പുറപ്പാട് 25:1-40
25 അപ്പോൾ യഹോവ മോശയോടു പറഞ്ഞു:
2 “എനിക്കുവേണ്ടി സംഭാവന നീക്കിവെക്കാൻ ഇസ്രായേൽ ജനത്തോടു പറയുക. ഹൃദയത്തിൽ തോന്നി തരുന്നവരിൽനിന്നെല്ലാം നിങ്ങൾ സംഭാവന സ്വീകരിക്കണം.+
3 അവരിൽനിന്ന് സംഭാവനയായി സ്വീകരിക്കേണ്ടത് ഇവയെല്ലാമാണ്: സ്വർണം,+ വെള്ളി,+ ചെമ്പ്,+
4 നീലനൂൽ, പർപ്പിൾ* നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം,
5 ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ, കരുവേലത്തടി,*+
6 ദീപങ്ങൾക്കുള്ള എണ്ണ,+ അഭിഷേകതൈലവും*+ സുഗന്ധദ്രവ്യവും ഉണ്ടാക്കാനുള്ള സുഗന്ധക്കറ,+
7 ഏഫോദിലും+ മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ, മറ്റു കല്ലുകൾ.
8 അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കണം. അങ്ങനെ ഞാൻ അവരുടെ ഇടയിൽ താമസിക്കും.+
9 നിങ്ങൾ വിശുദ്ധകൂടാരവും അതിലെ എല്ലാ സാധനസാമഗ്രികളും ഞാൻ നിനക്കു കാണിച്ചുതരുന്ന അതേ മാതൃകയനുസരിച്ചുതന്നെ* ഉണ്ടാക്കണം.+
10 “അവർ കരുവേലത്തടികൊണ്ട് ഒരു പെട്ടകം* ഉണ്ടാക്കണം. അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം.+
11 നീ അതു തനിത്തങ്കംകൊണ്ട് പൊതിയണം.+ അതിന്റെ അകവും പുറവും പൊതിയണം. അതിനു ചുറ്റോടുചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്ക്* ഉണ്ടാക്കണം.+
12 സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി അതിന്റെ നാലു കാലിനും മുകളിൽ, രണ്ടു വളയങ്ങൾ ഒരു വശത്തും രണ്ടു വളയങ്ങൾ മറുവശത്തും ആയി പിടിപ്പിക്കണം.
13 നീ കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിയണം.+
14 പെട്ടകം എടുത്തുകൊണ്ടുപോകാൻ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ആ തണ്ടുകൾ ഇടണം.
15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം. അവ അതിൽനിന്ന് ഊരരുത്.+
16 ഞാൻ നിനക്കു നൽകാനിരിക്കുന്ന ‘സാക്ഷ്യം’ നീ പെട്ടകത്തിനുള്ളിൽ വെക്കണം.+
17 “തനിത്തങ്കംകൊണ്ട് ഒരു മൂടി ഉണ്ടാക്കണം. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.+
18 സ്വർണംകൊണ്ടുള്ള രണ്ടു കെരൂബുകൾ നീ ഉണ്ടാക്കണം.+ മൂടിയുടെ രണ്ട് അറ്റത്തുമായി ചുറ്റികകൊണ്ട് അടിച്ച് അവ ഉണ്ടാക്കണം.
19 മൂടിയുടെ ഓരോ അറ്റത്തും ഓരോ കെരൂബു വീതം രണ്ട് അറ്റത്തും കെരൂബുകളെ ഉണ്ടാക്കണം.
20 കെരൂബുകൾ അവയുടെ രണ്ടു ചിറകുകളും മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്‌ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരിക്കണം.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരിക്കണം. കെരൂബുകളുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരിക്കണം.
21 മൂടി+ പെട്ടകത്തിന്റെ മുകളിൽ വെക്കണം. ഞാൻ നിനക്കു തരാനിരിക്കുന്ന ‘സാക്ഷ്യം’ പെട്ടകത്തിനുള്ളിലും വെക്കണം.
22 ഞാൻ അവിടെ നിന്റെ അടുത്ത് സന്നിഹിതനായി മൂടിയുടെ മുകളിൽനിന്ന് നിന്നോടു സംസാരിക്കും.+ ഇസ്രായേല്യർക്കുവേണ്ടി ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം സാക്ഷ്യപ്പെട്ടകത്തിന്റെ മുകളിലുള്ള രണ്ടു കെരൂബുകളുടെ നടുവിൽനിന്ന് ഞാൻ നിന്നെ അറിയിക്കും.
23 “നീ കരുവേലത്തടികൊണ്ട് ഒരു മേശയും ഉണ്ടാക്കണം.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം.+
24 നീ അതു തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കണം.
25 നാലു വിരലുകളുടെ വീതിയിൽ* അതിനു ചുറ്റും ഒരു അരികുപാളി ഉണ്ടാക്കണം. അരികുപാളിക്കു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കുണ്ടായിരിക്കണം.
26 സ്വർണംകൊണ്ട് നാലു വളയം ഉണ്ടാക്കി നാലു കാൽ ഘടിപ്പിച്ചിരിക്കുന്ന നാലു കോണിലും പിടിപ്പിക്കണം.
27 മേശ എടുത്തുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടേണ്ട ആ വളയങ്ങൾ അരികുപാളിയോടു ചേർന്നിരിക്കണം.
28 തണ്ടുകൾ കരുവേലത്തടികൊണ്ട് ഉണ്ടാക്കി സ്വർണംകൊണ്ട് പൊതിയണം. അവ ഉപയോഗിച്ചുവേണം മേശ എടുത്തുകൊണ്ടുപോകാൻ.
29 “അതിൽ വെക്കാനുള്ള തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനായി അവർ ഉപയോഗിക്കാൻപോകുന്ന കുടങ്ങളും കുഴിയൻപാത്രങ്ങളും തനിത്തങ്കംകൊണ്ട് ഉണ്ടാക്കണം.+
30 എന്റെ മുമ്പാകെ മേശപ്പുറത്ത് പതിവായി കാഴ്ചയപ്പവും വെക്കണം.+
31 “തനിത്തങ്കംകൊണ്ട് നീ ഒരു തണ്ടുവിളക്ക് ഉണ്ടാക്കണം.+ ചുറ്റികകൊണ്ട് അടിച്ച് വേണം അത് ഉണ്ടാക്കാൻ. അതിന്റെ ചുവടും തണ്ടും ശാഖകളും പുഷ്‌പവൃതികളും* മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരിക്കണം.+
32 തണ്ടുവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖയും മറുവശത്തുനിന്ന് മൂന്നു ശാഖയും ആയി അതിന്റെ വശങ്ങളിൽനിന്ന് മൊത്തം ആറു ശാഖ പുറപ്പെടും.
33 അതിന്റെ ഒരു വശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. അതിന്റെ മറുവശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. ഇങ്ങനെയായിരിക്കണം തണ്ടുവിളക്കിന്റെ തണ്ടിൽനിന്നുള്ള ശാഖകൾ ആറും പുറപ്പെടേണ്ടത്.
34 തണ്ടുവിളക്കിന്റെ തണ്ടിൽ ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ നാലു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം.
35 തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെയും കാര്യത്തിൽ, ആദ്യത്തെ രണ്ടു ശാഖയ്‌ക്കു കീഴെ ഒരു മുട്ടും അടുത്ത രണ്ടു ശാഖയ്‌ക്കു കീഴെ വേറൊരു മുട്ടും അതിനടുത്ത രണ്ടു ശാഖയ്‌ക്കു കീഴെ മറ്റൊരു മുട്ടും ഉണ്ടായിരിക്കണം.
36 മുട്ടുകളും ശാഖകളും തണ്ടുവിളക്കു മുഴുവനും ചുറ്റികകൊണ്ട് അടിച്ച്+ തനിത്തങ്കത്തിന്റെ ഒറ്റ തകിടിൽ തീർത്തതായിരിക്കണം.
37 നീ അതിന് ഏഴു ദീപം ഉണ്ടാക്കണം. ദീപങ്ങൾ തെളിക്കുമ്പോൾ മുന്നിലുള്ള സ്ഥലത്ത് അവ പ്രകാശം ചൊരിയും.+
38 അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും+ തനിത്തങ്കംകൊണ്ടുള്ളതായിരിക്കണം.
39 അതും ഈ ഉപകരണങ്ങളും എല്ലാംകൂടെ ഒരു താലന്തു* തനിത്തങ്കത്തിൽ തീർക്കണം.
40 പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ* നീ അവ ഉണ്ടാക്കുന്നെന്ന് ഉറപ്പുവരുത്തുക.+
അടിക്കുറിപ്പുകള്‍
^ ഒരുതരം അക്കേഷ്യ മരത്തിന്റെ തടി.
^ അഥവാ “രൂപരേഖയനുസരിച്ചുതന്നെ.”
^ അഥവാ “പെട്ടി.”
^ അഥവാ “അലങ്കാരപ്പണിയുള്ള വിളുമ്പ്.”
^ ഇതളുകളുടെ ചുവട്ടിൽ കാണുന്ന പച്ചനിറത്തിലുള്ള ഭാഗം.
^ അഥവാ “രൂപരേഖയനുസരിച്ചുതന്നെ.”