മുഖ്യലേഖനം | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ
2 സാഹചര്യം അനുകൂലമാക്കുക
-
നിങ്ങൾ ഭക്ഷണകാര്യങ്ങൾക്കു നല്ലവണ്ണം ശ്രദ്ധ കൊടുക്കാൻ തീരുമാനമെടുത്തതാണ്. പക്ഷേ ആ ഐസ്ക്രീം പാത്രം കണ്ടാൽ അതിൽ നിങ്ങളുടെ പേര് എഴുതി നിങ്ങൾക്കുവേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്നു നിങ്ങൾക്കു തോന്നുന്നു!
-
പുകവലി നിറുത്താൻ നിങ്ങൾ തീരുമാനിച്ചതാണ്. പക്ഷേ ഇത് അറിയാവുന്ന നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളുടെ നേരെ വീണ്ടും ഒരു സിഗരറ്റ് നീട്ടുന്നു.
-
നിങ്ങൾ ഇന്നു വ്യായാമം ചെയ്യാൻ തീരുമാനിച്ചതാണ്. പക്ഷേ അലമാരയിൽനിന്ന് രാവിലെ ഷൂ കണ്ടുപിടിക്കുന്നതുതന്നെ വലിയൊരു പണിയായി നിങ്ങൾക്കു തോന്നുന്നു.
ഈ രംഗങ്ങൾക്കെല്ലാം എന്തെങ്കിലും സമാനതയുണ്ടോ? നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്ന കാര്യമായാലും ദുശ്ശീലങ്ങൾ ഉപേക്ഷിക്കുന്ന കാര്യമായാലും, നമ്മുടെ സാഹചര്യങ്ങൾക്കും നമ്മളോടൊപ്പം സമയം ചെലവഴിക്കുന്ന ആളുകൾക്കും അതിൽ വലിയൊരു പങ്കുണ്ട് എന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്.
ബൈബിൾതത്ത്വം: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3.
കാര്യങ്ങൾ മുൻകൂട്ടിക്കാണാൻ ബൈബിൾ നമ്മളെ ഉപദേശിക്കുന്നു. അങ്ങനെ ചെയ്താൽ ലക്ഷ്യങ്ങളിൽനിന്ന് നമ്മളെ അകറ്റിക്കളയാൻ സാധ്യതയുള്ള സാഹചര്യങ്ങൾ വിവേകത്തോടെ ഒഴിവാക്കാനും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാനും നമുക്കു കഴിയും. (2 തിമൊഥെയൊസ് 2:22) ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സാഹചര്യങ്ങൾ അനുകൂലമാക്കിയെടുക്കുന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കണം.
തെറ്റായ കാര്യങ്ങൾ ചെയ്യുന്നതു ബുദ്ധിമുട്ടാക്കുക, ശരിയായ കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമാക്കുക
നിങ്ങൾക്കു ചെയ്യാവുന്നത്
-
തെറ്റായ കാര്യങ്ങൾ ചെയ്യുന്നതു ബുദ്ധിമുട്ടാക്കുക. ഉദാഹരണത്തിന്, നല്ല രുചിയുണ്ടെങ്കിലും ആരോഗ്യത്തിനു നന്നല്ലാത്ത ഭക്ഷണം ഒഴിവാക്കണമെന്നുണ്ടോ? അത്തരം ഭക്ഷണസാധനങ്ങൾ അടുക്കളയിൽ സൂക്ഷിക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ പ്രലോഭനമുണ്ടാകുമ്പോൾ വഴങ്ങിക്കൊടുക്കുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കും, വഴങ്ങിക്കൊടുക്കാതിരിക്കുന്നത് എളുപ്പവും.
-
ശരിയായ കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമാക്കുക. ഉദാഹരണത്തിന്, രാവിലെ എഴുന്നേറ്റാലുടൻ വ്യായാമം ചെയ്യണമെന്നു നിങ്ങൾ തീരുമാനിക്കുന്നെന്നിരിക്കട്ടെ. തലേദിവസം രാത്രിതന്നെ നിങ്ങളുടെ വ്യായാമവസ്ത്രം നിങ്ങളുടെ കിടക്കയ്ക്കരികിൽ തയ്യാറാക്കിവെക്കുക. ഒന്നു തുടങ്ങിക്കിട്ടിയാൽപ്പിന്നെ അതു തുടർന്നുകൊണ്ടുപോകാൻ എളുപ്പമായിരിക്കും.
-
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. കാരണം ആരുടെകൂടെയാണോ നമ്മൾ സമയം ചെലവഴിക്കുന്നത്, അവരെപ്പോലെ നമ്മളും പെരുമാറാനുള്ള സാധ്യത കൂടുതലാണ്. (1 കൊരിന്ത്യർ 15:33) അതുകൊണ്ട് നിങ്ങൾ നിറുത്താൻ ആഗ്രഹിക്കുന്ന ദുശ്ശീലങ്ങൾ തുടരാൻ പ്രേരിപ്പിക്കുന്നവരുമായുള്ള കൂട്ടുകെട്ടിനു പരിധി വെക്കുക. പകരം നല്ല ശീലങ്ങൾ വളർത്താൻ സഹായിക്കുന്നവരെ കണ്ടുപിടിച്ച് സുഹൃത്തുക്കളാക്കുക. (g16-E No. 4)