യിരെമ്യ 26:1-24
26 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീം+ ഭരണം ആരംഭിച്ച സമയത്ത് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:
2 “യഹോവ പറയുന്നത് ഇതാണ്: ‘യഹോവയുടെ ഭവനത്തിന്റെ മുറ്റത്ത് ചെന്ന് നിൽക്കുക. എന്നിട്ട്, യഹൂദാനഗരങ്ങളിൽനിന്ന് യഹോവയുടെ ഭവനത്തിൽ ആരാധിക്കാൻ* വരുന്ന എല്ലാവരെക്കുറിച്ചും* സംസാരിക്കണം. ഞാൻ കല്പിക്കുന്നതെല്ലാം ഒരു വാക്കും വിടാതെ നീ അവരോടു പറയണം.
3 ഒരുപക്ഷേ അവർ അതു കേട്ട് അവരുടെ ദുഷിച്ച വഴികൾ വിട്ടുതിരിഞ്ഞാലോ? അങ്ങനെയെങ്കിൽ, ഞാൻ മനസ്സു മാറ്റും;* അവരുടെ ദുഷ്പ്രവൃത്തികൾ കാരണം അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം ഞാൻ വരുത്തുകയുമില്ല.+
4 നീ അവരോടു പറയുക: “യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ എന്നെ ശ്രദ്ധിക്കാതെ ഞാൻ നിങ്ങൾക്കു തന്ന നിയമം* കാറ്റിൽപ്പറത്തിയാൽ,
5 അതായത് ഞാൻ നിങ്ങളുടെ അടുത്തേക്കു വീണ്ടുംവീണ്ടും* അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ സന്ദേശങ്ങൾ ഇനിയും ശ്രദ്ധിക്കാതിരുന്നാൽ,+
6 ഞാൻ ഈ ഭവനത്തെ ശീലോപോലെയാക്കും.+ ഞാൻ ഈ നഗരത്തെ ഭൂമുഖത്തുള്ള എല്ലാ ജനതകളുടെയും മുന്നിൽ ശപിക്കപ്പെട്ട ഇടമാക്കും.’”’”+
7 യഹോവയുടെ ഭവനത്തിൽവെച്ച് യിരെമ്യ ഈ വാക്കുകൾ സംസാരിക്കുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും ജനം മുഴുവനും കേട്ടു.+
8 മുഴുവൻ ജനത്തോടും സംസാരിക്കാൻ യഹോവ കല്പിച്ചതെല്ലാം യിരെമ്യ പറഞ്ഞുകഴിഞ്ഞപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും ജനവും യിരെമ്യയെ പിടിച്ചു. അവർ പറഞ്ഞു: “നീ മരിക്കണം.
9 നീ എന്തിനാണ്, ‘ഈ ഭവനം ശീലോപോലെയാകും, ഈ നഗരം നശിച്ച് ആൾപ്പാർപ്പില്ലാതാകും’ എന്നൊക്കെ യഹോവയുടെ നാമത്തിൽ പ്രവചിച്ചത്?” ജനമെല്ലാം യഹോവയുടെ ഭവനത്തിൽ യിരെമ്യക്കു ചുറ്റും കൂടി.
10 ഇക്കാര്യം കേട്ടപ്പോൾ യഹൂദാപ്രഭുക്കന്മാർ രാജാവിന്റെ ഭവനത്തിൽനിന്ന്* യഹോവയുടെ ഭവനത്തിലേക്കു വന്നു. അവർ യഹോവയുടെ ഭവനത്തിന്റെ പുതിയ കവാടത്തിനു മുന്നിൽ ഇരുന്നു.+
11 പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും ജനത്തോടും പറഞ്ഞു: “ഇവനു മരണശിക്ഷ കിട്ടണം.+ കാരണം, ഇവൻ ഈ നഗരത്തിന് എതിരെ പ്രവചിച്ചിരിക്കുന്നു. നിങ്ങൾ ഇപ്പോൾ അതു സ്വന്തം ചെവികൊണ്ട് കേട്ടതല്ലേ?”+
12 അപ്പോൾ യിരെമ്യ പ്രഭുക്കന്മാരോടും ജനത്തോടും പറഞ്ഞു: “നിങ്ങൾ ഇപ്പോൾ കേട്ടതെല്ലാം ഈ ഭവനത്തിനും നഗരത്തിനും എതിരെ പ്രവചിക്കാൻ എന്നെ അയച്ചത് യഹോവയാണ്.+
13 അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കി നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുക. അപ്പോൾ യഹോവ തന്റെ മനസ്സു മാറ്റും;* നിങ്ങൾക്കെതിരെ വരുത്തുമെന്ന് അറിയിച്ച ദുരന്തം വരുത്തില്ല.+
14 എന്നാൽ ഞാൻ ഇതാ, നിങ്ങളുടെ കൈയിലിരിക്കുന്നു. നിങ്ങൾക്ക് ഉചിതമെന്നും ശരിയെന്നും തോന്നുന്നതെന്തും എന്നോടു ചെയ്യാം.
15 പക്ഷേ ഒന്ന് ഓർത്തോ! എന്നെ കൊന്നാൽ നിങ്ങളും ഈ നഗരവും ഇവിടെ താമസിക്കുന്നവരും ഒരു നിരപരാധിയുടെ രക്തത്തിന് ഉത്തരം പറയേണ്ടിവരും. കാരണം, നിങ്ങൾ കേൾക്കെ ഈ വാക്കുകളെല്ലാം സംസാരിക്കാൻ യഹോവയാണ് എന്നെ അയച്ചത്; ഇതു സത്യം!”
16 അപ്പോൾ പ്രഭുക്കന്മാരും ജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഇയാൾ മരണശിക്ഷ അർഹിക്കുന്നില്ല. കാരണം, നമ്മുടെ ദൈവമായ യഹോവയുടെ പേരിലാണല്ലോ ഇയാൾ സംസാരിച്ചത്.”
17 ഇതുകൂടാതെ, ദേശത്തെ ചില മൂപ്പന്മാരും എഴുന്നേറ്റ് ജനത്തിന്റെ സഭയോടു പറഞ്ഞു:
18 “യഹൂദയിലെ ഹിസ്‌കിയ+ രാജാവിന്റെ കാലത്ത് മൊരേശെത്തുകാരനായ മീഖ+ എന്നൊരാൾ പ്രവചിച്ചിരുന്നു. യഹൂദയിലെ എല്ലാവരോടും അദ്ദേഹം പറഞ്ഞു: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
“സീയോനെ വയൽപോലെ ഉഴുതുമറിക്കും.യരുശലേം നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.+ദേവാലയമുള്ള പർവതം കാട്ടിലെ കുന്നുകൾപോലെയാകും.”’+
19 “എന്നിട്ട്, യഹൂദാരാജാവായ ഹിസ്കിയയോ യഹൂദയിലുള്ളവരോ മീഖയെ കൊന്നുകളഞ്ഞോ? രാജാവ് യഹോവയെ ഭയപ്പെട്ട് പ്രീതിക്കായി യഹോവയോടു യാചിച്ചപ്പോൾ യഹോവ മനസ്സു മാറ്റിയില്ലേ?* അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തം വരുത്താതിരുന്നില്ലേ?+ അതുകൊണ്ട്, നമ്മൾ ഇതു ചെയ്‌താൽ വലിയൊരു ദുരന്തമായിരിക്കും നമ്മുടെ മേൽ വരുത്തിവെക്കുന്നത്.
20 “കിര്യത്ത്-യയാരീമിൽനിന്നുള്ള+ ശെമയ്യയുടെ മകനായ ഉരിയ എന്നൊരാളും യഹോവയുടെ നാമത്തിൽ പ്രവചിച്ചിരുന്നു. അദ്ദേഹവും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യ പ്രവചിച്ചതുപോലുള്ള കാര്യങ്ങളാണു പ്രവചിച്ചത്.
21 ഉരിയയുടെ വാക്കുകൾ യഹോയാക്കീം രാജാവിന്റെയും+ അദ്ദേഹത്തിന്റെ വീരപുരുഷന്മാരുടെയും പ്രഭുക്കന്മാരുടെയും ചെവിയിലെത്തി. അപ്പോൾ രാജാവ് ഉരിയയെ കൊല്ലാൻ പദ്ധതിയിട്ടു.+ ഈ വിവരം അറിഞ്ഞ് പേടിച്ചുപോയ ഉരിയ ഉടനെ ഈജിപ്തിലേക്ക് ഓടിക്കളഞ്ഞു.
22 യഹോയാക്കീം രാജാവാകട്ടെ, അക്ബോരിന്റെ മകൻ എൽനാഥാനെയും+ അയാളുടെകൂടെ മറ്റു ചില പുരുഷന്മാരെയും ഈജിപ്തിലേക്ക് അയച്ചു.
23 അവർ ഉരിയയെ ഈജിപ്തിൽനിന്ന് യഹോയാക്കീം രാജാവിന്റെ അടുത്തേക്കു പിടിച്ചുകൊണ്ടുവന്നു. രാജാവ് അദ്ദേഹത്തെ വെട്ടിക്കൊന്ന് ശവം പൊതുശ്മശാനത്തിൽ എറിഞ്ഞുകളഞ്ഞു.”+
24 പക്ഷേ ശാഫാന്റെ+ മകൻ അഹീക്കാം+ യിരെമ്യയെ പിന്തുണച്ചതുകൊണ്ട് യിരെമ്യയെ കൊല്ലാൻ ജനത്തിനു വിട്ടുകൊടുത്തില്ല.+
അടിക്കുറിപ്പുകള്‍
^ അഥവാ “കുമ്പിടാൻ.”
^ അഥവാ “എല്ലാവരോടും.”
^ അഥവാ “എനിക്കു ഖേദം തോന്നും.”
^ അഥവാ “ഉപദേശം.”
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അഥവാ “കൊട്ടാരത്തിൽനിന്ന്.”
^ അഥവാ “യഹോവയ്ക്കു ഖേദം തോന്നും.”
^ അഥവാ “യഹോവയ്ക്കു ഖേദം തോന്നിയില്ലേ?”