ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ?
സൃഷ്ടി പഠിപ്പിക്കുന്നത്
അമ്മയുടെ വയറ്റിൽനിന്ന് പുറത്തുവരുന്ന ഒരു കുഞ്ഞ് പുതിയ ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണായകമാണ്. എന്തുകൊണ്ട്? കാരണം ഈ സമയത്ത് ഒരു അമ്മ നവജാതശിശുവിനോട് കാണിക്കുന്ന അടുപ്പം കുഞ്ഞിന്റെ വളർച്ചയെയും വികാസത്തെയും വളരെയധികം സ്വാധീനിക്കുന്നു. a
നവജാത ശിശുവിനെ ആർദ്രമായി പരിപാലിക്കാൻ ഒരു അമ്മയെ പ്രേരിപ്പിക്കുന്നത് എന്താണ്? പ്രസവകാലത്തോട് അനുബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഒരു ഇംഗ്ലീഷ് മാസികയിൽ പ്രൊഫസ്സർ ജെനെറ്റ് ക്രെൻഷോ വിശദീകരിക്കുന്നത്, ഉയർന്ന അളവിലുള്ള ഓക്സിറ്റോസിൻ ഹോർമോൺ “പ്രസവാനന്തരം അമ്മ നവജാതശിശുവിനെ സ്പർശിക്കുമ്പോഴും നോക്കുമ്പോഴും മുലയൂട്ടുമ്പോഴും മാതൃവികാരങ്ങൾ ഉണർത്തുന്നു” എന്നാണ്. ഈ സമയത്തുണ്ടാകുന്ന മറ്റൊരു ഹോർമോൺ കുഞ്ഞുമായി അടുത്തിടപഴകാനും ‘കുഞ്ഞിന്റെ ഓരോ ചലനങ്ങളോടും പ്രതികരിക്കാനും അമ്മയെ സഹായിക്കുന്നു.’ എന്തുകൊണ്ടാണ് ഇത് ഇത്ര പ്രധാനമായിരിക്കുന്നത്?
അമ്മയും കുഞ്ഞും തമ്മിൽ ഇത്തരത്തിൽ ഒരു അടുത്ത ബന്ധം വരാൻ ഇടയാക്കിയത് സ്നേഹവാനായ സ്രഷ്ടാവും ദൈവവും ആയ യഹോവയാണ്. b തന്നെ ‘ഗർഭപാത്രത്തിൽനിന്ന് പുറത്ത് കൊണ്ടുവന്നതിനും’ അമ്മയുടെ കൈകളിൽ സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതിനും ദാവീദ് രാജാവ് ദൈവത്തെ സ്തുതിച്ചു. അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയുടെ കൈയിലേക്കാണു ഞാൻ പിറന്നുവീണത്. അമ്മയുടെ ഉദരംമുതൽ അങ്ങാണ് എന്റെ ദൈവം.”—സങ്കീർത്തനം 22:9, 10.
ചിന്തിക്കൂ: കുഞ്ഞിന്റെ ഓരോ ചലനവും അമ്മ സൂക്ഷ്മമായി ശ്രദ്ധിക്കുകയും പെട്ടെന്നു പ്രതികരിക്കുകയും ചെയ്യുന്നെന്ന് ഉറപ്പുവരുത്താൻ ദൈവം സങ്കീർണമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ, “ദൈവത്തിന്റെ മക്കളായ” നമ്മുടെ കാര്യത്തിലും ദൈവം വ്യക്തിപരമായ താത്പര്യം എടുക്കുമെന്നു ചിന്തിക്കുന്നത് യുക്തിസഹമല്ലേ?—പ്രവൃത്തികൾ 17:29.
ദൈവത്തിന്റെ ശ്രദ്ധാപൂർവമായ കരുതലിനെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്
മറ്റാരെക്കാളും സ്രഷ്ടാവിനെ അടുത്ത് അറിയാമായിരുന്ന യേശുക്രിസ്തു പഠിപ്പിച്ചു: “നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ രണ്ടു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല. എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!”—മത്തായി 10:29-31.
ആകാശത്തിൽ പറക്കുന്ന എല്ലാ കിളികളെയും ആരും ശ്രദ്ധിക്കാറില്ല. ആ സ്ഥിതിക്ക് അതിലേതെങ്കിലും താഴെ വീഴുമോ എന്ന് ആരെങ്കിലും ചിന്തിക്കുമോ? പക്ഷേ സ്വർഗീയപിതാവ് അവയിൽ ഓരോന്നിനെയും ശ്രദ്ധിക്കുന്നു, താഴെ വീഴുന്നവയെപ്പോലും. എന്നാൽ ദൈവത്തിന്റെ കണ്ണിൽ ഒരു മനുഷ്യൻ ഈ കിളികളെക്കാളെല്ലാം എത്ര വിലയുള്ളവനാണ്! ഇതിൽനിന്നുള്ള പാഠം വ്യക്തമാണ്: ദൈവത്തിനു നിങ്ങളിൽ ആഴമായ താത്പര്യമുണ്ട്. ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന ‘പേടിയും’ വേണ്ട.
ദൈവത്തിനു നമ്മളിൽ വളരെ താത്പര്യമുണ്ട്, നമ്മളെ സ്നേഹപൂർവം ശ്രദ്ധിക്കുകയും ചെയ്യുന്നു
തിരുവെഴുത്തുകൾ ഈ ഉറപ്പ് നൽകുന്നു
-
“യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്; നല്ലവരെയും ദുഷ്ടരെയും നിരീക്ഷിക്കുന്നു.”—സുഭാഷിതങ്ങൾ 15:3.
-
“യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.”—സങ്കീർത്തനം 34:15.
-
“അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെപ്രതി ഞാൻ അത്യന്തം സന്തോഷിക്കും. എന്റെ ദുരിതം അങ്ങ് കണ്ടിരിക്കുന്നല്ലോ, എന്റെ പ്രാണസങ്കടം അങ്ങ് അറിയുന്നല്ലോ.”—സങ്കീർത്തനം 31:7.
“യഹോവ എന്നെ സ്നേഹിക്കുന്നില്ലെന്ന് എനിക്കു തോന്നി”
ദൈവത്തിനു നമ്മളിൽ വളരെ താത്പര്യമുണ്ടെന്നും നമ്മളെ സ്നേഹപൂർവം ശ്രദ്ധിക്കുന്നുണ്ടെന്നും അറിയുന്നത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമോ? വരുത്തിയേക്കാം എന്നാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഹന്നയുടെ c അനുഭവം കാണിക്കുന്നത്. ഹന്ന പറയുന്നു:
“പലപ്പോഴും യഹോവ എന്നെ സ്നേഹിക്കുന്നില്ലെന്നും ദൈവം എന്റെ പ്രാർഥന കേൾക്കാറില്ലെന്നും എനിക്കു തോന്നി. അത് എനിക്കു ദൈവത്തിലുള്ള വിശ്വാസക്കുറവുകൊണ്ടാണെന്നു ഞാൻ കരുതി. ഞാൻ വിലയില്ലാത്തവളാണെന്നും അതുകൊണ്ട് ദൈവത്തിന് എന്നിൽ താത്പര്യമില്ലെന്നും എന്നെ ഇഷ്ടമല്ലെന്നും ഞാൻ വിചാരിച്ചു. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ലെന്നു ഞാൻ ഓർത്തു.”
എന്നാൽ യഹോവ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നും ഹന്നയ്ക്ക് ഇപ്പോൾ ഉറപ്പുണ്ട്. എന്താണ് ഹന്നയെ ഇങ്ങനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്? ഹന്ന പറയുന്നു: “ഈ മാറ്റം കാലങ്ങൾകൊണ്ട് വന്നതാണ്. യേശുവിന്റെ മോചനവിലയെക്കുറിച്ച് വർഷങ്ങൾക്കു മുമ്പു ഒരു പ്രസംഗം കേട്ടപ്പോൾ എനിക്കു വലിയ ആശ്വാസമായി. അത് ദൈവം എന്നെ സ്നേഹിക്കുന്നു എന്ന ഉറപ്പു നൽകി. അതുപോലെ എന്റെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നതു കണ്ടപ്പോൾ പലപ്പോഴും ഞാൻ കരഞ്ഞുപോയി. ദൈവം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടല്ലോ എന്നു ഞാൻ ഓർത്തു. കൂടാതെ, ബൈബിൾപഠനവും ക്രിസ്തീയയോഗങ്ങളും യഹോവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെ സഹായിച്ചു; ദൈവത്തിന്റെ വ്യക്തിത്വം, നമ്മെക്കുറിച്ച് ദൈവം എങ്ങനെ കരുതുന്നു എന്നൊക്കെ. യഹോവ നമ്മളെ എല്ലാവരെയും സ്നേഹിക്കുന്നെന്നും സഹായിക്കുന്നെന്നും നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതാൻ മനസ്സൊരുക്കമുള്ളവനാണെന്നും എനിക്ക് ഇപ്പോൾ അറിയാം.”
പ്രോത്സാഹനം പകരുന്ന വാക്കുകളാണു ഹന്നയുടേത്. എന്നാൽ ദൈവം നിങ്ങളെ മനസ്സിലാക്കുന്നെന്നും നിങ്ങളുടെ വികാരവിചാരങ്ങൾ അറിയുന്നെന്നും നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാം? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽനിന്ന് കിട്ടും.
a പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന ചില അമ്മമാർക്ക് കുഞ്ഞിനോട് അടുക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. പക്ഷേ അത് അവരുടെ കുഴപ്പമാണെന്ന് അവർ ചിന്തിക്കേണ്ടതില്ല. ഐക്യനാടുകളിലെ ദേശീയ മാനസികാരോഗ്യ സ്ഥാപനം അഭിപ്രായപ്പെടുന്നതനുസരിച്ച് “ശാരീരികവും വൈകാരികവും ആയ ഘടകങ്ങളുടെ ഫലമായിരിക്കാം പ്രസവാനന്തര വിഷാദം. . . . അല്ലാതെ അമ്മ എന്തെങ്കിലും ചെയ്തതുകൊണ്ടോ ചെയ്യാത്തതുകൊണ്ടോ ഉണ്ടാകുന്നതല്ല.” ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ 2002 സെപ്റ്റംബർ 8 ലക്കം ഉണരുക!-യിലെ “പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു” എന്ന ലേഖനം കാണുക.
b ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ദൈവത്തിന്റെ പേര് യഹോവ എന്നാണ്.—സങ്കീർത്തനം 83:18.
c ഈ ലേഖനപരമ്പരയിലെ ചില പേരുകൾ യഥാർഥമല്ല.