ഭാഗം 9
സകുടുംബം യഹോവയെ ആരാധിക്കുക
“ആകാശവും ഭൂമിയും . . . ഉണ്ടാക്കിയവനെ ആരാധിക്കുവിൻ.”—വെളിപാട് 14:7
നിങ്ങൾക്കും കുടുംബത്തിനും സഹായകമായ ഒട്ടേറെ തത്ത്വങ്ങൾ ബൈബിളിലുണ്ടെന്ന് ഇതിനോടകം ഈ പത്രികയിലൂടെ നിങ്ങൾ കണ്ടുകഴിഞ്ഞു. നിങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ യഹോവ ആഗ്രഹിക്കുന്നു! സത്യാരാധന പ്രഥമസ്ഥാനത്തു വെക്കുകയാണെങ്കിൽ “അതോടുകൂടെ . . . (മറ്റു) കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും” എന്ന് അവൻ ഉറപ്പുനൽകുന്നു. (മത്തായി 6:33) നിങ്ങൾ യഹോവയുടെ സുഹൃത്താകണമെന്നാണ് അവന്റെ ആഗ്രഹം. അതുകൊണ്ട് ദൈവവുമായി സൗഹൃദം വളർത്താൻ കിട്ടുന്ന അവസരങ്ങൾ ഓരോന്നും നന്നായി വിനിയോഗിക്കുക. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് ദൈവവുമായുള്ള സൗഹൃദം!—മത്തായി 22:37, 38.
1 യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കരുത്തുറ്റതാക്കുക
ബൈബിൾ പറയുന്നത്: “‘ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും’ എന്ന് സർവശക്തനായ യഹോവ അരുളിച്ചെയ്യുന്നു.” (2 കൊരിന്ത്യർ 6:18) യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം വളർന്ന് അതൊരു ഉറ്റബന്ധമായിത്തീരാനാണ് അവൻ ആഗ്രഹിക്കുന്നത്! അതിനുള്ള ഒരു വിധം പ്രാർഥനയാണ്. “ഇടവിടാതെ പ്രാർഥിക്കുവിൻ” എന്നു പറഞ്ഞുകൊണ്ട് യഹോവ നിങ്ങളെ അതിനു ക്ഷണിക്കുന്നു. (1 തെസ്സലോനിക്യർ 5:17) നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ വികാരവിചാരങ്ങളും ആശങ്കകളും നിങ്ങൾ പറഞ്ഞുകേൾക്കാൻ അവന് അതിയായ താത്പര്യമുണ്ട്! (ഫിലിപ്പിയർ 4:6) കുടുംബവുമൊത്തു പ്രാർഥിക്കുമ്പോൾ, ദൈവവുമായുള്ള നിങ്ങളുടെ അടുപ്പത്തിന്റെ ആഴം എത്രയെന്നു കുടുംബാംഗങ്ങൾക്കു വ്യക്തമായിത്തീരും.
നിങ്ങൾ ദൈവത്തോടു സംസാരിച്ചാൽ മാത്രം പോരാ, അവൻ പറയുന്നതു കേൾക്കുകയും വേണം. ഇത് എങ്ങനെ ചെയ്യാം? അവന്റെ വചനമായ ബൈബിളും ബൈബിളിനെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങളും പഠിച്ചുകൊണ്ട് അങ്ങനെ ചെയ്യാം. (സങ്കീർത്തനം 1:1, 2) പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു മനനം ചെയ്യുക, അതായത്, മനസ്സിരുത്തി ചിന്തിക്കുക. (സങ്കീർത്തനം 77:11, 12) ക്രിസ്തീയയോഗങ്ങളിലൂടെയും ദൈവം സംസാരിക്കുന്നുണ്ട്. അതുകൊണ്ട്, നിങ്ങൾ അതിൽ പതിവായി സംബന്ധിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു.—സങ്കീർത്തനം 122:1-4.
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ ചെയ്യേണ്ട മറ്റൊരു പ്രധാനകാര്യമുണ്ട്: അവനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുക. നിങ്ങൾ ഇത് എത്രയധികം ചെയ്യുന്നുവോ അത്രയധികം നിങ്ങൾക്ക് യഹോവയോട് അടുപ്പം തോന്നും!—മത്തായി 28:19, 20.
ഇങ്ങനെ ചെയ്തുനോക്കൂ:
-
ബൈബിൾ വായിക്കാനും പ്രാർഥിക്കാനും ഓരോ ദിവസവും നിശ്ചിതസമയം നീക്കിവെക്കുക
-
കുടുംബത്തിലെ ആത്മീയപ്രവർത്തനങ്ങൾ വിനോദങ്ങൾക്കും ഉല്ലാസങ്ങൾക്കും ഉപരിയായി വെക്കുക
2 കുടുംബാരാധന ആസ്വദിച്ചുചെയ്യുക
ബൈബിൾ പറയുന്നത്: “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.” (യാക്കോബ് 4:8) കുടുംബാരാധന ക്രമമായി നടത്തുന്നതിന് ഒരു പട്ടികയുണ്ടാക്കുക; അതു കണിശമായി പിൻപറ്റുക. (ഉല്പത്തി 18:19) എന്നാൽ അതുകൊണ്ടു മാത്രം മതിയാകുന്നില്ല. നിത്യേനയുള്ള നിങ്ങളുടെ ജീവിതത്തിൽ ഒരു കുടുംബാംഗമായി ദൈവവും ഉണ്ടായിരിക്കണം! “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും” ദൈവത്തെക്കുറിച്ചു സംസാരിക്കുക. അങ്ങനെ, ദൈവവുമായുള്ള നിങ്ങളുടെ കുടുംബാംഗങ്ങളുടെ ബന്ധം ബലിഷ്ഠമാക്കുക. (ആവർത്തനപുസ്തകം 6:6, 7) “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും” എന്നു പറഞ്ഞ യോശുവയെപ്പോലെയാകട്ടെ നിങ്ങൾ!—യോശുവ 24:15.
ഇങ്ങനെ ചെയ്തുനോക്കൂ:
-
കുടുംബത്തിലെ ഓരോരുത്തരുടെയും ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള സ്ഥിരമായ ഒരു പരിശീലനപരിപാടി ഉണ്ടായിരിക്കണം