പഠനലേഖനം 30
ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം
ഇസ്രായേൽ രാജാക്കന്മാരിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ
“അപ്പോൾ, നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.”—മലാ. 3:18.
ഉദ്ദേശ്യം
ഇസ്രായേൽ രാജാക്കന്മാരെ യഹോവ എന്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയതെന്നു പഠിക്കുന്നത് യഹോവ ഇന്നു നമ്മളിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ സഹായിക്കും.
1-2. ഇസ്രായേലിലെ ചില രാജാക്കന്മാരെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ഇസ്രായേലിനെ ഭരിച്ച 40-ലധികം രാജാക്കന്മാരുടെ പേരുകൾ ബൈബിളിൽ കാണാം. a അവരെക്കുറിച്ചുള്ള വിവരണങ്ങളിൽ നമുക്കു താത്പര്യം തോന്നുന്ന പല വിവരങ്ങളും പറയുന്നുണ്ട്. ഉദാഹരണത്തിന്, നല്ല രാജാക്കന്മാർപോലും ചില മോശം കാര്യങ്ങൾ ചെയ്തതിനെക്കുറിച്ച് ബൈബിളിൽ പറയുന്നു. അങ്ങനെ ഒരാളായിരുന്നു ദാവീദ് രാജാവ്. യഹോവ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘എന്റെ ദാസനായ ദാവീദ് എന്റെ മുന്നിൽ ശരിയായതു മാത്രം പ്രവർത്തിച്ചുകൊണ്ട് മുഴുഹൃദയത്തോടെ എന്നെ അനുഗമിച്ചു.’ (1 രാജാ. 14:8) എന്നാൽ വിവാഹം കഴിച്ച ഒരു സ്ത്രീയുമായി അദ്ദേഹം ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയും അവളുടെ ഭർത്താവിനെ യുദ്ധത്തിൽ കൊല്ലാൻ ഗൂഢാലോചന നടത്തുകയും ചെയ്തിട്ടുണ്ട്.—2 ശമു. 11:4, 14, 15.
2 ഇനി, അവിശ്വസ്തരായ പല രാജാക്കന്മാരും നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. രഹബെയാമിനെക്കുറിച്ച് ചിന്തിക്കുക. യഹോവയുടെ കണ്ണിൽ അദ്ദേഹം “മോശമായ കാര്യങ്ങൾ ചെയ്തു.” (2 ദിന. 12:14) പക്ഷേ, ഇസ്രായേലിലെ പത്തു ഗോത്രങ്ങൾക്ക് എതിരെ യുദ്ധം ചെയ്യരുതെന്നും അവർ മറ്റൊരു രാജാവിനെ തിരഞ്ഞെടുക്കട്ടെയെന്നും യഹോവ പറഞ്ഞപ്പോൾ അദ്ദേഹം അത് അനുസരിച്ചു. കൂടാതെ അദ്ദേഹം ദൈവജനത്തെ സംരക്ഷിക്കാനായി കോട്ടമതിലുകൾ കെട്ടി നഗരങ്ങൾ ബലപ്പെടുത്തി.—1 രാജാ. 12:21-24; 2 ദിന. 11:5-12.
3. ഏതു പ്രധാനപ്പെട്ട ചോദ്യം നമ്മുടെ മനസ്സിലേക്കു വന്നേക്കാം, ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഇതു നമ്മുടെ മനസ്സിലേക്കു പ്രധാനപ്പെട്ട ഒരു ചോദ്യം കൊണ്ടുവന്നേക്കാം. ഇസ്രായേൽ രാജാക്കന്മാർ നല്ലതും മോശവും ആയ കാര്യങ്ങൾ ചെയ്തു. അപ്പോൾപ്പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ അവരെ വിശ്വസ്തരാണോ അല്ലയോ എന്നു വിലയിരുത്തിയത്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നത്, യഹോവ നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ഇസ്രായേൽ രാജാക്കന്മാരെ വിലയിരുത്തിയപ്പോൾ യഹോവ കണക്കിലെടുത്തിരിക്കാവുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് നമുക്കു നോക്കാം. അവരുടെ ഹൃദയനില, അവരുടെ പശ്ചാത്താപം, അവർ സത്യാരാധനയോടു പറ്റിനിന്നോ ഇല്ലയോ എന്നത്.
അവർ പൂർണഹൃദയത്തോടെ യഹോവയെ സ്നേഹിച്ചു
4. വിശ്വസ്തരായ രാജാക്കന്മാരും അവിശ്വസ്തരായ രാജാക്കന്മാരും തമ്മിലുള്ള ഒരു വ്യത്യാസം എന്തായിരുന്നു?
4 യഹോവയെ സന്തോഷിപ്പിച്ച രാജാക്കന്മാർ യഹോവയെ പൂർണഹൃദയത്തോടെ b ആരാധിച്ചവരായിരുന്നു. ഉദാഹരണത്തിന്, നല്ല രാജാവായ യഹോശാഫാത്ത് ‘പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ചു.’ (2 ദിന. 22:9) യോശിയയെക്കുറിച്ച് ബൈബിൾ പറയുന്നത്, ‘അദ്ദേഹത്തെപ്പോലെ പൂർണഹൃദയത്തോടെ യഹോവയിലേക്കു മടങ്ങിവന്ന ഒരു രാജാവ് അദ്ദേഹത്തിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല’ എന്നാണ്. (2 രാജാ. 23:25) ഇനി, പിന്നീട് തെറ്റുകൾ ചെയ്ത ശലോമോന്റെ കാര്യമോ? “അദ്ദേഹത്തിന്റെ ഹൃദയം . . . തന്റെ ദൈവമായ യഹോവയിൽ പൂർണമായിരുന്നില്ല.” (1 രാജാ. 11:4) അവിശ്വസ്തനായ മറ്റൊരു രാജാവായിരുന്നു അബീയാം. അദ്ദേഹത്തെക്കുറിച്ചും ബൈബിൾ ഇങ്ങനെ പറയുന്നു: “അയാളുടെ ഹൃദയം . . . യഹോവയിൽ പൂർണമായിരുന്നില്ല.”—1 രാജാ. 15:3.
5. പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുക എന്നതിന്റെ അർഥം എന്താണെന്നു വിശദീകരിക്കുക.
5 അപ്പോൾ പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുക എന്നതിന്റെ അർഥം എന്താണ്? പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുന്ന ഒരാൾ, ദൈവത്തെ ആരാധിക്കുന്നതു വെറുതെ ഒരു കടമപോലെ ആയിരിക്കില്ല. പകരം, അദ്ദേഹം അതു ചെയ്യുന്നതു ദൈവത്തോടുള്ള ഭക്തിയും സ്നേഹവും കാരണമായിരിക്കും. അതുപോലെ അദ്ദേഹം തന്റെ ജീവിതത്തിലുടനീളം ആ സ്നേഹവും ഭക്തിയും കാത്തുസൂക്ഷിക്കുകയും ചെയ്യും.
6. നമുക്ക് എങ്ങനെ പൂർണഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നതിൽ തുടരാം? (സുഭാഷിതങ്ങൾ 4:23; മത്തായി 5:29, 30)
6 നമുക്ക് എങ്ങനെ വിശ്വസ്തരായ രാജാക്കന്മാരെ അനുകരിച്ചുകൊണ്ട് പൂർണഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നതിൽ തുടരാം? മോശമായ സ്വാധീനങ്ങൾ ഒഴിവാക്കിക്കൊണ്ട്. ഉദാഹരണത്തിന്, ഒഴിവുസമയങ്ങളിൽ എന്തു കാണുന്നു, എന്തു ചെയ്യുന്നു എന്നതിനൊക്കെ നമ്മൾ ശ്രദ്ധ കൊടുക്കണം. കാരണം, അതിനു നമ്മുടെ ഹൃദയത്തെ വിഭജിതമാക്കാൻ കഴിയും. മോശമായ സഹവാസത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്; പണമാണു ജീവിതത്തിൽ ഏറ്റവും വലുതെന്നു ചിന്തിക്കാൻ അത് ഇടയാക്കും. ഇതുപോലെ എന്തെങ്കിലും ഒരു കാര്യം യഹോവയോടുള്ള നമ്മുടെ സ്നേഹം കുറയാൻ ഇടയാക്കുന്നുണ്ടെങ്കിൽ പെട്ടെന്നുതന്നെ വേണ്ട മാറ്റങ്ങൾ വരുത്തുക.—സുഭാഷിതങ്ങൾ 4:23; മത്തായി 5:29, 30 വായിക്കുക.
7. മോശം സ്വാധീനങ്ങൾ നമ്മൾ ഒഴിവാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 നമ്മുടെ ഹൃദയം വിഭജിതമാക്കാൻ, അതായത് പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ, ഒന്നിനെയും അനുവദിക്കരുത്. ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നതുകൊണ്ട് മോശം സ്വാധീനങ്ങളൊന്നും നമുക്കൊരു പ്രശ്നമാകില്ലെന്നു ചിലപ്പോൾ നമ്മൾ ചിന്തിച്ചുപോയേക്കാം. ഒരു ഉദാഹരണം നോക്കാം. നല്ല വെയിലുള്ള ദിവസം നിങ്ങൾ പുറത്തുപോയിട്ട് തിരിച്ച് വീട്ടിൽ എത്തി. വന്ന ഉടനെ നിങ്ങൾ മുറിയിൽ എ.സി. ഓണാക്കി. പക്ഷേ വാതിൽ തുറന്നിട്ടിരിക്കുകയാണെങ്കിൽ എന്തെങ്കിലും പ്രയോജനമുണ്ടോ? പുറത്തെ ചൂട് അകത്തേക്കു കയറുന്നതുകൊണ്ട് മുറി ഒരിക്കലും തണുക്കില്ല. എന്താണ് പാഠം? യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്തുന്നതിന് ആത്മീയകാര്യങ്ങൾ ചെയ്താൽ മാത്രം പോരാ. ഒപ്പം നമ്മളെ മോശമായി സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങൾക്കു നേരെ നമ്മുടെ ഹൃദയത്തിന്റെ വാതിൽ അടയ്ക്കുകയും വേണം. അങ്ങനെയാകുമ്പോൾ ഈ ലോകത്തിലെ ചൂടു “വായു,” അതായത് ദൈവത്തിന്റെ നിലവാരങ്ങളുമായി ചേരാത്ത മനോഭാവം നമ്മുടെ ഹൃദയത്തിലേക്കു കടന്ന് അതിനെ വിഭജിതമാക്കില്ല.—എഫെ. 2:2.
അവർ പശ്ചാത്തപിച്ചു
8-9. രാജാക്കന്മാരായ ദാവീദും ഹിസ്കിയയും തിരുത്തൽ കിട്ടിയപ്പോൾ എങ്ങനെയാണു പ്രതികരിച്ചത്? (പുറംതാളിലെ ചിത്രം കാണുക.)
8 നമ്മൾ നേരത്തെ കണ്ടതുപോലെ ദാവീദ് ഗുരുതരമായ ഒരു തെറ്റു ചെയ്തു. എന്നാൽ, നാഥാൻ പ്രവാചകൻ ആ തെറ്റു തിരുത്തിയപ്പോൾ അദ്ദേഹം താഴ്മയോടെ പശ്ചാത്തപിച്ചു. ദാവീദ് വെറുതെ നാഥാനെ കാണിക്കാനോ ശിക്ഷ ഒഴിവാക്കാനോ വേണ്ടി പശ്ചാത്താപം അഭിനയിക്കുകയായിരുന്നില്ല. പകരം, ദാവീദ് ആത്മാർഥമായി പശ്ചാത്തപിച്ചു. 51-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകളിൽനിന്ന്, താൻ ചെയ്ത കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് എത്രത്തോളം വിഷമം തോന്നിയെന്നു നമുക്കു മനസ്സിലാകും.—സങ്കീ. 51:3, 4, 17, മേലെഴുത്ത്.
9 ഹിസ്കിയ രാജാവും യഹോവയ്ക്കെതിരെ പാപം ചെയ്തു. ബൈബിൾ ഇങ്ങനെ പറയുന്നു: “ഹിസ്കിയയുടെ ഹൃദയം അഹങ്കരിച്ചു; . . . അങ്ങനെ തന്റെതന്നെയും യഹൂദയുടെയും യരുശലേമിന്റെയും മേൽ ഹിസ്കിയ ദൈവകോപം വിളിച്ചുവരുത്തി.” (2 ദിന. 32:25) എന്തുകൊണ്ടാണ് ഹിസ്കിയ അഹങ്കരിച്ചത്? അദ്ദേഹത്തിന്റെ സമ്പത്തോ, അസീറിയക്കാർക്ക് എതിരെ നേടിയ വിജയമോ, അത്ഭുതകരമായി രോഗം മാറിയതോ ഒക്കെയായിരിക്കാം ചിലപ്പോൾ അതിന്റെ കാരണം. ബാബിലോൺകാരെ തന്റെ സമ്പത്തു മുഴുവൻ കാണിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആ അഹങ്കാരമായിരിക്കാം. എന്താണെങ്കിലും രാജാവിന്റെ ആ പ്രവൃത്തി യഹോവയ്ക്ക് ഇഷ്ടമായില്ലെന്ന് യശയ്യ പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. (2 രാജാ. 20:12-18) അപ്പോൾ ദാവീദിനെപ്പോലെ ഹിസ്കിയയും താഴ്മയോടെ പശ്ചാത്തപിച്ചു. (2 ദിന. 32:26) അതുകൊണ്ടാണ് ഒടുവിൽ യഹോവ അദ്ദേഹത്തെ ‘ശരിയായതു ചെയ്ത,’ വിശ്വസ്തനായ ഒരു രാജാവായി കണ്ടത്.—2 രാജാ. 18:3.
10. തിരുത്തൽ കിട്ടിയപ്പോൾ രാജാവായ അമസ്യ എങ്ങനെ പ്രതികരിച്ചു?
10 എന്നാൽ യഹൂദയുടെ രാജാവായ അമസ്യ ശരിയായതു ചെയ്തെങ്കിലും “അതു പൂർണഹൃദയത്തോടെയായിരുന്നില്ല.” (2 ദിന. 25:2) എന്താണ് അദ്ദേഹത്തിനു പറ്റിയ തെറ്റ്? ഏദോമ്യരെ തോൽപ്പിക്കാൻ യഹോവ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ അതിനു ശേഷം അദ്ദേഹം അവരുടെ ദൈവങ്ങളെ കുമ്പിടാൻതുടങ്ങി. c യഹോവയുടെ പ്രവാചകൻ അദ്ദേഹത്തെ തിരുത്താൻ ശ്രമിച്ചപ്പോൾ, അദ്ദേഹം ദേഷ്യത്തോടെ പ്രവാചകനെ പറഞ്ഞുവിട്ടു.—2 ദിന. 25:14-16.
11. 2 കൊരിന്ത്യർ 7:9, 11 അനുസരിച്ച് ക്ഷമ ലഭിക്കാൻ നമ്മൾ എന്തു ചെയ്യണം? (ചിത്രങ്ങളും കാണുക.)
11 ഈ രാജാക്കന്മാരിൽനിന്നെല്ലാം നമുക്ക് എന്തു പഠിക്കാം? തെറ്റു പറ്റുമ്പോൾ പശ്ചാത്തപിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയും വേണം. പക്ഷേ, വളരെ നിസ്സാരമെന്നു നമുക്കു തോന്നുന്ന ഒരു കാര്യത്തിനു സഭയിലെ മൂപ്പന്മാരിൽനിന്ന് തിരുത്തൽ കിട്ടുന്നെങ്കിലോ, അപ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണം? യഹോവ നമ്മളെ സ്നേഹിക്കുന്നില്ലെന്നോ മൂപ്പന്മാർ നമുക്ക് എതിരാണെന്നോ ഒരിക്കലും ചിന്തിക്കരുത്. ഇസ്രായേലിലെ നല്ല രാജാക്കന്മാർക്കുപോലും തിരുത്തലും ഉപദേശവും ഒക്കെ ആവശ്യമായിരുന്നു. (എബ്രാ. 12:6) അതുകൊണ്ട് നമുക്ക് ഒരു തിരുത്തൽ കിട്ടുമ്പോൾ (1) താഴ്മയോടെ പ്രതികരിക്കുക, (2) വേണ്ട മാറ്റങ്ങൾ വരുത്തുക, (3) മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക. ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ, യഹോവ ഉറപ്പായും നമ്മളോടു ക്ഷമിക്കും.—2 കൊരിന്ത്യർ 7:9, 11 വായിക്കുക.
അവർ സത്യാരാധനയോടു പറ്റിനിന്നു
12. വിശ്വസ്തരായ രാജാക്കന്മാരും അവിശ്വസ്തരായ രാജാക്കന്മാരും തമ്മിലുള്ള പ്രധാനവ്യത്യാസം എന്താണ്?
12 യഹോവ വിശ്വസ്തരായി കണ്ട രാജാക്കന്മാർ സത്യാരാധനയോടു പറ്റിനിന്നവരായിരുന്നു. അങ്ങനെ ചെയ്യാൻ അവർ ജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നമ്മൾ കണ്ടതുപോലെ അവർക്കു പല തെറ്റുകളും പറ്റിയിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷേ അവർ യഹോവയെ മാത്രമാണ് ആരാധിച്ചത്. അതുപോലെ ദേശത്തുനിന്ന് വിഗ്രഹാരാധന നീക്കം ചെയ്യാൻ കഠിനമായി ശ്രമിക്കുകയും ചെയ്തിരുന്നു. d
13. യഹോവ ആഹാബ് രാജാവിനെ അവിശ്വസ്തനായി കണക്കാക്കിയത് എന്തുകൊണ്ട്?
13 യഹോവ അവിശ്വസ്തരായി കണ്ട രാജാക്കന്മാരുടെ കാര്യമോ? അവർ ചെയ്ത എല്ലാം മോശം കാര്യങ്ങളായിരുന്നില്ല. ഉദാഹരണത്തിന്, ദുഷ്ട രാജാവായിരുന്ന ആഹാബുപോലും നാബോത്തിനെ കൊന്ന കാര്യത്തിൽ കുറച്ചൊക്കെ താഴ്മയും കുറ്റബോധവും കാണിച്ചു. (1 രാജാ. 21:27-29) കൂടാതെ അദ്ദേഹം നഗരങ്ങൾ പണിയുകയും ഇസ്രായേലിനുവേണ്ടി പല വിജയങ്ങൾ നേടുകയും ചെയ്തു. (1 രാജാ. 20:21, 29; 22:39) എന്നാൽ അദ്ദേഹം, ഭാര്യയുടെ മോശമായ സ്വാധീനത്തിനു വഴങ്ങി വ്യാജാരാധന ദേശത്തെങ്ങും വ്യാപകമാക്കി. അതു വളരെ വലിയൊരു തെറ്റായിരുന്നു. അദ്ദേഹം ഒരിക്കലും അതെക്കുറിച്ച് പശ്ചാത്തപിച്ചുമില്ല.—1 രാജാ. 21:25, 26.
14. (എ) രഹബെയാം രാജാവിനെ യഹോവ അവിശ്വസ്തനായി കണ്ടത് എന്തുകൊണ്ട്? (ബി) അവിശ്വസ്തരായ രാജാക്കന്മാരിൽ മിക്കവരും എന്തു തെറ്റാണ് ചെയ്തത്?
14 അവിശ്വസ്തനായ മറ്റൊരു രാജാവായിരുന്നു രഹബെയാം. നമ്മൾ നേരത്തേ കണ്ടതുപോലെ തന്റെ ഭരണകാലത്ത് രഹബെയാം ഒരുപാടു നല്ല കാര്യങ്ങൾ ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ രാജത്വം ശക്തമായപ്പോൾ യഹോവയുടെ നിയമം ഉപേക്ഷിച്ച് വ്യാജദൈവങ്ങൾക്കു പുറകെ പോയി. പിന്നെയങ്ങോട്ട് അദ്ദേഹം സത്യാരാധനയിൽ ഉറച്ചുനിന്നില്ല. (2 ദിന. 12:1) യഹോവയെയും വ്യാജദൈവങ്ങളെയും അദ്ദേഹം മാറിമാറി ആരാധിച്ചുകൊണ്ടിരുന്നു. (1 രാജാ. 14:21-24) സത്യാരാധനയിൽനിന്ന് അകന്നുപോയ രാജാക്കന്മാർ രഹബെയാമും ആഹാബും മാത്രമായിരുന്നില്ല. അവിശ്വസ്തരായ രാജാക്കന്മാരിൽ മിക്കവരും ഏതെങ്കിലും ഒക്കെ വിധത്തിൽ വ്യാജാരാധനയിൽ ഉൾപ്പെട്ടിട്ടുണ്ട്. യഹോവ ഒരു രാജാവിനെ നല്ലതാണോ മോശമാണോ എന്നു വിലയിരുത്തിയത് പ്രധാനമായും അദ്ദേഹം സത്യാരാധനയോടു പറ്റിനിന്നോ ഇല്ലയോ എന്നു നോക്കിയിട്ടാണ്.
15. സത്യാരാധനയോടു പറ്റിനിൽക്കുന്നതിനെ യഹോവ വളരെ പ്രധാനമായി കാണുന്നത് എന്തുകൊണ്ട്?
15 സത്യാരാധനയോടു പറ്റിനിൽക്കുന്നതിനെ യഹോവ ഇത്ര പ്രാധാന്യത്തോടെ കണ്ടത് എന്തുകൊണ്ടാണ്? ഒരു കാരണം യഹോവയുടെ ജനത്തെ സത്യാരാധനയിൽ വഴിനയിക്കാനുള്ള ഉത്തരവാദിത്വം രാജാക്കന്മാർക്കുണ്ടായിരുന്നു. മാത്രമല്ല, വ്യാജാരാധന മറ്റു പല ഗുരുതരമായ പാപങ്ങൾ ചെയ്യുന്നതിലേക്കും അനീതി കാണിക്കുന്നതിലേക്കും ജനത്തെ നയിക്കുമായിരുന്നു. (ഹോശേ. 4:1, 2) അതുകൂടാതെ ഇസ്രായേൽ രാജാക്കന്മാരും ജനവും യഹോവയ്ക്കു സമർപ്പിതരായിരുന്നു. അതുകൊണ്ടാണ് അവർ വ്യാജാരാധനയിലേക്കു പോയതിനെ ബൈബിൾ വ്യഭിചാരവുമായി താരതമ്യം ചെയ്യുന്നത്. (യിരെ. 3:8, 9) വ്യഭിചാരം ചെയ്യുന്ന ഒരു വ്യക്തി തന്റെ ഇണയെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു തെറ്റാണ് ചെയ്യുന്നത്. സമാനമായി യഹോവയ്ക്കു സമർപ്പിതനായ ഒരാൾ വ്യാജദൈവങ്ങളെ ആരാധിക്കുമ്പോൾ അയാൾ യഹോവയുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുകയാണ്. e—ആവ. 4:23, 24.
16. യഹോവയുടെ കണ്ണിൽ നീതിമാനെയും ദുഷ്ടനെയും തമ്മിൽ പ്രധാനമായും വേർതിരിക്കുന്നത് എന്താണ്?
16 ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? വ്യാജാരാധനയോടു ബന്ധപ്പെട്ട എല്ലാം ഒഴിവാക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. എന്നാൽ അതു മാത്രം പോരാ. നമ്മൾ സത്യാരാധനയോടു പറ്റിനിൽക്കുകയും ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുകയും വേണം. യഹോവയുടെ കണ്ണിൽ നല്ലവരായ ആളുകളെ മോശം ആളുകളിൽനിന്ന് വേർതിരിക്കുന്നത് എന്താണെന്നു മലാഖി പ്രവാചകൻ വ്യക്തമാക്കി. അദ്ദേഹം എഴുതി: “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.” (മലാ. 3:18) നമ്മളെയും യഹോവ നീതിമാന്മാരായി കാണാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ദൈവത്തെ സേവിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ യാതൊന്നിനെയും അനുവദിക്കരുത്. നമ്മൾ അപൂർണരാണെങ്കിലും നമുക്കു തെറ്റുകൾ പറ്റുമെങ്കിലും അതൊന്നും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയാൻ ഒരു കാരണമാകരുത്. യഹോവയെ സേവിക്കുന്നതു നിറുത്തുന്നതുതന്നെ ഗുരുതരമായ ഒരു തെറ്റാണെന്ന് ഓർക്കാം.
17. നമ്മൾ ആരെ വിവാഹം കഴിക്കുന്നുവെന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഏകാകിയാണ് നിങ്ങളെങ്കിൽ, ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ മലാഖിയുടെ വാക്കുകൾ എങ്ങനെയാണ് നിങ്ങളെ സഹായിക്കുന്നത്? ഒരാൾക്ക് എത്ര നല്ല ഗുണങ്ങളുണ്ടെങ്കിലും ആ വ്യക്തി സത്യദൈവത്തെ സേവിക്കുന്നില്ലെങ്കിൽ യഹോവയുടെ കണ്ണിൽ ആ വ്യക്തി നീതിമാനായിരിക്കുമോ? (2 കൊരി. 6:14) അങ്ങനെയുള്ള ഒരാളെ നിങ്ങൾ വിവാഹം കഴിച്ചാൽ യഹോവയോടു വിശ്വസ്തനായിരിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ ആ വ്യക്തിക്കു കഴിയുമോ? ശലോമോൻ രാജാവിന്റെ കാര്യം ഓർക്കാം. അദ്ദേഹം വിവാഹം കഴിച്ച വിദേശസ്ത്രീകൾക്കു ചില നല്ല ഗുണങ്ങളൊക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ അവർ യഹോവയെ ആരാധിക്കാത്തവരായിരുന്നു. അതുകൊണ്ട് പതിയെപ്പതിയെ ശലോമോനെ അവർ വ്യാജാരാധനയിലേക്കു കൊണ്ടുപോയി.—1 രാജാ. 11:1, 4.
18. മാതാപിതാക്കൾ മക്കളെ എന്തു പഠിപ്പിക്കണം?
18 മാതാപിതാക്കളേ, രാജാക്കന്മാരെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ഉപയോഗിച്ചുകൊണ്ട്, യഹോവയെ സേവിക്കാനുള്ള ആഗ്രഹം മക്കളിൽ വളർത്താൻ നിങ്ങൾക്കാകും. സത്യാരാധനയോടു പറ്റിനിന്നോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ് യഹോവ രാജാക്കന്മാരെ പ്രധാനമായും വിലയിരുത്തിയത് എന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. ബൈബിൾ പഠിക്കുന്നതും മീറ്റിങ്ങുകൾക്കു പോകുന്നതും ശുശ്രൂഷയിൽ പങ്കെടുക്കുന്നതും പോലുള്ള ആത്മീയകാര്യങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം എന്നു വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അവരെ പഠിപ്പിക്കുക. (മത്താ. 6:33) അങ്ങനെ ചെയ്തില്ലെങ്കിൽ മക്കൾ യഹോവയെ ആരാധിക്കുന്നതു അവർക്ക് യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം ഉള്ളതുകൊണ്ടായിരിക്കില്ല; മറിച്ച് മാതാപിതാക്കൾ സാക്ഷികളായതുകൊണ്ട് മാത്രമായിരിക്കും. അങ്ങനെയുള്ള ഒരു കുട്ടി, സത്യാരാധനയ്ക്കു ജീവിതത്തിൽ രണ്ടാം സ്ഥാനം കൊടുക്കാനോ സത്യം പൂർണമായും ഉപേക്ഷിച്ച് പോകാനോ സാധ്യതയുണ്ട്.
19. യഹോവയെ സേവിക്കുന്നതു നിറുത്തിയ ഒരാളുടെ കാര്യത്തിൽ എന്തു പ്രതീക്ഷയ്ക്കു വകയുണ്ട്? (“ നിങ്ങൾക്ക് യഹോവയിലേക്കു മടങ്ങിവരാനാകും!” എന്ന ചതുരവും കാണുക.)
19 യഹോവയെ സേവിക്കുന്നതു നിറുത്തിയ ഒരാളുടെ കാര്യത്തിൽ യാതൊരു പ്രതീക്ഷയ്ക്കും വകയില്ല എന്നാണോ? അല്ല. അദ്ദേഹത്തിനു പശ്ചാത്തപിക്കാനും സത്യാരാധനയിലേക്കു തിരിച്ചുവരാനും കഴിയും. അതിന് ആ വ്യക്തി അഹങ്കാരം ഒക്കെ മാറ്റിവെച്ച് താഴ്മയോടെ മൂപ്പന്മാരുടെ സഹായം സ്വീകരിക്കാൻ തയ്യാറാകണം. (യാക്കോ. 5:14) എത്ര ശ്രമം ചെയ്യേണ്ടിവന്നാലും അതൊരു നഷ്ടമല്ല. കാരണം, വീണ്ടും യഹോവയുടെ ഒരു സുഹൃത്താകാൻ കഴിയുന്നതിനെക്കാൾ വലുതായി മറ്റൊന്നുമില്ല!
20. വിശ്വസ്തരായ രാജാക്കന്മാരെ അനുകരിക്കുന്നെങ്കിൽ, യഹോവ നിങ്ങളെ എങ്ങനെയുള്ള ഒരാളായി കാണും?
20 ഇസ്രായേൽ രാജാക്കന്മാരിൽനിന്ന് നമ്മൾ എന്തെല്ലാം പാഠങ്ങളാണു പഠിച്ചത്? പൂർണഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നതിൽ തുടരുന്നെങ്കിൽ നമുക്കും വിശ്വസ്തരായ രാജാക്കന്മാരെപ്പോലെ ആയിരിക്കാനാകും. തെറ്റുകൾ പറ്റുമ്പോൾ അതിൽനിന്ന് പാഠം പഠിക്കുകയും പശ്ചാത്തപിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. ഒരേ ഒരു സത്യദൈവത്തെ മാത്രം ആരാധിച്ചുകൊണ്ട് സത്യാരാധനയോടു പറ്റിനിൽക്കേണ്ടതിന്റെ പ്രാധാന്യം ഓർക്കുകയും ചെയ്യാം. അങ്ങനെ നിങ്ങൾ യഹോവയോടു വിശ്വസ്തരായി നിൽക്കുന്നെങ്കിൽ, തന്റെ മുമ്പാകെ ശരിയായതു ചെയ്യുന്ന ഒരാളായി യഹോവ നിങ്ങളെയും കാണും.
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
a ഈ ലേഖനത്തിൽ “ഇസ്രായേൽ രാജാക്കന്മാർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവജനത്തെ ഭരിച്ച എല്ലാ രാജാക്കന്മാരെയും ആണ്. അതിൽ 12 ഗോത്രങ്ങളെ മുഴുവനായോ, രണ്ടുഗോത്ര രാജ്യമായ യഹൂദയെ മാത്രമായോ പത്തുഗോത്ര രാജ്യമായ ഇസ്രായേലിനെ മാത്രമായോ ഭരിച്ച എല്ലാ രാജാക്കന്മാരും ഉൾപ്പെടും.
b പദപ്രയോഗത്തിന്റെ വിശദീകരണം: ബൈബിളിൽ “ഹൃദയം” എന്ന പദം ഒരാളുടെ ആന്തരികവ്യക്തിത്വത്തെ മുഴുവനായി കുറിക്കാനാണ് മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. അതിൽ ഒരു വ്യക്തിയുടെ ആഗ്രഹങ്ങളും ചിന്തകളും മനോഭാവവും പ്രാപ്തികളും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എല്ലാം ഉൾപ്പെടും.
c തെളിവനുസരിച്ച് തങ്ങൾ കീഴടക്കിയ രാജ്യത്തിലെ ദൈവങ്ങളെ ആരാധിക്കുന്നതു ജനതകളിൽപ്പെട്ട രാജാക്കന്മാരുടെ ഒരു രീതിയായിരുന്നു.
d ആസ രാജാവ് ഗൗരവമുള്ള പല തെറ്റുകളും ചെയ്തു. (2 ദിന. 16:7, 10) എങ്കിലും, അദ്ദേഹം “യഹോവയുടെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. അദ്ദേഹം തുടക്കത്തിൽ തിരുത്തൽ നിരസിച്ചെങ്കിലും പിന്നീട് പശ്ചാത്തപിച്ചിരിക്കാനാണു സാധ്യത. ചുരുക്കത്തിൽ, തെറ്റുകളെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ നല്ല ഗുണങ്ങൾ എടുത്തുനിന്നെന്നു പറയാം. മാത്രമല്ല ഏറ്റവും പ്രധാനമായി ആസ യഹോവയെ മാത്രം ആരാധിക്കുകയും ദേശത്തുനിന്ന് വിഗ്രഹാരാധന തുടച്ചുനീക്കാൻ നന്നായി ശ്രമിക്കുകയും ചെയ്തു.—1 രാജാ. 15:11-13; 2 ദിന. 14:2-5.
e മോശയിലൂടെ കൊടുത്ത നിയമത്തിലെ ആദ്യ രണ്ടു കല്പനകൾ യഹോവയെ അല്ലാതെ മറ്റ് ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ ആരാധിക്കുന്നതു വിലക്കിയിരുന്നു. ആരാധനയെ യഹോവ വളരെ പ്രധാനപ്പെട്ടതായി കാണുന്നെന്ന് അതിൽനിന്ന് നമുക്കു മനസ്സിലാക്കാം.—പുറ. 20:1-6.
f ചിത്രത്തിന്റെ വിവരണം: ചെറുപ്പക്കാരനായ ഒരു മൂപ്പൻ ഒരു സഹോദരന്റെ മദ്യം കഴിക്കുന്ന ശീലത്തെക്കുറിച്ച് തനിക്കു തോന്നിയ ആശങ്ക അദ്ദേഹത്തോടു തുറന്നുപറയുന്നു. ലഭിച്ച ഉപദേശം ആ സഹോദരൻ താഴ്മയോടെ സ്വീകരിക്കുന്നു, വേണ്ട മാറ്റങ്ങൾ വരുത്തുന്നു, യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരുന്നു.