ജീവിക്കുന്നതിൽ അർഥമുണ്ട്
ജീവിതം വഴിമുട്ടിക്കുന്നതായി തോന്നിക്കുന്ന പല വേദനാകരമായ സംഭവങ്ങളെക്കുറിച്ച് മുൻലേഖനങ്ങളിൽ നമ്മൾ കണ്ടു. ചില പ്രശ്നങ്ങൾ അലട്ടുമ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘ജീവിക്കുന്നതിൽ അർഥമുണ്ടോ, എന്നെക്കുറിച്ച് ആർക്കെങ്കിലും ചിന്തയുണ്ടോ?’ നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ച് ദൈവത്തിനു ചിന്തയുണ്ടെന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കുക. നിങ്ങൾ ദൈവത്തിനു വേണ്ടപ്പെട്ടയാളാണ്.
86-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് എനിക്ക് ഉത്തരം തരുമെന്ന് എനിക്ക് അറിയാം.” (സങ്കീർത്തനം 86:7) നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എന്റെ “കഷ്ടകാലത്ത്” ദൈവം എനിക്ക് എങ്ങനെ ഉത്തരം തരും?’
ദൈവം നിങ്ങളുടെ പ്രശ്നങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കില്ലെങ്കിലും സഹിച്ചുനിൽക്കാൻ സഹായിക്കുന്ന ആന്തരികസമാധാനം തരുമെന്നു തന്റെ വചനമായ ബൈബിളിലൂടെ ദൈവം ഉറപ്പു തരുന്നു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും ചിന്തകളെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.” (ഫിലിപ്പിയർ 4:6, 7, അടിക്കുറിപ്പ്) പിൻവരുന്ന ബൈബിൾവാക്യങ്ങൾ ദൈവത്തിന്റെ ആർദ്രമായ കരുതലിനെക്കുറിച്ച് നമുക്ക് ഉറപ്പു തരുന്നത് എങ്ങനെയെന്നു നോക്കൂ.
ദൈവം നിങ്ങൾക്കുവേണ്ടി കരുതുന്നു
“(കുരുവികളിൽ) ഒന്നിനെപ്പോലും ദൈവം അവഗണിക്കുന്നില്ല. . . . അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!”—ലൂക്കോസ് 12:6, 7, അടിക്കുറിപ്പ്.
ചിന്തിക്കൂ: നിസ്സാരമെന്നു തോന്നുന്ന പക്ഷികളെപ്പോലും ദൈവം വിലപ്പെട്ടതായി കാണുന്നു. ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതെ ഒരു ചെറിയ കുരുവിപോലും പറക്കുന്നില്ല, അവയെല്ലാം ദൈവത്തിനു വിലയേറിയതാണ്. കുരുവികളെക്കാൾ വളരെയേറെ മൂല്യമുള്ളവരായാണു ദൈവം മനുഷ്യരെ കാണുന്നത്. ഭൂമിയിലെ, ദൈവത്തിന്റെ ഏറ്റവും മഹനീയസൃഷ്ടിയായ മനുഷ്യനെ ദൈവം സ്വന്തം ‘ഛായയിലാണു’ സൃഷ്ടിച്ചത്. (ഉൽപത്തി 1:26, 27) തന്റെ ശ്രേഷ്ഠമായ ഗുണങ്ങൾ വളർത്തിയെടുക്കാനും അതു പ്രകടിപ്പിക്കാനും ഉള്ള കഴിവും ദൈവം മനുഷ്യർക്കു കൊടുത്തു.
“യഹോവേ, അങ്ങ് എന്നെ സൂക്ഷ്മമായി പരിശോധിച്ചിരിക്കുന്നു; അങ്ങ് എന്നെ അറിയുന്നല്ലോ. . . . അങ്ങ് . . . എന്റെ ചിന്തകൾ മനസ്സിലാക്കുന്നു. . . . എന്നെ പരിശോധിച്ച് എന്റെ ഉത്കണ്ഠകൾ മനസ്സിലാക്കേണമേ.”—സങ്കീർത്തനം 139:1, 2, 23.
ചിന്തിക്കൂ: ദൈവത്തിനു നിങ്ങളെ വ്യക്തിപരമായി അറിയാം. നിങ്ങളുടെ ഏറ്റവും സ്വകാര്യമായ ചിന്തകളും വികാരങ്ങളും ദൈവം അറിയുന്നു. മറ്റുള്ളവർക്കു നിങ്ങളുടെ പ്രശ്നം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ദൈവം നിങ്ങൾക്കുവേണ്ടി കരുതുകയും നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ജീവിക്കുന്നതിൽ അർഥമുണ്ട്.
നിങ്ങളുടെ ജീവിതത്തിന് അർഥമുണ്ട്
“യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; സഹായത്തിനായുള്ള എന്റെ നിലവിളി തിരുസന്നിധിയിൽ എത്തട്ടെ. . . . അങ്ങയുടെ ചെവി എന്നിലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുമ്പോൾ വേഗം ഉത്തരം തരേണമേ. . . . അഗതികളുടെ പ്രാർഥനയ്ക്കു ദൈവം ചെവി ചായിക്കും.”—സങ്കീർത്തനം 102:1, 2, 17.
ചിന്തിക്കൂ: മനുഷ്യൻ ദുരിതം അനുഭവിച്ച് തുടങ്ങിയ കാലംമുതൽ പൊഴിച്ച ഓരോ തുള്ളി കണ്ണിരിന്റെയും രേഖ ദൈവമായ യഹോവ സൂക്ഷിച്ചുവെച്ചിരിക്കുന്നതുപോലെയാണ് ഇത്. (സങ്കീർത്തനം 56:8) ഇതിൽ നിങ്ങളുടെ കണ്ണീരുമുണ്ട്. നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടും പൊഴിച്ച കണ്ണീരും ദൈവം തീർച്ചയായും ഓർക്കുന്നുണ്ട്. കാരണം നിങ്ങൾ ദൈവത്തിനു വേണ്ടപ്പെട്ടവരാണ്.
“ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, . . . ‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”—യശയ്യ 41:10, 13.
ചിന്തിക്കൂ: ദൈവം നിങ്ങളെ സഹായിക്കാൻ ഒരുക്കമുള്ളവനാണ്. നിങ്ങൾ വീണാലും ദൈവം നിങ്ങളെ എഴുന്നേൽപ്പിക്കും.
നല്ലൊരു ഭാവിപ്രത്യാശ നമുക്കുണ്ട്
“തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”—യോഹന്നാൻ 3:16.
ചിന്തിക്കൂ: ദൈവത്തിനു നിങ്ങളെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് സ്വന്തം മകനായ യേശുവിനെ മനസ്സോടെ ഒരു ബലിയായി നിങ്ങൾക്കുവേണ്ടി നൽകിയത്. അതുവഴി, സന്തോഷത്തോടെ ഉദ്ദേശ്യപൂർണമായ ജീവിതം എന്നേക്കും നയിക്കാൻ കഴിയുമെന്ന പ്രത്യാശ നിങ്ങൾക്കു ലഭിച്ചു. a
ഇപ്പോൾ നിങ്ങൾക്കു പല പ്രശ്നങ്ങളുണ്ടായിരിക്കാം, അല്ലെങ്കിൽ ജീവിതം വഴിമുട്ടിയതായിപ്പോലും തോന്നുന്നുണ്ടാകാം. എന്നാലും ദൈവവചനം പഠിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള പ്രത്യാശയിൽ വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുക. അതു നിങ്ങൾക്കു സന്തോഷവും ജീവിക്കുന്നതിൽ അർഥമുണ്ടെന്ന ബോധ്യവും തരും.
a യേശുവിന്റെ ബലിയർപ്പണത്തിലൂടെ നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാനാകും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ www.mt1130.com വെബ്സൈറ്റിലെ ഞങ്ങളെക്കുറിച്ച് > സ്മാരകം എന്ന ഭാഗത്തെ യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ കാണുക.