യിരെമ്യ 43:1-13
43 ജനത്തെ അറിയിക്കാൻ ദൈവമായ യഹോവയിൽനിന്ന് കിട്ടിയ ഈ സന്ദേശങ്ങളെല്ലാം—അവരുടെ ദൈവമായ യഹോവ യിരെമ്യ മുഖേന പറഞ്ഞയച്ച ഓരോ വാക്കും—യിരെമ്യ ജനത്തെ അറിയിച്ചുകഴിഞ്ഞപ്പോൾ
2 ഹോശയ്യയുടെ മകൻ അസര്യയും കാരേഹിന്റെ മകൻ യോഹാനാനും+ ധിക്കാരികളായ എല്ലാ പുരുഷന്മാരും യിരെമ്യയോടു പറഞ്ഞു: “നീ പറയുന്നതു പച്ചക്കള്ളമാണ്! ‘ഈജിപ്തിൽ പോയി താമസിക്കരുത്’ എന്നു പറയാൻ നമ്മുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
3 നേരിയയുടെ മകൻ ബാരൂക്കാണു+ നിന്നെ ഞങ്ങൾക്കെതിരെ തിരിച്ചത്. ഞങ്ങളെ കൊല്ലാനോ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകാനോ വേണ്ടി ഞങ്ങളെ കൽദയരുടെ കൈയിൽ ഏൽപ്പിക്കുകയാണ് അവന്റെ ഉദ്ദേശ്യം.”+
4 കാരേഹിന്റെ മകൻ യോഹാനാനും എല്ലാ സൈന്യാധിപന്മാരും ജനവും, യഹൂദാദേശത്ത് കഴിയണമെന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.
5 പകരം, കാരേഹിന്റെ മകൻ യോഹാനാനും+ സൈന്യാധിപന്മാരും യഹൂദാജനത്തിൽ ബാക്കിയുള്ളവരെ തങ്ങളുടെകൂടെ കൊണ്ടുപോയി; തങ്ങൾ ചിതറിപ്പോയിരുന്ന എല്ലാ ജനതകളിൽനിന്നും യഹൂദാദേശത്ത് താമസിക്കാൻ മടങ്ങിവന്നവരായിരുന്നു അവർ.
6 പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, രാജകുമാരിമാർ എന്നിവരെയും കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ,+ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയുടെ+ പക്കൽ വിട്ടിട്ടുപോന്ന എല്ലാവരെയും യിരെമ്യ പ്രവാചകനെയും നേരിയയുടെ മകൻ ബാരൂക്കിനെയും അവർ കൊണ്ടുപോയി.
7 യഹോവയുടെ വാക്ക് അനുസരിക്കാൻ കൂട്ടാക്കാതെ അവർ ഈജിപ്ത് ദേശത്തേക്കു പോയി. അവർ തഹ്‌പനേസ്+ വരെ ചെന്നു.
8 തഹ്‌പനേസിൽവെച്ച് യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി:
9 “നീ വലിയ കല്ലുകൾ എടുത്ത് ജൂതന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ കൊട്ടാരത്തിന്റെ വാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ ഒളിച്ചുവെക്കുക.
10 പിന്നെ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോൺരാജാവായ എന്റെ ദാസൻ നെബൂഖദ്‌നേസറിനെ*+ ഞാൻ ഇതാ, വിളിച്ചുവരുത്തുന്നു. ഞാൻ ഒളിച്ചുവെച്ച ഈ കല്ലുകളുടെ മുകളിൽത്തന്നെ ഞാൻ അവന്റെ സിംഹാസനം വെക്കും. അവയുടെ മുകളിൽ അവൻ അവന്റെ രാജകീയകൂടാരം ഉയർത്തും.+
11 അവൻ വന്ന് ഈജിപ്ത് ദേശത്തെ പ്രഹരിക്കും.+ മാരകരോഗത്തിനുള്ളവർ മാരകരോഗത്തിന്! അടിമത്തത്തിനുള്ളവർ അടിമത്തത്തിന്! വാളിനുള്ളവർ വാളിന്!+
12 ഈജിപ്‌തിലെ ദൈവങ്ങളുടെ ക്ഷേത്രങ്ങൾക്കു* ഞാൻ തീയിടും.+ അവൻ അവ ചുട്ടുചാമ്പലാക്കി അവയെ ബന്ദികളായി കൊണ്ടുപോകും. ഒരു ഇടയൻ ദേഹത്ത് അങ്കി പുതയ്ക്കുന്നതുപോലെ അവൻ ഈജിപ്ത് ദേശം തന്റെ ദേഹത്ത് പുതയ്‌ക്കും. എന്നിട്ട് അവിടെനിന്ന് സമാധാനത്തോടെ* പോകും.
13 ഈജിപ്‌തിലെ ബേത്ത്-ശേമെശിലുള്ള* തൂണുകൾ* അവൻ ഇടിച്ച് തകർക്കും. ഈജിപ്‌തിലെ ദൈവങ്ങളുടെ ക്ഷേത്രങ്ങൾ* അവൻ ചുട്ടെരിക്കും.”’”
അടിക്കുറിപ്പുകള്‍
^ അക്ഷ. “നെബൂഖദ്രേസറിനെ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അഥവാ “ഭവനങ്ങൾക്ക്.”
^ അഥവാ “ഒരു പോറൽപോലും ഏൽക്കാതെ.”
^ അഥവാ “സൂര്യന്റെ ഭവനത്തിലെ (ക്ഷേത്രത്തിലെ),” അതായത്, ഹീലിയോപൊലിസ്.
^ അഥവാ “ഭവനങ്ങൾ.”