യോഹന്നാനു ലഭിച്ച വെളിപാട് 1:1-20
1 യേശുക്രിസ്തുവിന്റെ വെളിപാട്:* ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ+ കാണിക്കാൻവേണ്ടി ദൈവം അതു യേശുവിനു കൊടുത്തു.+ യേശു അതു തന്റെ ദൂതനെ അയച്ച് തന്റെ അടിമയായ യോഹന്നാന്+ അടയാളങ്ങളിലൂടെ കാണിച്ചുകൊടുത്തു.
2 ദൈവത്തിന്റെ വാക്കുകളും യേശുക്രിസ്തുവിന്റെ സാക്ഷിമൊഴികളും ഉൾപ്പെടെ താൻ കണ്ടതൊക്കെ യോഹന്നാൻ പറഞ്ഞു.
3 ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അതു കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും സന്തുഷ്ടർ.+ കാരണം നിശ്ചയിച്ച സമയം അടുത്തിരിക്കുന്നു.
4 ഏഷ്യ സംസ്ഥാനത്തിലെ ഏഴു സഭകൾക്കു+ യോഹന്നാൻ എഴുതുന്നത്:
“ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും”+ ആയവനിൽനിന്നും തിരുസിംഹാസനത്തിന്റെ മുന്നിലുള്ള ഏഴ് ആത്മാക്കളിൽനിന്നും+
5 ‘വിശ്വസ്തസാക്ഷിയും’+ “മരിച്ചവരിൽനിന്നുള്ള ആദ്യജാതനും”+ ‘ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയും’+ ആയ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ലഭിക്കട്ടെ.
നമ്മളെ സ്‌നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങളിൽനിന്ന് നമ്മളെ മോചിപ്പിക്കുകയും+
6 തന്റെ പിതാവായ ദൈവത്തിനു നമ്മളെ പുരോഹിതന്മാരും+ ഒരു രാജ്യവും+ ആക്കിത്തീർക്കുകയും ചെയ്തവന് എന്നെന്നും മഹത്ത്വവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ.
7 ഇതാ, യേശു മേഘങ്ങളിൽ വരുന്നു.+ എല്ലാ കണ്ണുകളും യേശുവിനെ കാണും; യേശുവിനെ കുത്തിത്തുളച്ചവരും കാണും. ഭൂമിയിലെ ഗോത്രങ്ങളെല്ലാം യേശു കാരണം നെഞ്ചത്തടിച്ച് വിലപിക്കും.+ അതെ, ആമേൻ.
8 ദൈവമായ യഹോവ* പറയുന്നു: “ഞാൻ ആൽഫയും ഒമേഗയും* ആണ്.+ ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും ആയ സർവശക്തൻ.”+
9 യേശുവിന്റെ കഷ്ടതയിലും+ രാജ്യത്തിലും+ സഹനത്തിലും+ നിങ്ങളുടെ പങ്കാളിയായ നിങ്ങളുടെ സഹോദരൻ യോഹന്നാൻ എന്ന ഞാൻ ദൈവത്തെക്കുറിച്ച് പ്രസംഗിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയുകയും ചെയ്തതിന്റെ പേരിൽ പത്മൊസ് എന്ന ദ്വീപിലായിരുന്നു.
10 അവിടെവെച്ച് ദൈവാത്മാവിനാൽ ഞാൻ കർത്താവിന്റെ ദിവസത്തിലായി. കാഹളനാദംപോലുള്ള ഒരു വലിയ ശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.
11 “നീ കാണുന്നത് ഒരു ചുരുളിൽ എഴുതി എഫെസൊസ്,+ സ്‌മുർന്ന,+ പെർഗമൊസ്,+ തുയഥൈര,+ സർദിസ്,+ ഫിലദെൽഫ്യ,+ ലവൊദിക്യ+ എന്നിവിടങ്ങളിലുള്ള ഏഴു സഭകൾക്ക് അയയ്‌ക്കുക” എന്ന് ആ ശബ്ദം പറഞ്ഞു.
12 എന്നോടു സംസാരിക്കുന്ന ശബ്ദം ആരുടേതാണെന്ന് അറിയാൻ ഞാൻ തിരിഞ്ഞുനോക്കി. അപ്പോൾ സ്വർണംകൊണ്ടുള്ള ഏഴു തണ്ടുവിളക്കുകൾ+ ഞാൻ കണ്ടു;
13 തണ്ടുവിളക്കുകൾക്കു നടുവിൽ, പാദംവരെ ഇറക്കമുള്ള വസ്‌ത്രം അണിഞ്ഞ് നെഞ്ചത്ത് സ്വർണപ്പട്ട കെട്ടി മനുഷ്യപുത്രനെപ്പോലുള്ള ഒരാൾ+ നിന്നിരുന്നു.
14 അദ്ദേഹത്തിന്റെ തലയും തലമുടിയും തൂവെള്ളക്കമ്പിളിപോലെയും മഞ്ഞുപോലെയും വെളുത്തതായിരുന്നു; കണ്ണുകൾ തീജ്വാലയ്ക്കു തുല്യം.+
15 പാദങ്ങൾ ഉലയിൽ ചുട്ടുപഴുത്തിരിക്കുന്ന ശുദ്ധമായ ചെമ്പുപോലെയും+ ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും ആയിരുന്നു.
16 അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രങ്ങളുണ്ടായിരുന്നു.+ വായിൽനിന്ന് ഇരുവായ്ത്തലയുള്ള, നീണ്ട, മൂർച്ചയേറിയ ഒരു വാൾ+ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ മുഖം ഉജ്ജ്വലപ്രഭ ചൊരിയുന്ന സൂര്യനെപ്പോലിരുന്നു.+
17 അദ്ദേഹത്തെ കണ്ടിട്ട് ഞാൻ മരിച്ചവനെപ്പോലെ അദ്ദേഹത്തിന്റെ കാൽക്കൽ വീണു.
അദ്ദേഹം വലതുകൈ എന്റെ മേൽ വെച്ചുകൊണ്ട് പറഞ്ഞു: “പേടിക്കേണ്ടാ. ഞാൻ ആദ്യനും+ അന്ത്യനും+
18 ജീവിക്കുന്നവനും ആണ്.+ ഞാൻ മരിച്ചവനായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ ജീവിച്ചിരിക്കുന്നു, ഞാൻ എന്നുമെന്നേക്കും ജീവിച്ചിരിക്കും.+ മരണത്തിന്റെയും ശവക്കുഴിയുടെയും* താക്കോലുകൾ എന്റെ കൈയിലുണ്ട്.+
19 അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതും ആയ കാര്യങ്ങൾ എഴുതുക.
20 ഏഴു സ്വർണവിളക്കുകളെയും എന്റെ വലതുകൈയിൽ നീ കണ്ട ഏഴു നക്ഷത്രങ്ങളെയും കുറിച്ചുള്ള പാവനരഹസ്യം ഇതാണ്: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതന്മാരാണ്; ഏഴു തണ്ടുവിളക്കുകൾ ഏഴു സഭകളും.+
അടിക്കുറിപ്പുകള്‍
^ അഥവാ “വെളിപ്പെടുത്തൽ.”
^ ഗ്രീക്ക് ഭാഷയിൽ, അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആൽഫ. അവസാനത്തെ അക്ഷരമാണ് ഒമേഗ.