യശയ്യ 1:1-31
1 യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത് യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം:
2 ആകാശമേ, കേൾക്കുക; ഭൂമിയേ,+ ശ്രദ്ധിക്കുക,യഹോവ സംസാരിക്കുന്നു:
“ഞാൻ മക്കളെ വളർത്തിവലുതാക്കി,+എന്നാൽ അവർ എന്നോടു ധിക്കാരം കാണിച്ചു.+
3 കാളയ്‌ക്ക് അതിന്റെ യജമാനനെയുംകഴുതയ്ക്ക് ഉടമയുടെ പുൽത്തൊട്ടിയെയും നന്നായി അറിയാം;എന്നാൽ ഇസ്രായേലിന് എന്നെ* അറിയില്ല,+എന്റെ സ്വന്തം ജനം വകതിരിവില്ലാതെ പെരുമാറുന്നു.”
4 പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+അവർ പാപഭാരം പേറുന്ന ഒരു ജനം!ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ!
അവർ യഹോവയെ ഉപേക്ഷിച്ചു,+ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവ് കാണിച്ചു,അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു.
5 നിങ്ങൾ ഇനിയും ധിക്കാരം കാണിച്ചാൽ ഞാൻ നിങ്ങളെ എവിടെ അടിക്കും?+
നിങ്ങളുടെ തല മുഴുവൻ രോഗം ബാധിച്ചിരിക്കുന്നു,നിങ്ങളുടെ ഹൃദയം മുഴുവൻ ദീനം പിടിച്ചിരിക്കുന്നു.+
6 ഉള്ളങ്കാൽമുതൽ നെറുകവരെ രോഗമില്ലാത്ത ഒരിടവുമില്ല.
എങ്ങും മുറിവുകളും ചതവുകളും വ്രണങ്ങളും!അവ ചികിത്സിക്കുകയോ* വെച്ചുകെട്ടുകയോ അവയിൽ എണ്ണ തേക്കുകയോ ചെയ്തിട്ടില്ല.+
7 നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു.
നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി.
നിങ്ങളുടെ കൺമുന്നിൽവെച്ച് അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+
അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+
8 സീയോൻപുത്രി മുന്തിരിത്തോട്ടത്തിലെ കാവൽമാടംപോലെയുംവെള്ളരിത്തോട്ടത്തിലെ കുടിലുപോലെയും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു,അവൾ ഉപരോധിക്കപ്പെട്ട ഒരു നഗരംപോലെയായിരിക്കുന്നു.+
9 സൈന്യങ്ങളുടെ അധിപനായ യഹോവ കുറച്ച് പേരെ ബാക്കി വെച്ചില്ലായിരുന്നെങ്കിൽനമ്മൾ സൊദോമിനെപ്പോലെയുംനമ്മുടെ അവസ്ഥ ഗൊമോറയുടേതുപോലെയും ആയേനേ.+
10 സൊദോമിലെ+ ഏകാധിപതികളേ,* യഹോവയുടെ വാക്കു കേൾക്കൂ,
ഗൊമോറയിലെ+ ജനങ്ങളേ, നമ്മുടെ ദൈവത്തിന്റെ കല്‌പനയ്‌ക്കു* ചെവി കൊടുക്കൂ.
11 “നിങ്ങളുടെ എണ്ണമറ്റ ബലികൾകൊണ്ട് എനിക്ക് എന്തു പ്രയോജനം”+ എന്ന് യഹോവ ചോദിക്കുന്നു.
“നിങ്ങളുടെ ദഹനയാഗമായ ആടുകളെ+ എനിക്കു മതിയായി; കൊഴുപ്പിച്ച മൃഗങ്ങളുടെ നെയ്യും+ എനിക്കു മടുത്തു,കാളക്കുട്ടികളുടെയും+ ആട്ടിൻകുട്ടികളുടെയും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാദിക്കില്ല.
12 എന്റെ സന്നിധിയിൽ വന്ന്‌എന്റെ മുറ്റങ്ങൾ ഇങ്ങനെ ചവിട്ടിമെതിക്കാൻആരാണു നിങ്ങളോട് ആവശ്യപ്പെട്ടത്?+
13 ഒരു ഗുണവുമില്ലാത്ത ഈ ധാന്യയാഗങ്ങൾ കൊണ്ടുവരുന്നതു നിറുത്തുക.
നിങ്ങളുടെ സുഗന്ധക്കൂട്ട് എനിക്ക് അറപ്പാണ്.+
നിങ്ങൾ അമാവാസികളും+ ശബത്തുകളും+ ആചരിക്കുന്നു, സമ്മേളനങ്ങൾ+ വിളിച്ചുകൂട്ടുന്നു.പക്ഷേ നിങ്ങളുടെ പവിത്രമായ സമ്മേളനങ്ങളിലെ മന്ത്രപ്രയോഗങ്ങൾ+ എനിക്കു സഹിക്കാനാകില്ല.
14 നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും എനിക്കു വെറുപ്പാണ്.
അവ എനിക്കൊരു ഭാരമായിത്തീർന്നിരിക്കുന്നു,അവ ചുമന്ന് ഞാൻ ക്ഷീണിച്ചിരിക്കുന്നു.
15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+
നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+
16 നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടിപ്പാക്കുക;+എന്റെ മുന്നിൽനിന്ന് നിങ്ങളുടെ ദുഷ്ചെയ്തികൾ നീക്കിക്കളയുക;തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.+
17 നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക,+ദ്രോഹം ചെയ്യുന്നവനെ തിരുത്തി നേർവഴിക്കാക്കുക,അനാഥന്റെ* അവകാശങ്ങൾ സംരക്ഷിക്കുക,വിധവയ്ക്കുവേണ്ടി വാദിക്കുക.”+
18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+
“നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും.
19 ശ്രദ്ധിക്കാൻ മനസ്സു കാണിച്ചാൽ,നിങ്ങൾ ദേശത്തിന്റെ നന്മ ആസ്വദിക്കും.+
20 എന്നാൽ ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ധിക്കാരം കാണിച്ചാൽനിങ്ങൾ വാളിന് ഇരയായിത്തീരും;+യഹോവയുടെ വായ് ഇതു പ്രസ്താവിച്ചിരിക്കുന്നു.”
21 വിശ്വസ്‌തയായ നഗരം+ ഒരു വേശ്യയായിപ്പോയല്ലോ!+
ഒരിക്കൽ അവളിൽ നീതി നിറഞ്ഞിരുന്നു,+ന്യായം അവളിൽ കുടികൊണ്ടിരുന്നു,+എന്നാൽ ഇപ്പോഴോ അവിടെ കൊലപാതകികൾ മാത്രം!+
22 നിന്റെ വെള്ളി കിട്ടമായിരിക്കുന്നു,*+നിന്റെ ബിയറിൽ* വെള്ളം ചേർത്തിരിക്കുന്നു.
23 നിന്റെ പ്രഭുക്കന്മാരെല്ലാം ദുർവാശിക്കാരും കള്ളന്മാരുടെ കൂട്ടാളികളും ആണ്.+
അവർ കൈക്കൂലി ഇഷ്ടപ്പെടുന്നു; സമ്മാനങ്ങൾക്കു പിന്നാലെ പായുന്നു.+
അവർ അനാഥർക്കു* നീതി നടത്തിക്കൊടുക്കുന്നില്ല,വിധവയുടെ കേസുകൾ അവരുടെ അടുത്ത് എത്തുന്നതേ ഇല്ല.+
24 അതുകൊണ്ട് സൈന്യങ്ങളുടെ കർത്താവായ യഹോവ,ഇസ്രായേലിന്റെ ബലവാൻ, ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“ഞാൻ എന്റെ വൈരികളെ തുടച്ചുനീക്കും,ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും.+
25 ഞാൻ എന്റെ കൈ നിനക്കു നേരെ ഉയർത്തും,ചാരവെള്ളംകൊണ്ടെന്നപോലെ* ഞാൻ നിന്നിലെ അശുദ്ധി ഉരുക്കിമാറ്റും,നിന്നിലെ മാലിന്യങ്ങളെല്ലാം ഞാൻ നീക്കിക്കളയും.+
26 നിന്റെ ന്യായാധിപന്മാരെ ഞാൻ വീണ്ടും നിയമിക്കും,+മുമ്പുണ്ടായിരുന്നതുപോലെ ഞാൻ നിനക്ക് ഉപദേഷ്ടാക്കളെ തരും.
അപ്പോൾ നിനക്കു നീതിനഗരം എന്നും വിശ്വസ്തപട്ടണം എന്നും പേരാകും.+
27 സീയോനെ ന്യായംകൊണ്ടുംമടങ്ങിവരുന്ന അവളുടെ ജനത്തെ നീതികൊണ്ടും വീണ്ടെടുക്കും.+
28 ധിക്കാരികളെയും പാപികളെയും ഒരുമിച്ച് തകർത്തുകളയും,+യഹോവയെ ഉപേക്ഷിക്കുന്നവർ നാശം കാണും.+
29 നീ ആഗ്രഹിച്ച വൻമരങ്ങൾ കാരണം അവർ ലജ്ജിതരാകും,+നീ തിരഞ്ഞെടുത്ത കാവുകൾ* കാരണം നീ നാണംകെടും.+
30 നീ ഇല കൊഴിഞ്ഞ ഒരു മഹാവൃക്ഷംപോലെയും+നീരോട്ടമില്ലാത്ത തോട്ടംപോലെയും ആയിത്തീരും.
31 ബലവാൻ ചണനാരുപോലെയും*അയാളുടെ പ്രവൃത്തി വെറും തീപ്പൊരിപോലെയും ആകും;രണ്ടും അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങും,ആ തീ കെടുത്താൻ ആരുമുണ്ടാകില്ല.”
അടിക്കുറിപ്പുകള്‍
^ അർഥം: “യഹോവയുടെ രക്ഷ.”
^ അഥവാ “അതിന്റെ യജമാനനെ.”
^ അക്ഷ. “ഞെക്കിക്കളയുകയോ.”
^ അഥവാ “ഭരണാധികാരികളേ.”
^ അഥവാ “ഉപദേശത്തിന്.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
^ അതായത്, ലോഹങ്ങൾ ഉരുകുമ്പോൾ അവശേഷിക്കുന്ന മാലിന്യമായിരിക്കുന്നു.
^ അഥവാ “ഗോതമ്പുബിയറിൽ.”
^ അഥവാ “പിതാവില്ലാത്തവർക്ക്.”
^ അഥവാ “ക്ഷാരജലംകൊണ്ടെന്നപോലെ.”
^ വിഗ്രഹാരാധനയോടു ബന്ധപ്പെട്ട മരങ്ങളെയും തോട്ടങ്ങളെയും കുറിക്കാനാണു സാധ്യത.
^ പെട്ടെന്നു തീ പിടിക്കുന്ന ഒരുതരം നാര്.