അന്യഭാഷാവയലിൽ സേവിക്കുന്നവരേ, നിങ്ങളുടെ ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കുക
“ഞാൻ . . . നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.”—സങ്കീ. 119:11.
ഗീതം: 142, 92
1-3. (എ) നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും നമ്മൾ ഏതു കാര്യത്തിനു മുഖ്യസ്ഥാനം കൊടുക്കണം? (ബി) മറ്റൊരു ഭാഷ പഠിക്കുന്നവർ നേരിടുന്ന ചില വെല്ലുവിളികൾ എന്തൊക്കെയാണ്, ഇത് ഏതു ചോദ്യങ്ങൾ ഉയർത്തുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
“സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും വംശങ്ങളോടും” സന്തോഷവാർത്ത അറിയിക്കുന്ന ദർശനത്തിന്റെ നിവൃത്തിയിൽ ഇന്ന് ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. (വെളി. 14:6) മറ്റൊരു ഭാഷ പഠിക്കുന്ന ഒരാളാണോ നിങ്ങൾ? ഒരു മിഷനറി? ആവശ്യം അധികമുള്ള ഒരു അന്യനാട്ടിൽ സേവിക്കുന്ന ഒരാൾ? അല്ലെങ്കിൽ സ്വദേശത്തുതന്നെ മറ്റൊരു ഭാഷയിൽ നടക്കുന്ന മീറ്റിങ്ങുകൾക്കു നിങ്ങൾ പോകാൻ തുടങ്ങിയിട്ടുണ്ടോ?
2 ദൈവത്തിന്റെ സേവകരായതിനാൽ നമ്മളെല്ലാവരും നമ്മുടെയും കുടുംബത്തിന്റെയും ആത്മീയാരോഗ്യത്തിനു മുഖ്യസ്ഥാനം കൊടുക്കണം. (മത്താ. 5:3) പക്ഷേ ചിലപ്പോഴൊക്കെ തിരക്കു കാരണം പ്രയോജനം ചെയ്യുന്ന വിധത്തിൽ വ്യക്തിപരമായ പഠനം നടത്തുന്നതിനു സമയം കിട്ടാതെ വന്നേക്കാം. എന്നാൽ വിദേശവയലിൽ സേവിക്കുന്നവർ ഇതു കൂടാതെ മറ്റു വെല്ലുവിളികളും നേരിടുന്നുണ്ട്.
3 അന്യഭാഷാവയലിൽ സേവിക്കുന്നവർ ഒരു പുതിയ ഭാഷ പഠിക്കുന്നതോടൊപ്പം തങ്ങളുടെ ഹൃദയങ്ങളെ കട്ടിയായ ആത്മീയാഹാരംകൊണ്ട് ക്രമമായി പോഷിപ്പിക്കണം. (1 കൊരി. 2:10) എന്നാൽ, നന്നായി മനസ്സിലാകുന്ന ഭാഷയിലല്ല സഭയിൽ മീറ്റിങ്ങുകൾ നടക്കുന്നതെങ്കിൽ അവർക്ക് എങ്ങനെ അതിനു കഴിയും? ദൈവവചനം മക്കളുടെ ഹൃദയത്തിൽ എത്തുന്നുണ്ടെന്നു മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ടത് എന്തുകൊണ്ട്?
ആത്മീയാരോഗ്യത്തിന് ഒരു ഭീഷണി
4. നമ്മുടെ ആത്മീയതയ്ക്കു ഭീഷണിയായേക്കാവുന്നത് എന്താണ്? ഒരു ഉദാഹരണം പറയുക.
4 അന്യഭാഷയിൽ ദൈവത്തിന്റെ വചനം വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അതു നമ്മുടെ ആത്മീയാരോഗ്യത്തിനു ശരിക്കും ഒരു ഭീഷണിയായേക്കാം. ബി.സി. 5-ാം നൂറ്റാണ്ടിൽ, ബാബിലോണിൽനിന്ന് തിരിച്ചുവന്ന ജൂതന്മാർക്കിടയിലെ ചില കുട്ടികൾക്ക് എബ്രായ ഭാഷ അറിയില്ലെന്നു മനസ്സിലാക്കിയപ്പോൾ നെഹമ്യക്ക് ഉത്കണ്ഠ തോന്നി. (നെഹമ്യ 13:23, 24 വായിക്കുക.) ദൈവവചനത്തിന്റെ അർഥം ശരിക്കും മനസ്സിലാക്കാൻ കഴിയാതിരുന്നതിനാൽ യഹോവയുമായും ദൈവജനവുമായും ഉള്ള അവരുടെ ബന്ധം തകരാറിലായി.—നെഹ. 8:2, 8.
5, 6. അന്യഭാഷാവയലിൽ സേവിക്കുന്ന ചില മാതാപിതാക്കൾ എന്തു മനസ്സിലാക്കിയിരിക്കുന്നു, എന്തുകൊണ്ടാണ് അതു സംഭവിക്കുന്നത്?
5 സത്യത്തോടുള്ള മക്കളുടെ താത്പര്യം കുറഞ്ഞുവരുന്നതായി അന്യഭാഷാവയലിൽ സേവിക്കുന്ന ചില മാതാപിതാക്കൾ മനസ്സിലാക്കിയിരിക്കുന്നു. മീറ്റിങ്ങുകളിൽ പറയുന്ന കാര്യങ്ങൾ അവർക്കു ശരിക്കും മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന പരിപാടികൾ ആസ്വദിക്കുന്നുമില്ല. തെക്കേ അമേരിക്കയിൽനിന്ന് ഓസ്ട്രേലിയയിലേക്കു കുടുംബസമേതം താമസം മാറ്റിയ പെത്രോ [1] പറയുന്നു: “ആത്മീയപരിപാടികൾ പ്രയോജനം ചെയ്യണമെങ്കിൽ കാര്യങ്ങൾ ഹൃദയത്തിലും മനസ്സിലും എത്തണം.”—ലൂക്കോ. 24:32.
6 നമ്മൾ മറ്റൊരു ഭാഷയിൽ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, അതു നമ്മുടെ സ്വന്തം ഭാഷയിൽ വായിക്കുന്നത്ര ഹൃദയത്തെ സ്വാധീനിക്കുകയില്ല. കൂടാതെ, മറ്റൊരു ഭാഷയിൽ നന്നായി ആശയവിനിമയം നടത്താൻ നമുക്കു കഴിയുന്നില്ലെങ്കിൽ, മാനസികമായും ആത്മീയമായും നമ്മുടെ ആരോഗ്യം ചോർന്നുപോയേക്കാം. അതുകൊണ്ട് ഒരു അന്യഭാഷാവയലിൽ യഹോവയെ സേവിക്കാനുള്ള ആഗ്രഹം ജ്വലിപ്പിച്ചുനിറുത്തുമ്പോൾത്തന്നെ നമ്മുടെ ആത്മീയാരോഗ്യം ഭദ്രമായി സൂക്ഷിക്കാനും നമ്മൾ നന്നായി ശ്രമിക്കണം.—മത്താ. 4:4.
അവർ തങ്ങളുടെ ആത്മീയാരോഗ്യം കാത്തുസൂക്ഷിച്ചു
7. ദാനിയേലിനെ തങ്ങളുടെ സംസ്കാരത്തിന്റെയും മതത്തിന്റെയും ഭാഗമാക്കാൻ ബാബിലോൺകാർ എന്താണു ചെയ്തത്?
7 പ്രവാസത്തിലായിരുന്ന ദാനിയേലിനെയും കൂട്ടരെയും ‘കൽദയരുടെ ഭാഷ’ പഠിപ്പിച്ചുകൊണ്ട് അവരെ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കാൻ ബാബിലോൺകാർ ശ്രമിച്ചു. അവരുടെ പരിശീലനത്തിനു മേൽനോട്ടം വഹിച്ചിരുന്ന കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥൻ അവർക്കു ബാബിലോൺകാരുടെ പേരുകൾ നൽകി. (ദാനി. 1:3-7) ദാനിയേലിനു നൽകിയ പേര് ബാബിലോണിലെ പ്രധാന ദേവനായിരുന്ന ബേലിന്റെ പേരിൽനിന്ന് വന്നതായിരുന്നു. ദാനിയേലിന്റെ ദൈവമായ യഹോവയെ ബാബിലോൺകാരുടെ ദൈവം കീഴടക്കിയെന്നു ദാനിയേലിനു തോന്നണമെന്നു നെബൂഖദ്നേസർ രാജാവ് ആഗ്രഹിച്ചിരിക്കാം.—ദാനി. 4:8.
8. അന്യദേശത്ത് ജീവിക്കുകയായിരുന്നെങ്കിലും ആത്മീയാരോഗ്യം നിലനിറുത്താൻ ദാനിയേലിനെ സഹായിച്ചത് എന്തായിരുന്നു?
8 രാജാവിന്റെ വിശിഷ്ടവിഭവങ്ങളിൽനിന്ന് കഴിക്കാമായിരുന്നിട്ടും ‘തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനിയേൽ ഹൃദയത്തിൽ നിശ്ചയിച്ചു.’ (ദാനി. 1:8) മാതൃഭാഷയിലുള്ള ‘വിശുദ്ധലിഖിതങ്ങൾ’ പതിവായി പഠിച്ചിരുന്നതുകൊണ്ട് ആ അന്യദേശത്തും ദാനിയേലിനു തന്റെ ആത്മീയാരോഗ്യം നിലനിറുത്താൻ കഴിഞ്ഞു. (ദാനി. 9:2, പി.ഒ.സി.) വാസ്തവത്തിൽ, ബാബിലോണിൽ എത്തി ഏകദേശം 70 വർഷം കഴിഞ്ഞിട്ടും ദാനിയേൽ തന്റെ എബ്രായപേരിനാൽ അറിയപ്പെട്ടു.—ദാനി. 5:13.
9. സങ്കീർത്തനം 119-ന്റെ എഴുത്തുകാരനെ ദൈവവചനം എങ്ങനെയാണു സ്വാധീനിച്ചത്?
9 സങ്കീർത്തനം 119-ന്റെ എഴുത്തുകാരനും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായി നിൽക്കാനുള്ള ശക്തി ദൈവവചനത്തിൽനിന്ന് ലഭിച്ചു. രാജസദസ്സിലെ ചില അംഗങ്ങളുടെ പരിഹാസമനോഭാവം അദ്ദേഹത്തിനു സഹിക്കേണ്ടിയിരുന്നു. (സങ്കീ. 119:23, 61) എന്നിട്ടും ഈ സങ്കീർത്തനക്കാരൻ ദൈവവചനം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിച്ചു.—സങ്കീർത്തനം 119:11, 46 വായിക്കുക.
നിങ്ങളുടെ ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കുക
10, 11. (എ) ദൈവവചനം പഠിക്കുമ്പോൾ എന്തായിരിക്കണം നമ്മുടെ ലക്ഷ്യം? (ബി) ആ ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരാം? ഉദാഹരണം പറയുക.
10 ദൈവസേവനത്തോടും നമ്മുടെ തൊഴിലിനോടും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ കാരണം നമ്മൾ തിരക്കിലായേക്കാം. എങ്കിലും, വ്യക്തിപരമായ പഠനത്തിനും കുടുംബാരാധനയ്ക്കും നമ്മൾ സമയം കണ്ടെത്തിയേ തീരൂ. (എഫെ. 5:15, 16) ഏതാനും പേജുകൾ വായിച്ചുതീർക്കുന്നതോ മീറ്റിങ്ങുകളിൽ അഭിപ്രായം പറയാനായി മാത്രം തയ്യാറാകുന്നതോ ആയിരിക്കരുതു നമ്മുടെ ലക്ഷ്യം. ദൈവവചനം നമ്മുടെ ഹൃദയത്തിലെത്തുന്നുണ്ടെന്നും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്നും നമ്മൾ ഉറപ്പുവരുത്തണം.
11 ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന്, നമ്മൾ വ്യക്തിപരമായി പഠിക്കുകയും ധ്യാനിക്കുകയും ചെയ്യണം. അതേസമയം മറ്റുള്ളവരുടെ ആത്മീയാവശ്യങ്ങളെക്കുറിച്ചും ചിന്തിക്കണം. എന്നാൽ ഇതു രണ്ടും സമനിലയിൽ കൊണ്ടുപോകണം. (ഫിലി. 1:9, 10) ശുശ്രൂഷയ്ക്കോ മീറ്റിങ്ങുകൾക്കോ പ്രസംഗത്തിനോ തയ്യാറാകുമ്പോൾ നമ്മൾ വായിക്കുന്ന കാര്യങ്ങൾ നമുക്കുതന്നെ ബാധകമാക്കുന്നതിനെക്കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. ഉദാഹരണത്തിന്, വിളമ്പുന്നതിനു മുമ്പ് ഒരു പാചകക്കാരൻ ഭക്ഷണം രുചിച്ചുനോക്കാറുണ്ട്. എന്നാൽ ആരോഗ്യം നിലനിറുത്തുന്നതിന് അദ്ദേഹത്തിനു രുചിച്ചുനോക്കുന്ന അത്രയും ഭക്ഷണം പോരാ. അദ്ദേഹം പോഷകപ്രദമായ ആഹാരം തയ്യാറാക്കി മതിയായ അളവിൽ കഴിക്കണം. സമാനമായി നമ്മുടെ ആവശ്യത്തിനു മതിയായ ആത്മീയാഹാരംകൊണ്ട് നമ്മുടെ ഹൃദയത്തെ പോഷിപ്പിക്കാൻ നമ്മൾ ശ്രമിക്കണം.
12, 13. അന്യഭാഷാവയലിൽ സേവിക്കുന്ന അനേകരും തങ്ങളുടെ സ്വന്തം ഭാഷയിൽ പതിവായി പഠിക്കുന്നതു പ്രയോജനകരമാണെന്നു പറയുന്നത് എന്തുകൊണ്ട്?
12 അന്യഭാഷാവയലിൽ സേവിക്കുന്ന മിക്കവരും തങ്ങളുടെ “സ്വന്തഭാഷ”യിൽ പതിവായി ബൈബിൾ പഠിക്കുന്നതു പ്രയോജനകരമാണെന്നു കണ്ടിരിക്കുന്നു. (പ്രവൃ. 2:8) മിഷനറിമാർപോലും അവരുടെ വിദേശനിയമനങ്ങളിൽ കണ്ടെത്തിയിരിക്കുന്ന ഒരു വസ്തുതയുണ്ട്: മീറ്റിങ്ങുകളിൽനിന്ന് ലഭിക്കുന്ന അടിസ്ഥാന അറിവിൽ മാത്രം ആശ്രയിച്ചാൽ ഒരാൾക്ക് അദ്ദേഹത്തിന്റെ വിദേശനിയമനത്തിൽ വിശ്വസ്തതയോടെ തുടരാനാവില്ല.
13 കഴിഞ്ഞ എട്ടു വർഷമായി പേർഷ്യൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുന്ന അലെയ്ൻ പറയുന്നു: “പേർഷ്യൻ ഭാഷയിൽ ഞാൻ മീറ്റിങ്ങുകൾക്കു തയ്യാറാകുമ്പോൾ ഭാഷയിലാണ് എന്റെ മുഴുവൻ ശ്രദ്ധ. അങ്ങനെ പഠിക്കുന്നതുകൊണ്ട് എന്റെ ബുദ്ധി കൂടുന്നുണ്ടെങ്കിലും പഠിക്കുന്ന കാര്യങ്ങൾ എന്റെ ഹൃദയത്തിലേക്ക് കാര്യമായിട്ടൊന്നും എത്താറില്ല. അതുകൊണ്ടാണു ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും എന്റെ സ്വന്തം ഭാഷയിൽ പതിവായി പഠിക്കാൻ ഞാൻ സമയം നീക്കിവെച്ചിരിക്കുന്നത്.”
മക്കളുടെ ഹൃദയത്തിൽ എത്തിച്ചേരുക
14. മാതാപിതാക്കൾ ഏതു കാര്യം ഉറപ്പാക്കണം, എന്തുകൊണ്ട്?
14 ദൈവവചനം മക്കളുടെ മനസ്സിലും ഹൃദയത്തിലും എത്തിച്ചേരുന്നുണ്ടെന്നു മാതാപിതാക്കൾ ഉറപ്പുവരുത്തണം. മൂന്നു വർഷത്തിലധികം ഒരു അന്യഭാഷാവയലിൽ സേവിച്ചുകഴിഞ്ഞപ്പോൾ തങ്ങളുടെ 17 വയസ്സുകാരനായ മകന് ആത്മീയപ്രവർത്തനങ്ങളിലുള്ള ഉത്സാഹം കുറഞ്ഞതായി സേർഷും ഭാര്യയായ മ്യൂറിയേലും ശ്രദ്ധിച്ചു. മ്യൂറിയേൽ പറയുന്നു: “മുമ്പ് സ്വന്തം ഭാഷയായ ഫ്രഞ്ചിൽ പ്രസംഗിക്കുന്നത് ഇഷ്ടമായിരുന്ന അവന് ഇപ്പോൾ മറ്റൊരു ഭാഷയിൽ പ്രസംഗപ്രവർത്തനത്തിനു പോകുന്നതിനോടു മടുപ്പുതോന്നി.” സേർഷ് പറയുന്നു: “ആത്മീയപുരോഗതി വരുത്താൻ ഞങ്ങളുടെ മകന് ഈ സാഹചര്യം ഒരു തടസ്സമാണെന്നു തിരിച്ചറിഞ്ഞ ഞങ്ങൾ പഴയ സഭയിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു.”
15. (എ) കുട്ടികൾക്കു നന്നായി മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുന്ന സഭയിലേക്കു തിരികെപ്പോകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ മാതാപിതാക്കളെ എന്തെല്ലാം കാര്യങ്ങൾ സഹായിക്കും? (ബി) ആവർത്തനം 6:5-7 മാതാപിതാക്കൾക്ക് എന്ത് ഉദ്ബോധനമാണു നൽകുന്നത്?
15 കുട്ടികൾക്കു നന്നായി മനസ്സിലാകുന്ന ഭാഷയിൽ മീറ്റിങ്ങുകൾ നടക്കുന്ന സഭയിലേക്കു തിരികെപ്പോകണോ വേണ്ടയോ എന്നു തീരുമാനിക്കാൻ മാതാപിതാക്കളെ എന്തെല്ലാം കാര്യങ്ങൾ സഹായിക്കും? ഒന്നാമതായി, അവരെ മറ്റൊരു ഭാഷ പഠിപ്പിക്കാനും അതേസമയം യഹോവയോടുള്ള സ്നേഹം അവരിൽ നട്ടുവളർത്താനും മതിയായ സമയവും സാഹചര്യവും തങ്ങൾക്കുണ്ടോ എന്ന് അവർ നോക്കണം. രണ്ടാമതായി, ആത്മീയപ്രവർത്തനങ്ങളിലോ അവർ സേവിക്കുന്ന അന്യഭാഷാവയലിലോ മക്കൾ താത്പര്യക്കുറവ് കാണിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. അത്തരം സാഹചര്യങ്ങളിൽ, മക്കൾ സത്യത്തിനായി ഒരു ഉറച്ച നിലപാടെടുക്കുന്നതുവരെ അവർക്കു നന്നായി മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുന്ന സഭയിലേക്കു തിരികെപ്പോകാൻ മാതാപിതാക്കൾ തീരുമാനിച്ചേക്കാം.—ആവർത്തനം 6:5-7 വായിക്കുക.
16, 17. ഒരു അന്യഭാഷാവയലിൽ ആയിരിക്കുമ്പോൾത്തന്നെ മക്കളെ ആത്മീയമായി പരിശീലിപ്പിക്കാൻ ചില മാതാപിതാക്കൾക്ക് എങ്ങനെ കഴിയുന്നു?
16 എന്നാൽ അതേസമയം, ഒരു അന്യഭാഷാസഭയിലോ ഗ്രൂപ്പിലോ പോകുമ്പോൾത്തന്നെ മക്കളുടെ ഭാഷയിൽ അവരെ പഠിപ്പിക്കാൻ ചില മാതാപിതാക്കൾ വഴികൾ കണ്ടെത്തിയിരിക്കുന്നു. 9-നും 13-നും ഇടയിൽ പ്രായമുള്ള മൂന്നു പെൺകുട്ടികളുടെ പിതാവായ ചാൾസ്, ലിംഗാല ഭാഷയിലുള്ള ഒരു ഗ്രൂപ്പിലാണു മീറ്റിങ്ങിനു പോകുന്നത്. അദ്ദേഹം പറയുന്നു: “കുട്ടികളോടൊപ്പം ഞങ്ങളുടെ ഭാഷയിൽ പഠിക്കാനും കുടുംബാരാധന നടത്താനും ഞങ്ങൾ തീരുമാനിച്ചു. അതോടൊപ്പം, രസകരമായ വിധത്തിൽ ലിംഗാല ഭാഷ പഠിക്കുന്നതിനുവേണ്ടി ആ ഭാഷയിലും ഞങ്ങൾ പരിശീലനപരിപാടികളും കളികളും ഒക്കെ ഉൾപ്പെടുത്തുന്നു.”
17 അഞ്ചും എട്ടും വയസ്സു പ്രായമുള്ള രണ്ടു പെൺകുട്ടികളുടെ പിതാവായ കെവിൻ അന്യഭാഷയിൽ നടക്കുന്ന മീറ്റിങ്ങുകളിലെ വിവരങ്ങൾ മക്കൾക്കു മനസ്സിലാകാതെ വരുമ്പോൾ ആ നഷ്ടം നികത്താൻ ചിലതെല്ലാം ചെയ്യുന്നു. അദ്ദേഹം പറയുന്നു: “ഭാര്യയും ഞാനും മക്കളുടെ മാതൃഭാഷയായ ഫ്രഞ്ചിൽ ഓരോരുത്തരെയും വ്യക്തിപരമായി പഠിപ്പിക്കുന്നു. മാസത്തിൽ ഒരിക്കൽ ഫ്രഞ്ച് ഭാഷയിലുള്ള മീറ്റിങ്ങിനു പോകാൻ ഞങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നു. ഞങ്ങളുടെ മാതൃഭാഷയിൽ നടക്കുന്ന കൺവെൻഷനുകൾക്ക് അവധിയെടുത്ത് പോകുകയും ചെയ്യുന്നു.”
18. (എ) മക്കൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ റോമർ 15:1, 2-ലെ തത്ത്വം നിങ്ങളെ എങ്ങനെ സഹായിക്കും? (ബി) ചില മാതാപിതാക്കൾ എന്തു നിർദേശങ്ങളാണു വെച്ചിരിക്കുന്നത്? (പിൻകുറിപ്പ് കാണുക.)
18 തീർച്ചയായും, മക്കളുടെ ആത്മീയാരോഗ്യത്തിന് ഏറ്റവും നല്ലത് ഏതാണെന്നു തീരുമാനിക്കേണ്ടത് ഓരോ കുടുംബവുമാണ്. [2] (ഗലാ. 6:5) മകന്റെ ആത്മീയപ്രയോജനത്തിനായി തനിക്കും ഭർത്താവിനും തങ്ങളുടെ ഇഷ്ടങ്ങൾ ബലികഴിക്കേണ്ടിവന്നെന്നു മുമ്പ് പരാമർശിച്ച മ്യൂറിയേൽ പറയുന്നു. (റോമർ 15:1, 2 വായിക്കുക.) എങ്കിലും പിന്തിരിഞ്ഞുനോക്കുമ്പോൾ ശരിയായ തീരുമാനമാണു തങ്ങളെടുത്തതെന്നു സേർഷിനു തോന്നുന്നു. അദ്ദേഹം പറയുന്നു: “ഒരു ഫ്രഞ്ച് ഭാഷാസഭയിലേക്കു മാറിയപ്പോൾമുതൽ ഞങ്ങളുടെ മകൻ ആത്മീയമായി പുരോഗമിക്കാൻ തുടങ്ങി, സ്നാനമേൽക്കുകയും ചെയ്തു. ഇപ്പോൾ അവൻ ഒരു മുൻനിരസേവകനാണ്. ഒരു അന്യഭാഷാഗ്രൂപ്പിലേക്കു മടങ്ങിപ്പോകുന്നതിനെക്കുറിച്ച് അവൻ ചിന്തിക്കുകപോലും ചെയ്യുന്നുണ്ട്!”
ദൈവവചനം നിങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരട്ടെ
19, 20. ദൈവവചനത്തോടു സ്നേഹമുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
19 ‘സകലതരം മനുഷ്യരും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുന്നതിന്’ യഹോവ സ്നേഹപൂർവം തന്റെ വചനമായ ബൈബിൾ നൂറുകണക്കിനു ഭാഷകളിൽ ലഭ്യമാക്കിയിരിക്കുന്നു. (1 തിമൊ. 2:4) മനുഷ്യർ തങ്ങളുടെ ഹൃദയത്തെ സ്വാധീനിക്കുന്ന ഭാഷയിൽ അതായത്, സ്വന്തം ഭാഷയിൽ യഹോവയുടെ ചിന്തകൾ വായിക്കുമ്പോൾ അവരുടെ ആത്മീയാവശ്യങ്ങൾ കൂടുതൽ മെച്ചമായി തൃപ്തിപ്പെടുത്താനാകുമെന്ന് യഹോവയ്ക്ക് അറിയാം.
20 നമ്മുടെ വ്യക്തിപരമായ സാഹചര്യം എന്തായാലും, കട്ടിയായ ആത്മീയാഹാരംകൊണ്ട് നമ്മുടെ ഹൃദയത്തെ പോഷിപ്പിക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. സ്വന്തം ഭാഷയിൽ തിരുവെഴുത്തുകൾ ക്രമമായി പഠിച്ചുകൊണ്ട് നമ്മുടെയും കുടുംബത്തിന്റെയും ആത്മീയാരോഗ്യം കാത്തുസൂക്ഷിക്കാനാകും. അങ്ങനെ ദൈവത്തിന്റെ വചനങ്ങളെ വിലയേറിയതായി കാണുന്നെന്നു നമുക്കു തെളിയിക്കാം.—സങ്കീ. 119:11.
^ [1] (ഖണ്ഡിക 5) ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.
^ [2] (ഖണ്ഡിക 18) നിങ്ങളുടെ കുടുംബത്തെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾക്കായി 2002 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരൽ—വെല്ലുവിളികളും പ്രതിഫലങ്ങളും” എന്ന ലേഖനം കാണുക.