ഇയ്യോബ് 2:1-13
2 സത്യദൈവത്തിന്റെ പുത്രന്മാർ*+ യഹോവയുടെ സന്നിധിയിൽ+ ചെന്നുനിൽക്കുന്ന ദിവസം വീണ്ടും വന്നെത്തി. യഹോവയുടെ മുന്നിൽ നിൽക്കാനായി അവരോടൊപ്പം സാത്താനും അവിടെ പ്രവേശിച്ചു.+
2 യഹോവ സാത്താനോട്, “നീ എവിടെനിന്നാണു വരുന്നത്” എന്നു ചോദിച്ചു. “ഭൂമി മുഴുവൻ ചുറ്റിനടന്ന്+ എല്ലാം ഒന്നു നോക്കിയിട്ടു വരുകയാണ്” എന്നു സാത്താൻ യഹോവയോടു പറഞ്ഞു.
3 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ മറ്റാരും ഭൂമിയിലില്ല. അവൻ ദൈവഭക്തനും* നേരുള്ളവനും നിഷ്‌കളങ്കനും*+ ആണ്, തെറ്റായ കാര്യങ്ങളൊന്നും അവൻ ചെയ്യാറില്ല. ഒരു കാരണവുമില്ലാതെ അവനെ നശിപ്പിക്കാൻ* നീ എന്നെ നിർബന്ധിക്കുന്നെങ്കിലും+ അവൻ ഇപ്പോഴും ധർമിഷ്ഠനായി തുടരുന്നതു കണ്ടോ?”+
4 സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: “തൊലിക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കുള്ളതെല്ലാം കൊടുക്കും.
5 കൈ നീട്ടി അവന്റെ അസ്ഥിയിലും മാംസത്തിലും ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും.”+
6 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “ഞാൻ ഇതാ, അവനെ നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ജീവനെടുക്കരുത്!”
7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി ഇയ്യോബിന് ഉള്ളങ്കാൽമുതൽ നെറുകവരെ പരുക്കൾ*+ വരുത്തി; ഇയ്യോബ് വേദനകൊണ്ട് പുളഞ്ഞു.
8 ഇയ്യോബ് ഒരു മൺപാത്രത്തിന്റെ കഷണം എടുത്ത് ദേഹം ചൊറിഞ്ഞുകൊണ്ട് ചാരത്തിൽ ഇരുന്നു.+
9 അവസാനം ഇയ്യോബിന്റെ ഭാര്യ ഇയ്യോബിനോടു പറഞ്ഞു: “ഇപ്പോഴും നിഷ്‌കളങ്കത* മുറുകെ പിടിച്ച് ഇരിക്കുകയാണോ? ദൈവത്തെ ശപിച്ചിട്ട്* മരിക്കൂ!”
10 എന്നാൽ ഇയ്യോബ് പറഞ്ഞു: “ഒരു മണ്ടിയെപ്പോലെയാണു നീ സംസാരിക്കുന്നത്. ദൈവത്തിൽനിന്ന് നമ്മൾ നന്മ മാത്രം സ്വീകരിച്ചാൽ മതിയോ, തിന്മയും സ്വീകരിക്കേണ്ടേ?”+ ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയ്യോബ് വായ്കൊണ്ട് പാപം ചെയ്‌തില്ല.+
11 ഇയ്യോബിനു സംഭവിച്ച കഷ്ടതകളെക്കുറിച്ച് കേട്ടപ്പോൾ മൂന്നു കൂട്ടുകാർ* ഇയ്യോബിനെ ചെന്ന് കണ്ട് ദുഃഖം അറിയിക്കാനും ആശ്വസിപ്പിക്കാനും തീരുമാനിച്ചു. തേമാന്യനായ എലീഫസ്,+ ശൂഹ്യനായ+ ബിൽദാദ്,+ നയമാത്യനായ സോഫർ+ എന്നിവരായിരുന്നു അവർ. ഓരോരുത്തരും സ്വന്തം നാട്ടിൽനിന്ന് ഒരിടത്ത് കൂടിവന്ന്, ഒരുമിച്ച് ഇയ്യോബിന്റെ അടുത്തേക്കു പോയി.
12 ദൂരെനിന്ന് കണ്ടിട്ട് അവർക്ക് ഇയ്യോബിനെ മനസ്സിലായില്ല. ഉറക്കെ കരഞ്ഞ് വസ്‌ത്രം കീറി, മുകളിലേക്കും തലയിലേക്കും മണ്ണു വാരിയെറിഞ്ഞുകൊണ്ട് അവർ ഇയ്യോബിന്റെ അടുത്തേക്കു ചെന്നു.+
13 ഏഴു പകലും ഏഴു രാത്രിയും ഇയ്യോബിന്റെകൂടെ നിലത്ത് ഇരുന്നു. അവർ ആരും ഒന്നും മിണ്ടിയില്ല; ഇയ്യോബിന്റെ വേദന എത്ര കഠിനമാണെന്ന് അവർ കണ്ടു.+
അടിക്കുറിപ്പുകള്‍
^ ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
^ അഥവാ “ദൈവഭയമുള്ളവനും.”
^ അഥവാ “നീതിമാനും ധർമനിഷ്ഠയുള്ളവനും.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “വിഴുങ്ങാൻ.”
^ അഥവാ “നിയന്ത്രണത്തിൽ.”
^ അഥവാ “വ്രണങ്ങൾ.”
^ അഥവാ “ധർമനിഷ്ഠ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “നിന്ദിച്ചിട്ട്.”
^ അഥവാ “പരിചയക്കാർ.”