യിരെമ്യ 30:1-24
30 യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
2 “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘ഞാൻ നിന്നോടു പറയുന്നതെല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക.
3 കാരണം, “എന്റെ ജനമായ ഇസ്രായേലിന്റെയും യഹൂദയുടെയും ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്ന നാളുകൾ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തേക്ക് അവരെ തിരികെ കൊണ്ടുവരും. അവർ അതു വീണ്ടും കൈവശമാക്കും”+ എന്നും യഹോവ പറയുന്നു.’”
4 യഹോവ ഇസ്രായേലിനോടും യഹൂദയോടും പറഞ്ഞ കാര്യങ്ങൾ.
5 യഹോവ പറയുന്നു:
“പേടിച്ചുവിറയ്ക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു.സമാധാനമില്ല, ഭീതി മാത്രം.
6 ഒന്നു ചോദിച്ചുനോക്കൂ. പുരുഷൻ പ്രസവിക്കുമോ?
പിന്നെ എന്താണു ശക്തരായ പുരുഷന്മാരെല്ലാംപ്രസവിക്കാറായ സ്ത്രീയെപ്പോലെ+ വയറ്റത്ത്* കൈയുംവെച്ച് നിൽക്കുന്നത്?
എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നത് എന്താണ്?
7 കാരണം, ആ ദിവസം ഭീകരമായിരിക്കും.*+ കഷ്ടംതന്നെ!
അതുപോലുള്ള മറ്റൊരു ദിവസം ഉണ്ടാകില്ല.യാക്കോബിനു കഷ്ടതയുടെ ഒരു സമയമായിരിക്കും അത്.
പക്ഷേ അവനെ അതിൽനിന്ന് രക്ഷിക്കും.”
8 സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു: “ആ ദിവസം ഞാൻ നിങ്ങളുടെ കഴുത്തിലുള്ള നുകം ഒടിച്ചുകളയും. അതിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചെറിയും. മേലാൽ അന്യർ* അവനെ* അടിമയാക്കില്ല.
9 അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കുന്ന അവരുടെ രാജാവായ ദാവീദിനെയും സേവിക്കും.”+
10 “എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.ഇസ്രായേലേ, ഭയപ്പെടേണ്ടാ.+
ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+
യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
11 “കാരണം, നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്.
പക്ഷേ ഏതു ജനതകളുടെ ഇടയിലേക്കാണോ ഞാൻ നിന്നെ ചിതറിച്ചത് അവയെയെല്ലാം ഞാൻ നിശ്ശേഷം നശിപ്പിക്കും.+പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കില്ല.+
നിനക്കു ഞാൻ ന്യായമായ തോതിൽ ശിക്ഷണം തരും.*ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 യഹോവ പറയുന്നത് ഇതാണ്:
“നിന്റെ മുറിവിനു ചികിത്സയില്ല.+
നിന്റെ മുറിവ് ഭേദമാക്കാനാകില്ല.
13 നിനക്കുവേണ്ടി വാദിക്കാൻ ആരുമില്ല.നിന്റെ വ്രണം സുഖപ്പെടുത്താൻ ഒരു വഴിയുമില്ല.
നിന്നെ ചികിത്സിച്ച് ഭേദമാക്കാനാകില്ല.
14 നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നു.+
അവർ നിന്നെ തേടി വരുന്നില്ല.
കാരണം, നിന്റെ വലിയ തെറ്റും അനവധി പാപങ്ങളും നിമിത്തം+ഒരു ശത്രുവിനെപ്പോലെ ഞാൻ നിന്നെ പ്രഹരിച്ചിരിക്കുന്നു;+ഒരു ക്രൂരനെപ്പോലെ ഞാൻ നിന്നെ ശിക്ഷിച്ചിരിക്കുന്നു.
15 നിന്റെ മുറിവിനെപ്രതി നീ നിലവിളിച്ചിട്ട് എന്തു കാര്യം?
നിന്റെ വേദനയ്ക്കു ചികിത്സയില്ലല്ലോ!
നിന്റെ വലിയ തെറ്റും അനവധി പാപങ്ങളും കാരണമാണ്+നിന്നോടു ഞാൻ ഇതു ചെയ്തത്.
16 ഉറപ്പായും, നിന്നെ വിഴുങ്ങുന്നവരെയെല്ലാം വിഴുങ്ങിക്കളയും.+നിന്റെ ശത്രുക്കളെയെല്ലാം ബന്ദികളായി കൊണ്ടുപോകും.+
നിന്നെ കൊള്ളയടിക്കുന്നവരെല്ലാം കൊള്ളയടിക്കപ്പെടും.നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്കിരയാക്കും.”+
17 “‘ആരും തിരിഞ്ഞുനോക്കാത്ത സീയോൻ’ എന്നു പറഞ്ഞ്അവർ നിന്നെ തിരസ്കരിക്കപ്പെട്ടവളെന്നു വിളിച്ചെങ്കിലും+
ഞാൻ നിനക്കു പഴയതുപോലെ ആരോഗ്യം നൽകും, നിന്റെ മുറിവുകൾ സുഖപ്പെടുത്തും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 യഹോവ പറയുന്നു:
“ഇതാ, യാക്കോബിന്റെ കൂടാരങ്ങളിലെ ബന്ദികളെ ഞാൻ കൂട്ടിച്ചേർക്കുന്നു!+അവന്റെ കൂടാരങ്ങളോട് എനിക്ക് അലിവ് തോന്നും.
നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+ഗോപുരം സ്വസ്ഥാനത്തുതന്നെ വീണ്ടും ഉയർന്നുനിൽക്കും.
19 അവരിൽനിന്ന് നന്ദിവാക്കുകളും ചിരിയുടെ ശബ്ദവും ഉയരും.+
ഞാൻ അവരെ വർധിപ്പിക്കും. അവർ കുറഞ്ഞുപോകില്ല.+ഞാൻ അവരെ അസംഖ്യമാക്കും.*ആരും അവരെ നിസ്സാരരായി കാണില്ല.+
20 അവന്റെ മക്കൾ പണ്ടത്തെപ്പോലെതന്നെയാകും.അവന്റെ സമൂഹം എന്റെ മുന്നിൽ സുസ്ഥാപിതമാകും.+
അവനെ ഞെരുക്കുന്നവരെയെല്ലാം ഞാൻ കൈകാര്യം ചെയ്യും.+
21 അവന്റെ ശ്രേഷ്ഠൻ അവന്റെ ആളുകളിൽനിന്നുതന്നെ വരും.അവന്റെ ആളുകൾക്കിടയിൽനിന്നുതന്നെ അവന്റെ ഭരണാധികാരി എഴുന്നേൽക്കും.
എന്റെ അടുത്ത് വരാൻ ഞാൻ അവനെ അനുവദിക്കും. അവൻ എന്നെ സമീപിക്കും.”
“അല്ലാത്തപക്ഷം എന്നെ സമീപിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ”* എന്ന് യഹോവ ചോദിക്കുന്നു.
22 “നിങ്ങൾ എന്റെ ജനമാകും;+ ഞാൻ നിങ്ങളുടെ ദൈവമായിരിക്കും.”+
23 ഇതാ, യഹോവയുടെ ക്രോധം കൊടുങ്കാറ്റുപോലെ വീശാൻപോകുന്നു;+ഒരു ചുഴലിക്കാറ്റുപോലെ അതു ദുഷ്ടന്മാരുടെ തലമേൽ ആഞ്ഞടിക്കും.
24 തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾ നടപ്പാക്കാതെ, അവ പൂർത്തിയാക്കാതെ,യഹോവയുടെ ഉഗ്രകോപം പിന്തിരിയില്ല.+
അവസാനനാളുകളിൽ നിങ്ങൾക്ക് അതു മനസ്സിലാകും.+
അടിക്കുറിപ്പുകള്
^ അഥവാ “അരയ്ക്ക്.”
^ അക്ഷ. “അത് ഒരു മഹാദിവസമായിരിക്കും.”
^ അഥവാ “വിദേശികൾ.”
^ അഥവാ “അവരെ.”
^ അഥവാ “തിരുത്തൽ തരും.”
^ മറ്റൊരു സാധ്യത “ബഹുമാന്യരാക്കും.”
^ അക്ഷ. “തന്റെ ഹൃദയം പണയം വെക്കുമോ?”