുന്നു. അദ്ദേഹം പറയുന്നു: “ഗ്രീക്കിൽ തെയോസ് എന്ന പദത്തോടൊപ്പം ഒരു നിശ്ചായക ഉപപദം കാണുന്നില്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നത് ‘ഒരു ദൈവം’ എന്നാണെന്ന് വായനക്കാർ മനസ്സിലാക്കിക്കൊള്ളും. യോഹന്നാൻ 1:1-ന്റെ അവസാനഭാഗം അതിന് ഒരു ഉദാഹരണമാണ്. തെയോസ് എന്നതിനൊപ്പം നിശ്ചായക ഉപപദം വരുമ്പോൾ (ഹോ തെയോസ്) കിട്ടുന്ന അർഥവും നിശ്ചായക ഉപപദം ഇല്ലാത്തപ്പോൾ കിട്ടുന്ന അർഥവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ‘ദൈവവും’ ‘ഒരു ദൈവവും’ തമ്മിലുള്ള വ്യത്യാസംപോലെ.” ബെഡൂൺ കൂട്ടിച്ചേർക്കുന്നു: “യോഹന്നാൻ 1:1-ൽ വചനം എന്ന് പറഞ്ഞിരിക്കുന്നത് സർവശക്തനായ ദൈവത്തെക്കുറിച്ചല്ല. മറിച്ച് ഒരു ദൈവത്തെക്കുറിച്ചാണ്, അഥവാ ദൈവത്തെപ്പോലുള്ള ഒരാളെക്കുറിച്ചാണ്.” സമാനമായ ഒരു അഭിപ്രായമാണ് അമേരിക്കൻ പ്രമാണ ഭാഷാന്തരത്തിന്റെ പരിഭാഷകരിൽ ഒരാളായ ജോസഫ് ഹെൻട്രി തായർ എന്ന പണ്ഡിതനുമുള്ളത്. അദ്ദേഹം പറയുന്നു: “ലോഗൊസ് (അഥവാ, വചനം) ദൈവത്തെപ്പോലുള്ള ഒരാളാണ്. പക്ഷേ ദൈവമല്ല.”
താനും പിതാവും തമ്മിലുള്ള വ്യത്യാസം യേശു വളരെ വ്യക്തമാക്കി
ദൈവം ആരാണ് എന്നുള്ളത് “ശരിക്കും ഒരു നിഗൂഢ രഹസ്യമാണോ?” യേശുക്രിസ്തുവിന് അങ്ങനെ തോന്നിയില്ല. പിതാവിനോട് പ്രാർഥിച്ചപ്പോൾ താനും പിതാവും തമ്മിലുള്ള വ്യത്യാസം യേശു വളരെ വ്യക്തമാക്കി. യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.” (യോഹന്നാൻ 17:3) നമ്മൾ യേശുവിന്റെ ആ വാക്കുകൾ വിശ്വസിക്കുകയും ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്ന ആ സത്യം മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ യേശു ദൈവപുത്രനാണെന്ന് നമ്മൾ അംഗീകരിക്കും. യേശുവിന്റെ മഹത്തായ ആ സ്ഥാനത്തെ ആദരിക്കും. അതേ സമയം നമ്മൾ ആരാധിക്കുന്നത് “ഏകസത്യദൈവമായ” യഹോവയെ ആയിരിക്കും.