സഭാപ്രസംഗകൻ 8:1-17
8 ബുദ്ധിമാനെപ്പോലെ ആരുണ്ട്? പ്രശ്നങ്ങൾക്കുള്ള പരിഹാരം* ആർക്ക് അറിയാം? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുകയും അവന്റെ പരുഷഭാവം മയപ്പെടുത്തുകയും ചെയ്യുന്നു.
2 ഞാൻ പറയുന്നു: “ദൈവത്തോടുള്ള ആണയെ കരുതി+ രാജാവിന്റെ ആജ്ഞകൾ അനുസരിക്കുക.+
3 രാജസന്നിധി വിട്ട് പോകാൻ തിടുക്കം കാട്ടരുത്.+ മോശമായ ഒരു കാര്യത്തെയും അനുകൂലിക്കരുത്.+ കാരണം, ഇഷ്ടമുള്ളതെന്തും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും.
4 രാജാവിന്റെ വാക്ക് അന്തിമമാണല്ലോ.+ ‘അങ്ങ് എന്താണ് ഈ ചെയ്യുന്നത്’ എന്ന് അദ്ദേഹത്തോടു ചോദിക്കാൻ ആർക്കെങ്കിലും പറ്റുമോ?”
5 കല്പന അനുസരിക്കുന്നയാൾക്കു കുഴപ്പമൊന്നുമുണ്ടാകില്ല.+ ജ്ഞാനമുള്ള ഹൃദയം ഉചിതമായ സമയവും രീതിയും* അറിയുന്നു.+
6 ഓരോ കാര്യത്തിനും ഓരോ സമയവും രീതിയും* ഉണ്ട്.+ മനുഷ്യവർഗത്തിന്റെ ബുദ്ധിമുട്ടുകൾ വളരെ അധികമാണല്ലോ.
7 എന്താണു സംഭവിക്കാൻപോകുന്നതെന്ന് ആർക്കും അറിയില്ല. അപ്പോൾപ്പിന്നെ അത് എങ്ങനെ സംഭവിക്കുമെന്ന് ആർക്കു പറയാനാകും?
8 ഒരു മനുഷ്യനും ജീവനു മേൽ* അധികാരമില്ല, അതിനെ പിടിച്ചുനിറുത്താനും സാധിക്കില്ല. അതുപോലെ, മരണദിവസത്തിന്മേലും ആർക്കും അധികാരമില്ല.+ യുദ്ധസമയത്ത് ഒരു പടയാളിക്കും ഒഴിവ് കിട്ടാത്തതുപോലെ, ദുഷ്ടത പതിവാക്കിയവർക്ക് അത് അതിൽനിന്ന് മോചനം കൊടുക്കില്ല.*
9 ഇതൊക്കെയാണ് സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാൻ മനസ്സുവെച്ച ഞാൻ കണ്ടത്. മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് ഇക്കാലമത്രയും അവർക്കു ദോഷം ചെയ്തിരിക്കുന്നു.+
10 ദുഷ്ടന്മാരുടെ ശവസംസ്കാരവും ഞാൻ കണ്ടു. അവർ വിശുദ്ധസ്ഥലത്ത് വന്നുപോയിരുന്നവരാണ്. പക്ഷേ, അവർ ഇതൊക്കെ ചെയ്ത നഗരം പെട്ടെന്നുതന്നെ അവരെ മറന്നുപോയി.+ ഇതും വ്യർഥതയാണ്.
11 ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തതുകൊണ്ട്+ മനുഷ്യരുടെ ഹൃദയം തെറ്റു ചെയ്യാൻ ധൈര്യപ്പെടുന്നു.+
12 പാപി നൂറു വട്ടം തെറ്റു ചെയ്തിട്ടും ദീർഘായുസ്സോടെ ഇരുന്നേക്കാമെങ്കിലും സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് ഒടുവിൽ നല്ലതു വരുമെന്ന് എനിക്ക് അറിയാം. കാരണം, അവർ ദൈവത്തെ ഭയപ്പെടുന്നു.+
13 പക്ഷേ, ദുഷ്ടനു നല്ലതു വരില്ല.+ നിഴൽപോലുള്ള അവന്റെ നാളുകൾ അവനു നീട്ടിക്കൊണ്ടുപോകാനുമാകില്ല.+ കാരണം, അവൻ ദൈവത്തെ ഭയപ്പെടുന്നില്ല.
14 വ്യർഥമായ* ഒരു കാര്യം ഭൂമിയിൽ നടക്കുന്നുണ്ട്. നീതിമാന്മാരായ ചിലരോടു പെരുമാറുന്നത് അവർ എന്തോ ദുഷ്പ്രവൃത്തി ചെയ്തു എന്നതുപോലെയാണ്.+ ദുഷ്ടന്മാരായ ചിലരോടാകട്ടെ നീതിപ്രവൃത്തി ചെയ്തു എന്നതുപോലെയും.+ ഇതും വ്യർഥതയാണെന്നു ഞാൻ പറയും.
15 അതുകൊണ്ട് സന്തോഷിക്കൂ!+ അതാണ് എന്റെ ശുപാർശ. കാരണം, മനുഷ്യന്റെ കാര്യത്തിൽ, തിന്നുകുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി സൂര്യനു കീഴെ ഒന്നുമില്ല.+ സത്യദൈവം സൂര്യനു കീഴെ തന്നിരിക്കുന്ന ജീവിതകാലത്ത് അധ്വാനിക്കുന്നതോടൊപ്പം മനുഷ്യൻ ആഹ്ലാദിക്കുകയും വേണം.
16 ജ്ഞാനം സമ്പാദിക്കാനും ഭൂമിയിലെ പ്രവർത്തനങ്ങളെല്ലാം കാണാനും ഞാൻ മനസ്സുവെച്ചു.+ അതിനുവേണ്ടി ഞാൻ രാവും പകലും ഉറക്കമിളയ്ക്കുകപോലും ചെയ്തു.*
17 തുടർന്ന്, സത്യദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയുംകുറിച്ച് ചിന്തിച്ചപ്പോൾ, സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ മനുഷ്യവർഗത്തിനു സാധിക്കില്ലെന്ന് എനിക്കു മനസ്സിലായി.+ മനുഷ്യർ എത്ര കഠിനമായി ശ്രമിച്ചാലും അവർക്ക് അതു ഗ്രഹിക്കാനാകില്ല. അത് അറിയാൻമാത്രം ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടാലും അവർക്ക് അതു ശരിക്കും ഗ്രഹിക്കാനാകില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “ഒരു കാര്യത്തിന്റെ അർഥം വിശദീകരിച്ചുതരാൻ.”
^ അഥവാ “തീരുമാനവും.”
^ അഥവാ “തീരുമാനവും.”
^ അഥവാ “ആത്മാവിന്മേൽ; ശ്വാസത്തിന്മേൽ; കാറ്റിന്മേൽ.”
^ മറ്റൊരു സാധ്യത “ദുഷ്ടന്മാരുടെ ദുഷ്ടതയ്ക്ക് അവരെ രക്ഷപ്പെടുത്താനാവില്ല.”
^ അഥവാ “നിരാശപ്പെടുത്തുന്ന.”
^ മറ്റൊരു സാധ്യത “ആളുകൾക്കു രാവും പകലും ഉറക്കമില്ല എന്നു ഞാൻ കണ്ടു.”