യിരെമ്യ 18:1-23
18 യിരെമ്യക്ക് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:
2 “എഴുന്നേറ്റ് കുശവന്റെ* വീട്ടിലേക്കു പോകൂ;+ അവിടെവെച്ച് ഞാൻ എന്റെ സന്ദേശങ്ങൾ നിന്നെ കേൾപ്പിക്കും.”
3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നു. അവിടെ അയാൾ കുശവചക്രം ഉപയോഗിച്ച് പണി ചെയ്യുകയായിരുന്നു.
4 പക്ഷേ, കുശവൻ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ശരിയാകാതെപോയി. അതുകൊണ്ട് അയാൾ ആ കളിമണ്ണുകൊണ്ട് തനിക്ക് ഉചിതമെന്നു തോന്നിയ മറ്റൊരു പാത്രം ഉണ്ടാക്കി.
5 അപ്പോൾ എനിക്ക് യഹോവയുടെ സന്ദേശം കിട്ടി:
6 “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു.+
7 ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പിഴുതെറിയുകയും തകർത്ത് നശിപ്പിക്കുകയും ചെയ്യുമെന്നു ഞാൻ പറയുന്നെന്നിരിക്കട്ടെ.+
8 അപ്പോൾ ആ ജനത തങ്ങളുടെ ദുഷ്ടത ഉപേക്ഷിക്കുന്നെങ്കിൽ ഞാനും എന്റെ മനസ്സു മാറ്റും;* അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം വരുത്തില്ല.+
9 പക്ഷേ ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പണിതുയർത്തുമെന്നും നട്ടുപിടിപ്പിക്കുമെന്നും ഞാൻ പറഞ്ഞിരിക്കെ
10 അവർ എന്റെ വാക്കു കേട്ടനുസരിക്കാതെ എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങൾ ചെയ്താൽ ഞാൻ എന്റെ മനസ്സു മാറ്റും;* അവരുടെ കാര്യത്തിൽ ഉദ്ദേശിച്ച നന്മ ഞാൻ ചെയ്യില്ല.’
11 “അതുകൊണ്ട് ഇപ്പോൾ യഹൂദാപുരുഷന്മാരോടും യരുശലേംനിവാസികളോടും ദയവായി ഇങ്ങനെ പറയുക: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ, ഞാൻ നിങ്ങൾക്കെതിരെ ഒരു ദുരന്തം ഒരുക്കുന്നു; നിങ്ങൾക്കെതിരെ ഒരു ഗൂഢപദ്ധതി മനയുന്നു. നിങ്ങളുടെ മോശമായ വഴികളിൽനിന്ന് ദയവായി പിന്തിരിയൂ. നിങ്ങളുടെ വഴികളും രീതികളും ശരിയാക്കൂ.”’”+
12 പക്ഷേ അവർ പറഞ്ഞു: “അതൊന്നും പറ്റില്ല!+ ഞങ്ങൾക്കു തോന്നിയതുപോലെ ഞങ്ങൾ നടക്കും. ഞങ്ങൾ ഓരോരുത്തരും ശാഠ്യപൂർവം സ്വന്തം ദുഷ്ടഹൃദയത്തെ അനുസരിച്ചേ പ്രവർത്തിക്കൂ.”+
13 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്:
“ജനതകളോടു നിങ്ങൾതന്നെ ഒന്നു ചോദിച്ചുനോക്ക്;
ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ?
ഇസ്രായേൽ കന്യക അതിഭയങ്കരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.+
14 ലബാനോൻ മലഞ്ചെരിവിലെ പാറക്കെട്ടുകളിൽനിന്ന് മഞ്ഞ് അപ്രത്യക്ഷമാകുമോ?
ദൂരെനിന്ന് ഒഴുകിവരുന്ന കുളിരരുവികൾ വറ്റിപ്പോകുമോ?
15 പക്ഷേ എന്റെ ജനം എന്നെ മറന്നു.+
ഒരു ഗുണവുമില്ലാത്തവയ്ക്ക് അവർ ബലികൾ അർപ്പിക്കുന്നല്ലോ.+ആളുകൾ തങ്ങളുടെ വഴികളിൽ, പുരാതനവീഥികളിൽ, ഇടറിവീഴാൻ അവർ ഇടയാക്കുന്നു.+നികത്തി നിരപ്പാക്കാത്ത* ഊടുവഴികളിലൂടെ ആളുകൾ നടക്കണമെന്നാണ് അവരുടെ ആഗ്രഹം.
16 അങ്ങനെ അവരുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാകും;+ആളുകൾ ആ സ്ഥലം കണ്ട് അതിശയത്തോടെ തല കുലുക്കും.*+
അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിച്ച് തല ആട്ടും.+
17 കിഴക്കൻ കാറ്റുപോലെ ഞാൻ ശത്രുക്കളുടെ മുന്നിൽനിന്ന് അവരെ ചിതറിച്ചുകളയും.
അവരുടെ വിനാശദിവസത്തിൽ ഞാൻ എന്റെ മുഖമല്ല, പുറമായിരിക്കും അവരുടെ നേരെ തിരിക്കുക.”+
18 അപ്പോൾ, അവർ പറഞ്ഞു: “വരൂ! യിരെമ്യക്കെതിരെ നമുക്ക് ഒരു പദ്ധതി തയ്യാറാക്കാം.+ നമുക്ക് എന്തായാലും പുരോഹിതന്മാരിൽനിന്ന് നിയമവും* ജ്ഞാനികളിൽനിന്ന് ഉപദേശവും പ്രവാചകന്മാരിൽനിന്ന് സന്ദേശവും കിട്ടുമല്ലോ. വരൂ! നമുക്ക് അവന് എതിരെ സംസാരിക്കാം;* അവൻ പറയുന്നതൊന്നും ആരും ശ്രദ്ധിക്കരുത്.”
19 യഹോവേ, എന്നിലേക്കു ചെവി ചായിക്കേണമേ;എന്റെ എതിരാളികൾ പറയുന്നതു കേൾക്കേണമേ.
20 നന്മയ്ക്കുള്ള പ്രതിഫലം തിന്മയാണോ?
അവർ എന്റെ ജീവനെടുക്കാൻ ഒരു കുഴി കുഴിച്ചിരിക്കുന്നല്ലോ.+
അവരെക്കുറിച്ച് നല്ലതു സംസാരിച്ച്അവരോടുള്ള അങ്ങയുടെ ക്രോധം ഇല്ലാതാക്കാൻ ഞാൻ അങ്ങയുടെ മുന്നിൽ നിന്നത് ഓർക്കേണമേ.
21 അതുകൊണ്ട്, അവരുടെ പുത്രന്മാരെ ക്ഷാമത്തിനു വിട്ടുകൊടുക്കേണമേ;അവരെ വാളിന്റെ ശക്തിക്ക് ഏൽപ്പിക്കേണമേ.+
അവരുടെ ഭാര്യമാർ മക്കൾ നഷ്ടപ്പെട്ടവരും വിധവമാരും ആകട്ടെ.+
അവരുടെ പുരുഷന്മാർ മാരകരോഗത്താൽ മരിക്കട്ടെ.അവരുടെ യുവാക്കൾ വാളിന് ഇരയായി യുദ്ധഭൂമിയിൽ വീഴട്ടെ.+
22 ഓർക്കാപ്പുറത്ത് അങ്ങ് അവരുടെ നേരെ കവർച്ചപ്പടയെ വരുത്തുമ്പോൾഅവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ.
കാരണം, എന്നെ പിടിക്കാൻ അവർ ഒരു കുഴി കുഴിച്ചു;അവർ എന്റെ കാലിനു കുടുക്കു വെച്ചു.+
23 പക്ഷേ യഹോവേ,എന്നെ കൊല്ലാനുള്ള അവരുടെ പദ്ധതികളെല്ലാം അങ്ങയ്ക്കു നന്നായി അറിയാമല്ലോ.+
അവരുടെ തെറ്റുകൾ മൂടിക്കളയരുതേ;അങ്ങയുടെ മുന്നിൽനിന്ന് അവരുടെ പാപം മായ്ച്ചുകളയുകയും അരുതേ.
കോപത്തോടെ അങ്ങ് അവരുടെ നേരെ നടപടിയെടുക്കുമ്പോൾ+അവർ അങ്ങയുടെ മുന്നിൽ ഇടറിവീഴട്ടെ.+
അടിക്കുറിപ്പുകള്
^ അഥവാ “എനിക്കു ഖേദം തോന്നും.”
^ അഥവാ “എനിക്കു ഖേദം തോന്നും.”
^ അഥവാ “മണ്ണ് ഇട്ട് പൊക്കാത്ത.”
^ അക്ഷ. “കണ്ട് ചൂളമടിക്കും.”
^ അഥവാ “ഉപദേശവും.”
^ അക്ഷ. “അവനെ നാവുകൊണ്ട് പ്രഹരിക്കാം.”