യോഹന്നാൻ എഴുതിയത് 12:1-50
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പെസഹയ്ക്ക് ആറു ദിവസം മുമ്പ്: യേശു നീസാൻ 8-ാം തീയതിയിലെ (സൂര്യാസ്തമയത്തോടെ) ശബത്തിനു മുമ്പുതന്നെ അവിടെ എത്തിയിരിക്കണം. ശബത്തിനു ശേഷം (അതായത്, നീസാൻ 9-ന്റെ തുടക്കത്തിൽ), യേശു കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിലെ അത്താഴവിരുന്നിൽ പങ്കെടുത്തു. അവിടെ യേശുവിന്റെകൂടെ മാർത്തയും മറിയയും ലാസറും ഉണ്ടായിരുന്നു.—യോഹ 12:2-11; മത്ത 26:6-ന്റെ പഠനക്കുറിപ്പും അനു. എ7-ഉം ബി12-ഉം കാണുക.
ലാസർ: ലൂക്ക 16:20-ന്റെ പഠനക്കുറിപ്പു കാണുക.
അത്താഴവിരുന്ന്: അതായത്, കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽവെച്ച് നടത്തിയ വിരുന്ന്. സൂര്യാസ്തമയശേഷം, നീസാൻ 9 തുടങ്ങിയപ്പോഴായിരുന്നു അത്.—മത്ത 26:6; മർ 14:3.
മറിയ: അതായത്, മാർത്തയുടെയും ലാസറിന്റെയും സഹോദരി. (യോഹ 11:1, 2) മത്ത 26:7-ലെയും മർ 14:3-ലെയും സമാന്തരവിവരണങ്ങളിൽ മറിയയെക്കുറിച്ച് “ഒരു സ്ത്രീ” എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.
മറിയ . . . യേശുവിന്റെ പാദങ്ങളിൽ പൂശി: മർ 14:3-ന്റെ പഠനക്കുറിപ്പു കാണുക.
വളരെ വിലപിടിപ്പുള്ള . . . സുഗന്ധതൈലം: ഇതു “300 ദിനാറെക്കു” വിൽക്കാമെന്നു യൂദാസ് ഈസ്കര്യോത്ത് പറയുന്നതായി യോഹന്നാന്റെ വിവരണത്തിൽ എടുത്തുപറയുന്നുണ്ട്. (യോഹ 12:5) ഒരു സാധാരണ കൂലിപ്പണിക്കാരന്റെ ഏതാണ്ട് ഒരു വർഷത്തെ കൂലിക്കു തുല്യമായിരുന്നു ആ തുക. ഈ സുഗന്ധതൈലം, ഹിമാലയസാനുക്കളിൽ കണ്ടുവരുന്ന ഒരു സുഗന്ധച്ചെടിയിൽനിന്ന് (നാർഡൊസ്റ്റാക്കിസ് ജടമാൻസി) ഉത്പാദിപ്പിച്ചിരുന്നതാണെന്നു പൊതുവേ കരുതപ്പെടുന്നു. പലപ്പോഴും ആളുകൾ ഇതിൽ മായം ചേർത്തിരുന്നു, വ്യാജോത്പന്നങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ മറിയ കൊണ്ടുവന്നതു ശുദ്ധമായ തൈലമായിരുന്നെന്നു മർക്കോസും യോഹന്നാനും പറയുന്നുണ്ട്.—മർ 14:3; പദാവലിയിൽ “ജടാമാംസി തൈലം” കാണുക.
റാത്തൽ: ഇവിടെ കാണുന്ന ലീട്രാ എന്ന ഗ്രീക്കുപദം റോമാക്കാരുടെ റാത്തലിനെയാണു (ലത്തീനിൽ, ലിബ്രാ) കുറിക്കുന്നതെന്നു പൊതുവേ കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ അതിന്റെ അളവ് ഏകദേശം 327 ഗ്രാം വരും.—അനു. ബി14 കാണുക.
യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന: ഗ്രീക്കുപാഠത്തിൽ ഇവിടെ വർത്തമാനകാലത്തിലുള്ള രണ്ടു ഗ്രീക്കുക്രിയകൾ (ഒന്നിനെ ‘ഒറ്റിക്കൊടുക്കാൻ’ എന്നും മറ്റേതിനെ ‘ഇരുന്ന’ എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു.) ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതു സൂചിപ്പിക്കുന്നത്, യേശുവിനെ ഒറ്റിക്കൊടുക്കാനുള്ള യൂദാസിന്റെ തീരുമാനം പെട്ടെന്ന് എടുത്ത ഒന്നല്ല, മറിച്ച് കരുതിക്കൂട്ടിയുള്ളതായിരുന്നു എന്നാണ്. യോഹ 6:64-ലെ പ്രസ്താവനയും ഈ നിഗമനത്തെ ശരിവെക്കുന്നു.—യോഹ 6:64-ന്റെ പഠനക്കുറിപ്പു കാണുക.
300 ദിനാറെ: മർ 14:5-ന്റെ പഠനക്കുറിപ്പു കാണുക.
അവിടെ: അതായത്, ബഥാന്യയിൽ.—യോഹ 12:1.
പിറ്റേന്ന്: അതായത്, എ.ഡി. 33 നീസാൻ 9-ാം തീയതി രാവിലെ. വാസ്തവത്തിൽ തലേന്ന് വൈകുന്നേരത്തെ സൂര്യാസ്തമയത്തോടെ നീസാൻ 9 തുടങ്ങിയിരുന്നു. യേശു കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽവെച്ച് അത്താഴം കഴിച്ചത് അപ്പോഴാണ്.—യോഹ 12:1-ന്റെ പഠനക്കുറിപ്പും അനു. ബി12-ഉം കാണുക.
ഉത്സവം: ഇവിടെ പറഞ്ഞിരിക്കുന്ന ഉത്സവം പെസഹയാണെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (യോഹ 11:55; 12:1; 13:1) നീസാൻ 14-ാം തീയതി ആഘോഷിച്ചിരുന്ന പെസഹയും നീസാൻ 15 മുതൽ 21 വരെ നീണ്ടുനിന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും (ലേവ 23:5, 6; സംഖ 28:16, 17; അനു. ബി15 കാണുക.) തമ്മിൽ യേശുവിന്റെ കാലമായപ്പോഴേക്കും അഭേദ്യമായ ബന്ധമുണ്ടായിരുന്നതുകൊണ്ട്, നീസാൻ 14 മുതൽ 21 വരെയുള്ള എട്ടു ദിവസത്തെയും ഒരൊറ്റ ഉത്സവമായാണു കണക്കാക്കിയിരുന്നത്. (ലൂക്ക 22:1) “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നു വിളിക്കുന്ന എട്ടു ദിവസത്തെ ഉത്സവത്തെ” കുറിച്ച് ജോസീഫസും പറയുന്നുണ്ട്.—അനു. ബി12 കാണുക.
ഓശാന: അഥവാ “രക്ഷിക്കേണമേ.”—മത്ത 21:9-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ: ഇതു സങ്ക 118:25, 26 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. എ5-ഉം സി-യും കാണുക.
സീയോൻപുത്രി: മത്ത 21:5-ന്റെ പഠനക്കുറിപ്പു കാണുക.
എന്ന് എഴുതിയിരുന്നത്: ഇവിടെ കാണുന്ന ഉദ്ധരണി സെഖ 9:9-ൽനിന്നുള്ളതാണ്.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
ഗ്രീക്കുകാർ: ഒന്നാം നൂറ്റാണ്ടിൽ പലസ്തീനിൽ ഗ്രീക്കുകാരുടെ ധാരാളം കോളനികളുണ്ടായിരുന്നു. പക്ഷേ ഇവിടെ ‘ഗ്രീക്കുകാർ’ എന്നു പറഞ്ഞിരിക്കുന്നത്, ജൂതമതത്തിലേക്കു പരിവർത്തനം ചെയ്ത ഗ്രീക്കുകാരെക്കുറിച്ചായിരിക്കാം. യോഹ 12:32-ൽ, “ഞാൻ എല്ലാ തരം മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” എന്നു യേശു പ്രാവചനികമായി പറഞ്ഞിരുന്നെന്ന് ഓർക്കുക.
തന്റെ ജീവൻ: അഥവാ “തന്റെ ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
ശുശ്രൂഷ ചെയ്യാൻ: അഥവാ “സേവനം ചെയ്യാൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡയകൊനെയോ എന്ന ഗ്രീക്കുക്രിയയോടു ബന്ധമുള്ള ഒരു ഗ്രീക്കുനാമമാണു ഡയാക്കൊനൊസ്. ആ ഗ്രീക്കുനാമത്തെ ഇതേ വാക്യത്തിൽ ശുശ്രൂഷ ചെയ്യുന്നവൻ (അഥവാ “സേവകൻ”) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. മടുത്ത് പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്മയോടെ സേവനം ചെയ്യുന്നവരെയാണു ബൈബിളിൽ ഡയാക്കൊനൊസ് എന്ന പദം പൊതുവേ കുറിക്കുന്നത്.—മത്ത 20:26-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ: അഥവാ “എന്റെ ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ മുഴുവ്യക്തിയെയും കുറിക്കുന്നു. അതുകൊണ്ട് “എന്റെ ദേഹി” എന്ന പദപ്രയോഗത്തെ, “ഞാൻ എന്ന മുഴുവ്യക്തിയും” എന്നോ “ഞാൻ” എന്നു മാത്രമോ പരിഭാഷപ്പെടുത്താനാകും.—പദാവലിയിൽ “ദേഹി” കാണുക.
ഒരു ശബ്ദമുണ്ടായി: സുവിശേഷവിവരണങ്ങളിൽ, യഹോവ മനുഷ്യരോടു നേരിട്ട് സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ അവസാനത്തേതാണ് ഇത്. ആദ്യത്തേത്, എ.ഡി. 29-ൽ യേശു സ്നാനമേറ്റപ്പോഴായിരുന്നു. അതെക്കുറിച്ച് മത്ത 3:16, 17; മർ 1:11; ലൂക്ക 3:22 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തേത്, എ.ഡി. 32-ൽ യേശുവിന്റെ രൂപാന്തരവുമായി ബന്ധപ്പെട്ടായിരുന്നു. മത്ത 17:5; മർ 9:7; ലൂക്ക 9:35 എന്നിവിടങ്ങളിൽ അതെക്കുറിച്ച് കാണാം. മൂന്നാമത്തെ സംഭവം, എ.ഡി. 33-ൽ യേശുവിന്റെ അവസാനത്തെ പെസഹയ്ക്കു തൊട്ടുമുമ്പാണു നടന്നത്. ഇതെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളൂ. “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ” എന്നു യേശു അപേക്ഷിച്ചപ്പോൾ യഹോവ മറുപടി കൊടുക്കുന്ന സന്ദർഭമാണ് ഇത്.
ഈ ലോകത്തിന്റെ ഭരണാധികാരി: ഇതുപോലൊരു പദപ്രയോഗം യോഹ 14:30-ലും 16:11-ലും കാണാം. ഇവിടെയും ആ വാക്യങ്ങളിലും അതു പിശാചായ സാത്താനെയാണു കുറിക്കുന്നത്. ഇനി, ഈ വാക്യത്തിൽ ‘ലോകം’ (ഗ്രീക്കിൽ, കോസ്മൊസ്) എന്ന പദം കുറിക്കുന്നത്, ദൈവേഷ്ടവുമായി യോജിക്കാത്ത പെരുമാറ്റരീതികളുള്ള, ദൈവത്തിൽനിന്ന് അകന്ന മനുഷ്യസമൂഹത്തെയാണ്. ഈ നീതികെട്ട ലോകത്തിനു രൂപം കൊടുത്തതു ദൈവമല്ല; അതു “ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.” (1യോഹ 5:19) സാത്താനും ‘സ്വർഗീയസ്ഥലങ്ങളിലെ (അവന്റെ) ദുഷ്ടാത്മസേനകളും’ ആണ് ‘ഈ അന്ധകാരലോകത്തിന്റെ ചക്രവർത്തിമാർ.’ (കൊസ്മൊക്രാറ്റോർ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപത്തെയാണ് ഇവിടെ ‘ലോകത്തിന്റെ ചക്രവർത്തിമാർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.) അവർ ഈ ലോകത്തിന്റെ അദൃശ്യഭരണാധികാരികളാണ്.—എഫ 6:11, 12.
തള്ളിക്കളയാൻ: ഭാവിയിൽ സാത്താനെ ഈ ലോകത്തിന്റെ ഭരണാധികാരി എന്ന സ്ഥാനത്തുനിന്ന് തള്ളിക്കളയുന്ന സമയത്തെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു യേശുവിന്റെ ഈ വാക്കുകൾ.
എന്നെ ഭൂമിയിൽനിന്ന് ഉയർത്തുമ്പോൾ: യേശുവിനെ സ്തംഭത്തിലേറ്റി വധിക്കുന്നതിനെയായിരിക്കാം ഇതു കുറിക്കുന്നത്. തൊട്ടടുത്ത വാക്യം ഈ നിഗമനത്തെ പിന്താങ്ങുന്നു.
എല്ലാ തരം മനുഷ്യരും: ആളുകളുടെ ദേശമോ വംശമോ സാമ്പത്തികസ്ഥിതിയോ കണക്കിലെടുക്കാതെ സമൂഹത്തിലെ നാനാതുറകളിൽനിന്നുമുള്ള ആളുകളെ തന്നിലേക്ക് ആകർഷിക്കുമെന്നാണ് യേശു ഇവിടെ പ്രഖ്യാപിച്ചത്. (പ്രവൃ 10:34, 35; വെളി 7:9, 10; യോഹ 6:44-ന്റെ പഠനക്കുറിപ്പു കാണുക.) ദേവാലയത്തിൽ ആരാധനയ്ക്കെത്തിയ ‘ചില ഗ്രീക്കുകാർ’ ഈ സന്ദർഭത്തിൽ യേശുവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നതു ശ്രദ്ധേയമാണ്. (യോഹ 12:20-ന്റെ പഠനക്കുറിപ്പു കാണുക.) ഈ വാക്യത്തിലെ പാസ് [“എല്ലാവരും; എല്ലാ (ആളുകളും)”] എന്ന ഗ്രീക്കുപദം പല ബൈബിളുകളും പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒടുവിൽ എല്ലാ മനുഷ്യരും യേശുവിലേക്ക് ആകർഷിക്കപ്പെടും എന്ന രീതിയിലാണ്. എന്നാൽ ദൈവപ്രചോദിതമായ തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങളുമായി ഇതു യോജിക്കില്ല. (സങ്ക 145:20; മത്ത 7:13; ലൂക്ക 2:34; 2തെസ്സ 1:9) ഈ ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എല്ലാവരും” എന്നാണെങ്കിലും (റോമ 5:12) ആ പദത്തിന് “എല്ലാ തരം” എന്ന അർഥവും വരാമെന്നു മത്ത 5:11-ഉം പ്രവൃ 10:12-ഉം വ്യക്തമായി സൂചിപ്പിക്കുന്നു. പല ബൈബിളുകളും ഈ പദത്തെ “എല്ലാ തരം” എന്ന അർഥത്തിൽ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.—യോഹ 1:7; 1തിമ 2:4.
യഹോവേ: യശ 53:1-ൽനിന്നുള്ള ഈ ഉദ്ധരണിയുടെ മൂല എബ്രായപാഠത്തിൽ യഹോവ എന്ന പേര് ഒരു തവണയേ (“യഹോവ തന്റെ കൈ” എന്ന പദപ്രയോഗത്തിൽ മാത്രം.) കാണുന്നുള്ളൂ. എന്നാൽ യോഹന്നാൻ ഈ ഭാഗം ഉദ്ധരിച്ചത് യശയ്യപ്രവചനത്തിന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽനിന്നായിരിക്കാനാണു സാധ്യത. ഗ്രീക്കുഭാഷയിലുള്ള ആ തർജമയിൽ ഈ വാക്യത്തിന്റെ തുടക്കത്തിൽ കിരിയോസ് (കർത്താവ്) എന്ന പദത്തിന്റെ ഒരു അഭിസംബോധനാരൂപം കാണാം. (യശ 53:1 ഉദ്ധരിച്ചിരിക്കുന്ന റോമ 10:16-ഉം കാണുക.) പ്രവാചകന്റെ ചോദ്യങ്ങൾ ദൈവത്തോടാണെന്നു വായനക്കാർക്കു വ്യക്തമാകാൻവേണ്ടി സെപ്റ്റുവജിന്റിന്റെ പരിഭാഷകർ ആ വാക്യത്തിന്റെ തുടക്കത്തിൽ കിരിയോസ് എന്ന പദം കൂട്ടിച്ചേർത്തതായിരിക്കാനാണു സാധ്യത. സെപ്റ്റുവജിന്റിന്റെ പിൽക്കാലപ്രതികളിൽ കിരിയോസ് എന്ന പദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മൂല എബ്രായപാഠത്തിലെ ദൈവനാമത്തിനു (ചതുരക്ഷരിക്കു) പകരമായിട്ടാണ് (ഈ ഉദ്ധരണിയിൽ കിരിയോസ് എന്ന പദം രണ്ടാമതു വരുന്ന സന്ദർഭം അതിന് ഉദാഹരണമാണ്.). അതുകൊണ്ടാണ് ഈ വാക്യത്തിലും കിരിയോസ് എന്നു വരുന്നിടത്ത് ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളിലും, (അനു. സി-യിൽ J12-14, 16-18, 22, 23 എന്നു സൂചിപ്പിച്ചിരിക്കുന്നു.) യോഹ 12:38-ൽ കിരിയോസ് എന്ന പദം ആദ്യമായി വരുന്നിടത്ത് ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്.
യഹോവ തന്റെ കൈ: ഇത് യശ 53:1-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. (ഈ വാക്യത്തിലെ യഹോവേ എന്നതിന്റെ പഠനക്കുറിപ്പും അനു. എ5-ഉം സി-യും കാണുക.) ഈ വാക്യത്തിൽ കൈ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദവും അതിന്റെ തത്തുല്യമായ എബ്രായപദവും ബൈബിളിൽ മിക്കപ്പോഴും ഒരു ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ശക്തി പ്രയോഗിക്കാനുള്ള കഴിവിനെയാണ് അതു പ്രതീകപ്പെടുത്തുന്നത്. യേശു കാണിച്ച അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ആണ് യഹോവ തന്റെ “കൈ” വെളിപ്പെടുത്തിയത്, അഥവാ ശക്തി പ്രയോഗിക്കാനുള്ള തന്റെ കഴിവ് തെളിയിച്ചത്.
ക്രിസ്തുവിന്റെ മഹത്ത്വം കണ്ടതുകൊണ്ടാണ് യശയ്യ: യഹോവ സ്വർഗീയസദസ്സിലെ ഉന്നതമായ ഒരു സിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട ദർശനത്തിൽ യഹോവ യശയ്യയോട്, “ആരു ഞങ്ങൾക്കുവേണ്ടി പോകും” എന്നു ചോദിക്കുന്നതായി കാണാം. (യശ 6:1, 8-10) ഈ വാക്യത്തിലെ “ഞങ്ങൾ” എന്ന സർവനാമം ബഹുവചനത്തിലാണ് എന്ന വസ്തുത സൂചിപ്പിക്കുന്നത്, ദർശനത്തിൽ യഹോവയോടൊപ്പം കുറഞ്ഞതു മറ്റൊരാളുംകൂടെ ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ട് യശയ്യ ‘കണ്ട ക്രിസ്തുവിന്റെ മഹത്ത്വം,’ ക്രിസ്തു മനുഷ്യനായി ഭൂമിയിൽ വരുന്നതിനു മുമ്പ് യഹോവയോടൊപ്പം ആയിരുന്നപ്പോഴത്തെ മഹത്ത്വമായിരിക്കണം. (യോഹ 1:14) മറ്റു പല തിരുവെഴുത്തുകളും ഈ ആശയവുമായി യോജിക്കുന്നു. ഉദാഹരണത്തിന്, ഉൽ 1:26-ൽ, “നമുക്കു നമ്മുടെ ഛായയിൽ . . . മനുഷ്യനെ ഉണ്ടാക്കാം” എന്നു ദൈവം പറയുന്നതായി കാണാം.—സുഭ 8:30, 31; യോഹ 1:1-3; കൊലോ 1:15, 16 കൂടെ കാണുക.
പ്രമാണിമാർ: ഇവിടെ “പ്രമാണിമാർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനിലെ അംഗങ്ങളെയാകാം കുറിക്കുന്നത്. ആ കോടതിയിലെ ഒരു അംഗമായിരുന്ന നിക്കോദേമൊസിനെക്കുറിച്ച് പറയുന്ന യോഹ 3:1-ലും ഇതേ പദം കാണുന്നുണ്ട്.—യോഹ 3:1-ന്റെ പഠനക്കുറിപ്പു കാണുക.
സിനഗോഗിൽനിന്ന് പുറത്താക്കുമോ: യോഹ 9:22-ന്റെ പഠനക്കുറിപ്പു കാണുക.
വിധിക്കുക: അഥവാ “കുറ്റം വിധിക്കുക.”—യോഹ 3:17-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ബൈബിൾക്കാലങ്ങളിൽ ഇസ്രായേലിലും സമീപപ്രദേശങ്ങളിലും ഈന്തപ്പന (ഫീനിക്സ് ഡാക്റ്റിലിഫെറ) ധാരാളം ഉണ്ടായിരുന്നു. ഗലീലക്കടലിന്റെ തീരങ്ങളിലും ചൂടുള്ള യോർദാൻ താഴ്വരയുടെ താഴ്ന്ന പ്രദേശങ്ങളിലും ഇവ തഴച്ചുവളർന്നിരുന്നതായി പറയപ്പെടുന്നു. യരീഹൊയിലും സമീപപ്രദേശങ്ങളിലും ഇവ കൂടുതലായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ യരീഹൊ, ‘ഈന്തപ്പനകളുടെ നഗരം’ എന്നാണ് അറിയപ്പെട്ടിരുന്നത്. (ആവ 34:3; ന്യായ 1:16; 3:13; 2ദിന 28:15) ഒരു ഈന്തപ്പന 30 മീറ്റർവരെ (100 അടിവരെ) ഉയരത്തിൽ വളർന്നേക്കാം. ഈന്തപ്പനയോലയ്ക്ക് 3 മുതൽ 5 മീറ്റർവരെ (10 മുതൽ 16 അടിവരെ) നീളം വരും. കൂടാരോത്സവത്തിന്റെ സമയത്ത് ജൂതന്മാർ ഈന്തപ്പനയോലകൾ ശേഖരിച്ചിരുന്നു. (ലേവ 23:39-43; നെഹ 8:14, 15) യേശുവിനെ ‘ഇസ്രായേലിന്റെ രാജാവായി’ വാഴ്ത്തിയ ജനക്കൂട്ടത്തിന്റെ കൈയിൽ ഈന്തപ്പനയോലകൾ ഉണ്ടായിരുന്നതായി വിവരണം പറയുന്നു. അവർ യേശുവിന്റെ രാജസ്ഥാനത്തെ വാഴ്ത്തുന്നതിന്റെയും അതിനു കീഴ്പെടുന്നതിന്റെയും ഒരു പ്രതീകമായിരുന്നിരിക്കാം അത്. (യോഹ 12:12, 13) വെളി 7:9, 10-ൽ “മഹാപുരുഷാരത്തെക്കുറിച്ച്” പറയുമ്പോഴും അവരുടെ ‘കൈയിൽ ഈന്തപ്പനയുടെ ഓലയുള്ളതായി’ പറഞ്ഞിരിക്കുന്നു. രക്ഷ ദൈവത്തിൽനിന്നും കുഞ്ഞാടിൽനിന്നും വരുന്നെന്ന് അവർ അംഗീകരിക്കുന്നതിന്റെ തെളിവായിരുന്നു അത്.
കുതിരയുടെ കുടുംബത്തിൽപ്പെട്ട മൃഗമാണു കഴുത. നല്ല കട്ടിയുള്ള കുളമ്പുകളാണ് അതിന്റേത്. കുതിരയിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വലുപ്പക്കുറവും ചെറിയ കുഞ്ചിരോമവും നീണ്ട ചെവികളും താരതമ്യേന നീളം കുറഞ്ഞ വാൽരോമവും ആണ്. വാലിന്റെ താഴത്തെ പകുതിയിൽ മാത്രമേ അൽപ്പമെങ്കിലും നീണ്ട രോമങ്ങൾ കാണുന്നുള്ളൂ. കഴുതയെ ബുദ്ധിയില്ലായ്മയുടെയും മർക്കടമുഷ്ടിയുടെയും ഒരു പര്യായമായി പറയാറുണ്ടെങ്കിലും അതിനു കുതിരയെക്കാൾ ബുദ്ധിയുണ്ടെന്നു പറയപ്പെടുന്നു. ഇവ പൊതുവേ ശാന്തസ്വഭാവികളുമാണ്. സ്ത്രീകളും പുരുഷന്മാരും ഇസ്രായേല്യരിൽപ്പെട്ട പ്രമുഖർപോലും കഴുതപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീദിന്റെ മകനായ ശലോമോൻ അഭിഷേകത്തിന് എത്തിയത് പിതാവിന്റെ കോവർകഴുതപ്പുറത്ത് (ആൺകഴുതയ്ക്കു പെൺകുതിരയിൽ ഉണ്ടാകുന്ന സങ്കരസന്താനം) ആയിരുന്നു. (1രാജ 1:33-40) അതുകൊണ്ടുതന്നെ ശലോമോനെക്കാൾ വലിയവനായ യേശു സെഖ 9:9-ലെ പ്രവചനത്തിന്റെ നിവൃത്തിയായി, കുതിരപ്പുറത്ത് വരാതെ കഴുതക്കുട്ടിയുടെ പുറത്ത് വന്നത് എന്തുകൊണ്ടും ഉചിതമായിരുന്നു.