ആമുഖം
പരിശുദ്ധബൈബിൾ—ദൈവത്തിനു നമ്മളോടു പറയാനുള്ളത് എഴുതിത്തന്നിരിക്കുന്ന ഗ്രന്ഥം! ബൈബിളിന്റെ ഗ്രന്ഥകർത്താവിനെ അറിയാൻ നമ്മൾ അതു പഠിക്കണം. (യോഹന്നാൻ 17:3; 2 തിമൊഥെയൊസ് 3:16) ദൈവമായ യഹോവ മനുഷ്യരെയും ഭൂഗൃഹത്തെയും കുറിച്ചുള്ള ഉദ്ദേശ്യം ബൈബിളിന്റെ താളുകളിൽ വെളിപ്പെടുത്തിയിരിക്കുന്നു.—ഉൽപത്തി 3:15; വെളിപാട് 21:3, 4.
ആളുകളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റൊരു പുസ്തകവുമില്ല. യഹോവയുടെ ഗുണങ്ങളായ സ്നേഹം, കരുണ, അനുകമ്പ എന്നിവ ജീവിതത്തിൽ പകർത്താൻ ബൈബിൾ നമ്മളെ പ്രചോദിപ്പിക്കുന്നു. ബൈബിൾ പ്രത്യാശ പകരുന്നു; അതികഠിനമായ ദുരിതങ്ങളിൽപ്പോലും പിടിച്ചുനിൽക്കാൻ ആളുകളെ സഹായിക്കുന്നു. പരിപൂർണമായ ദൈവേഷ്ടത്തിനു ചേർച്ചയിലല്ലാത്ത ഈ ലോകത്തിലെ ഘടകങ്ങൾ ബൈബിൾ തുറന്നുകാട്ടുന്നു.—സങ്കീർത്തനം 119:105; എബ്രായർ 4:12; 1 യോഹന്നാൻ 2:15-17.
എബ്രായ, അരമായ, ഗ്രീക്ക് എന്നീ ഭാഷകളിലാണു ബൈബിൾ ആദ്യം രചിച്ചത്. ഇപ്പോൾ അതു പൂർണമായോ ഭാഗികമായോ 3,000-ത്തിലേറെ ഭാഷകളിൽ പരിഭാഷ ചെയ്തിരിക്കുന്നു. ചരിത്രത്തിൽ ഏറ്റവും അധികം വിവർത്തനം ചെയ്തിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ബൈബിളാണ്. മറ്റൊരു പുസ്തകവും അതിന് അടുത്തെങ്ങും എത്തില്ല. അതിൽ അതിശയിക്കാൻ ഒന്നുമില്ല. കാരണം ബൈബിൾപ്രവചനം ഇതാണ്: “ദൈവരാജ്യത്തിന്റെ (ബൈബിളിലെ മുഖ്യസന്ദേശം ഇതാണ്.) ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.
ബൈബിളിലെ സന്ദേശത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഞങ്ങളുടെ ലക്ഷ്യം ഇതായിരുന്നു: മൂലപാഠത്തോടു പറ്റിനിൽക്കുന്നതും അതേസമയം, വ്യക്തവും എളുപ്പത്തിൽ വായിക്കാനാകുന്നതും ആയ ഒരു പരിഭാഷ പുറത്തിറക്കുക. പിൻപറ്റിയിരിക്കുന്ന ചില പരിഭാഷാതത്ത്വങ്ങളും ഈ പതിപ്പിന്റെ പ്രത്യേകതകളും, അനുബന്ധത്തിലുള്ള “ബൈബിൾപരിഭാഷയിൽ പിൻപറ്റിയ തത്ത്വങ്ങൾ,” “ഈ പരിഭാഷയുടെ പ്രത്യേകതകൾ,” “ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്” എന്നീ ലേഖനങ്ങളിൽ വിശദീകരിച്ചിരിക്കുന്നു.
ദൈവമായ യഹോവയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ദൈവവചനത്തിന്റെ കൃത്യതയുള്ളതും എളുപ്പം മനസ്സിലാകുന്നതും ആയ ഒരു പരിഭാഷ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 2:4) പുതിയ ലോക ഭാഷാന്തരത്തിന്റെ ഈ പതിപ്പു കഴിയുന്നത്ര ഭാഷകളിൽ പരിഭാഷപ്പെടുത്തുക എന്നതാണു ഞങ്ങളുടെ ഉദ്ദേശ്യം. അതിന്റെ ഭാഗമായി ഇപ്പോൾ ഇതാ മലയാളത്തിലും! പ്രിയ വായനക്കാരാ, ‘ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും’ ശ്രമിക്കുമ്പോൾ വിശുദ്ധതിരുവെഴുത്തുകളുടെ ഈ പതിപ്പിൽനിന്ന് താങ്കൾക്കു പ്രയോജനം ലഭിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതുതന്നെയാണു ഞങ്ങളുടെ പ്രാർഥനയും.—പ്രവൃത്തികൾ 17:27.
പുതിയ ലോക ബൈബിൾ ഭാഷാന്തരക്കമ്മിറ്റി