സങ്കീർത്തനം 145:1-21
ദാവീദിന്റെ സ്‌തുതി.
א (ആലേഫ്)
145 രാജാവായ എന്റെ ദൈവമേ, ഞാൻ അങ്ങയെ വാഴ്‌ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര് സ്തുതിക്കും.+
ב (ബേത്ത്)
2 ദിവസം മുഴുവൻ ഞാൻ അങ്ങയെ വാഴ്‌ത്തും;+എന്നുമെന്നേക്കും അങ്ങയുടെ പേര് സ്തുതിക്കും.+
ג (ഗീമെൽ)
3 യഹോവ മഹാൻ, സ്തുതിക്ക് ഏറ്റവും യോഗ്യൻ;+ദൈവമാഹാത്മ്യം ഗ്രാഹ്യത്തിന് അതീതം.+
ד (ദാലെത്ത്)
4 വരുംതലമുറകളെല്ലാം അങ്ങയുടെ പ്രവൃത്തികൾ സ്തുതിക്കും,അങ്ങയുടെ അത്ഭുതങ്ങൾ വർണിക്കും.+
ה (ഹേ)
5 അങ്ങയുടെ പ്രതാപത്തിന്റെ മഹദ്ഗാംഭീര്യത്തെക്കുറിച്ച് അവർ സംസാരിക്കും;+ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും.
ו (വൗ)
6 അങ്ങയുടെ ഭയാദരവ് ഉണർത്തുന്ന പ്രവൃത്തികളെക്കുറിച്ച്* അവർ സംസാരിക്കും;ഞാൻ അങ്ങയുടെ മാഹാത്മ്യം വിവരിക്കും.
ז (സയിൻ)
7 അങ്ങയുടെ സമൃദ്ധമായ നന്മ ഓർക്കുമ്പോൾ* അവർ മതിമറന്ന് സന്തോഷിക്കും;+അങ്ങയുടെ നീതി നിമിത്തം അവർ ആനന്ദിച്ചാർക്കും.+
ח (ഹേത്ത്)
8 യഹോവ അനുകമ്പയുള്ളവൻ,* കരുണാമയൻ;+പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹം നിറഞ്ഞവൻ.+
ט (തേത്ത്)
9 യഹോവ എല്ലാവർക്കും നല്ലവൻ;+ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം.
י (യോദ്)
10 യഹോവേ, അങ്ങയുടെ പ്രവൃത്തികളെല്ലാം അങ്ങയ്‌ക്കു മഹത്ത്വമേകും;+അങ്ങയുടെ വിശ്വസ്തർ അങ്ങയെ സ്തുതിക്കും.+
כ (കഫ്)
11 അവർ അങ്ങയുടെ രാജാധികാരത്തിന്റെ മഹത്ത്വം ഘോഷിക്കും;+അങ്ങയുടെ പ്രതാപത്തെക്കുറിച്ച് വിവരിക്കും;+
ל (ലാമെദ്)
12 അങ്ങനെ അവർ, അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ചും+അങ്ങയുടെ രാജാധികാരത്തിന്റെ മഹനീയപ്രതാപത്തെക്കുറിച്ചും സകലരെയും അറിയിക്കും.+
מ (മേം)
13 അങ്ങയുടെ രാജാധികാരം നിത്യമായത്;അങ്ങയുടെ ആധിപത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നത്.+
ס (സാമെക്)
14 വീണുപോകുന്നവരെയെല്ലാം യഹോവ താങ്ങുന്നു,+കുനിഞ്ഞുപോയവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നു.+
ע (അയിൻ)
15 എല്ലാ കണ്ണുകളും പ്രതീക്ഷയോടെ അങ്ങയെ നോക്കുന്നു;അങ്ങ് തക്ക കാലത്ത് അവർക്ക് ആഹാരം നൽകുന്നു.+
פ (പേ)
16 അങ്ങ് കൈ തുറന്ന്‌ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.+
צ (സാദെ)
17 യഹോവ തന്റെ വഴികളിലെല്ലാം നീതിമാൻ;+താൻ ചെയ്യുന്നതിലെല്ലാം വിശ്വസ്തൻ.+
ק (കോഫ്)
18 തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,അതെ, ആത്മാർഥതയോടെ* തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും,+ യഹോവ സമീപസ്ഥൻ.+
ר (രേശ്)
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുന്നു;+സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട് അവരെ വിടുവിക്കുന്നു.+
ש (ശീൻ)
20 തന്നെ സ്നേഹിക്കുന്നവരെയെല്ലാം യഹോവ കാത്തുരക്ഷിക്കുന്നു;+എന്നാൽ, ദുഷ്ടന്മാരെയോ ദൈവം നിശ്ശേഷം നശിപ്പിക്കും.+
ת (തൗ)
21 എന്റെ വായ് യഹോവയുടെ സ്‌തുതി ഘോഷിക്കും;+ജീവനുള്ളവയെല്ലാം ദൈവത്തിന്റെ വിശുദ്ധനാമം എന്നുമെന്നേക്കും സ്തുതിക്കട്ടെ.+
അടിക്കുറിപ്പുകള്‍
^ അഥവാ “ശക്തിയെക്കുറിച്ച്.”
^ അഥവാ “വിവരിക്കുമ്പോൾ.”
^ അഥവാ “കൃപയുള്ളവൻ.”
^ അഥവാ “ശരിയായി; സത്യത്തിൽ.”