ലൂക്കോസ് എഴുതിയത് 1:1-80
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ലൂക്കോസ്: ഈ പേരിന്റെ ഗ്രീക്കുരൂപം ലൂകാസ് എന്നാണ്. ഈ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്തകവും എഴുതിയതു ലൂക്കോസ് ആണ്. അദ്ദേഹം ഒരു വൈദ്യനും അപ്പോസ്തലനായ പൗലോസിന്റെ വിശ്വസ്തകൂട്ടാളിയും ആയിരുന്നു. (കൊലോ 4:14; “ലൂക്കോസ്—ആമുഖം” എന്നതും കാണുക.) ലൂക്കോസിന്റെ ഗ്രീക്കുപേരും രചനാശൈലിയുടെ പ്രത്യേകതയും കാരണം അദ്ദേഹം ഒരു ജൂതനല്ലെന്നു ചിലർ വാദിച്ചിട്ടുണ്ട്. മാത്രമല്ല, കൊലോ 4:10-14 വാക്യങ്ങളിൽ പൗലോസ് ‘പരിച്ഛേദനയേറ്റവരെക്കുറിച്ച്’ അഥവാ ജൂതന്മാരെക്കുറിച്ച് പറയുന്നിടത്ത് ലൂക്കോസിന്റെ കാര്യം പറയാതെ പിന്നീടാണ് അദ്ദേഹത്തിന്റെ കാര്യം പറയുന്നത്. എന്നാൽ ലൂക്കോസ് ഒരു ജൂതനല്ലെന്ന നിഗമനവുമായി റോമ 3:1, 2 യോജിക്കുന്നില്ല. കാരണം, അവിടെ പറയുന്നതനുസരിച്ച് “ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകൾ . . . ഏൽപ്പിച്ചത്” ജൂതന്മാരെയാണ്. ഇതിൽ ലൂക്കോസും ഉൾപ്പെടുന്നു. അതുകൊണ്ട് ലൂക്കോസ് ഗ്രീക്ക് സംസാരിച്ചിരുന്ന, ഗ്രീക്കുപേരുള്ള ഒരു ജൂതനായിരുന്നു എന്ന് അനുമാനിക്കാം.
ലൂക്കോസ് എഴുതിയത്: തെളിവനുസരിച്ച് മൂലകൃതികളിൽ “ലൂക്കോസ് എഴുതിയ സുവിശേഷം” എന്നതുപോലുള്ള തലക്കെട്ടുകൾ ഉണ്ടായിരുന്നില്ല. സുവിശേഷങ്ങൾ എഴുതിയവർ ആരും അവരാണ് അത് എഴുതിയതെന്ന് അതിൽ വെളിപ്പെടുത്തിയിട്ടുമില്ല. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ചില കൈയെഴുത്തുപ്രതികളിൽ “ലൂക്കോസ് എഴുതിയ സുവിശേഷം (അഥവാ “സന്തോഷവാർത്ത”)” (യുഅംഗേലിഓൻ കറ്റാ ലൂകാൻ) എന്ന തലക്കെട്ടും മറ്റു ചിലതിൽ “ലൂക്കോസ് എഴുതിയത്” (കറ്റാ ലൂകാൻ) എന്ന ചെറിയ തലക്കെട്ടും കാണുന്നുണ്ട്. അത്തരം തലക്കെട്ടുകൾ എപ്പോഴാണു കൂട്ടിച്ചേർത്തതെന്നോ ഉപയോഗിച്ചുതുടങ്ങിയതെന്നോ വ്യക്തമല്ല. അവ ഉപയോഗിച്ചുതുടങ്ങിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ് എന്നാണു ചിലരുടെ അഭിപ്രായം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതിയതെന്നു കരുതപ്പെടുന്ന ചില സുവിശേഷകൈയെഴുത്തുപ്രതികളിൽ നീളം കൂടിയ തലക്കെട്ടു കാണുന്നുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിലെ ആദ്യത്തെ നാലു പുസ്തകങ്ങളെ “സുവിശേഷം” (അക്ഷ. “സന്തോഷവാർത്ത”) എന്നു വിളിക്കാനുള്ള കാരണം മർക്കോസിന്റെ പുസ്തകത്തിലെ പ്രാരംഭവാക്കുകളായിരിക്കാം (“ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു.”) എന്നു ചില പണ്ഡിതന്മാർ പറയുന്നു. എഴുത്തുകാരുടെ പേരുകളോടുകൂടിയ അത്തരം തലക്കെട്ടുകൾ പുസ്തകങ്ങളെ വ്യക്തമായി വേർതിരിച്ചറിയാൻ സഹായിക്കുമെന്നു കണ്ടിട്ടായിരിക്കാം അവ ഉപയോഗിച്ചുതുടങ്ങിയത്.
ബഹുമാനപ്പെട്ട: “ബഹുമാനപ്പെട്ട” എന്നതിന്റെ ഗ്രീക്കുപദം (ക്രാറ്റിസ്റ്റൊസ്) ഉന്നതാധികാരികളെ ഔദ്യോഗികമായി അഭിസംബോധന ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു പദമാണ്. (പ്രവൃ 23:26; 24:2; 26:25) ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് തെയോഫിലൊസ് ഒരു ഉന്നതാധികാരിയായിരുന്നെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്. എന്നാൽ ഈ ഗ്രീക്കുപദം സൗഹൃദമോ മര്യാദയോ ആഴമായ ആദരവോ സൂചിപ്പിക്കുന്ന ഒരു അഭിസംബോധന മാത്രമാണെന്നാണു ചിലരുടെ പക്ഷം. സാധ്യതയനുസരിച്ച് തെയോഫിലൊസ് അപ്പോൾത്തന്നെ ഒരു ക്രിസ്ത്യാനിയായിരുന്നു. കാരണം യേശുക്രിസ്തുവിനെക്കുറിച്ചും യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചും നേരത്തേതന്നെ അദ്ദേഹത്തെ ‘വാമൊഴിയായി പഠിപ്പിച്ചിരുന്നെന്നു’ നമ്മൾ കാണുന്നു. (ലൂക്ക 1:4) അത്തരത്തിൽ കേട്ടുപഠിച്ച കാര്യങ്ങൾ സത്യമാണെന്ന് ഒന്നുകൂടി ബോധ്യപ്പെടാൻ ലൂക്കോസിന്റെ ലിഖിതരേഖ അദ്ദേഹത്തെ സഹായിച്ചിരിക്കണം. എന്നാൽ തെയോഫിലൊസ് അപ്പോൾത്തന്നെ ഒരു ക്രിസ്ത്യാനിയായിരുന്നു എന്നതിനോടു ചിലർ യോജിക്കുന്നില്ല. തെയോഫിലൊസ് ആ സമയത്ത് ക്രിസ്തുവിന്റെ ഉപദേശങ്ങളിൽ താത്പര്യം കാണിച്ചിരുന്നെങ്കിലും ഒരു ക്രിസ്ത്യാനിയായതു പിന്നീടാണെന്ന് അവരിൽ ചിലർ കരുതുന്നു. ഇനി, ഇവിടെ തെയോഫിലൊസ് (“ദൈവം സ്നേഹിക്കുന്നയാൾ; ദൈവത്തിന്റെ സുഹൃത്ത്” എന്ന് അർഥം.) എന്നത് ഒരു വ്യക്തിയുടെ പേരല്ലെന്നും അതു ക്രിസ്ത്യാനികളെ മൊത്തത്തിൽ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച ഒരു പദം മാത്രമാണെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ തെയോഫിലൊസിനെ അഭിസംബോധന ചെയ്യുമ്പോൾ, “ബഹുമാനപ്പെട്ട” എന്ന പദപ്രയോഗം ലൂക്കോസ് ഉപയോഗിക്കുന്നില്ല.—പ്രവൃ 1:1.
പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്: ഇതേ ഗ്രീക്കുപദപ്രയോഗത്തെ, “തികച്ചും വിശ്വസനീയമായി കണക്കാക്കപ്പെടുന്നതുമാണ്” എന്നും പരിഭാഷപ്പെടുത്താം. ഈ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന വിവരണങ്ങളിലെ വസ്തുതകളെല്ലാം നന്നായി പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നാണ് അതു സൂചിപ്പിക്കുന്നത്. ഇനി, നമ്മുടെ ഇടയിൽ എന്നു പറഞ്ഞിരിക്കുന്നതോ? ക്രിസ്തുവിനെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമെന്നു തെളിഞ്ഞെന്നും ഒരു സംശയവും കൂടാതെ അതെല്ലാം അംഗീകരിക്കാമെന്നും ഉള്ള പൂർണബോധ്യം അന്നത്തെ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. ഇക്കാരണത്താൽത്തന്നെ ചില പരിഭാഷകർ ഈ ഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നത് “നമ്മളെല്ലാവരും പൂർണമായി വിശ്വസിക്കുന്നതുമാണ്” എന്നാണ്. മറ്റു ചില ബൈബിൾഭാഗങ്ങളിൽ ഇതേ ഗ്രീക്കുപദത്തിന്റെ രൂപങ്ങളെ ‘പൂർണബോധ്യം’ എന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.—റോമ 4:21; 14:5; കൊലോ 4:12.
സന്ദേശം പ്രസിദ്ധമാക്കിയവർ: അഥവാ “വചനത്തിന്റെ ദാസന്മാർ.” ഗ്രീക്കുതിരുവെഴുത്തുകളുടെ രണ്ട് എബ്രായപരിഭാഷകളിൽ (അനു. സി-യിൽ J18, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം (ചതുരക്ഷരി) കാണാം. “യഹോവയുടെ വചനത്തിന്റെ ദാസന്മാർ” എന്നാണ് അവിടെ വായിക്കുന്നത്.
പരിശോധിച്ചു: അഥവാ “ശ്രദ്ധയോടെ അന്വേഷണം നടത്തി.” തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളൊന്നും ലൂക്കോസ് നേരിട്ട് കണ്ടിട്ടില്ല. അങ്ങനെയെങ്കിൽ ആ വിവരണം തയ്യാറാക്കാനുള്ള വിവരങ്ങൾ അദ്ദേഹത്തിന് എവിടെനിന്നാണു കിട്ടിയത്? തീർച്ചയായും പരിശുദ്ധാത്മാവിന്റെ സഹായം ഒരു ഘടകമായിരുന്നു. അതിനു പുറമേ പിൻവരുന്ന ഉറവിടങ്ങളിൽനിന്നും അദ്ദേഹത്തിനു വിവരങ്ങൾ ലഭിച്ചിരിക്കാം: (1) യേശുവിന്റെ വംശാവലി തയ്യാറാക്കാൻ ഉപകരിച്ച ലിഖിതരേഖകൾ. (ലൂക്ക 3:23-38) (2) മത്തായി ദൈവപ്രചോദിതനായി എഴുതിയ വിവരണം. (3) അനേകം ദൃക്സാക്ഷികളുമായി നടത്തിയ അഭിമുഖങ്ങൾ (ലൂക്ക 1:2). യേശുവിന്റെ ശിഷ്യന്മാരിൽ അപ്പോഴും ജീവിച്ചിരുന്നവരിൽനിന്നും സാധ്യതയനുസരിച്ച് യേശുവിന്റെ അമ്മയായ മറിയയിൽനിന്നും ലൂക്കോസ് ഇത്തരത്തിൽ വിവരങ്ങൾ ശേഖരിച്ചിരിക്കാം. ലൂക്കോസിന്റെ സുവിശേഷത്തിലെ ഏതാണ്ട് 60 ശതമാനം വിവരങ്ങളും മറ്റു സുവിശേഷങ്ങളിൽ കാണാത്തവയാണ്.—“ലൂക്കോസ്—ആമുഖം” കാണുക.
ചിട്ടയോടെ: അഥവാ “യുക്തിസഹമായ ക്രമത്തിൽ.” “ചിട്ടയോടെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കതേക്സസ് എന്ന ഗ്രീക്കുപദത്തിന് ഒരു പ്രത്യേകക്രമത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ കുറിക്കാനാകും. അത് ഒരുപക്ഷേ സംഭവങ്ങൾ നടന്ന ക്രമത്തിലോ വിഷയത്തിന്റെയോ യുക്തിയുടെയോ അടിസ്ഥാനത്തിലോ ആകാം. എന്നുവെച്ച് സംഭവങ്ങൾ അതു നടന്ന അതേ ക്രമത്തിൽത്തന്നെ എപ്പോഴും അവതരിപ്പിക്കണമെന്നു നിർബന്ധമില്ല. ലൂക്കോസ് എപ്പോഴും, സംഭവങ്ങൾ അതു നടന്ന അതേ ക്രമത്തിലല്ല രേഖപ്പെടുത്തിയതെന്നു ലൂക്ക 3:18-21 പരിശോധിച്ചാൽ വ്യക്തമാകും. അതുകൊണ്ടുതന്നെ യേശുവിന്റെ ജീവിതത്തോടും ശുശ്രൂഷയോടും ബന്ധപ്പെട്ട സംഭവങ്ങളുടെ ക്രമം മനസ്സിലാക്കാൻ നാലു സുവിശേഷവിവരണങ്ങളും പരിശോധിക്കേണ്ടിവരും. ലൂക്കോസ് പൊതുവേ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത് അവ നടന്ന ക്രമത്തിൽത്തന്നെയാണെങ്കിലും ചില പ്രത്യേകഘടകങ്ങൾ കണക്കിലെടുത്ത് അദ്ദേഹം ചിലപ്പോഴൊക്കെ ആ ക്രമത്തിനു മാറ്റം വരുത്തിയിട്ടുണ്ടെന്നു വേണം കരുതാൻ.
ഹെരോദ്: ഇതു ‘മഹാനായ ഹെരോദ്’ ആണ്.—പദാവലി കാണുക.
അബീയ: “യഹോവ എന്റെ പിതാവ്” എന്ന് അർഥമുള്ള എബ്രായപേരിൽനിന്ന് വന്നത്.
അബീയയുടെ . . . ഗണത്തിൽ: അഹരോന്റെ വംശത്തിൽപ്പെട്ട ഒരു പുരോഹിതനായിരുന്നു അബീയ. ദാവീദ് രാജാവിന്റെ കാലത്ത് ഇസ്രായേലിലെ പിതൃഭവനങ്ങളിൽ ഒന്നിന്റെ തലവനായി അബീയയെ അംഗീകരിച്ചിരുന്നു. ദാവീദ് പുരോഹിതന്മാരെ 24 ഗണങ്ങളായി വിഭാഗിച്ചു. ആ ഓരോ ഗണവും ആറു മാസം കൂടുമ്പോൾ ഒരാഴ്ച യരുശലേമിലെ വിശുദ്ധമന്ദിരത്തിൽ സേവിക്കുമായിരുന്നു. അതിൽ എട്ടാമത്തെ ഗണത്തിനു നേതൃത്വമെടുക്കേണ്ടതു നറുക്കനുസരിച്ച് അബീയയുടെ പിതൃഭവനമായിരുന്നു. (1ദിന 24:3-10) ‘അബീയയുടെ ഗണത്തിൽപ്പെട്ട’ ആളാണെന്നു കരുതി സെഖര്യ അബീയയുടെ പിൻതലമുറക്കാരനാകണമെന്നില്ല. സെഖര്യ ഏതു പുരോഹിതഗണത്തിന്റെ ഭാഗമായിരുന്നു എന്നു മാത്രമാണ് ഇതു സൂചിപ്പിക്കുന്നത്.—ലൂക്ക 1:9-ന്റെ പഠനക്കുറിപ്പു കാണുക.
സെഖര്യ: “യഹോവ ഓർത്തിരിക്കുന്നു” എന്ന് അർഥമുള്ള എബ്രായപേരിൽനിന്ന് വന്നത്. ചില ബൈബിൾഭാഷാന്തരങ്ങളിൽ ഈ പേരിന്റെ ഗ്രീക്കുരൂപത്തോടു സാമ്യമുള്ള “സഖറിയാസ്” എന്ന പദമാണു കാണുന്നത്.
എലിസബത്ത്: എലൈസബത്ത് എന്ന ഗ്രീക്കുപേര് വന്നിരിക്കുന്നത്, “സമൃദ്ധമായുള്ളവൻ എന്റെ ദൈവം; സമൃദ്ധിയുടെ ദൈവം” എന്നൊക്കെ അർഥമുള്ള എ്ലീഷെവ (എലീശേബ) എന്ന എബ്രായപേരിൽനിന്നാണ്. അഹരോന്റെ കുലത്തിൽപ്പെട്ടവൾ ആയിരുന്നു എലിസബത്ത്. അതിന്റെ അർഥം, യോഹന്നാന്റെ അപ്പനും അമ്മയും പുരോഹിതവംശത്തിൽപ്പെട്ടവരായിരുന്നു എന്നാണ്.
യഹോവ: ഈ പരിഭാഷയിൽ, ദൈവത്തിന്റെ പേര് ലൂക്കോസിന്റെ സുവിശേഷത്തിൽ ആദ്യമായി കാണുന്നത് ഇവിടെയാണ്. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. കിരിയോസ് എന്ന പദം ഇവിടെ ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും നേരിട്ടോ അല്ലാതെയോ പരാമർശിക്കുന്നുണ്ട്. എബ്രായതിരുവെഴുത്തുകളിൽ ആ ഭാഗങ്ങളിൽ ദൈവനാമം കാണാം എന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഈ വാക്യത്തിൽ കാണുന്ന കല്പനകളും വ്യവസ്ഥകളും എന്ന പദപ്രയോഗവും നിയമപദങ്ങൾ ചേർന്ന സമാനമായ പദപ്രയോഗങ്ങളും എബ്രായതിരുവെഴുത്തുകളിൽ സാധാരണയായി കാണപ്പെടുന്നതു ദൈവനാമം ഉപയോഗിച്ചിരിക്കുന്നിടത്തോ യഹോവ നേരിട്ട് സംസാരിക്കുന്നിടത്തോ ആണ്. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമപദങ്ങളുടെയും ഗ്രീക്കുവാക്കുകൾ സെപ്റ്റുവജിന്റിൽ ആവ 27:10-ലും കാണാം. ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ ആദ്യകാല പപ്പൈറസ് ശകലങ്ങളിൽ ഒന്നിൽ (ഫൗവാദ് പപ്പൈറസ് Inv. 266) ഈ വാക്യഭാഗത്ത്, ദൈവനാമം ചതുരാകൃതിയിലുള്ള എബ്രായ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്. ഈ ശകലം ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു. എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതു പൊതുവേ യഹോവയുടെ നിലവാരങ്ങളുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് കിരിയോസ് എന്ന പദം ലൂക്ക 1:6-ൽ ഉപയോഗിച്ചിരിക്കുന്നതു ദൈവനാമത്തിനു പകരമായാണെന്നു മനസ്സിലാക്കാം. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
യഹോവ: ലൂക്ക 1:6-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം കാണപ്പെടുന്ന അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ നേരിട്ടോ അല്ലാതെയോ പലവട്ടം പരാമർശിക്കുന്നുണ്ട്. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഈ വാക്യത്തിൽ കാണുന്ന ‘യഹോവയുടെ വിശുദ്ധമന്ദിരം (ആലയം)’ എന്നതിനോടു സമാനതയുള്ള പദപ്രയോഗങ്ങൾ എബ്രായതിരുവെഴുത്തുകളിൽ വരുന്നിടത്ത് മിക്കപ്പോഴും ദൈവനാമം നാല് എബ്രായാക്ഷരങ്ങളിൽ കൊടുത്തിരിക്കുന്നതു കാണാം. (സംഖ 19:20; 2രാജ 18:16; 23:4; 24:13; 2ദിന 26:16; 27:2; യിര 24:1; യഹ 8:16; ഹഗ്ഗ 2:15) എബ്രായതിരുവെഴുത്തുകളിൽ കാണുന്ന ഈ പദപ്രയോഗരീതി കണക്കിലെടുക്കുമ്പോൾ, കിരിയോസ് എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ദൈവനാമത്തിനു പകരമായാണെന്നു മനസ്സിലാക്കാം. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
വിശുദ്ധമന്ദിരം: നയോസ് എന്ന ഗ്രീക്കുപദം ഇവിടെ ദേവാലയത്തിന്റെ കേന്ദ്രഭാഗത്തുള്ള കെട്ടിടത്തെ കുറിക്കുന്നു. ‘സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള’ ഊഴം വന്ന സെഖര്യ അത് അർപ്പിക്കാൻ വിശുദ്ധമന്ദിരത്തിന്റെ ആദ്യത്തെ മുറിയായ വിശുദ്ധത്തിൽ പ്രവേശിക്കണമായിരുന്നു. കാരണം അവിടെയായിരുന്നു സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം.—മത്ത 27:5; 27:51 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. ബി11-ഉം കാണുക.
സുഗന്ധക്കൂട്ട് അർപ്പിക്കാൻ സെഖര്യക്കു നറുക്കു വീണു: സ്വർണയാഗപീഠത്തിൽ ആദ്യമായി സുഗന്ധക്കൂട്ട് അർപ്പിച്ചതു മഹാപുരോഹിതനായ അഹരോനായിരുന്നു. (പുറ 30:7) എന്നാൽ സുഗന്ധക്കൂട്ടിന്റെയും വിശുദ്ധകൂടാരത്തിലെ മറ്റു വസ്തുക്കളുടെയും ചുമതല അഹരോന്റെ പുത്രനായ എലെയാസരിനായിരുന്നു. (സംഖ 4:16) സെഖര്യ ഒരു മഹാപുരോഹിതനല്ലായിരുന്നിട്ടും സുഗന്ധക്കൂട്ട് അർപ്പിക്കുന്നതായി ഇവിടെ പറഞ്ഞിരിക്കുന്നു. പാപപരിഹാരദിവസം ഒഴികെയുള്ള ദിവസങ്ങളിൽ മഹാപുരോഹിതനല്ലാത്ത പുരോഹിതന്മാരും ഈ ശുശ്രൂഷ ചെയ്തിരുന്നതായി ഇതിൽനിന്ന് അനുമാനിക്കാം. ദിവസവും ദേവാലയത്തിൽ ചെയ്തിരുന്ന സേവനങ്ങളിൽ ഏറ്റവും ആദരണീയമായി കണ്ടിരുന്നതു സുഗന്ധക്കൂട്ട് അർപ്പിക്കുന്നതാണെന്നു കരുതപ്പെടുന്നു. ബലി അർപ്പിച്ചശേഷമായിരുന്നു സാധാരണയായി ഇതു ചെയ്തിരുന്നത്. ആ സമയത്ത് വിശുദ്ധമന്ദിരത്തിനു പുറത്ത് ആളുകൾ പ്രാർഥനയ്ക്കായി കൂടിവന്നിട്ടുണ്ടാകും. റബ്ബിമാരുടെ പാരമ്പര്യരേഖകൾ പറയുന്നതനുസരിച്ച്, സുഗന്ധക്കൂട്ട് അർപ്പിക്കേണ്ട പുരോഹിതനെ നറുക്കിട്ടാണു തീരുമാനിച്ചിരുന്നതെങ്കിലും അവിടെ സന്നിഹിതരായിരുന്ന മറ്റെല്ലാ പുരോഹിതന്മാർക്കും ഒരവസരമെങ്കിലും കിട്ടിയശേഷം മാത്രമേ അദ്ദേഹത്തിനു രണ്ടാമത് അവസരം കിട്ടുമായിരുന്നുള്ളൂ. ഇതു സത്യമാണെങ്കിൽ, സാധ്യതയനുസരിച്ച് ഒരു പുരോഹിതനു ജീവിതകാലത്ത് ഒരിക്കൽ മാത്രം കിട്ടുന്ന പദവിയായിരുന്നു ഇത്.
യഹോവയുടെ ദൂതൻ: എബ്രായതിരുവെഴുത്തുകളിൽ പല തവണ ഉപയോഗിച്ചിട്ടുള്ള ഈ പ്രയോഗം ഉൽപ 16:7-ലാണ് ആദ്യമായി കാണുന്നത്. സെപ്റ്റുവജിന്റിന്റെ ആദ്യകാല പ്രതികളിൽ ഈ പ്രയോഗം വരുന്നിടത്ത് ആൻഗലൊസ് (ദൈവദൂതൻ; സന്ദേശവാഹകൻ) എന്ന ഗ്രീക്കുവാക്കിനോടൊപ്പം എബ്രായാക്ഷരങ്ങളിൽ ദൈവനാമവും കാണാം. ഉദാഹരണത്തിന്, ഇസ്രായേലിലെ യഹൂദ്യ മരുഭൂമിയിലുള്ള നഹൽ ഹെവറിലെ ഒരു ഗുഹയിൽനിന്ന് കണ്ടെടുത്ത സെപ്റ്റുവജിന്റിന്റെ ഒരു പ്രതിയിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതെന്നു കരുതപ്പെടുന്ന ഒരു ശകലം.) സെഖ 3:5, 6 വാക്യങ്ങളിൽ ഈ പ്രയോഗം കാണപ്പെടുന്നത് അങ്ങനെയാണ്. ഇനി, ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ പിൽക്കാലപ്രതികളിൽ ദൈവനാമത്തിനു പകരം കിരിയോസ് എന്ന പദം ഉപയോഗിച്ച ഈ വാക്യത്തിലും മറ്റ് അനേകം വാക്യങ്ങളിലും, വ്യാകരണനിയമമനുസരിച്ച് ഈ പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന നിശ്ചായക ഉപപദം (definite article) കാണുന്നില്ല. ഈ ഭാഗങ്ങളിൽ ദൈവനാമത്തിനു പകരമായിട്ടാണു കിരിയോസ് എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതും സൂചിപ്പിക്കുന്നു. ഈ വാക്യത്തിലെ “യഹോവയുടെ ദൂതൻ” എന്ന പ്രയോഗത്തിൽ കാണുന്ന ദൈവനാമം പല ബൈബിൾപരിഭാഷകളും വിട്ടുകളഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.—അനു. സി കാണുക.
യോഹന്നാൻ: മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ മുമ്പാകെ: ലൂക്ക 1:6-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം കാണപ്പെടുന്ന അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ നേരിട്ടോ അല്ലാതെയോ പലവട്ടം പരാമർശിക്കുന്നുണ്ട്. ഇപ്പോൾ ലഭ്യമായ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, കിരിയോസ് എന്ന പദം ഇവിടെ ദൈവത്തെയാണു കുറിക്കുന്നതെന്നു വാക്യസന്ദർഭം സൂചിപ്പിക്കുന്നു. ഇനി, ഇവിടെ കാണുന്ന ഇനോപിയോൻ കിരിയോ [അക്ഷ. “കർത്താവിന്റെ മുമ്പാകെ (ദൃഷ്ടിയിൽ)”] എന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ എബ്രായവേരുകളും ഇവിടെ ദൈവനാമം ഉപയോഗിക്കുന്നതിനെ പിന്താങ്ങുന്നു. കാരണം സെപ്റ്റുവജിന്റിന്റെ ഇപ്പോഴുള്ള പ്രതികളിൽ ഈ പദപ്രയോഗം കാണുന്നിടത്തെല്ലാം (100-ലധികം സ്ഥലങ്ങളിൽ) മൂല എബ്രായപാഠത്തിൽ ദൈവനാമം (ചതുരക്ഷരി) ഉണ്ട്. (ന്യായ 11:11; 1ശമു 10:19; 2ശമു 5:3; 6:5) ചുരുക്കത്തിൽ, ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോഴും, കിരിയോസ് എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ദൈവനാമത്തിനു പകരമായാണെന്നു മനസ്സിലാക്കാം. ഇനി, ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
പരിശുദ്ധാത്മാവ്: അഥവാ “ചലനാത്മകമായ പരിശുദ്ധശക്തി.”—പദാവലിയിൽ “ആത്മാവ്”; “പരിശുദ്ധാത്മാവ്”എന്നിവ കാണുക.
യഹോവ: ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഇവിടെ കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ആ സ്ഥാനത്ത് ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, സെഖര്യയോടുള്ള ദൂതന്റെ വാക്കുകളിൽ (13-17 വാക്യങ്ങൾ) എബ്രായതിരുവെഴുത്തുകളിലെ ഭാഷാശൈലി വളരെ പ്രകടമാണ്. അതിന് ഉദാഹരണമാണ്, ഈ വാക്യത്തിൽ കാണുന്ന അവരുടെ ദൈവമായ യഹോവ എന്ന പദപ്രയോഗം. ഈ പദപ്രയോഗം കാണുന്നിടത്ത് ഗ്രീക്കിൽ കിരിയോസ് (കർത്താവ്), തെയോസ് (ദൈവം) എന്നീ പദങ്ങളും വ്യക്തികളെ കുറിക്കുന്ന ഒരു സർവനാമവും (അവർ) ഒന്നിച്ച് ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഈ മൂന്നു പദങ്ങളും ഇത്തരത്തിൽ ഒന്നിച്ച് ഉപയോഗിക്കുന്നത് പൊതുവേ എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിലെ ഒരു ശൈലിയാണ്. (ലൂക്ക 4:8, 12; 10:27 എന്നീ വാക്യങ്ങളിൽ കാണുന്ന “നിന്റെ ദൈവമായ യഹോവ” എന്ന പദപ്രയോഗം താരതമ്യം ചെയ്യുക.) എബ്രായതിരുവെഴുത്തുകളിലാകട്ടെ, “അവരുടെ ദൈവമായ യഹോവ” എന്ന പദപ്രയോഗം 30-ലധികം തവണ കാണുന്നുണ്ടെങ്കിലും “അവരുടെ ദൈവമായ കർത്താവ്” എന്ന പദപ്രയോഗം ഒരിക്കൽപ്പോലും കാണുന്നില്ല. ഇനി, ഈ വാക്യത്തിൽ കാണുന്ന ഇസ്രായേൽമക്കൾ എന്ന പദപ്രയോഗവും എബ്രായതിരുവെഴുത്തുകളിൽ പല പ്രാവശ്യം കാണുന്ന ഒരു എബ്രായശൈലിയിൽനിന്ന് വന്നതാണ്. (ഉൽ 32:32) രണ്ടാമതായി, ഈ വാക്യത്തിൽ കാണുന്ന “യഹോവയിലേക്കു തിരികെ കൊണ്ടുവരും” എന്ന പദപ്രയോഗത്തെക്കുറിച്ച് ചിന്തിക്കുക. അതിന്റെ ഗ്രീക്കുപദപ്രയോഗത്തോടു സമാനമായ ഒരു പദപ്രയോഗം 2ദിന 19:4-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽ കാണാം. ആ വാക്യത്തിന്റെ മൂല എബ്രായപാഠത്തിലും “യഹോവയിലേക്കു മടക്കിവരുത്താൻ” എന്നാണു കാണുന്നത്.—അനു. സി കാണുക.
ഏലിയ: “എന്റെ ദൈവം യഹോവയാണ്” എന്ന് അർഥമുള്ള ഒരു എബ്രായപേരിൽനിന്ന് വന്നത്.
അപ്പന്മാരുടെ ഹൃദയങ്ങളെ കുട്ടികളുടേതുപോലെയാക്കും: മല 4:6-ലെ പ്രവചനത്തിൽനിന്നാണ് ഈ ഭാഗം ഉദ്ധരിച്ചിരിക്കുന്നത്. യോഹന്നാന്റെ സന്ദേശം കേട്ട് പശ്ചാത്തപിക്കുന്ന അപ്പന്മാരുടെ കഠിനഹൃദയം അനുസരണമുള്ള കുട്ടികളുടേതുപോലെ താഴ്മയുള്ളതാകുമെന്നും അവർ മറ്റുള്ളവരിൽനിന്ന് പഠിക്കാൻ മനസ്സ് കാണിക്കുമെന്നും ആണ് ആ വാക്കുകൾ സൂചിപ്പിച്ചത്. ചിലർ ദൈവത്തിന്റെ മക്കളും ആകുമായിരുന്നു. ഇനി, കുട്ടികളുടെ ഹൃദയം അപ്പന്മാരുടേതുപോലെയാക്കും എന്നും മലാഖി പറഞ്ഞതോ? പശ്ചാത്തപിക്കുന്നവർ അവരുടെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരെപ്പോലെ വിശ്വസ്തരായിത്തീരും എന്നായിരുന്നു അതിന്റെ അർഥം.
യഹോവ: സെഖര്യയോടു സംസാരിച്ച ദൈവദൂതന്റെ വാക്കുകൾ (13-17 വാക്യങ്ങൾ) മല 3:1; 4:5, 6; യശ 40:3 എന്നീ തിരുവെഴുത്തുഭാഗങ്ങളിലേക്കാണു വിരൽ ചൂണ്ടുന്നത്. ആ വാക്യങ്ങളിൽ ദൈവനാമം കാണാം. (ലൂക്ക 1:15, 16 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ വാക്യത്തിൽ കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും എബ്രായതിരുവെഴുത്തുകളിലെ ആ വാക്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഇനി ഈ വാക്യത്തിലെ, ഒരു ജനത്തെ ഒരുക്കും എന്നതിന്റെ ഗ്രീക്കുപദപ്രയോഗത്തോടു സാമ്യമുള്ള ഒരു പദപ്രയോഗം 2ശമു 7:24-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽ കാണാം. അതിന്റെ എബ്രായപാഠത്തിൽ കാണുന്നതാകട്ടെ, “അങ്ങയുടെ . . . ജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങു തിരഞ്ഞെടുത്തിരിക്കുന്നു . . . യഹോവേ” എന്നാണ്.—അനു. സി കാണുക.
ഗബ്രിയേൽ: “ദൈവത്തിന്റെ ശക്തന്മാരിൽ ഒരാൾ” എന്ന് അർഥമുള്ള ഒരു എബ്രായപേരിൽനിന്ന് വന്നത്. (ദാനി 8:15, 16) മീഖായേലിനു പുറമേ ബൈബിളിൽ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഒരേ ഒരു ദൈവദൂതനാണു ഗബ്രിയേൽ. മനുഷ്യശരീരം സ്വീകരിച്ച ദൂതന്മാരിൽ ഗബ്രിയേൽ മാത്രമാണു സ്വന്തം പേര് വെളിപ്പെടുത്തിയിട്ടുള്ളത്.
ഈ സന്തോഷവാർത്ത അറിയിക്കാൻ: ഇവിടെ കാണുന്ന യുഅംഗേലിസൊമായ് എന്ന ഗ്രീക്കുക്രിയയുമായി ബന്ധമുള്ള യുഅംഗേലിഓൻ എന്ന നാമപദത്തിന്റെ അർഥം “സന്തോഷവാർത്ത” എന്നാണ്. ഗബ്രിയേൽ ദൂതൻ ഇവിടെ ഒരു സുവിശേഷകനായി പ്രവർത്തിക്കുകയായിരുന്നു.—മത്ത 4:23; 24:14; 26:13 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വിശുദ്ധസേവനം: അഥവാ “പൊതുജനസേവനം.” ഇവിടെ കാണുന്ന ലെയറ്റുർഗീയ എന്ന ഗ്രീക്കുപദവും അതിനോടു ബന്ധമുള്ള ലെയറ്റുർഗീയോ (പൊതുജനസേവനം ചെയ്യുക), ലെയറ്റുർഗൊസ് (പൊതുജനസേവകൻ, പൊതുപ്രവർത്തകൻ) എന്നീ പദങ്ങളും പുരാതന ഗ്രീക്കുകാരും റോമാക്കാരും ഉപയോഗിച്ചിരുന്നത്, ഗവൺമെൻറിനോ ഗവൺമെൻറ് അധികാരികൾക്കോ വേണ്ടി പൊതുജനതാത്പര്യാർഥം ചെയ്യുന്ന സേവനങ്ങളെയോ ജോലികളെയോ കുറിക്കാനാണ്. ഉദാഹരണത്തിന്, റോമ 13:6-ൽ ലൗകികാധികാരികളെ, ദൈവത്തിനുവേണ്ടി ‘പൊതുജനസേവനം ചെയ്യുന്നവർ’ (ലെയറ്റുർഗൊസ് എന്നതിന്റെ ബഹുവചനരൂപം) എന്നു വിളിച്ചിരിക്കുന്നത് അവർ ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനങ്ങൾ ചെയ്യുന്നു എന്ന അർഥത്തിലാണ്. എന്നാൽ ലൂക്കോസ് ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നതു സെപ്റ്റുവജിന്റിൽ അത് ഉപയോഗിച്ചിരിക്കുന്ന അതേ അർഥത്തിലാണ്. അവിടെയാകട്ടെ ഈ പദപ്രയോഗത്തിന്റെ ക്രിയാരൂപവും നാമരൂപവും മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു പുരോഹിതന്മാരുടെയും ലേവ്യരുടെയും ആലയസേവനത്തെ കുറിക്കാനാണ്. (പുറ 28:35; സംഖ 8:22) ആലയസേവനം ഒരർഥത്തിൽ ആളുകളുടെ പ്രയോജനത്തിനായി ചെയ്തിരുന്ന പൊതുജനസേവനമായിരുന്നെങ്കിലും അതു വിശുദ്ധമായ സേവനവും ആയിരുന്നു. കാരണം ലേവ്യപുരോഹിതന്മാർ പഠിപ്പിച്ചിരുന്നതു ദൈവത്തിന്റെ നിയമമാണ്; അവർ അർപ്പിച്ചിരുന്ന ബലികളാകട്ടെ ആളുകളുടെ പാപങ്ങളെ മറയ്ക്കുകയും ചെയ്തു.—2ദിന 15:3; മല 2:7.
യഹോവ എനിക്കുവേണ്ടി ഇതു ചെയ്തല്ലോ: ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. എലിസബത്ത് ദൈവത്തോടു നന്ദി പറയുന്ന ഈ ഭാഗം വായിക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്നത് ഉൽ 21:1-ലെ സാറയുടെ അനുഭവമായിരിക്കാം; അതു വിവരിക്കുന്നിടത്ത് ദൈവനാമം കാണുന്നുണ്ട്. എബ്രായതിരുവെഴുത്തുകളിൽ, മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്ന മിക്കയിടങ്ങളിലും “എനിക്കുവേണ്ടി ചെയ്ത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായക്രിയയോടൊപ്പം ദൈവത്തിന്റെ പേര് ഉപയോഗിച്ചിട്ടുണ്ട്. (പുറ 13:8; ആവ 4:34; 1ശമു 12:7; 25:30) ഇനി, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) ഇവിടെ കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. (ദൈവനാമം ഉപയോഗിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങൾക്ക് അനു. സി കാണുക; മർ 5:19-ന്റെ പഠനക്കുറിപ്പും കാണുക.) കുട്ടികളില്ലാത്തതിന്റെ പേരിലുള്ള അപമാനം മാറിയതിനെക്കുറിച്ച് എലിസബത്ത് പറഞ്ഞ വാക്കുകൾ, ഉൽ 30:23-ലെ റാഹേലിന്റെ വാക്കുകളാണു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നത്.
എലിസബത്തിന്റെ ആറാം മാസത്തിൽ: അക്ഷ. “ആറാം മാസത്തിൽ.” അതായത്, എലിസബത്ത് ആറു മാസം ഗർഭിണിയായിരുന്നപ്പോൾ. 24, 25 വാക്യങ്ങൾ ഇതു വ്യക്തമാക്കുന്നു.
വിവാഹം നിശ്ചയിച്ചിരുന്ന: മത്ത 1:18-ന്റെ പഠനക്കുറിപ്പു കാണുക.
മറിയ: “മിര്യാം” എന്ന എബ്രായപേരിന്റെ തത്തുല്യമായ രൂപം. ഗ്രീക്കുതിരുവെഴുത്തുകളിൽ ആറു മറിയമാരെക്കുറിച്ച് പറയുന്നുണ്ട്: (1) യേശുവിന്റെ അമ്മ മറിയ, (2) മഗ്ദലക്കാരി മറിയ (മത്ത 27:56; ലൂക്ക 8:2; 24:10), (3) യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയ (മത്ത 27:56; ലൂക്ക 24:10), (4) മാർത്തയുടെയും ലാസറിന്റെയും സഹോദരി മറിയ (ലൂക്ക 10:39; യോഹ 11:1), (5) യോഹന്നാൻ മർക്കോസിന്റെ അമ്മ മറിയ (പ്രവൃ 12:12), (6) റോമിലുണ്ടായിരുന്ന മറിയ (റോമ 16:6). മറിയ എന്നതു യേശുവിന്റെ നാളിൽ സ്ത്രീകളുടെ സർവസാധാരണമായ ഒരു പേരായിരുന്നു.
യഹോവ നിന്റെകൂടെയുണ്ട്: ദൈവനാമം അടങ്ങിയ ഈ പദപ്രയോഗവും സമാനമായ പദപ്രയോഗങ്ങളും എബ്രായതിരുവെഴുത്തുകളിൽ ധാരാളമായി കാണുന്നുണ്ട്. (രൂത്ത് 2:4; 2ശമു 7:3; 2ദിന 15:2; യിര 1:19) മറിയയോടു ദൈവദൂതൻ പറഞ്ഞ ഈ വാക്കുകൾക്ക്, ഗിദെയോനെ അഭിസംബോധന ചെയ്ത ദൈവദൂതന്റെ വാക്കുകളോടു സമാനതയുണ്ട്. ന്യായ 6:12-ൽ ആ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് “വീരനായ യോദ്ധാവേ, യഹോവ നിന്റെകൂടെയുണ്ട്” എന്നാണ്. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ, ഈ വാക്യത്തിലെ “യഹോവ നിന്റെകൂടെയുണ്ട്” എന്ന ഭാഗത്ത് കിരിയോസ് (കർത്താവ്) എന്നാണു കാണുന്നതെങ്കിലും ഇതേ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ കിരിയോസ് എന്ന പദം ഇവിടെ ദൈവനാമത്തിനു പകരമായാണ് ഉപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾപരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
ദൈവമായ യഹോവ: ലൂക്ക 1:6-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ, എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം കാണപ്പെടുന്ന അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ നേരിട്ടോ അല്ലാതെയോ പലവട്ടം പരാമർശിക്കുന്നുണ്ട്. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ വാക്യഭാഗത്ത് കിരിയോസ് ഹോ തെയോസ് (അക്ഷ. “കർത്താവ് എന്ന ദൈവം”) എന്ന പദപ്രയോഗമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ദാവീദിന്റെ സിംഹാസനത്തെക്കുറിച്ചുള്ള ദൈവദൂതന്റെ വാക്കുകൾ, 2ശമു 7:12, 13, 16-ൽ യഹോവ നാഥാൻ പ്രവാചകനിലൂടെ ദാവീദിനു നൽകിയ വാഗ്ദാനമാണു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നത്. ആ വാക്യങ്ങളോടു ചേർന്നുള്ള തിരുവെഴുത്തുഭാഗങ്ങളിൽ ദൈവനാമം അനേകം പ്രാവശ്യം കാണാം എന്നതു ശ്രദ്ധേയമാണ്. (2ശമു 7:4-16) ഇവിടെ “ദൈവമായ യഹോവ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദപ്രയോഗവും സമാനമായ പദപ്രയോഗങ്ങളും ഗ്രീക്കുതിരുവെഴുത്തുകളിൽ പ്രധാനമായും കാണുന്നത് എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിലോ എബ്രായഭാഷാശൈലിയുടെ സ്വാധീനമുള്ള തിരുവെഴുത്തുഭാഗങ്ങളിലോ ആണ്. (ലൂക്ക 1:16-ന്റെ പഠനക്കുറിപ്പു കാണുക.) എബ്രായതിരുവെഴുത്തുകളിൽ പൊതുവേ കാണുന്നത് “ദൈവമായ യഹോവ” എന്ന പദപ്രയോഗമാണ്, അല്ലാതെ “ദൈവമായ കർത്താവ്” എന്നല്ല. “ദൈവമായ യഹോവ” എന്ന ഈ പദപ്രയോഗമാകട്ടെ എബ്രായതിരുവെഴുത്തുകളിൽ 800-ലധികം തവണ കാണുന്നുണ്ട്. എന്നാൽ സെപ്റ്റുവജിന്റിന്റെ പിൽക്കാലപ്രതികളിൽ “ദൈവമായ യഹോവ” എന്നതിന്റെ എബ്രായപദപ്രയോഗം പരിഭാഷപ്പെടുത്തിയിരിക്കുന്നതു കിരിയോസ് ഹോ തെയോസ് (“കർത്താവ് എന്ന ദൈവം”) എന്നാണ്. പക്ഷേ ഉൽപത്തിയുടെ സെപ്റ്റുവജിന്റ് പരിഭാഷയുടെ (പപ്പൈറസ് ഓക്സിറിങ്കസ് vii. 1007) ഒരു ഭാഗം അടങ്ങിയ ചർമപത്രത്തിൽ (ബി.സി. 3-ാം നൂറ്റാണ്ടിലേത്.) ഉൽ 2:8, 18-ലെ “ദൈവമായ യഹോവ” എന്ന പദപ്രയോഗത്തിലെ ദൈവനാമം പരിഭാഷപ്പെടുത്തിയിരിക്കുന്നതു കിരിയോസ് എന്ന പദം ഉപയോഗിച്ചല്ല, പകരം ദൈവനാമത്തിന്റെ (ചതുരക്ഷരിയുടെ) ഹ്രസ്വരൂപം ഉപയോഗിച്ചാണ്. അതിനായി അവിടെ യോദ് എന്ന എബ്രായ അക്ഷരം ഇരട്ടിപ്പിച്ച് () എഴുതിയിരിക്കുന്നു. ഇനി, സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാലശകലത്തിൽ (ഫൗവാദ് പപ്പൈറസ് Inv. 266) ആവ 18:5, 7 വാക്യങ്ങളിൽ “ദൈവമായ യഹോവ” എന്നു വരുന്നിടത്ത് ദൈവനാമം ഗ്രീക്കുപദങ്ങൾക്കിടയിൽ ചതുരാകൃതിയിലുള്ള എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഈ ശകലം ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണെന്നു കരുതപ്പെടുന്നു. ചുരുക്കത്തിൽ, ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കിലെടുത്താണ് ഈ വാക്യത്തിൽ ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്.—അനു. സി കാണുക.
നിന്റെ ബന്ധു: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ രൂപം (സിജെനിസ്) ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരു പ്രാവശ്യമേ കാണുന്നുള്ളൂ. മറ്റു വാക്യങ്ങളിൽ ഇതേ പദം അല്പം വ്യത്യാസത്തോടെയാണു (സിജെനെസ്) കാണുന്നത്. (ലൂക്ക 1:58; 21:16; പ്രവൃ 10:24; റോമ 9:3) രണ്ടു പദത്തിന്റെയും അർഥം “ബന്ധു” എന്നുതന്നെയാണ്. ഒരേ കുടുംബത്തിലോ വംശത്തിലോ പെട്ട അകന്ന ബന്ധുക്കളെയും ഇതിനു കുറിക്കാനാകും. മറിയയും എലിസബത്തും ബന്ധുക്കളായിരുന്നെങ്കിലും അവർ തമ്മിലുള്ള ബന്ധം എന്താണെന്നു തിരുവെഴുത്തുകൾ കൃത്യമായി പറയുന്നില്ല. സെഖര്യയും എലിസബത്തും ലേവിഗോത്രത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ യോസേഫും മറിയയും യഹൂദാഗോത്രക്കാരായിരുന്നു. അതുകൊണ്ടുതന്നെ മറിയയും എലിസബത്തും അടുത്ത ബന്ധുക്കളായിരുന്നിരിക്കാൻ സാധ്യതയില്ല.
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല: മറ്റൊരു സാധ്യത “താൻ പ്രഖ്യാപിച്ച കാര്യം നടപ്പാക്കുകയെന്നതു ദൈവത്തിന് അസാധ്യമല്ല; ദൈവത്തിന്റെ വാക്കുകളൊന്നും ഒരിക്കലും പരാജയപ്പെടില്ല.” ഇവിടെ “കാര്യം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന റീമ എന്ന ഗ്രീക്കുപദത്തിന് “ഒരു കാര്യം; എന്തിനെക്കുറിച്ച് പറഞ്ഞോ അത്” എന്നൊക്കെ അർഥം വരാം. അത് ഒരു സംഭവമോ പ്രവൃത്തിയോ പറഞ്ഞ കാര്യത്തിന്റെ നിവൃത്തിയോ ആകാം. ഇനി അതേ പദത്തിന് “ഒരു വാക്ക്, ഒരു ചൊല്ല്, ഒരു പ്രഖ്യാപനം” എന്നൊക്കെയും അർഥം വരാം. ഈ തിരുവെഴുത്തുഭാഗം പല രീതിയിൽ പരിഭാഷപ്പെടുത്താമെങ്കിലും എല്ലാത്തിന്റെയും ആശയം ഒന്നുതന്നെയാണ്: ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല, അഥവാ ദൈവത്തിനു തന്റെ വാഗ്ദാനം നിറവേറ്റുന്നത് അസാധ്യമല്ല. ഇതിനോടു സമാനമായ പദങ്ങൾ ഉൽ 18:14-ന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിലും കാണാം. നന്നേ പ്രായം ചെന്നെങ്കിലും സാറ യിസ്ഹാക്കിനു ജന്മം നൽകും എന്ന് യഹോവ അബ്രാഹാമിന് ഉറപ്പു കൊടുക്കുന്ന ഭാഗമാണ് അത്.
ഇതാ, യഹോവയുടെ ദാസി!: മറിയയുടെ ഈ വാക്കുകൾക്ക്, എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന മറ്റു ദൈവദാസരുടെ വാക്കുകളുമായി സമാനതയുണ്ട്. 1ശമു 1:11-ലെ ഹന്നയുടെ വാക്കുകൾ അതിന് ഉദാഹരണമാണ്. അവിടെ, “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട്. . .” എന്ന് ഹന്ന പ്രാർഥിക്കുന്നതായി കാണാം. 1ശമു 1:11-ൽ “ദാസി” എന്നതിനു സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്കുപദമാണു ലൂക്കോസിന്റെ വിവരണത്തിലും കാണുന്നത്. ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ, ലൂക്ക 1:38-ൽ കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും വാക്യത്തിന്റെ സന്ദർഭവും (കിരിയോസ് ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമാക്കുന്നു.) എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും കണക്കിലെടുത്താണ് ഇവിടെ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന, ഗ്രീക്ക് നിശ്ചായക ഉപപദം (definite article) ഇവിടെ കാണുന്നില്ല എന്നും പണ്ഡിതന്മാർ പറയുന്നു. അതിന്റെ അർഥം, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ഈ വാക്യത്തിൽ ദൈവനാമത്തിനു പകരമായാണു കിരിയോസ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതും സൂചിപ്പിക്കുന്നു.—അനു. സി കാണുക.
മലനാട്ടിലുള്ള ഒരു നഗരത്തിലേക്കു . . . പോയി: യഹൂദ്യമലനാട്ടിൽ സെഖര്യയും എലിസബത്തും താമസിച്ചിരുന്ന ആ നഗരം കൃത്യമായി എവിടെയാണെന്നു നമുക്ക് അറിയില്ല. നസറെത്തിലെ മറിയയുടെ വീട്ടിൽനിന്ന് 100 കിലോമീറ്ററോ അതിലധികമോ ദൂരെയുള്ള ആ സ്ഥലത്തെത്താൻ മൂന്നോ നാലോ ദിവസം എടുത്തുകാണും.
യഹോവ പറഞ്ഞ: മറിയയോടു ദൂതൻ പറഞ്ഞ കാര്യങ്ങൾ യഹോവയിൽനിന്നുള്ള വാക്കുകളായിരുന്നു. ഈ വാക്യത്തിന്റെ ഗ്രീക്കുപാഠത്തിൽ കാണുന്ന പാരാ കിരിയോ എന്ന പദപ്രയോഗം സെപ്റ്റുവജിന്റിന്റെ ഇപ്പോഴുള്ള പ്രതികളിൽ പലയിടങ്ങളിലും കാണാം. അതിന്റെ എബ്രായപാഠത്തിൽ ആ ഭാഗങ്ങളിലെല്ലാം ദൈവനാമമുണ്ട് എന്നതു ശ്രദ്ധേയമാണ്. (ഉൽ 24:50; ന്യായ 14:4; 1ശമു 1:20; യശ 21:10; യിര 11:1; 18:1; 21:1) ലൂക്കോസ് 1-ാം അധ്യായത്തിൽ കിരിയോസ് (കർത്താവ്) എന്ന പദം കാണുന്ന മറ്റു ഭാഗങ്ങൾപോലെതന്നെ ഇവിടെയും, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) കാണുന്നില്ല എന്നും പണ്ഡിതന്മാർ പറയുന്നു. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ഇനി, ഈ ഗ്രീക്കുപദപ്രയോഗത്തിനു തത്തുല്യമായൊരു പദപ്രയോഗം ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാലശകലത്തിൽ (ഫൗവാദ് പപ്പൈറസ് Inv. 266) ആവ 18:16 എന്ന തിരുവെഴുത്തുഭാഗത്ത് കാണാം. അവിടെ ദൈവനാമം ഗ്രീക്കുപദങ്ങൾക്കിടയിൽ ചതുരാകൃതിയിലുള്ള എബ്രായാക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയിട്ടുണ്ട്. ഈ ശകലം ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണെന്നു കണക്കാക്കപ്പെടുന്നു. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോഴുള്ള കൈയെഴുത്തുപ്രതികളിൽ ഇവിടെ കിരിയോസ് എന്ന പദമാണു കാണുന്നതെങ്കിലും വാക്യസന്ദർഭവും ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും കണക്കിലെടുത്താണ് ഈ വാക്യത്തിൽ ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്.
അപ്പോൾ മറിയ പറഞ്ഞു: 46-55 വാക്യങ്ങളിൽ മറിയ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറയുന്ന വാക്കുകൾ പരിശോധിച്ചാൽ, എബ്രായതിരുവെഴുത്തുകൾ 20-ലധികം തവണ നേരിട്ടോ അല്ലാതെയോ പരാമർശിക്കുന്നതായി കാണാം. മറിയയുടെ വാക്കുകളിൽ പലതിനും ശമുവേലിന്റെ അമ്മയായ ഹന്നയുടെ പ്രാർഥനയുമായി സാമ്യമുണ്ട്. ഒരു കുഞ്ഞിനു ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് മറിയയെപ്പോലെതന്നെ യഹോവയിൽനിന്ന് അനുഗ്രഹം ലഭിച്ചവളായിരുന്നു ഹന്നയും. (1ശമു 2:1-10) മറിയ നേരിട്ടോ അല്ലാതെയോ പരാമർശിച്ച മറ്റു ചില തിരുവെഴുത്തുഭാഗങ്ങൾ ഇവയാണ്: സങ്ക 35:9; ഹബ 3:18; യശ 61:10 (47-ാം വാക്യം); ഉൽ 30:13; മല 3:12 (48-ാം വാക്യം); ആവ 10:21; സങ്ക 111:9 (49-ാം വാക്യം); ഇയ്യ 12:19 (52-ാം വാക്യം); സങ്ക 107:9 (53-ാം വാക്യം); യശ 41:8, 9; സങ്ക 98:3 (54-ാം വാക്യം); മീഖ 7:20; യശ 41:8; 2ശമു 22:51(55-ാം വാക്യം). മറിയയുടെ ആത്മീയതയും തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവും വെളിപ്പെടുത്തുന്ന ആ വാക്കുകളിൽ വിലമതിപ്പും നിറഞ്ഞുനിന്നിരുന്നു. ഇനി, യഹോവ ധാർഷ്ട്യമുള്ളവരെയും ശക്തരെയും താഴ്ത്തുന്നവനാണെന്നും തന്നെ സേവിക്കാൻ ആഗ്രഹിക്കുന്ന സാധുക്കളെയും പാവപ്പെട്ടവരെയും സഹായിക്കുന്നവനാണെന്നും വർണിച്ചതു മറിയയുടെ വിശ്വാസത്തിന്റെ ആഴമാണു വെളിപ്പെടുത്തുന്നത്.
എന്റെ ദേഹി: കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ മുഴുവ്യക്തിയെയും കുറിക്കുന്നു. ഇവിടെ, “എന്റെ ദേഹി” എന്ന പദപ്രയോഗത്തെ “ഞാൻ” എന്നും പരിഭാഷപ്പെടുത്താം.—പദാവലിയിൽ “ദേഹി” കാണുക.
എന്റെ ദേഹി യഹോവയെ വാഴ്ത്തുന്നു: അഥവാ, “എന്റെ ദേഹി യഹോവയുടെ മഹത്ത്വത്തെ വാഴ്ത്തുന്നു (പ്രസിദ്ധമാക്കുന്നു).” മറിയയുടെ ഈ വാക്കുകൾ എബ്രായതിരുവെഴുത്തുകളിലെ സങ്ക 34:3; 69:30 എന്നതുപോലുള്ള വാക്യങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. അതേ വാക്യത്തിലോ തൊട്ടുചേർന്നുള്ള വാക്യത്തിലോ (സങ്ക 69:31) ദൈവനാമം ഉപയോഗിച്ചിട്ടുള്ള ബൈബിൾഭാഗങ്ങളാണ് ഇവ. ലൂക്ക 1:46-ലെ “വാഴ്ത്തുന്നു” എന്നതിന്റെ അതേ ഗ്രീക്കുപദമാണ് (മെഗാലിനോ) സങ്കീർത്തനങ്ങളിലെ ആ വാക്യങ്ങളുടെ സെപ്റ്റുവജിന്റ് പരിഭാഷയിലും ഉപയോഗിച്ചിരിക്കുന്നത്. സിമാക്കസിന്റെ ഗ്രീക്കുപരിഭാഷ അടങ്ങിയ തുകൽച്ചുരുളിന്റെ ഒരു ശകലത്തിൽ (പപ്പൈറസ് വിൻഡോബോനെൻസിസ് ഗ്രീക്ക് 39777, എ.ഡി. മൂന്നാം നൂറ്റാണ്ടിലെയോ നാലാം നൂറ്റാണ്ടിലെയോ.) സങ്ക 69-ന്റെ (സെപ്റ്റുവജിന്റിൽ 68) ഒരു ഭാഗം കാണാം. ഈ ശകലത്തിലെ സങ്ക 69:13, 30, 31 വാക്യങ്ങളിൽ ദൈവനാമം കിരിയോസ് എന്നു പരിഭാഷപ്പെടുത്തിയിട്ടില്ല, പകരം ദൈവനാമത്തിലെ നാല് അക്ഷരങ്ങൾ പുരാതന എബ്രായലിപിയിൽ ( അല്ലെങ്കിൽ ) കൊടുക്കുകയാണു ചെയ്തിട്ടുള്ളത്. ഈ തെളിവും എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലവും കണക്കിലെടുത്താണു ലൂക്ക 1:46-ൽ ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്.—ഈ വാക്യത്തിലെ അപ്പോൾ മറിയ പറഞ്ഞു എന്നതിന്റെ പഠനക്കുറിപ്പും ലൂക്ക 1:6, 25, 38 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
യഹോവ: എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം കാണപ്പെടുന്ന അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ നേരിട്ടോ അല്ലാതെയോ പലവട്ടം പരാമർശിക്കുന്നുണ്ട്. (ലൂക്ക 1:6, 9, 11, 15, 16, 17, 25, 28, 32, 38, 45, 46 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഈ വാക്യത്തിലെ യഹോവ എലിസബത്തിനോടു മഹാകരുണ കാണിച്ചിരിക്കുന്നു എന്ന പദപ്രയോഗത്തിനും എബ്രായതിരുവെഴുത്തുകളിലെ ചില വാക്യങ്ങളുമായി സമാനത കാണാം. ഉൽ 19:18-20-ൽ ലോത്ത് യഹോവയോട്, “യഹോവേ, . . . അങ്ങ് എന്നോടു മഹാദയയും കാണിച്ചിരിക്കുന്നു” എന്നു പറയുന്ന ഭാഗം അതിന് ഉദാഹരണമാണ്. ഇപ്പോഴുള്ള ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ ലൂക്ക 1:58-ൽ കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും വാക്യത്തിന്റെ സന്ദർഭവും (കിരിയോസ് ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമാക്കുന്നു.) എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും കണക്കിലെടുത്താണ് ഇവിടെ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്.—അനു. സി കാണുക.
യഹോവയുടെ കൈ: “കൈ” എന്നതിന്റെ എബ്രായപദവും ദൈവനാമവും (ചതുരക്ഷരി) ഒരുമിച്ച് ഉപയോഗിക്കുന്ന ഈ രീതി എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത് 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; 40:2; യഹ 1:3) ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോഴുള്ള കൈയെഴുത്തുപ്രതികളിൽ ഈ വാക്യത്തിൽ കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഈ വാക്യത്തിൽ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. ഇനി വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന, ഗ്രീക്ക് നിശ്ചായക ഉപപദം (definite article) ലൂക്ക 1:66-ൽ കാണുന്നില്ല എന്നു പണ്ഡിതന്മാർ പറയുന്നു. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്. കാരണം സെപ്റ്റുവജിന്റ് പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ് എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം എപ്പോഴും അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ് ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിലും അതു കാണുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദം ഇവിടെ ദൈവനാമത്തിനു പകരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. “യഹോവയുടെ കൈ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗം പ്രവൃ 11:21; 13:11 എന്നീ വാക്യങ്ങളിലും കാണാം.—ലൂക്ക 1:6, 9; പ്രവൃ 11:21; 13:11 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
കൈ: ഈ പദം പലപ്പോഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. ഒരാൾ കൈകൊണ്ട് ശക്തി പ്രയോഗിച്ചേക്കാവുന്നതുകൊണ്ട് “കൈ” എന്ന പദത്തിനു “പ്രയോഗിച്ച ശക്തി” എന്നും അർഥം വരാം.
യഹോവ വാഴ്ത്തപ്പെടട്ടെ: എബ്രായതിരുവെഴുത്തുകളിൽ സർവസാധാരണമായ ഒരു പദപ്രയോഗമാണ് ഇത്. അത്തരം സ്ഥലങ്ങളിലെല്ലാംതന്നെ ഈ പദപ്രയോഗത്തിൽ ദൈവനാമവും കാണാറുണ്ട്. (1ശമു 25:32; 1രാജ 1:48; 8:15; സങ്ക 41:13; 72:18; 106:48) ഇപ്പോൾ ലഭ്യമായ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. കിരിയോസ് എന്ന പദം ഇവിടെ ഇസ്രായേലിന്റെ ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. ഈ വസ്തുതയും, എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ, കിരിയോസ് (കർത്താവ്) എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ദൈവനാമത്തിനു പകരമായാണെന്നു മനസ്സിലാക്കാം.—അനു. സി കാണുക.
രക്ഷയുടെ ഒരു കൊമ്പ്: അഥവാ “ശക്തനായ ഒരു രക്ഷകനെ.” ബൈബിളിൽ മൃഗങ്ങളുടെ കൊമ്പു പലപ്പോഴും ശക്തിയുടെയും ജയിച്ചടക്കലിന്റെയും വിജയത്തിന്റെയും പ്രതീകമായി ഉപയോഗിച്ചിട്ടുണ്ട്. (1ശമു 2:1; സങ്ക 75:4, 5, 10; 148:14; അടിക്കുറിപ്പുകൾ) ഇനി, നീതിമാന്മാരോ ദുഷ്ടന്മാരോ ആയ ഭരണാധികാരികളെയും അത്തരത്തിലുള്ള രാജവംശങ്ങളെയും ആ പദം കുറിക്കുന്നുണ്ട്. അവർ ജയിച്ചടക്കി മുന്നേറുന്നതിനെ, കൊമ്പുകൊണ്ട് തള്ളുന്നതിനോടാണു താരതമ്യപ്പെടുത്തിയിരിക്കുന്നത്. (ആവ 33:17; ദാനി 7:24; 8:2-10, 20-24) ഈ വാക്യത്തിലെ “രക്ഷയുടെ ഒരു കൊമ്പ്” എന്ന പദപ്രയോഗം കുറിക്കുന്നതു രക്ഷിക്കാൻ ശക്തിയുള്ള മിശിഹയെ, ശക്തനായ ആ രക്ഷകനെ ആണ്.—പദാവലിയിൽ “കൊമ്പ്” കാണുക.
ദൈവത്തിനു വിശുദ്ധസേവനം ചെയ്യാൻ: ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണ്. തിരുവെഴുത്തുകളിൽ ഈ പദം, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കുറിപ്പ്; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) കൂടാതെ, വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതിനെയോ വിശുദ്ധസേവനം ചെയ്യുന്നതിനെയോ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്.—പ്രവൃ 7:42; റോമ 1:25.
നീ മുമ്പേ പോയി യഹോവയ്ക്ക്: പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനിരിക്കുന്ന യേശുവിന്റെ വരവ് അറിയിക്കുന്നവനായിരിക്കും സ്നാപകയോഹന്നാൻ എന്ന അർഥത്തിലാണ് അദ്ദേഹം ‘യഹോവയ്ക്കു മുമ്പേ പോകും’ എന്നു പറഞ്ഞിരിക്കുന്നത്.—യോഹ 5:43; 8:29; ഈ വാക്യത്തിലെ യഹോവ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്ത് കാണുന്ന പ്രവചനരൂപത്തിലുള്ള സെഖര്യയുടെ വാക്കുകൾക്ക് യശ 40:3; മല 3:1 എന്നീ തിരുവെഴുത്തുഭാഗങ്ങളുമായി സമാനതയുണ്ട്. ആ വാക്യങ്ങളുടെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ലൂക്ക 1:76-ൽ കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഈ വാക്യവുമായി ബന്ധമുള്ള എബ്രായതിരുവെഴുത്തുകൾ കണക്കിലെടുക്കുമ്പോൾ ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. (ലൂക്ക 1:6, 16, 17; 3:4 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.) ഇനി, ലൂക്കോസ് 1-ാം അധ്യായത്തിൽ കിരിയോസ് എന്ന പദം കാണുന്ന മറ്റ് അനേകം ഭാഗങ്ങൾപോലെതന്നെ ഇവിടെയും, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
ഇസ്രായേലിനു തന്നെത്തന്നെ വെളിപ്പെടുത്തുന്നതുവരെ: സ്നാപകയോഹന്നാൻ പരസ്യശുശ്രൂഷ ആരംഭിച്ച എ.ഡി. 29-ലെ വസന്തകാലത്തെയാണ് (ഏപ്രിലിനോട് അടുത്ത സമയം.) ഇതു കുറിക്കുന്നത്.—മർ 1:9; ലൂക്ക 3:1, 23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൃശ്യാവിഷ്കാരം
സാധിക്കുന്നിടത്തോളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
ഓരോ സുവിശേഷത്തിന്റെയും ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു വ്യത്യസ്തമായ സംഭവപരമ്പരകളാണ്
1. ദേവാലയത്തിൽവെച്ച് സെഖര്യക്കു പ്രത്യക്ഷനായ ഗബ്രിയേൽ ദൂതൻ യോഹന്നാൻ സ്നാപകന്റെ ജനനം മുൻകൂട്ടിപ്പറയുന്നു (ലൂക്ക 1:8, 11-13)
2. യേശുവിന്റെ ജനനത്തെ തുടർന്ന് ബേത്ത്ലെഹെമിന് അടുത്തുള്ള വെളിമ്പ്രദേശത്തുവെച്ച് ദൈവദൂതന്മാർ ഇടയന്മാർക്കു പ്രത്യക്ഷപ്പെടുന്നു (ലൂക്ക 2:8-11)
3. 12 വയസ്സുള്ള യേശു ദേവാലയത്തിൽവെച്ച് ഉപദേഷ്ടാക്കന്മാരോടു സംസാരിക്കുന്നു (ലൂക്ക 2:41-43, 46, 47)
4. പിശാച് യേശുവിനെ “ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്” നിറുത്തുന്നു, പ്രലോഭിപ്പിക്കുന്നു (മത്ത 4:5-7; ലൂക്ക 4:9, 12, 13)
5. നസറെത്തിലെ സിനഗോഗിൽവെച്ച് യേശു യശയ്യയുടെ ചുരുളിൽനിന്ന് വായിക്കുന്നു (ലൂക്ക 4:16-19)
6. യേശുവിനെ സ്വന്തം നാട്ടുകാർ അംഗീകരിക്കുന്നില്ല (ലൂക്ക 4:28-30)
7. യേശു നയിനിലേക്കു യാത്ര ചെയ്യുന്നു, സാധ്യതയനുസരിച്ച് കഫർന്നഹൂമിൽനിന്ന് (ലൂക്ക 7:1, 11)
8. നയിനിൽ യേശു ഒരു വിധവയുടെ ഒരേ ഒരു മകനെ ഉയിർപ്പിക്കുന്നു (ലൂക്ക 7:12-15)
9. യേശു ഗലീലയിൽ രണ്ടാം പ്രസംഗപര്യടനം നടത്തുന്നു (ലൂക്ക 8:1-3)
10. യേശു യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു, സാധ്യതയനുസരിച്ച് കഫർന്നഹൂമിൽവെച്ച് (മത്ത 9:23-25; മർ 5:38, 41, 42; ലൂക്ക 8:49, 50, 54, 55)
11. ശമര്യയിലൂടെ യരുശലേമിലേക്കു യാത്ര ചെയ്യുന്ന യേശു, ‘മനുഷ്യപുത്രനു തല ചായിക്കാൻ ഇടമില്ല’ എന്നു പറയുന്നു (ലൂക്ക 9:57, 58)
12. യേശു 70 പേരെ അയയ്ക്കുന്നു, യഹൂദ്യ ആയിരുന്നിരിക്കാം അവരുടെ പ്രദേശം (ലൂക്ക 10:1, 2)
13. യരീഹൊയിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്ത നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തം (ലൂക്ക 10:30, 33, 34, 36, 37)
14. യരുശലേമിലേക്കു പോകുന്ന വഴിക്ക് യേശു പെരിയയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിക്കുന്നു (ലൂക്ക 13:22)
15. ശമര്യക്കും ഗലീലയ്ക്കും ഇടയിലൂടെ പോകുമ്പോൾ യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നു (ലൂക്ക 17:11-14)
16. യേശു യരീഹൊയിൽ നികുതിപിരിവുകാരനായ സക്കായിയെ സന്ദർശിക്കുന്നു (ലൂക്ക 19:2-5)
17. യേശു ഗത്ത്ശെമന തോട്ടത്തിൽവെച്ച് പ്രാർഥിക്കുന്നു (മത്ത 26:36, 39; മർ 14:32, 35, 36; ലൂക്ക 22:40-43)
18. കയ്യഫയുടെ വീട്ടുമുറ്റത്തുവെച്ച് പത്രോസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നു (മത്ത 26:69-75; മർ 14:66-72; ലൂക്ക 22:55-62; യോഹ 18:25-27)
19. തലയോടിടം (ഗൊൽഗോഥ) എന്നു വിളിക്കുന്ന സ്ഥലത്തുവെച്ച് യേശു കുറ്റവാളിയോട് “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്നു പറയുന്നു (ലൂക്ക 23:33, 42, 43)
20. എമ്മാവൂസിലേക്കുള്ള വഴിയിൽവെച്ച് യേശു രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (ലൂക്ക 24:13, 15, 16, 30-32)
21. യേശു ശിഷ്യന്മാരെ ബഥാന്യവരെ കൂട്ടിക്കൊണ്ടുപോകുന്നു; അടുത്തുള്ള ഒലിവുമലയിൽവെച്ച് യേശു സ്വർഗാരോഹണം ചെയ്യുന്നു (ലൂക്ക 24:50, 51)
ദേവാലയത്തിന്റെ പ്രവേശനകവാടത്തിലേക്കു നടന്നടുക്കുമ്പോൾ സെഖര്യ കണ്ടിരിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് ഈ വീഡിയോയിൽ. ഹെരോദ് പണിത ദേവാലയത്തിന് 15 നില കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നെന്നു ചിലർ അഭിപ്രായപ്പെടുന്നു. സാധ്യതയനുസരിച്ച് ദേവാലയത്തിന്റെ മുൻവശം സ്വർണം പൂശിയതായിരുന്നു. അതു കിഴക്ക് ദിക്കിന് അഭിമുഖമായിരുന്നതുകൊണ്ട് ഉദയസൂര്യന്റെ രശ്മികൾ തട്ടുമ്പോൾ കണ്ണഞ്ചിക്കുന്ന ശോഭയോടെ വെട്ടിത്തിളങ്ങിയിരിക്കാം.
(1) സ്ത്രീകളുടെ മുറ്റം
(2) ദഹനയാഗപീഠം
(3) വിശുദ്ധത്തിലേക്കുള്ള പ്രവേശനകവാടം
(4) ലോഹം വാർത്തുണ്ടാക്കിയ കടൽ
സിമാക്കസിന്റെ ഗ്രീക്കുപരിഭാഷയുടെ ഒരു ഭാഗമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ഈ തുകൽച്ചുരുൾ എ.ഡി. മൂന്നാം നൂറ്റാണ്ടിലെയോ നാലാം നൂറ്റാണ്ടിലെയോ ആണെന്നു കരുതപ്പെടുന്നു. സങ്ക 69:30, 31 വാക്യങ്ങളാണ് (സെപ്റ്റുവജിന്റിൽ സങ്ക 68:31, 32) ഇവിടെ കാണിച്ചിരിക്കുന്നത്. സിമാക്കസ് തന്റെ ഗ്രീക്കുപരിഭാഷ തയ്യാറാക്കിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ശകലം ‘പി. വിൻഡോബോനെൻസിസ് ഗ്രീക്ക് 39777’ എന്നാണ് അറിയപ്പെടുന്നത്. ഇത് ഇപ്പോൾ വിയന്നയിലെ ഓസ്ട്രിയൻ ദേശീയ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഈ പരിഭാഷ ഗ്രീക്കിലുള്ളതാണെങ്കിലും ഇവിടെ കാണിച്ചിരിക്കുന്ന ഭാഗത്ത് ദൈവനാമം പുരാതന എബ്രായലിപിയിൽ ( അഥവാ ) രണ്ടു പ്രാവശ്യം കൊടുത്തിരിക്കുന്നതായി കാണാം. ലൂക്ക 1:46-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ പറഞ്ഞപ്പോൾ മറിയയുടെ മനസ്സിലുണ്ടായിരുന്നത് സങ്ക 69:30, 31 ആയിരിക്കാം. ആ സങ്കീർത്തനഭാഗത്തിന്റെ മൂല എബ്രായപാഠത്തിലും ദൈവനാമം കാണാം. ചുരുക്കത്തിൽ, ലൂക്ക 1:46-ൽ ദൈവനാമം ഉപയോഗിക്കാൻ രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, മറിയയുടെ മനസ്സിലുണ്ടായിരുന്നിരിക്കാൻ സാധ്യതയുള്ള എബ്രായതിരുവെഴുത്തുഭാഗത്ത് ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. രണ്ട്, ഇവിടെ കാണിച്ചിരിക്കുന്ന സിമാക്കസിന്റെ ഗ്രീക്കുപരിഭാഷയിലും ദൈവനാമത്തെ കുറിക്കുന്ന നാല് എബ്രായാക്ഷരങ്ങൾ കാണാം.—ലൂക്ക 1:46-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
“അവന്റെ പേര് യോഹന്നാൻ എന്നാണ്” എന്നു സെഖര്യ എബ്രായഭാഷയിൽ എഴുതിക്കാണിച്ചത് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള ഒരു എഴുത്തുപലകയിലായിരിക്കാം. തടികൊണ്ട് ഉണ്ടാക്കിയ ഇത്തരം എഴുത്തുപലകകൾ പണ്ട് മധ്യപൂർവദേശത്ത് നൂറ്റാണ്ടുകളോളം ഉപയോഗത്തിലുണ്ടായിരുന്നു. അവയുടെ വിളുമ്പിന് ഉള്ളിലെ ഭാഗത്ത് നേരിയ കനത്തിൽ മെഴുകു നിറയ്ക്കും. എന്നിട്ട് മൃദുലമായ ആ പ്രതലത്തിൽ ഇരുമ്പോ വെങ്കലമോ ആനക്കൊമ്പോ കൊണ്ടുള്ള ഒരു എഴുത്തുകോൽ ഉപയോഗിച്ച് എഴുതും. പൊതുവേ എഴുത്തുകോലിന്റെ ഒരറ്റം കൂർത്തതും മറ്റേ അറ്റം ഉളിപോലെ പരന്നതും ആയിരിക്കും. എഴുതിയതു മായ്ച്ച്, അവിടം വീണ്ടും മിനുസപ്പെടുത്താനാണു പരന്ന അറ്റം ഉപയോഗിച്ചിരുന്നത്. ചിലപ്പോഴൊക്കെ ഒന്നോ അതിലധികമോ എഴുത്തുപലകകൾ ചെറിയ തുകൽവാറുകൾകൊണ്ട് ബന്ധിച്ചിരുന്നു. ബിസിനെസ്സുകാർ, പണ്ഡിതന്മാർ, വിദ്യാർഥികൾ, നികുതിപിരിവുകാർ എന്നിവർ ഇത്തരം എഴുത്തുപലകകൾ ഉപയോഗിച്ചിരുന്നത്, ഏറെ കാലത്തേക്ക് സൂക്ഷിച്ചുവെക്കേണ്ടതില്ലാത്ത വിവരങ്ങൾ രേഖപ്പെടുത്താൻ മാത്രമാണ്. ഫോട്ടോയിൽ കാണിച്ചിരിക്കുന്ന എഴുത്തുപലകകൾ ഈജിപ്തിൽനിന്ന് കണ്ടെടുത്തവയാണ്. അവ എ.ഡി. രണ്ടാം നൂറ്റാണ്ടിലേതോ മൂന്നാം നൂറ്റാണ്ടിലേതോ ആണെന്നു കരുതപ്പെടുന്നു.