സങ്കീർത്തനം 6:1-10
സംഗീതസംഘനായകന്; ശെമിനീത്ത്* രാഗത്തിൽ തന്ത്രിവാദ്യങ്ങളോടെ പാടാനുള്ളത്. ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
6 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ,ക്രോധത്തോടെ എന്നെ തിരുത്തരുതേ.+
2 യഹോവേ, എന്റെ ശക്തി ചോർന്നുപോകുന്നതിനാൽ എന്നോടു പ്രീതി* കാട്ടേണമേ.
എന്റെ അസ്ഥികൾ ഇളകുന്നതിനാൽ യഹോവേ,+ എന്നെ സുഖപ്പെടുത്തേണമേ.
3 അതെ, ഞാൻ ആകെ അസ്വസ്ഥനാണ്.+യഹോവേ, ഞാൻ ചോദിക്കട്ടേ—ഇങ്ങനെ ഇനി എത്ര കാലംകൂടെ?+
4 യഹോവേ, മടങ്ങിവരേണമേ, എന്നെ വിടുവിക്കേണമേ;+അങ്ങയുടെ അചഞ്ചലമായ സ്‌നേഹം ഓർത്ത് എന്നെ രക്ഷിക്കേണമേ.+
5 കാരണം, മരിച്ചവർ അങ്ങയെക്കുറിച്ച് മിണ്ടില്ലല്ലോ.*ശവക്കുഴിയിൽ* ആര് അങ്ങയെ സ്തുതിക്കും?+
6 നെടുവീർപ്പിട്ട് ഞാൻ ആകെ തളർന്നിരിക്കുന്നു.+രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കുന്നു;*കരഞ്ഞുകരഞ്ഞ് കിടക്കയിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുന്നു.+
7 ദുഃഖഭാരത്താൽ എന്റെ കണ്ണുകൾ ക്ഷീണിച്ചിരിക്കുന്നു.+എന്നെ ദ്രോഹിക്കുന്നവർ നിമിത്തം എന്റെ കാഴ്‌ച മങ്ങിയിരിക്കുന്നു.
8 ദുഷ്ടത പ്രവർത്തിക്കുന്നവരേ, ദൂരെപ്പോകൂ!എന്റെ കരച്ചിൽ യഹോവ കേൾക്കുമല്ലോ.+
9 പ്രീതിക്കായുള്ള എന്റെ യാചന യഹോവ കേൾക്കും.+യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും.
10 എന്റെ ശത്രുക്കളെല്ലാം ലജ്ജിക്കും. അവർ പരിഭ്രാന്തരാകും.പെട്ടെന്ന് അപമാനിതരായി അവർ പിന്തിരിയും.+
അടിക്കുറിപ്പുകള്‍
^ അഥവാ “കരുണ.”
^ അഥവാ “ഓർക്കില്ലല്ലോ.”
^ അക്ഷ. “എന്റെ മെത്ത നീന്തിനടക്കാൻ ഇടയാക്കുന്നു.”