ഈ ഭൂമി രക്ഷപ്പെടുമോ?
വായു
വായുവില്ലാതെ നമുക്കു ജീവിക്കാൻ പറ്റുമോ? ശ്വസിക്കാൻ മാത്രമല്ല, സൂര്യന്റെ ഹാനികരമായ വികിരണങ്ങളിൽനിന്ന് വായു ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്നു. വായു ഇല്ലായിരുന്നെങ്കിൽ താപനില വളരെയധികം താഴ്ന്ന് ഭൂമി തണുത്തുറഞ്ഞുപോയേനെ.
നമ്മുടെ അന്തരീക്ഷം നേരിടുന്ന ഭീഷണി
വായുമലിനീകരണം ജീവന്റെ നിലനിൽപ്പിന് വലിയൊരു ഭീഷണിയാണ്. ലോകാരോഗ്യസംഘടനയുടെ നിലവാരം വെച്ചുനോക്കിയാൽ, ലോകത്തിലെ ഒരു ശതമാനം ആളുകൾക്കു മാത്രമേ ശുദ്ധവായു ലഭിക്കുന്നുള്ളൂ.
വായുമലിനീകരണം ശ്വാസകോശരോഗങ്ങൾക്കും ക്യാൻസറിനും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഏകദേശം 70 ലക്ഷം ആളുകളാണ് ഓരോ വർഷവും വായുമലിനീകരണം കാരണം അകാലത്തിൽ മരിക്കുന്നത്.
നമ്മുടെ ഭൂമി നിലനിൽക്കാനായി നിർമിച്ചത്
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും എല്ലാ കാലത്തും ശുദ്ധവായു ലഭിക്കുന്ന രീതിയിലാണ് ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ചില പരിവൃത്തികൾ ക്രമീകരിച്ചിട്ടുണ്ട്. വായുമലിനീകരണത്തിന്റെ കാര്യത്തിൽ മനുഷ്യൻ ശ്രദ്ധിച്ചാൽ ഇതെല്ലാം നന്നായി നടക്കും. ചില ഉദാഹരണങ്ങൾ നോക്കാം.
-
വനങ്ങൾക്ക് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട് എന്ന് നമുക്ക് അറിയാം. എന്നാൽ തീരദേശങ്ങളിലെ തണ്ണീർത്തടങ്ങളിൽ വളരുന്ന കണ്ടൽക്കാടുകൾക്ക് ഇക്കാര്യത്തിൽ വനങ്ങളെക്കാൾ പ്രാപ്തിയുണ്ട് എന്ന് പലർക്കും അറിയില്ല. ഉഷ്ണമേഖലാ വനങ്ങളെക്കാൾ അഞ്ച് മടങ്ങ് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കണ്ടൽക്കാടുകൾക്കുണ്ട്.
-
അടുത്തിടെ നടന്ന പഠനങ്ങൾ കാണിക്കുന്നത് കെൽപ് പോലുള്ള വലിയ ആൽഗകൾക്ക് അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനുള്ള കഴിവുണ്ട് എന്നാണ്. കെൽപിന്റെ ഇലകൾ പോലെയുള്ള ഭാഗങ്ങളിൽ വായുസഞ്ചികൾ ഉള്ളതുകൊണ്ട് അവയ്ക്കു പൊങ്ങിക്കിടക്കാനും കുറെ ദൂരം സഞ്ചരിക്കാനും കഴിയുന്നു. സമുദ്രതീരത്തുനിന്ന് കുറെ ദൂരം പോയിക്കഴിയുമ്പോൾ ഈ ചെറുസഞ്ചികൾ പൊട്ടും; അപ്പോൾ കെൽപുകൾ കടലിന്റെ അടിത്തട്ടിലേക്കു താഴും. അങ്ങനെ അതിലുള്ള കാർബൺ ഡൈ ഓക്സൈഡ് പ്രകൃതിക്കു ദോഷം വരാത്ത രീതിയിൽ നൂറ്റാണ്ടുകളോളം ആഴക്കടലിൽ കിടക്കും.
-
മലിനമാക്കപ്പെട്ടാലും തിരിച്ചുവരാനുള്ള അന്തരീക്ഷത്തിന്റെ കഴിവ് കോവിഡ് 19 ലോക്ഡൗണിന്റെ സമയത്ത് നമ്മൾ കണ്ടു. 2020-ൽ ലോകത്തിലെ വിഷപ്പുക തുപ്പുന്ന ഫാക്ടറികളും വാഹനങ്ങളും ഒന്ന് ഓഫാക്കിയപ്പോൾ വായുവിന്റെ ഗുണനിലവാരം വളരെയധികം മെച്ചപ്പെട്ടു. “2020-ലെ ആഗോള വായുനിലവാര റിപ്പോർട്ട്” തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനം നടത്തിയതിൽ 80 ശതമാനത്തിലധികം രാജ്യങ്ങളും റിപ്പോർട്ട് ചെയ്തത്, ലോക്ഡൗൺ ഏർപ്പെടുത്തി കുറച്ച് കാലത്തിനുള്ളിൽത്തന്നെ അവിടത്തെ വായുവിന്റെ നിലവാരം മെച്ചപ്പെട്ടു എന്നാണ്.
ഇന്നു മനുഷ്യൻ ചെയ്യുന്നത്
വായുമലിനീകരണം കുറയ്ക്കാൻ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നവരോട് ഗവൺമെന്റുകൾ നിർദേശിക്കാറുണ്ട്. കൂടാതെ, മലിനീകരണംകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർ പുതിയപുതിയ വഴികൾ നോക്കുന്നുണ്ട്. ഉദാഹരണത്തിന്, സൂക്ഷ്മജീവികളെ ഉപയോഗിച്ചുകൊണ്ട് ഹാനികരമായ കണികകളെ ഹാനികരമല്ലാതാക്കി മാറ്റുന്നു. ഇനി, സൈക്കിൾ ഉപയോഗിക്കാനും നടന്നുപോകാനും വീടുകളിൽ ഊർജം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാനും വിദഗ്ധർ നിർദേശിക്കുന്നു.
പക്ഷേ അതുമാത്രം മതിയാകുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടനയും ലോകബാങ്കും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ 2022-ൽ സമർപ്പിച്ച ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2020-ൽ ലോകജനസംഖ്യയിലെ മൂന്നിലൊന്ന് ആളുകൾ പാചകത്തിനായി ഉപയോഗിച്ചത് വായുവിനെ മലിനമാക്കുന്ന ഇന്ധനങ്ങളും ഉപകരണങ്ങളും ആണെന്ന് ഈ റിപ്പോർട്ട് പറയുകയുണ്ടായി. പല സ്ഥലങ്ങളിലും മിക്കവരുടെ കൈയിലും പുതിയ സ്റ്റൗ മേടിക്കാനോ മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കാനോ ഉള്ള പണമില്ല.
ബൈബിൾ പ്രതീക്ഷയ്ക്കു വകനൽകുന്നു
“ആകാശത്തിന്റെ സ്രഷ്ടാവ്, . . . ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം, അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം, . . . യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു.”—യശയ്യ 42:5.
നമ്മൾ ശ്വസിക്കുന്ന വായു നിർമിച്ചത് ദൈവമാണ്. ആ വായു ശുദ്ധീകരിക്കുന്നതിനായി പ്രകൃതിയിൽ പരിവൃത്തികൾ ക്രമീകരിച്ചതും ദൈവമാണ്. ദൈവത്തിന് അപരിമിതമായ ശക്തിയുണ്ട്, മനുഷ്യരോട് അഗാധമായ സ്നേഹവും. അങ്ങനെയെങ്കിൽ ആ ദൈവം ഈ വായുമലിനീകരണത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യില്ല എന്നു ചിന്തിക്കാൻ കഴിയുമോ? “ഈ ഭൂമി നിലനിൽക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു” എന്ന ലേഖനം കാണുക