സങ്കീർത്തനം 90:1-17
ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന.+
90 യഹോവേ, തലമുറതലമുറയായി അങ്ങ് ഞങ്ങളുടെ വാസസ്ഥാനമല്ലോ.*+
2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+
3 അങ്ങ് മർത്യനെ പൊടിയിലേക്കു തിരികെ അയയ്ക്കുന്നു;“മനുഷ്യമക്കളേ, മടങ്ങുക”+ എന്ന് അങ്ങ് പറയുന്നു.
4 അങ്ങയുടെ വീക്ഷണത്തിൽ ആയിരം വർഷം ഇന്നലെ കഴിഞ്ഞുപോയ ഒരു ദിവസംപോലെ,+രാത്രിയിലെ ഒരു യാമംപോലെ* മാത്രം.
5 അങ്ങ് അവരെ തുടച്ചുനീക്കുന്നു;+ വെറുമൊരു നിദ്രപോലെയാണ് അവർ;പ്രഭാതത്തിൽ അവർ മുളച്ചുപൊങ്ങുന്ന പുൽനാമ്പുപോലെ.+
6 രാവിലെ അതു പുതുജീവനോടെ പൂത്തുലയുന്നു;എന്നാൽ, വൈകുന്നേരമാകുമ്പോൾ അതു വാടിക്കരിയുന്നു.+
7 അങ്ങയുടെ കോപം ഞങ്ങളെ ഇല്ലാതാക്കുന്നു;+അങ്ങയുടെ ക്രോധത്താൽ ഞങ്ങൾ ഭയന്നുവിറയ്ക്കുന്നു.
8 ഞങ്ങളുടെ തെറ്റുകൾ അങ്ങ് തിരുമുമ്പിൽ വെക്കുന്നു;*+അങ്ങയുടെ മുഖപ്രകാശത്താൽ ഞങ്ങളുടെ രഹസ്യങ്ങൾ വെളിച്ചത്താകുന്നു.+
9 അങ്ങയുടെ ഉഗ്രകോപത്താൽ ഞങ്ങളുടെ നാളുകൾ ചുരുങ്ങുന്നു,*ഞങ്ങളുടെ ജീവിതം ഒരു നെടുവീർപ്പുപോലെ പെട്ടെന്ന് അവസാനിക്കുന്നു.
10 ഞങ്ങളുടെ ആയുസ്സ് 70 വർഷം;അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും.+
പക്ഷേ, അക്കാലമത്രയും കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതാണ്;അവ പെട്ടെന്നു കടന്നുപോകുന്നു, ഞങ്ങൾ ദൂരേക്കു പറന്നകലുന്നു.+
11 അങ്ങയുടെ കോപത്തിൻശക്തി അളന്ന് തിട്ടപ്പെടുത്താൻ ആർക്കാകും?
അങ്ങയുടെ ക്രോധം അങ്ങ് അർഹിക്കുന്ന ഭയഭക്തിയോളം വലുത്.+
12 ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പിക്കേണമേ;+അങ്ങനെ, ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം നേടട്ടെ.
13 യഹോവേ, മടങ്ങിവരേണമേ!+ ഇങ്ങനെ എത്ര നാൾ തുടരും?+
അങ്ങയുടെ ദാസന്മാരോട് അലിവ് തോന്നേണമേ.+
14 പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ ഞങ്ങളെ തൃപ്തരാക്കേണമേ.+അങ്ങനെ, ജീവിതകാലം മുഴുവൻ ഞങ്ങൾ സന്തോഷത്തോടെ ആർത്തുല്ലസിക്കട്ടെ.+
15 ഞങ്ങളെ കഷ്ടപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച്,ഞങ്ങൾ ദുരിതം അനുഭവിച്ച വർഷങ്ങൾക്കനുസരിച്ച്,+
ഞങ്ങൾ സന്തോഷം അനുഭവിക്കാൻ അവസരം തരേണമേ.+
16 അങ്ങയുടെ ദാസന്മാർ അങ്ങയുടെ പ്രവൃത്തികളുംഅവരുടെ പുത്രന്മാർ അങ്ങയുടെ മഹിമയും കാണട്ടെ.+
17 നമ്മുടെ ദൈവമായ യഹോവയുടെ പ്രീതി നമ്മുടെ മേലുണ്ടായിരിക്കട്ടെ;ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ അങ്ങ് സഫലമാക്കേണമേ.
അതെ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കേണമേ.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “അഭയമല്ലോ.”
^ അഥവാ “പ്രസവവേദനയോടെ ജന്മം നൽകിയതിന്.”
^ അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
^ അഥവാ “ഞങ്ങളുടെ തെറ്റുകൾ അങ്ങയ്ക്ക് അറിയാം.”
^ അഥവാ “ഞങ്ങളുടെ ജീവിതം ക്ഷയിച്ചുതീരുന്നു.”