ശാരീരികാരോഗ്യം
ബൈബിൾ ഒരു വൈദ്യശാസ്ത്രഗ്രന്ഥമല്ല. എന്നാൽ ആരോഗ്യത്തോടെ ജീവിക്കാൻവേണ്ട തത്ത്വങ്ങൾ അതിൽ കാണാം. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നോക്കാം.
ശരീരം നന്നായി നോക്കുക
ബൈബിൾതത്ത്വം: “ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. . . . അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്?”—എഫെസ്യർ 5:29.
അതിന്റെ അർഥം: നമ്മുടെ ശരീരം നന്നായി നോക്കാനുള്ള പ്രോത്സാഹനം ഈ ബൈബിൾതത്ത്വം തരുന്നു. പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് ഓരോരുത്തരുടെയും ജീവിതശൈലികൊണ്ടാണെന്ന് ഒരു റിപ്പോർട്ട് പറയുന്നു. നല്ല ജീവിതശൈലി നല്ല ആരോഗ്യം തരുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്
-
പോഷകാഹാരം കഴിക്കുക. പോഷകമൂല്യമുള്ള ആഹാരം കഴിച്ചുകൊണ്ടും ധാരാളം വെള്ളം കുടിച്ചുകൊണ്ടും ആരോഗ്യം നേടുക.
-
ഉണർവോടെ പ്രവർത്തിക്കുക. നിങ്ങളുടെ പ്രായം എത്ര ആയാലും നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടായാലും ഉണർവോടെയുള്ള പ്രവർത്തനം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. വീട്ടിലുള്ളവർക്കും കൂട്ടുകാർക്കും ഡോക്ടർമാർക്കും വ്യായാമം ചെയ്യാൻ നിങ്ങളോടു പറയാനേ കഴിയൂ, പക്ഷേ അതു ചെയ്യേണ്ടതു നിങ്ങൾതന്നെയാണ്.
-
ആവശ്യത്തിന് ഉറങ്ങുക. സ്ഥിരമായി വേണ്ടത്ര ഉറങ്ങാത്തവർക്കു ഗുരുതരമായ രോഗങ്ങൾ വന്നേക്കാം. ഉറങ്ങേണ്ട സമയത്ത് ഇന്നു പലരും മറ്റു പല കാര്യങ്ങളാണു ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ നന്നായി ഉറങ്ങിയാൽ നിങ്ങൾക്കു നന്നായി ജീവിക്കാൻ പറ്റും.
ചീത്തശീലങ്ങൾ നിറുത്തുക.
ബൈബിൾതത്ത്വം: ‘ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കുക.’—2 കൊരിന്ത്യർ 7:1.
അതിന്റെ അർഥം: പുകയിലപോലുള്ള ലഹരിവസ്തുക്കൾ നമ്മൾ ഉപയോഗിക്കാതിരുന്നാൽ നമുക്കു നല്ല ആരോഗ്യം ഉണ്ടാകും. പല രോഗങ്ങൾക്കും മരണങ്ങൾക്കും പ്രധാനകാരണം ഇതിന്റെ ഉപയോഗമാണ്.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ഈ ചീത്തശീലം എന്നു നിറുത്തുമെന്നു കലണ്ടറിൽ കുറിക്കുക. ആ ദിവസത്തിനു മുമ്പേ സിഗരറ്റുകളും തീപ്പെട്ടിയും സിഗരറ്റുചാരം ഇടുന്ന പാത്രവും അതിനോടു ബന്ധപ്പെട്ട സാധനങ്ങളും നശിപ്പിച്ചുകളയുക. ഇത്തരം ചീത്തശീലങ്ങളുള്ള ആളുകൾ കൂടുന്നിടത്തു പോകാതിരിക്കുക. നിങ്ങൾ ഈ ശീലം നിറുത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന കാര്യം കൂട്ടുകാരോടും വീട്ടുകാരോടും പറയുക. അപ്പോൾ അവരുടെ പിന്തുണ നിങ്ങൾക്കുണ്ടാകും.
മറ്റു ബൈബിൾതത്ത്വങ്ങൾ
സുരക്ഷിതമായി കാര്യങ്ങൾ ചെയ്യുക
“ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമതിൽ കെട്ടണം. അല്ലെങ്കിൽ ആരെങ്കിലും അതിന്റെ മുകളിൽനിന്ന് വീഴുകയും നീ നിന്റെ വീടിനു മേൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം വരുത്തിവെക്കുകയും ചെയ്യും.”—ആവർത്തനം 22:8.
ദേഷ്യം നിയന്ത്രിക്കുക.
“പെട്ടെന്നു കോപിക്കാത്തവനു നല്ല വകതിരിവുണ്ട്; എന്നാൽ മുൻകോപി വിഡ്ഢിത്തം കാണിക്കുന്നു.”—സുഭാഷിതങ്ങൾ 14:29.
അമിതഭക്ഷണം ഒഴിവാക്കുക.
‘അത്യാർത്തിയോടെ . . . തിന്നുന്നവരുടെ കൂട്ടത്തിൽ കൂടരുത്.’—സുഭാഷിതങ്ങൾ 23:20.