സുഭാഷിതങ്ങൾ 7:1-27
7 മകനേ, എന്റെ വാക്കുകൾ അനുസരിക്കുക;എന്റെ കല്പനകൾ നിധിപോലെ കാക്കുക.+
2 എന്റെ കല്പനകൾ അനുസരിച്ച് ദീർഘായുസ്സു നേടുക;+എന്റെ ഉപദേശം* കണ്ണിലെ കൃഷ്ണമണിപോലെ കാക്കുക.
3 അവ നിന്റെ വിരലുകളിൽ കെട്ടുക;ഹൃദയത്തിന്റെ പലകയിൽ എഴുതുക.+
4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നു പറയുക;
വകതിരിവിനെ ബന്ധു എന്നു വിളിക്കുക.
5 അങ്ങനെ വഴിപിഴച്ച സ്‌ത്രീയിൽനിന്ന്* സ്വയം രക്ഷിക്കുക;+അസാന്മാർഗിയായ സ്‌ത്രീയിൽനിന്നും* അവളുടെ പഞ്ചാരവാക്കുകളിൽനിന്നും*+ രക്ഷപ്പെടുക.
6 എന്റെ വീടിന്റെ ജനലിലൂടെ,ജനലഴികളിലൂടെ, ഞാൻ താഴേക്കു നോക്കി.
7 അനുഭവജ്ഞാനമില്ലാത്തവരെ* ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു;ആ യുവാക്കൾക്കിടയിൽ സാമാന്യബോധമില്ലാത്ത ഒരുവനെ ഞാൻ കണ്ടു.+
8 വൈകുന്നേരം, സന്ധ്യ മയങ്ങിയ നേരത്ത്,+രാത്രിയാകാറായപ്പോൾ, ഇരുട്ടാൻതുടങ്ങിയപ്പോൾ,
9 അവൻ തെരുവിലൂടെ നടന്ന് അവളുടെ വീടിന് അരികിലെ കവലയിൽ എത്തി,അവളുടെ വീടിനു നേർക്കു നടന്നു.
10 അപ്പോൾ ഒരു സ്‌ത്രീ അവനെ എതിരേൽക്കുന്നതു ഞാൻ കണ്ടു;വേശ്യയെപ്പോലെ* വസ്‌ത്രം ധരിച്ച+ കൗശലക്കാരിയായ ഒരു സ്‌ത്രീ!
11 അവൾ ഉച്ചത്തിൽ സംസാരിക്കുന്നവളും തന്റേടിയും ആണ്.+
അവൾ* ഒരിക്കലും വീട്ടിലിരിക്കുന്നില്ല.
12 ഇപ്പോൾ തെരുവിലാണെങ്കിൽ, അടുത്ത നിമിഷം അവൾ കവലയിലായിരിക്കും;*തെരുവിന്റെ ഓരോ മൂലയിലും അവൾ പതുങ്ങിയിരിക്കുന്നു.+
13 അവൾ അവനെ കടന്നുപിടിച്ച് ചുംബിക്കുന്നു;ഒരു നാണവുമില്ലാതെ അവനോടു പറയുന്നു:
14 “എനിക്കു സഹഭോജനബലികൾ അർപ്പിക്കാനുണ്ടായിരുന്നു.+
ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റി.
15 അതുകൊണ്ടാണ് ഞാൻ നിന്നെ കാണാൻ വന്നത്,തേടിനടന്ന് ഞാൻ നിന്നെ കണ്ടുപിടിച്ചു.
16 ഞാൻ എന്റെ കിടക്കയിൽ ഭംഗിയുള്ള വിരികൾ വിരിച്ചിട്ടുണ്ട്,ഈജിപ്തിൽനിന്നുള്ള നിറപ്പകിട്ടാർന്ന ലിനൻവിരികൾ.+
17 എന്റെ കിടക്ക ഞാൻ മീറയും അകിലും കറുവാപ്പട്ടയും കൊണ്ട് സുഗന്ധപൂർണമാക്കിയിട്ടുണ്ട്.+
18 വരൂ, നേരം വെളുക്കുംവരെ നമുക്കു പ്രേമനിർവൃതിയിൽ മതിയാകുവോളം മുഴുകാം;നമുക്കു കാമലീലകളിൽ രസിക്കാം.
19 എന്റെ ഭർത്താവ് വീട്ടിലില്ല;ഒരു ദൂരയാത്ര പോയിരിക്കുന്നു.
20 അദ്ദേഹം പണസ്സഞ്ചി എടുത്തിട്ടുണ്ട്;വെളുത്തവാവിനേ തിരിച്ചെത്തൂ.”
21 അങ്ങനെ അവൾ അവനെ നിർബന്ധിക്കുന്നു; അവനെ വഴിതെറ്റിക്കുന്നു.+
പഞ്ചാരവാക്കുകൾ പറഞ്ഞ് അവനെ വശീകരിക്കുന്നു.
22 അവൻ പെട്ടെന്ന് അവളുടെ പുറകേ പോകുന്നു.അറുക്കാൻ കൊണ്ടുപോകുന്ന കാളയെപ്പോലെ,തടിവിലങ്ങിൽ* ഇടാൻ കൊണ്ടുപോകുന്ന വിഡ്ഢിയെപ്പോലെ, അതാ അവൻ പോകുന്നു.+
23 ഒടുവിൽ അവന്റെ കരളിൽ അമ്പു തറയ്‌ക്കും;കെണിയിലേക്കു പറന്നടുക്കുന്ന ഒരു പക്ഷിയെപ്പോലെ, തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അറിയാതെ അവൻ പോകുന്നു.+
24 അതുകൊണ്ട് മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
25 നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത്.
അറിയാതെപോലും അവളുടെ പാതകളിൽ കടക്കരുത്.+
26 അവൾ കാരണം അനേകർ മരിച്ചുവീണിരിക്കുന്നു,+ധാരാളം ആളുകളെ അവൾ കൊന്നിരിക്കുന്നു.+
27 അവളുടെ വീടു ശവക്കുഴിയിലേക്കുള്ള* വഴിയാണ്;അതു മരണത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
അടിക്കുറിപ്പുകള്‍
^ അഥവാ “നിയമം.”
^ അഥവാ “വശീകരിക്കുന്ന വാക്കുകളിൽനിന്നും.”
^ അഥവാ “വിവരംകെട്ടവരെ.”
^ അഥവാ “വേശ്യയുടെ.”
^ അക്ഷ. “അവളുടെ കാൽ.”
^ അഥവാ “പൊതുചത്വരത്തിലായിരിക്കും.”