ന്യായാധിപന്മാർ 21:1-25
21 “നമ്മൾ ആരും ബന്യാമീനിൽനിന്നുള്ള ഒരുത്തനു നമ്മുടെ പെൺമക്കളെ ഭാര്യയായി കൊടുക്കില്ല”+ എന്ന് ഇസ്രായേൽപുരുഷന്മാർ മിസ്പയിൽവെച്ച് സത്യം ചെയ്തിരുന്നു.+
2 അങ്ങനെ ജനം ബഥേലിലേക്കു+ വന്ന് വൈകുന്നേരംവരെ സത്യദൈവത്തിന്റെ സന്നിധിയിൽ ഇരുന്ന് ഉച്ചത്തിൽ കരഞ്ഞു.
3 അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇങ്ങനെയൊരു കാര്യം ഇസ്രായേലിൽ എങ്ങനെ സംഭവിച്ചു? ഇസ്രായേലിൽനിന്ന് ഒരു ഗോത്രംതന്നെ ഇന്ന് ഇല്ലാതായല്ലോ!”
4 പിറ്റേന്നു ജനം അതിരാവിലെ എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് അതിൽ ദഹനയാഗങ്ങളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു.
5 അപ്പോൾ ജനം, “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് യഹോവയുടെ മുമ്പാകെ കൂടിവരാത്തവരായി ആരെങ്കിലുമുണ്ടോ” എന്നു ചോദിച്ചു. കാരണം മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വരാത്തവരെ കൊന്നുകളയണമെന്ന് അവർ ഒരു ദൃഢപ്രതിജ്ഞ ചെയ്തിരുന്നു.
6 അവരുടെ സഹോദരനായ ബന്യാമീനു സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് ഇസ്രായേൽ ജനം ദുഃഖിച്ചു. അവർ പറഞ്ഞു: “ഇന്ന് ഒരു ഗോത്രംതന്നെ ഇസ്രായേലിൽനിന്ന് അറ്റുപോയിരിക്കുന്നു.
7 നമ്മളിൽ ആരും നമ്മുടെ പെൺമക്കളെ അവർക്കു ഭാര്യമാരായി കൊടുക്കില്ല എന്ന് യഹോവയുടെ മുമ്പാകെ സത്യം ചെയ്ത+ സ്ഥിതിക്ക് അവരിൽ ബാക്കിയുള്ളവർക്കു ഭാര്യമാരെ കണ്ടെത്താൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?”+
8 അവർ ചോദിച്ചു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് യഹോവയുടെ മുമ്പാകെ മിസ്പയിൽ വരാത്തവർ ആരാണുള്ളത്?”+ യാബേശ്-ഗിലെയാദിൽനിന്നുള്ളവർ ആരും സഭയുടെ പാളയത്തിലേക്കു വന്നിരുന്നില്ല.
9 ജനത്തെ എണ്ണിനോക്കിയപ്പോൾ യാബേശ്-ഗിലെയാദിൽനിന്നുള്ളവർ ആരും അവിടെയില്ല എന്നു കണ്ടെത്തി.
10 അങ്ങനെ ഇസ്രായേൽസമൂഹം 12,000 വീരയോദ്ധാക്കളെ അവിടേക്ക് അയച്ചു. അവർ അവരോടു പറഞ്ഞു: “നിങ്ങൾ ചെന്ന് സ്ത്രീകളെയും കുട്ടികളെയും സഹിതം യാബേശ്-ഗിലെയാദിലെ ആളുകളെ മുഴുവൻ വാളുകൊണ്ട് സംഹരിക്കുക.+
11 നിങ്ങൾ ഇങ്ങനെ ചെയ്യണം: എല്ലാ പുരുഷന്മാരെയും പുരുഷന്മാരോടുകൂടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്ത്രീകളെയും നിങ്ങൾ കൊന്നൊടുക്കണം.”
12 യാബേശ്-ഗിലെയാദിലെ ആളുകൾക്കിടയിൽ പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത 400 കന്യകമാരെ അവർ കണ്ടെത്തി. അവരെ അവർ കനാൻ ദേശത്തുള്ള ശീലോയിലെ+ പാളയത്തിലേക്കു കൊണ്ടുവന്നു.
13 തുടർന്ന് സമൂഹം മുഴുവൻ ദൂതന്മാരെ അയച്ച് രിമ്മോൻപാറയിലുള്ള+ ബന്യാമീന്യരെ സമാധാനസന്ദേശം അറിയിച്ചു.
14 അങ്ങനെ ബന്യാമീന്യർ തിരിച്ചുവന്നു. യാബേശ്-ഗിലെയാദിൽ ജീവനോടെ ബാക്കി വെച്ച സ്ത്രീകളെ ഇസ്രായേല്യർ അവർക്കു കൊടുത്തു.+ പക്ഷേ സ്ത്രീകൾ എണ്ണത്തിൽ കുറവായിരുന്നതുകൊണ്ട് എല്ലാ ബന്യാമീന്യർക്കും ഭാര്യമാരെ കിട്ടിയില്ല.
15 യഹോവ ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ പിളർപ്പുണ്ടാക്കിയതു കാരണം ബന്യാമീനു സംഭവിച്ചത് ഓർത്ത് ജനം മുഴുവൻ ദുഃഖിച്ചു.+
16 സമൂഹത്തിലെ മൂപ്പന്മാർ ചോദിച്ചു: “ബന്യാമീനിലെ സ്ത്രീകളെല്ലാം ഇല്ലാതായ സ്ഥിതിക്ക്, ബാക്കി പുരുഷന്മാർക്കു ഭാര്യമാരെ കൊടുക്കാൻ നമുക്ക് എങ്ങനെ കഴിയും?”
17 അവർ പറഞ്ഞു: “ബന്യാമീനിൽ ബാക്കിയുള്ളവർക്ക് ഒരു അവകാശമുണ്ടായിരിക്കണം. ഇല്ലെങ്കിൽ ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നാമാവശേഷമാകും.
18 എന്നാൽ നമ്മുടെ പെൺമക്കളെ അവർക്കു ഭാര്യമാരായി കൊടുക്കാൻ നമുക്കു കഴിയില്ല. ‘ബന്യാമീനു ഭാര്യയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഇസ്രായേൽ ജനം സത്യം ചെയ്തുപോയല്ലോ.”+
19 അവർ തുടർന്നു: “ബഥേലിനു വടക്കും ബഥേലിൽനിന്ന് ശെഖേമിലേക്കുള്ള പ്രധാനവീഥിയുടെ കിഴക്കും ലബോനയുടെ തെക്കും ആയി സ്ഥിതി ചെയ്യുന്ന ശീലോയിൽ+ എല്ലാ വർഷവും യഹോവയുടെ ഉത്സവമുണ്ടല്ലോ.”
20 അതുകൊണ്ട് അവർ ബന്യാമീന്യരോടു കല്പിച്ചു: “നിങ്ങൾ പോയി മുന്തിരിത്തോട്ടങ്ങളിൽ പതിയിരിക്കുക.
21 ശീലോയിലെ യുവതികൾ* നൃത്തം* ചെയ്യാൻ കൂടിവരുമ്പോൾ നിങ്ങൾ ഓരോരുത്തരും മുന്തിരിത്തോട്ടത്തിൽനിന്ന് പുറത്ത് വന്ന് ഒരു പെൺകുട്ടിയെ പിടികൂടി ബന്യാമീൻ ദേശത്തേക്കു കൊണ്ടുപോകണം.
22 അവരുടെ അപ്പന്മാരോ ആങ്ങളമാരോ പരാതിയുമായി ഞങ്ങളുടെ അടുത്ത് വന്നാൽ ഞങ്ങൾ അവരോട് ഇങ്ങനെ പറഞ്ഞുകൊള്ളാം: ‘അവർക്ക് എല്ലാവർക്കും കൊടുക്കാൻ വേണ്ടത്ര പെൺകുട്ടികളെ യുദ്ധത്തിൽ ഞങ്ങൾക്കു കിട്ടിയില്ല.+ കുറ്റക്കാരാകാതെ അവർക്കു ഭാര്യമാരെ കൊടുക്കാൻ നിങ്ങൾക്കും കഴിയില്ല.+ അതുകൊണ്ട് ഞങ്ങളെ ഓർത്ത് അവരോടു ദയ കാണിക്കണം.’”
23 ബന്യാമീന്യർ അതുപോലെതന്നെ ചെയ്തു. അവർ ഓരോരുത്തരും ചെന്ന് നൃത്തം ചെയ്തുകൊണ്ടിരുന്ന യുവതികളെ പിടിച്ചുകൊണ്ടുപോയി. എന്നിട്ട് അവർ അവകാശത്തിലേക്കു മടങ്ങിച്ചെന്ന് നഗരങ്ങൾ പുതുക്കിപ്പണിത്+ അവയിൽ താമസമാക്കി.
24 ഇസ്രായേല്യർ അവിടെനിന്ന് അവരവരുടെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും തിരികെപ്പോയി. അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങി.
25 അക്കാലത്ത് ഇസ്രായേലിൽ ഒരു രാജാവുണ്ടായിരുന്നില്ല.+ ഓരോരുത്തരും അവരവർക്കു ശരിയെന്നു തോന്നിയതുപോലെ ചെയ്തു.