ഭാവിയെക്കുറിച്ച് ഉള്ള സത്യം
ഭാവിയിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തൊട്ടടുത്ത ഭാവിയിൽ പ്രധാനപ്പെട്ട ചില സംഭവങ്ങൾ നടക്കുമെന്നും അത് മനുഷ്യരെയെല്ലാം ബാധിക്കുമെന്നും ബൈബിൾ പറയുന്നു.
‘ദൈവരാജ്യം അടുത്ത് എത്തിയെന്നു മനസ്സിലാക്കാൻ’ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് യേശു വിശദീകരിച്ചു. (ലൂക്കോസ് 21:31) മറ്റു പല കാര്യങ്ങളും നടക്കുന്നതോടൊപ്പം വലിയ യുദ്ധങ്ങളും ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും എന്ന് യേശു പറഞ്ഞു. അതാണ് നമ്മൾ ഇന്നു കാണുന്നത്.—ലൂക്കോസ് 21:10-17.
മനുഷ്യഭരണത്തിന്റെ “അവസാനകാലത്ത്” ആളുകൾ മോശമായി പെരുമാറും എന്ന് ബൈബിൾ പറയുന്നു. 2 തിമൊഥെയൊസ് 3:1-5 വരെയുള്ള ബൈബിൾവാക്യങ്ങളിൽ അതെക്കുറിച്ച് കാണാം. ഇതിൽ പറഞ്ഞ രീതിയിലുള്ള പെരുമാറ്റവും മനോഭാവവും ഇന്നു കാണുമ്പോൾ ഒരു സംശയവും വേണ്ടാ, ഇത് ബൈബിൾപ്രവചനത്തിൽ പറഞ്ഞിരിക്കുന്നതുപ്പോലെതന്നെ ആണല്ലോ എന്നു നിങ്ങൾ ചിന്തിക്കും.
എന്താണ് ഇതിനർഥം? ദൈവരാജ്യം ഭൂമിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സമയം അടുത്ത് എത്തിയിരിക്കുകയാണ്. അതു നമ്മുടെ ജീവിതം മെച്ചപ്പെടുത്തും. (ലൂക്കോസ് 21:36) ഭൂമിയിൽ നടക്കാൻ പോകുന്ന നല്ല കാര്യങ്ങളെക്കുറിച്ചും അവിടെ താമസിക്കുന്ന മനുഷ്യരെക്കുറിച്ചും ബൈബിൾ പറയുന്നു. ചില ഉദാഹരണങ്ങൾ നോക്കൂ!
മികച്ച ഭരണം
“എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് (യേശുവിന്) ആധിപത്യവും ബഹുമതിയും രാജ്യവും നൽകി.അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.”—ദാനിയേൽ 7:14.
അർഥം: തന്റെ പുത്രനെ രാജാവാക്കിക്കൊണ്ട് ദൈവം സ്ഥാപിക്കുന്ന ഒരു ആഗോളഗവൺമെന്റിലൂടെ നിങ്ങൾക്കു ജീവിതം ആസ്വദിക്കാം.
നല്ല ആരോഗ്യം
‘“എനിക്കു രോഗമാണ്” എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.’—യശയ്യ 33:24.
അർഥം: നിങ്ങൾക്ക് ഒരിക്കലും അസുഖങ്ങളോ വൈകല്യങ്ങളോ പിടിപെടില്ല. മരിക്കാതെ എന്നേക്കും ജീവിക്കാനാകും.
ആഗോളസമാധാനം
“ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു.”—സങ്കീർത്തനം 46:9.
അർഥം: യുദ്ധത്തെക്കുറിച്ചോ അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഉള്ള ഭയം വേണ്ടാ.
നല്ല ആളുകളെക്കൊണ്ട് ഭൂമി നിറയും
“ദുഷ്ടന്മാരുണ്ടായിരിക്കില്ല. . . . സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും.”—സങ്കീർത്തനം 37:10, 11.
അർഥം: ദുഷ്ടരായ ആളുകൾ ആരും ഉണ്ടായിരിക്കില്ല. ദൈവത്തെ അനുസരിക്കുന്നവർ മാത്രമായിരിക്കും അവിടെ ഉണ്ടായിരിക്കുക.
ഭൂമി മുഴുവൻ ഒരു പറുദീസയാകും
“അവർ വീടുകൾ പണിത് താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും.”—യശയ്യ 65:21, 22.
അർഥം: മുഴു ഭൂമിയും മനോഹരമാക്കും. ദൈവത്തിന്റെ ഇഷ്ടം ‘ഭൂമിയിൽ നടക്കേണമേ’ എന്ന നമ്മുടെ പ്രാർഥന ദൈവം നിറവേറ്റും.—മത്തായി 6:10.