പത്രോസ് എഴുതിയ രണ്ടാമത്തെ കത്ത് 1:1-21
1 നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിയിലൂടെ ഞങ്ങളുടേതുപോലുള്ള അമൂല്യമായ ഒരു വിശ്വാസം നേടിയെടുത്തവർക്ക്, യേശുക്രിസ്തുവിന്റെ അടിമയും അപ്പോസ്തലനും ആയ ശിമോൻ പത്രോസ് എഴുതുന്നത്:
2 ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള ശരിയായ* അറിവിനാൽ+ നിങ്ങൾക്ക് അനർഹദയയും സമാധാനവും സമൃദ്ധമായി ഉണ്ടാകട്ടെ.
3 തന്റെ മഹത്ത്വത്താലും നന്മയാലും നമ്മളെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിലൂടെ+ ദൈവഭക്തിയോടെയുള്ള ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം തന്റെ ശക്തിയാൽ നമുക്കു തന്നിരിക്കുന്നു.*
4 ഇവയാൽ ദൈവം നമുക്ക് അമൂല്യവും മഹനീയവും ആയ വാഗ്‌ദാനങ്ങളും+ തന്നിരിക്കുന്നു;* അങ്ങനെ ഇവയാൽ നിങ്ങൾ, തെറ്റായ മോഹങ്ങൾ കാരണം ലോകത്തിലുണ്ടാകുന്ന അഴുക്കിൽനിന്ന് രക്ഷപ്പെട്ട് ദൈവപ്രകൃതിയിൽ പങ്കാളികളാകണം എന്നതാണു ദൈവത്തിന്റെ ഉദ്ദേശ്യം.+
5 ഇക്കാരണത്താൽ, നിങ്ങൾ കഠിനശ്രമം ചെയ്‌ത്+ നിങ്ങളുടെ വിശ്വാസത്തോടു നന്മയും+ നന്മയോട് അറിവും+
6 അറിവിനോട് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു+ സഹനശക്തിയും സഹനശക്തിയോടു ദൈവഭക്തിയും+
7 ദൈവഭക്തിയോടു സഹോദരപ്രിയവും സഹോദരപ്രിയത്തോടു സ്നേഹവും ചേർക്കുക.+
8 ഇതൊക്കെ നിങ്ങളിലുണ്ടെങ്കിൽ, ഇവ നിങ്ങളിൽ നിറഞ്ഞുകവിയുന്നെങ്കിൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവിന്റെ കാര്യത്തിൽ നിങ്ങൾ നിഷ്ക്രിയരോ ഫലം കായ്ക്കാത്തവരോ ആകില്ല.+
9 ഇവയില്ലാത്തയാൾ അന്ധനാണ്; അയാൾ വെളിച്ചത്തിനു നേരെ കണ്ണടയ്ക്കുന്നു.*+ താൻ പണ്ടു ചെയ്‌ത പാപങ്ങളിൽനിന്ന് തന്നെ ശുദ്ധീകരിച്ചതാണ്+ എന്ന കാര്യം അയാൾ മറന്നിരിക്കുന്നു.
10 അതുകൊണ്ട് സഹോദരങ്ങളേ, നിങ്ങളുടെ ദൈവവിളിയും+ തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്കലും വീണുപോകില്ല.+
11 അങ്ങനെ, നമ്മുടെ കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കു+ മഹനീയമായൊരു പ്രവേശനം നിങ്ങൾക്കു ലഭിക്കും.+
12 ഇക്കാരണത്താലാണ് ഇവയെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ഈ കാര്യങ്ങളൊക്കെ അറിയാമെങ്കിലും, നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾക്കു നല്ല അടിസ്ഥാനമുണ്ടെങ്കിലും,
13 ഞാൻ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം*+ നിങ്ങളെ ഓർമിപ്പിച്ചുണർത്തുന്നത് ഉചിതമാണെന്നു വിചാരിക്കുന്നു;+
14 കാരണം എന്റെ കൂടാരം അഴിച്ചുമാറ്റാനുള്ള സമയം അടുത്തിരിക്കുന്നെന്ന് എനിക്ക് അറിയാം. നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അതു വ്യക്തമാക്കിത്തന്നിരിക്കുന്നു.+
15 അതുകൊണ്ട് എന്റെ വേർപാടിനു ശേഷവും ഈ കാര്യങ്ങൾ നിങ്ങൾക്ക് ഓർക്കാൻ* കഴിയേണ്ടതിന് ഇപ്പോൾ എന്റെ പരമാവധി ഞാൻ ചെയ്യും.
16 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും സാന്നിധ്യവും ഞങ്ങൾ നിങ്ങളെ അറിയിച്ചതു കൗശലപൂർവം കെട്ടിച്ചമച്ച കെട്ടുകഥകളെ ആധാരമാക്കിയല്ല; ഞങ്ങൾ യേശുവിന്റെ മഹത്ത്വത്തിനു ദൃക്സാക്ഷികളാണ്.+
17 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന വാക്കുകൾ* മഹനീയതേജസ്സു യേശുവിനെ അറിയിച്ചു. അങ്ങനെ പിതാവായ ദൈവത്തിൽനിന്ന് യേശുവിനു തേജസ്സും മഹത്ത്വവും ലഭിച്ചു.
18 യേശുവിനോടൊപ്പം വിശുദ്ധപർവതത്തിലുണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് വന്ന ആ വാക്കുകൾ കേട്ടു.
19 ഇങ്ങനെ, പ്രവചനത്തെക്കുറിച്ച് നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചിരിക്കുന്നു. (പ്രഭാതമാകുകയും ഉദയനക്ഷത്രം+ ഉദിക്കുകയും ചെയ്യുന്നതുവരെ) ഇരുണ്ട സ്ഥലത്ത്, അതായത് നിങ്ങളുടെ ഹൃദയങ്ങളിൽ, പ്രകാശിക്കുന്ന ഒരു വിളക്കായി+ കരുതി നിങ്ങൾ അവയ്‌ക്ക് അടുത്ത ശ്രദ്ധ കൊടുക്കുന്നതു നല്ലതാണ്.
20 തിരുവെഴുത്തിലെ പ്രവചനമൊന്നും ആരും സ്വന്തമായി വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല എന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുക.
21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.+
അടിക്കുറിപ്പുകള്‍
^ അഥവാ “സൂക്ഷ്മമായ.”
^ അഥവാ “സൂക്ഷ്മമായ.”
^ അഥവാ “സൗജന്യമായി തന്നിരിക്കുന്നു.”
^ അഥവാ “സൗജന്യമായി തന്നിരിക്കുന്നു.”
^ അഥവാ “സൂക്ഷ്മമായ.”
^ മറ്റൊരു സാധ്യത “അയാൾക്കു ദൂരക്കാഴ്ചയില്ല.”
^ അതായത്, ഭൗതികശരീരത്തിലായിരിക്കുന്നിടത്തോളം കാലം.
^ അഥവാ “പറയാൻ.”
^ അക്ഷ. “ശബ്ദം.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അക്ഷ. “വഹിക്കപ്പെട്ട്; ചുമക്കപ്പെട്ട്.”