റോമിലുള്ളവർക്ക് എഴുതിയ കത്ത് 7:1-25
7 സഹോദരങ്ങളേ, (നിയമം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്.) ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നിടത്തോളം കാലമേ നിയമത്തിന് അയാളുടെ മേൽ അധികാരമുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലേ?
2 ഉദാഹരണത്തിന്, വിവാഹിതയായ ഒരു സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ നിയമം മൂലം അയാളോടു ബന്ധിക്കപ്പെട്ടിരിക്കുന്നല്ലോ. എന്നാൽ ഭർത്താവ് മരിച്ചാൽ ആ സ്ത്രീ ഭർത്താവിന്റെ നിയമത്തിൽനിന്ന് സ്വതന്ത്രയാണ്.+
3 ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ആ സ്ത്രീ മറ്റൊരു പുരുഷന്റേതായാൽ വ്യഭിചാരിണി എന്നു വരും.+ എന്നാൽ ഭർത്താവ് മരിച്ചാൽ ആ സ്ത്രീ ഭർത്താവിന്റെ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നതുകൊണ്ട് മറ്റൊരു പുരുഷന്റേതായാൽ വ്യഭിചാരിണിയാകില്ല.+
4 അങ്ങനെതന്നെ സഹോദരങ്ങളേ, നിങ്ങളും ക്രിസ്തുവിന്റെ ശരീരംവഴി നിയമം സംബന്ധിച്ച് മരിച്ചവരായി. ഇതു നിങ്ങൾ മറ്റൊരാളുടേത്,+ അതായത് മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവന്റേത്,+ ആകാനും അങ്ങനെ നമ്മൾ ദൈവത്തിനുവേണ്ടി ഫലം കായ്ക്കുന്നവരാകാനും+ വേണ്ടി സംഭവിച്ചതാണ്.
5 നമ്മൾ ജഡപ്രകാരം* ജീവിച്ചപ്പോൾ നിയമം ഉണർത്തിവിട്ട പാപവികാരങ്ങൾ, മരണത്തിലേക്കു നയിക്കുന്ന ഫലം കായ്ക്കുന്ന+ വിധത്തിൽ നമ്മുടെ ശരീരങ്ങളിൽ* പ്രവർത്തിച്ചുപോന്നു.
6 ഇപ്പോഴോ, നമ്മളെ ബന്ധനത്തിലാക്കിയിരുന്ന നിയമം സംബന്ധിച്ച് നമ്മൾ മരിച്ചതുകൊണ്ട് നമ്മൾ നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.+ എഴുതപ്പെട്ട നിയമസംഹിതയാൽ പഴയ വിധത്തിലല്ല,+ ദൈവാത്മാവിനാൽ പുതിയൊരു വിധത്തിൽ അടിമകളായിരിക്കാൻവേണ്ടിയാണ്+ ഇതു സംഭവിച്ചത്.
7 അതുകൊണ്ട് നമ്മൾ എന്താണു പറയേണ്ടത്? നിയമം പാപമാണെന്നാണോ? ഒരിക്കലുമല്ല! നിയമത്താലല്ലാതെ ഞാൻ പാപത്തെ അറിയുമായിരുന്നില്ല.+ ഉദാഹരണത്തിന്, “മോഹിക്കരുത്”*+ എന്നു നിയമം പറഞ്ഞില്ലായിരുന്നെങ്കിൽ മോഹം എന്താണെന്നുപോലും ഞാൻ അറിയില്ലായിരുന്നു.
8 നിയമത്തിൽ ഈ കല്പനയുള്ളതുകൊണ്ട് എന്നിൽ എല്ലാ തരം തെറ്റായ മോഹവും* ജനിപ്പിക്കാൻ പാപം ഒരു വഴി കണ്ടെത്തി. കാരണം നിയമമില്ലാത്തപ്പോൾ പാപം നിർജീവമാണ്.+
9 ഒരു കാലത്ത് നിയമം കൂടാതെ ഞാൻ ജീവിച്ചു. എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിച്ചു. ഞാനോ മരിച്ചു.+
10 ജീവനിലേക്കു നയിക്കേണ്ടിയിരുന്ന കല്പന+ മരണത്തിലേക്കാണു നയിച്ചതെന്നു ഞാൻ കണ്ടു.
11 കാരണം കല്പനയുള്ളതുകൊണ്ട് എന്നെ വശീകരിക്കാൻ പാപം ഒരു വഴി കണ്ടെത്തി. ആ കല്പനയാൽത്തന്നെ എന്നെ കൊല്ലുകയും ചെയ്തു.
12 നിയമം അതിൽത്തന്നെ വിശുദ്ധമാണ്. കല്പന വിശുദ്ധവും നീതിയുക്തവും നല്ലതും ആണ്.+
13 അങ്ങനെയെങ്കിൽ, ആ നല്ലത്* എന്റെ മരണത്തിനു കാരണമായെന്നോ? ഒരിക്കലുമില്ല! എന്നാൽ പാപം മരണത്തിനു കാരണമായി. ആ നല്ലതിലൂടെ പാപം എനിക്കു മരണം വരുത്തിയതു പാപം എന്താണെന്നു കാണിച്ചുതരാൻവേണ്ടിയാണ്.+ അങ്ങനെ, പാപം എത്ര ഹീനമാണെന്നു കല്പനയിലൂടെ വെളിപ്പെടുന്നു.+
14 നിയമം ആത്മീയമായ ഒന്നാണെന്നു നമുക്ക് അറിയാമല്ലോ. എന്നാൽ ഞാൻ ജഡികനാണ്, പാപത്തിന് അടിമയായി വിൽക്കപ്പെട്ടവൻ.+
15 കാരണം ഞാൻ ചെയ്യുന്നത് എന്താണെന്ന് എനിക്കുതന്നെ അറിയില്ല. ആഗ്രഹിക്കുന്ന കാര്യങ്ങളല്ല, വെറുക്കുന്ന കാര്യങ്ങളാണു ഞാൻ ചെയ്യുന്നത്.
16 എന്നാൽ, ആഗ്രഹിക്കാത്ത കാര്യങ്ങളാണു ഞാൻ ചെയ്യുന്നതെങ്കിൽ അതിന്റെ അർഥം നിയമം നല്ലതാണെന്നു ഞാൻ സമ്മതിക്കുന്നു എന്നാണ്.
17 അപ്പോൾ അതു ചെയ്യുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്.+
18 എന്നിൽ, അതായത് എന്റെ ശരീരത്തിൽ, ഒരു നന്മയും വസിക്കുന്നില്ലെന്നു ഞാൻ അറിയുന്നു. നന്മ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും എനിക്ക് അതിനു കഴിയുന്നില്ല.+
19 ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണു ഞാൻ ചെയ്യുന്നത്.
20 ആഗ്രഹിക്കാത്തതാണു ഞാൻ ചെയ്യുന്നതെങ്കിൽ അതു ചെയ്യുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്.
21 അതുകൊണ്ട്, എന്റെ കാര്യമെടുത്താൽ ഞാൻ കാണുന്ന നിയമം ഇതാണ്: ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്.+
22 എന്റെ ഉള്ളിലെ മനുഷ്യൻ+ ദൈവത്തിന്റെ നിയമത്തിൽ ശരിക്കും സന്തോഷിക്കുന്നു.
23 എങ്കിലും എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന മറ്റൊരു നിയമം എന്റെ ശരീരത്തിൽ* ഞാൻ കാണുന്നു.+ അത് എന്നെ എന്റെ ശരീരത്തിലുള്ള* പാപത്തിന്റെ നിയമത്തിന് അടിമയാക്കുന്നു.+
24 എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്! ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്?
25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി! ഇങ്ങനെ, മനസ്സുകൊണ്ട് ഞാൻ ദൈവത്തിന്റെ നിയമത്തിന് അടിമയാണ്, ശരീരംകൊണ്ട് പാപത്തിന്റെ നിയമത്തിനും.+
അടിക്കുറിപ്പുകള്
^ അക്ഷ. “അവയവങ്ങളിൽ.”
^ അതായത്, അർഹമല്ലാത്തതിനുവേണ്ടിയുള്ള അതിമോഹം.
^ അതായത്, അർഹമല്ലാത്തതിനുവേണ്ടിയുള്ള അതിമോഹം.
^ ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തെ കുറിക്കുന്നു.
^ അക്ഷ. “അവയവങ്ങളിൽ.”
^ അക്ഷ. “അവയവങ്ങളിലുള്ള.”