ജോർജിയ | 1924-1990
ജോർജിയൻ ഭാഷയിലെ ബൈബിൾ
ബൈബിൾ വിവർത്തനം ചെയ്യപ്പെട്ട ആദ്യകാലഭാഷകളിൽ ഒന്നാണു ജോർജിയൻ. അർമേനിയൻ, കോപ്ടിക്, ലത്തീൻ, സുറിയാനി തുടങ്ങിയ ഭാഷകളിലേക്കു പരിഭാഷ നടത്തിയ കാലത്തുതന്നെയാണു ജോർജിയൻ പരിഭാഷയും നടന്നത്. സുവിശേഷങ്ങളുടെയും പൗലോസിന്റെ ലേഖനങ്ങളുടെയും സങ്കീർത്തനങ്ങളുടെയും പുരാതനജോർജിയൻ ഭാഷയിലുള്ള കൈയെഴുത്തുപ്രതികൾക്ക് എ.ഡി. അഞ്ചാം നൂറ്റാണ്ടോ അതിനു മുമ്പോ വരെയുള്ള പഴക്കമുണ്ട്. തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ജോർജിയൻ ഭാഷയിലേക്കുള്ള ബൈബിളിന്റെ പരിഭാഷയും അവയുടെ പകർപ്പെടുപ്പും വർധിച്ചു. തത്ഫലമായി വ്യത്യസ്തഭാഷാന്തരങ്ങളും ലഭ്യമായി. *
ജോർജിയയിലെ ആളുകളുടെ സാംസ്കാരികമൂല്യങ്ങളെയും സാഹിത്യകൃതികളെയും ഗണ്യമായ അളവിൽ ബൈബിൾ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സാധ്യതയനുസരിച്ച് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എഴുതപ്പെട്ട, ശൂശാനിക്ക് രാജ്ഞിയുടെ കദനകഥയിൽ ബൈബിളിൽനിന്നുള്ള ഉദ്ധരണികളും ബൈബിൾവിവരണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. ഏകദേശം 1220-ൽ കവിയായ ഷോട്ടാ റുസ്താവേലി രചിച്ച വെക്കിസ്ക്കോസാനി (പുലിത്തോലണിഞ്ഞ പടയാളി) എന്ന ഇതിഹാസകാവ്യത്തിൽ ക്രിസ്ത്യാനികളുടെ ധാർമികമൂല്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതിൽ സുഹൃദ്ബന്ധം, ഔദാര്യം, അപരിചിതരോടുള്ള സ്നേഹം എന്നീ വിഷയങ്ങളെക്കുറിച്ച് പറയുന്നു. അവയെല്ലാം ഇന്നും ജോർജിയൻ ജനതയുടെയിടയിൽ അംഗീകരിക്കപ്പെടുന്ന ധാർമികമൂല്യങ്ങളാണ്.
^ ഖ. 3 കൂടുതൽ വിവരങ്ങൾക്ക്, 2013 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്), “നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന ഒരു നിധി” എന്ന ലേഖനം കാണുക.