ദുഃഖിതർക്ക് ആശ്വാസവും സഹായവും
എന്തു പ്രതീക്ഷിക്കണം?
ദുഃഖത്തിനു പല ഘട്ടങ്ങളുണ്ടെന്നാണു ചില വിദഗ്ധർ പറയുന്നത്. പക്ഷേ, ഓരോരുത്തരും ദുഃഖം പ്രകടിപ്പിക്കുന്ന വിധം വ്യത്യസ്തമായിരിക്കാം. എന്നു കരുതി ചിലർക്കു പ്രിയപ്പെട്ടവരെ നഷ്ടമായതിലുള്ള ദുഃഖം കുറവാണെന്നോ അതു കടിച്ചമർത്തുകയാണെന്നോ ആണോ അതിന് അർഥം? അങ്ങനെയായിരിക്കണമെന്നില്ല. ദുഃഖം തോന്നുന്നതു സ്വാഭാവികമാണെന്നു മനസ്സിലാക്കുന്നതും അതുപോലെ അതു പ്രകടിപ്പിക്കുന്നതും ആശ്വാസം നൽകിയേക്കാമെങ്കിലും, ദുഃഖം “ഇന്ന വിധത്തിൽ” പ്രകടിപ്പിക്കുന്നതാണു ശരി എന്നു പറയാനാകില്ല. അത് ഒരു വലിയ അളവുവരെ ഓരോരുത്തരുടെയും സംസ്കാരത്തെയും വ്യക്തിത്വത്തെയും ജീവിതാനുഭവങ്ങളെയും പ്രിയപ്പെട്ടവരെ എങ്ങനെ നഷ്ടമായി എന്നതിനെയും ഒക്കെ ആശ്രയിച്ചിരിക്കും.
അവസ്ഥ എത്രത്തോളം മോശമായേക്കാം?
പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കണമെന്നു പലർക്കും അറിയില്ല. വൈകാരികമായും ശാരീരികമായും ചില പ്രശ്നങ്ങൾ പൊതുവേ ഉണ്ടാകാറുണ്ട്. മിക്കവാറും അവ മുൻകൂട്ടിക്കാണാവുന്നതുമാണ്. ചില പ്രശ്നങ്ങൾ നോക്കാം:
വൈകാരികമായ തളർച്ച. മരിച്ചയാളെ കാണണമെന്ന അതിയായ ആഗ്രഹം തോന്നിയേക്കാം, പെട്ടെന്നു ദേഷ്യവും നിരാശയും ഒക്കെ വന്നേക്കാം, പലപ്പോഴും പൊട്ടിക്കരഞ്ഞെന്നും വരാം. മരിച്ചയാളെക്കുറിച്ചുള്ള ഓർമകളും സ്വപ്നങ്ങളും ദുഃഖത്തിന്റെ തീവ്രത കൂട്ടാനും സാധ്യതയുണ്ട്. എങ്കിലും, ആദ്യം ഞെട്ടലും അങ്ങനെ സംഭവിച്ചെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടും ആയിരിക്കാം തോന്നുന്നത്. ഭർത്താവായ ടിമോ അപ്രതീക്ഷിതമായി മരിച്ചപ്പോഴുള്ള തന്റെ അവസ്ഥയെക്കുറിച്ച് ടീന ഇങ്ങനെ പറയുന്നു: “ആദ്യം ഒരു മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. കരയാൻപോലും കഴിഞ്ഞില്ല. ചിലപ്പോൾ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നി. സംഭവിച്ചത് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.”
പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠയും ദേഷ്യവും കുറ്റബോധവും സാധാരണമാണ്. ഐവാൻ ഇങ്ങനെ പറയുന്നു: “24-ാം വയസ്സിൽ ഞങ്ങളുടെ മകൻ എറിക്ക് മരിച്ചപ്പോൾ, കുറച്ച് കാലത്തേക്ക് എനിക്കും എന്റെ ഭാര്യ യൊലാൻഡയ്ക്കും ഭയങ്കര ദേഷ്യമായിരുന്നു. ഞങ്ങൾ ഇത്രയും ദേഷ്യമുള്ളവരാണെന്നു ഞങ്ങൾക്ക് ഇതിനു മുമ്പു തോന്നിയിട്ടേ ഇല്ല! മോനുവേണ്ടി എന്തെങ്കിലും കുറച്ചുകൂടി ചെയ്യാൻ പറ്റുമായിരുന്നു എന്ന് ഓർത്ത് ഞങ്ങൾക്കു കുറ്റബോധവും തോന്നി.” കുറെ കാലം രോഗവുമായി മല്ലിട്ടശേഷം തന്റെ ഭാര്യ മരിച്ചപ്പോൾ അലാൻഡ്രോയ്ക്കും കുറ്റബോധം തോന്നി. അദ്ദേഹം പറയുന്നു: “ഞാനൊരു ചീത്ത ആളായതുകൊണ്ടായിരിക്കും ദൈവം എന്നെ ഇത്രയധികം കഷ്ടപ്പെടാൻ അനുവദിക്കുന്നതെന്ന് ആദ്യം ഓർത്തു. പക്ഷേ ദൈവത്തെ കുറ്റപ്പെടുത്തിയല്ലോ എന്ന് ഓർത്ത് പിന്നെ എനിക്കു വിഷമം തോന്നി.” കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞ കോസ്റ്റസ് ഇങ്ങനെ പറയുന്നു: “മരിച്ചുപോയതിന്, ചില സമയത്ത് സോഫിയയോടുപോലും എനിക്കു ദേഷ്യം തോന്നി. പക്ഷേ പിന്നെ എനിക്ക് അങ്ങനെ തോന്നിയല്ലോ എന്ന് ഓർത്ത് വിഷമമായി. എന്തായാലും മരിച്ചത് അവളുടെ കുഴപ്പമല്ലല്ലോ.”
നേരെചൊവ്വേ ചിന്തിക്കാനുള്ള ബുദ്ധിമുട്ട്. ചിലപ്പോഴൊക്കെ മനസ്സ് അലഞ്ഞുതിരിയുകയും ശരിയായി ചിന്തിക്കാൻ പറ്റാതെ വരുകയും ചെയ്തേക്കാം. ഉദാഹരണത്തിന് പ്രിയപ്പെട്ട ഒരാളെ നഷ്ടമായ ആൾക്ക്, ആ വ്യക്തിയെ കാണുന്നതായും അയാൾ പറയുന്നതു കേൾക്കുന്നതായും തന്നോടൊപ്പമായിരിക്കുന്നതായും തോന്നിയേക്കാം. അതുപോലെ ദുഃഖിച്ചിരിക്കുന്നവർക്കു ശ്രദ്ധ കേന്ദ്രീകരിക്കാനോ കാര്യങ്ങൾ ഓർക്കാനോ ബുദ്ധിമുട്ടു തോന്നിയേക്കാം. ടീന പറയുന്നു: “ചിലപ്പോൾ ഞാൻ ആരോടെങ്കിലും സംസാരിക്കുകയായിരിക്കും, പക്ഷേ എന്റെ മനസ്സ് അവിടെയായിരിക്കില്ല! അത് ടിമോയുടെ മരണത്തിലും അതെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളിലും ആയിരിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തതുതന്നെ കഷ്ടമായിരുന്നു.”
ഉൾവലിയാനുള്ള തോന്നൽ. ദുഃഖിച്ചിരിക്കുന്ന ഒരാൾക്കു മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോൾ അസ്വസ്ഥത തോന്നിയേക്കാം. കോസ്റ്റസ് ഇങ്ങനെ പറയുന്നു: “കല്യാണം കഴിച്ചവരോടൊപ്പമായിരുന്നപ്പോൾ, ഞാൻ അധികപ്പറ്റാണെന്നു തോന്നി. ഏകാകികളോടൊപ്പമായിരുന്നപ്പോഴും എനിക്ക് ഇതുതന്നെയാണു തോന്നിയത്.” ഐവാന്റെ ഭാര്യ യൊലാൻഡ പറയുന്നു: “ചിലർ ചില പ്രശ്നങ്ങളെക്കുറിച്ച് പറയാറുണ്ട്. ഞങ്ങളുടേതുവെച്ച് നോക്കുമ്പോൾ അതൊന്നും ഒന്നുമല്ല. അവർ പറയുന്നത് കേട്ടിരിക്കാൻ വലിയ പ്രയാസം തോന്നി. മക്കളുടെ നേട്ടങ്ങളെക്കുറിച്ച് ഞങ്ങളോടു പറയുന്നവരുമുണ്ടായിരുന്നു. എനിക്ക് അതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും അതു കേട്ടിരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ജീവിതം ഇനി ഇങ്ങനെയൊക്കെയാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിനെയൊക്കെ നേരിടാനുള്ള ആഗ്രഹവും ക്ഷമയും ഞങ്ങൾക്ക് ഇല്ലായിരുന്നു.”
ആരോഗ്യപ്രശ്നങ്ങൾ. വിശപ്പിലും തൂക്കത്തിലും ഉറക്കത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ സാധാരണമാണ്. അച്ഛൻ മരിച്ചശേഷം ഒരു വർഷത്തേക്കു വലിയ ബുദ്ധിമുട്ടായിരുന്നെന്ന് ആരോൺ പറയുന്നു. “എനിക്ക് ഉറക്കപ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛനെക്കുറിച്ച് ഓർത്ത് ഞാൻ എല്ലാ രാത്രിയും ഒരേ സമയം ഉണരുമായിരുന്നു.”
അലാൻഡ്രോയ്ക്ക് എന്തൊക്കെയോ ആരോഗ്യപ്രശ്നങ്ങളുള്ളതുപോലെ തോന്നി. അദ്ദേഹം പറയുന്നു: “പല തവണ ഡോക്ടറെ കണ്ടപ്പോഴും എനിക്കു കുഴപ്പമൊന്നുമില്ലെന്നാണു ഡോക്ടർ പറഞ്ഞത്. വിഷമം ഉള്ളതുകൊണ്ടായിരിക്കും ഇങ്ങനെ ഓരോന്നു തോന്നുന്നതെന്ന് എനിക്കു മനസ്സിലായി.” ആ ആരോഗ്യപ്രശ്നങ്ങൾ പതിയെപ്പതിയെ ഇല്ലാതായി. എങ്കിലും അലാൻഡ്രോ ഡോക്ടറെ കണ്ടതു നന്നായി. കാരണം സാധാരണഗതിയിൽ ദുഃഖിച്ചിരുന്നാൽ പ്രതിരോധശേഷി കുറയും. അങ്ങനെ, ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയോ ഉള്ള പ്രശ്നങ്ങൾ വഷളാകുകയോ ചെയ്തേക്കാം.
അത്യാവശ്യകാര്യങ്ങൾപോലും ചെയ്യാനുള്ള ബുദ്ധിമുട്ട്. ഐവാൻ പറയുന്നു: “എറിക്കിന്റെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം അറിയിച്ചാൽ പോരായിരുന്നു. അവന്റെ തൊഴിലുടമയെയും വാടകവീടിന്റെ ഉടമസ്ഥനെയും അങ്ങനെ പലരെയും അറിയിക്കണമായിരുന്നു. നിയമപരമായ പല രേഖകളും പൂരിപ്പിക്കാനുമുണ്ടായിരുന്നു. എറിക്കിന്റെ സാധനങ്ങളൊക്കെ എടുത്ത് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു നോക്കണമായിരുന്നു. ഞങ്ങൾ മാനസികവും ശാരീരികവും വൈകാരികവും ആയി തളർന്നിരുന്ന അവസ്ഥയിലാണ് ഇതെല്ലാം ചെയ്യേണ്ടിയിരുന്നത്.”
എന്നാൽ ചിലർക്കു ശരിക്കും ബുദ്ധിമുട്ടു തോന്നുന്നതു പിന്നീടാണ്. പ്രിയപ്പെട്ട ആൾ മുമ്പു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യേണ്ടിവരുമ്പോഴായിരിക്കും ഇതു സംഭവിക്കുന്നത്. ഇതുപോലൊരു അവസ്ഥയിലായിത്തീർന്ന ടീന പറയുന്നു: “ബാങ്കുകാര്യങ്ങളും ബിസിനെസ്സുകാര്യങ്ങളും നോക്കിയിരുന്നത് ടിമോയായിരുന്നു. ടിമോ ഇല്ലാതായപ്പോൾ അതെല്ലാം ഞാൻ ചെയ്യേണ്ടിവന്നു. അതെന്റെ പിരിമുറുക്കം ഒന്നുകൂടി കൂട്ടി. എനിക്ക് അതെല്ലാം കൈകാര്യം ചെയ്യാൻ പറ്റുമോ എന്നു ഞാൻ ഓർത്തു.”
മുകളിൽ പറഞ്ഞ വൈകാരികവും മാനസികവും ശാരീരികവും ആയ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ഈ ദുഃഖം മറികടക്കാൻ എളുപ്പമല്ലെന്നു തോന്നിയേക്കാം. ശരിയാണ്, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാകുമ്പോഴുള്ള വേദന തീവ്രമായിരിക്കാം. പക്ഷേ ഇതു നേരത്തെ മനസ്സിലാക്കുന്നെങ്കിൽ ആ വേദനയിൽനിന്ന് കരകയറാൻ കഴിഞ്ഞേക്കും. എന്നാൽ എല്ലാവർക്കും ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടാകണമെന്നുമില്ല. ദുഃഖിതർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ് എന്ന് അറിയുന്നത് അൽപ്പം ആശ്വാസം നൽകിയേക്കാം.
എനിക്ക് ഇനി എന്നെങ്കിലും സന്തോഷിക്കാൻ കഴിയുമോ?
എന്തു പ്രതീക്ഷിക്കണം? ദുഃഖത്തിന്റെ തീവ്രത എല്ലാ കാലത്തും ഒരുപോലെ തുടരില്ല. അതു പതിയെപ്പതിയെ കുറഞ്ഞുവരും. ഒരാളുടെ ദുഃഖം പൂർണമായി മാറുമെന്നോ പ്രിയപ്പെട്ട ആളെ മറക്കുമെന്നോ ഇതിന് അർഥമില്ല. എങ്കിലും പതുക്കെ ദുഃഖത്തിന്റെ കാഠിന്യം കുറയും. പെട്ടെന്നു ചില ഓർമകൾ വരുമ്പോഴോ ചില പ്രത്യേകദിവസങ്ങളിലോ വീണ്ടും വിഷമം തോന്നിയേക്കാം. മിക്കവരും ക്രമേണ വൈകാരികസമനില വീണ്ടെടുക്കും, സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുകയും ചെയ്യും. ദുഃഖത്തെ മറികടക്കാൻ ന്യായമായ കാര്യങ്ങൾ ഒരാൾ ചെയ്യുകയും, സുഹൃത്തുക്കളും വീട്ടുകാരും അയാളെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ ഇത് എളുപ്പമായിരിക്കും.
എത്ര കാലമെടുക്കും? ചിലരുടെ കാര്യത്തിൽ ഏതാനും മാസങ്ങൾ മതിയാകും. എന്നാൽ പലർക്കും ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോഴായിരിക്കാം തങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതായി തോന്നുന്നത്. മറ്റു ചിലർക്ക് അതിലും കൂടുതൽ സമയം വേണ്ടിവരും. a അലാൻഡ്രോ പറയുന്നു: “മൂന്നു വർഷത്തോളം എന്റെ അവസ്ഥയ്ക്കു മാറ്റമൊന്നും വന്നില്ല.”
കാര്യങ്ങൾ നേരെയാകുന്നതിനു സമയം അനുവദിക്കുക. അന്നന്നത്തെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. നിങ്ങൾക്കു കഴിയുന്നതുപോലെ മാത്രം കാര്യങ്ങൾ ചെയ്യുക. ദുഃഖത്തിന്റെ കാഠിന്യം കാലക്രമേണ കുറയുകതന്നെ ചെയ്യും. എന്നാൽ ഇപ്പോഴത്തെ ദുഃഖം കുറയ്ക്കാനും അതു നീണ്ടുനിൽക്കാതിരിക്കാനും എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ദുഃഖിതർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്
a ചിലരുടെ കാര്യത്തിൽ “സങ്കീർണം” എന്നോ “വിട്ടുമാറാത്തത്” എന്നോ വിശേഷിപ്പിക്കാവുന്ന വിധത്തിൽ ദുഃഖം അതികഠിനവും നീണ്ടുനിൽക്കുന്നതും ആയിരിക്കും. അങ്ങനെയുള്ളവർക്കു മാനസികാരോഗ്യ വിദഗ്ധരുടെ സഹായം പ്രയോജനം ചെയ്തേക്കും.