വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അപരി​ചി​ത​രോ​ടു ദയ കാണി​ക്കാൻ മറക്കരുത്‌”

“അപരി​ചി​ത​രോ​ടു ദയ കാണി​ക്കാൻ മറക്കരുത്‌”

“അപരി​ചി​ത​രോ​ടു ദയ കാണി​ക്കാൻ മറക്കരുത്‌.”—എബ്രാ. 13:2, NW, അടിക്കു​റിപ്പ്‌.

ഗീതം: 124, 79

1, 2. (എ) അപരി​ചി​തർ നേരി​ടുന്ന ചില പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമ്മളെ എന്ത്‌ ഓർമി​പ്പി​ക്കു​ന്നു, അത്‌ എന്തൊക്കെ ചോദ്യ​ങ്ങൾ ഉയർത്തു​ന്നു?

 മുപ്പതി​ല​ധി​കം വർഷങ്ങൾക്കു മുമ്പ്‌ ഘാനയിൽനിന്ന്‌ യൂറോ​പ്പിൽ എത്തിയ ആളാണ്‌ ഓസെ. [1] ആ സമയത്ത്‌ അദ്ദേഹം ഒരു സാക്ഷി​യ​ല്ലാ​യി​രു​ന്നു. അദ്ദേഹം ഓർക്കു​ന്നു: “ആർക്കും​തന്നെ എന്റെ കാര്യ​ത്തിൽ വലിയ താത്‌പ​ര്യ​മി​ല്ലെന്ന്‌ എനിക്കു വൈകാ​തെ മനസ്സി​ലാ​യി. കാലാ​വ​സ്ഥ​യാ​യി​രു​ന്നെ​ങ്കിൽ കൊടും തണുപ്പും! വിമാ​ന​ത്താ​വ​ള​ത്തിൽനിന്ന്‌ പുറത്ത്‌ വന്നപ്പോൾ ജീവി​ത​ത്തിൽ ആദ്യമാ​യി തണുപ്പ്‌ എന്താ​ണെന്നു ഞാൻ അറിഞ്ഞു, ഞാൻ കരയാൻ തുടങ്ങി.” ഭാഷ ഒരു പ്രശ്‌ന​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഒരു വർഷത്തി​ല​ധി​കം ഒരു നല്ല ജോലി​ക്കാ​യി ഓസെക്ക്‌ അന്വേ​ഷി​ക്കേ​ണ്ടി​വന്നു. വീട്ടിൽനിന്ന്‌ അകലെ​യാ​യി​രുന്ന ഓസെക്ക്‌ ഏകാന്തത അനുഭ​വ​പ്പെട്ടു. വീടി​നെ​ക്കു​റി​ച്ചുള്ള ഓർമകൾ അദ്ദേഹത്തെ വിഷമി​പ്പി​ച്ചു.

2 അത്തരം ഒരു സാഹച​ര്യ​ത്തിൽ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ ആളുകൾ എങ്ങനെ പെരു​മാ​റാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കുക? രാജ്യ​ഹാ​ളിൽ ചെല്ലു​മ്പോൾ നിങ്ങളു​ടെ ദേശമോ നിറമോ നോക്കാ​തെ സഹോ​ദ​രങ്ങൾ നിങ്ങളെ ഊഷ്‌മ​ള​ത​യോ​ടെ സ്വീക​രി​ച്ചാൽ നിങ്ങൾ അതു വിലമ​തി​ക്കി​ല്ലേ? യഥാർഥ​ത്തിൽ സത്യ​ക്രി​സ്‌ത്യാ​നി​ക​ളോ​ടു ബൈബിൾ ഇങ്ങനെ പറയുന്നു: “അപരി​ചി​ത​രോ​ടു ദയ കാണി​ക്കാൻ മറക്കരുത്‌.” (എബ്രാ. 13:2, NW, അടിക്കു​റിപ്പ്‌) അതു​കൊണ്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ നമുക്ക്‌ ഇപ്പോൾ ചർച്ച ചെയ്യാം: യഹോവ എങ്ങനെ​യാണ്‌ അപരി​ചി​തരെ വീക്ഷി​ക്കു​ന്നത്‌? അപരി​ചി​ത​രോ​ടുള്ള നമ്മുടെ വീക്ഷണ​ത്തി​നു മാറ്റം വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? മറുനാ​ട്ടിൽനിന്ന്‌ വരുന്ന​വർക്കു നമ്മുടെ സഭ സ്വന്തം നാടു​പോ​ലെ തോന്നാൻ നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം?

യഹോവ എങ്ങനെ​യാണ്‌ അപരി​ചി​തരെ വീക്ഷി​ക്കു​ന്നത്‌?

3, 4. പുറപ്പാട്‌ 23:9 അനുസ​രിച്ച്‌ തന്റെ ജനം പരദേ​ശി​ക​ളോട്‌ എങ്ങനെ ഇടപെ​ട​ണ​മെ​ന്നാ​ണു ദൈവം പ്രതീ​ക്ഷി​ച്ചത്‌, എന്തു​കൊണ്ട്‌?

3 തന്റെ ജനത്തെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ച​ശേഷം യഹോവ അവർക്ക്‌ ഒരുകൂ​ട്ടം നിയമങ്ങൾ നൽകി. അവരോ​ടൊ​പ്പം ചേർന്ന ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വ​രോ​ടുള്ള പ്രത്യേക പരിഗണന വെളി​പ്പെ​ടു​ത്തുന്ന ചില നിയമ​ങ്ങ​ളും അതിലു​ണ്ടാ​യി​രു​ന്നു. (പുറ. 12:38, 49; 22:21) പരദേ​ശി​കൾ മിക്ക​പ്പോ​ഴും അവഗണി​ക്ക​പ്പെ​ടു​ന്ന​തി​നാൽ യഹോവ അവർക്കാ​യി സ്‌നേ​ഹ​പൂർവം കരുതി. കാലാ പെറു​ക്കാ​നുള്ള അവകാശം അത്തരം ഒരു കരുത​ലാ​യി​രു​ന്നു.—ലേവ്യ 19:9, 10.

4 പരദേ​ശി​കളെ ബഹുമാ​നി​ക്കാൻ ഇസ്രാ​യേ​ല്യ​രോട്‌ യഹോവ ആജ്ഞാപി​ക്കു​ക​യാ​യി​രു​ന്നില്ല. പകരം ഇസ്രാ​യേ​ല്യർ അവരോ​ടു സമാനു​ഭാ​വം കാണി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ച്ചത്‌. (പുറപ്പാട്‌ 23:9 വായി​ക്കുക.) കാരണം, “പരദേ​ശി​യു​ടെ അനുഭവം” എന്താ​ണെന്ന്‌ ഇസ്രാ​യേ​ല്യർക്ക്‌ അറിയാ​മാ​യി​രു​ന്നു. ഈജി​പ്‌തിൽ അടിമ​ക​ളാ​കു​ന്ന​തി​നു മുമ്പു​തന്നെ ഈജി​പ്‌തു​കാർക്ക്‌ അവരെ വെറു​പ്പാ​യി​രു​ന്നു. കാരണം, വംശാ​ഭി​മാ​ന​വും മതപര​മായ മുൻവി​ധി​യും ഉള്ളവരാ​യി​രു​ന്നു ഈജി​പ്‌തു​കാർ. (ഉൽപ. 43:32; 46:34; പുറ. 1:11-14) മറുനാ​ട്ടു​കാ​രെന്ന നിലയിൽ ഈജി​പ്‌തിൽ ഇസ്രാ​യേ​ല്യ​രു​ടെ ജീവിതം കൈപ്പു നിറഞ്ഞ​താ​യി​രു​ന്നു. എന്നാൽ അവരുടെ ഇടയിൽ പാർക്കുന്ന പരദേ​ശി​യെ “സ്വദേ​ശി​യെ​പ്പോ​ലെ” കാണാ​നാണ്‌ യഹോവ ആഗ്രഹി​ച്ചത്‌.—ലേവ്യ 19:33, 34.

5. മറുനാ​ട്ടിൽനി​ന്നുള്ള ആളുക​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കുള്ള അതേ ചിന്തയു​ണ്ടാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

5 നമ്മുടെ സഭകളിൽ മീറ്റി​ങ്ങു​കൾക്കു വരുന്ന മറുനാ​ട്ടിൽനി​ന്നുള്ള ആളുക​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ ഇന്നും അതേ ചിന്തയുണ്ട്‌. (ആവ. 10:17-19; മലാ. 3:5, 6) വിവേ​ച​ന​വും ഭാഷാ​പ്ര​ശ്‌ന​ങ്ങ​ളും പോലെ അവർ നേരി​ടുന്ന ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കു​ന്നെ​ങ്കിൽ അവരോ​ടു ദയയും സഹാനു​ഭൂ​തി​യും കാണി​ക്കാ​നുള്ള വഴികൾ നമ്മൾ അന്വേ​ഷി​ക്കും.—1 പത്രോ. 3:8.

അപരി​ചി​ത​രോ​ടുള്ള നമ്മുടെ വീക്ഷണ​ത്തി​നു മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടോ?

6, 7. ആഴത്തിൽ വേരു​റ​ച്ചി​രുന്ന മുൻവി​ധി​കളെ മറിക​ട​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പഠി​ച്ചെന്ന്‌ എന്തു കാണി​ക്കു​ന്നു?

6 ജൂതന്മാർക്കി​ട​യിൽ ആഴത്തിൽ വേരു​റ​ച്ചി​രുന്ന മുൻവി​ധി​കളെ മറിക​ട​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പഠിച്ചു. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ പുതു​താ​യി ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന പല ദേശങ്ങ​ളിൽനിന്ന്‌ വന്ന ആളുകൾക്ക്‌ യരുശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾ ആതിഥ്യം നൽകി. (പ്രവൃ. 2:5, 44-47) “അതിഥി​സ​ത്‌കാ​രം” എന്നു​വെ​ച്ചാൽ “അപരി​ചി​ത​രോ​ടു ദയ” എന്നാ​ണെന്ന്‌ ആ ജൂത​ക്രി​സ്‌ത്യാ​നി​കൾക്കു നന്നായി അറിയാ​മാ​യി​രു​ന്നു. അതിന്റെ തെളി​വാ​ണു മറ്റു ദേശങ്ങ​ളിൽനി​ന്നുള്ള സഹവി​ശ്വാ​സി​ക​ളോട്‌ അവർ സ്‌നേ​ഹ​പൂർവം ഇടപെ​ട്ടത്‌.

7 എന്നാൽ ആദിമ​ക്രി​സ്‌തീ​യസഭ വളർന്നു​വ​രവെ, വിവേ​ച​ന​വു​മാ​യി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉടലെ​ടു​ത്തു. തങ്ങൾക്കി​ട​യി​ലെ വിധവ​മാർക്കു വേണ്ടത്ര ശ്രദ്ധ കിട്ടു​ന്നി​ല്ലെന്നു ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാർ പരാതി​പ്പെട്ടു. (പ്രവൃ. 6:1) ഏഴു പുരു​ഷ​ന്മാ​രെ നിയമി​ച്ചു​കൊണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ ഈ പ്രശ്‌നം പരിഹ​രി​ച്ചു. അങ്ങനെ ആരും അവഗണി​ക്ക​പ്പെ​ടു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തി. ഈ ഏഴു പേർക്കും ഗ്രീക്ക്‌ പേരു​ക​ളാ​ണു​ണ്ടാ​യി​രു​ന്നത്‌. അതു കാണി​ക്കു​ന്നത്‌, ആദിമ​ക്രി​സ്‌ത്യാ​നി​കൾക്കി​ട​യിൽ പശ്ചാത്ത​ല​ത്തെ​ച്ചൊ​ല്ലി ഏതെങ്കി​ലും പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കിൽ അതു പരിഹ​രി​ക്കാൻ അപ്പോ​സ്‌ത​ല​ന്മാർ ആഗ്രഹി​ച്ചി​രു​ന്നെ​ന്നാണ്‌.—പ്രവൃ. 6:2-6.

8, 9. (എ) നമ്മൾ മുൻവി​ധി​യും വംശാ​ഭി​മാ​ന​വും വെച്ചു​പു​ലർത്തു​ന്നു​ണ്ടെന്ന്‌ എന്തു സൂചി​പ്പി​ച്ചേ​ക്കാം? (ബി) നമ്മൾ ഹൃദയ​ത്തിൽനിന്ന്‌ എന്തു പിഴു​തെ​റി​യണം? (1 പത്രോ. 1:22)

8 നമ്മൾ തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും നമ്മുടെ സംസ്‌കാ​രം നമ്മളെ​യെ​ല്ലാം ആഴമായി സ്വാധീ​നി​ക്കു​ന്നുണ്ട്‌. (റോമ. 12:2) കൂടാതെ, മറ്റൊരു പശ്ചാത്ത​ല​ത്തി​ലോ വംശത്തി​ലോ നിറത്തി​ലോ ഉള്ള ആളുകളെ ഇടിച്ചു​താ​ഴ്‌ത്തുന്ന തരം കാര്യങ്ങൾ നമ്മുടെ അയൽക്കാ​രോ കൂടെ ജോലി ചെയ്യു​ന്ന​വ​രോ സഹപാ​ഠി​ക​ളോ പറയു​ന്നതു നമ്മൾ കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കും. അത്തരം പക്ഷപാ​ത​പ​ര​മായ വീക്ഷണങ്ങൾ നമ്മളെ ആഴത്തിൽ സ്വാധീ​നി​ച്ചി​ട്ടു​ണ്ടോ? നമ്മുടെ സംസ്‌കാ​ര​ത്തി​ന്റെ ഏതെങ്കി​ലും ഒരു വശത്തെ പെരു​പ്പി​ച്ചു​കാ​ണിച്ച്‌ ആരെങ്കി​ലും നമ്മുടെ ദേശത്തെ കളിയാ​ക്കു​ന്നെ​ങ്കിൽ നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കും?

9 കുറെ കാല​ത്തേക്കു പത്രോസ്‌ ജൂതന്മാ​ര​ല്ലാ​ത്ത​വ​രോ​ടു മുൻവി​ധി പുലർത്തി​പ്പോ​ന്നു. പക്ഷേ തന്റെ ഹൃദയ​ത്തിൽനിന്ന്‌ തെറ്റായ വീക്ഷണങ്ങൾ പിഴു​തെ​റി​യാൻ പതി​യെ​പ്പ​തി​യെ പത്രോസ്‌ പഠിച്ചു. (പ്രവൃ. 10:28, 34, 35; ഗലാ. 2:11-14) നമ്മുടെ ഉള്ളിലും മുൻവി​ധി​യു​ടെ​യോ വംശാ​ഭി​മാ​ന​ത്തി​ന്റെ​യോ കണിക​ക​ളു​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ഹൃദയ​ത്തിൽനിന്ന്‌ അതു പിഴു​തെ​റി​യാൻ നമ്മൾ ബോധ​പൂർവം ശ്രമി​ക്കണം. (1 പത്രോസ്‌ 1:22 വായി​ക്കുക.) നമ്മൾ ആരും രക്ഷയ്‌ക്ക്‌ അർഹരല്ല എന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. ഏതു ദേശക്കാ​രാ​ണെ​ങ്കി​ലും നമ്മളെ​ല്ലാം അപൂർണ​രാണ്‌. (റോമ. 3:9, 10, 21-24) അതു​കൊണ്ട്‌ മറ്റുള്ള​വ​രെ​ക്കാൾ ഉയർന്ന​വ​രാ​ണു നമ്മളെന്ന്‌ എന്തിനു ചിന്തി​ക്കണം? (1 കൊരി. 4:7) അപ്പോ​സ്‌ത​ല​നായ പൗലോ​സി​നു​ണ്ടാ​യി​രുന്ന അതേ വീക്ഷണ​മാ​ണു നമുക്കു​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌. സഹക്രി​സ്‌ത്യാ​നി​കൾ ‘ഇനി അന്യരോ പരദേ​ശി​ക​ളോ അല്ല; ദൈവ​ത്തി​ന്റെ ഭവനക്കാ​രാണ്‌’ എന്ന്‌ പൗലോസ്‌ അവരോ​ടു പറഞ്ഞു. (എഫെ. 2:19) മറ്റു പശ്ചാത്ത​ല​ത്തിൽ ഉള്ളവ​രെ​ക്കു​റി​ച്ചുള്ള മുൻവി​ധി മറിക​ട​ക്കാൻ നമ്മൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നെ​ങ്കിൽ പുതിയ വ്യക്തി​ത്വം ധരിക്കാൻ അതു നമ്മളെ സഹായി​ക്കും.—കൊലോ. 3:10, 11.

അപരി​ചി​ത​രോട്‌ എങ്ങനെ ദയ കാണി​ക്കാം?

10, 11. മോവാ​ബ്യ​സ്‌ത്രീ​യായ രൂത്തി​നോട്‌ ഇടപെ​ട്ട​പ്പോൾ ബോവസ്‌ അപരി​ചി​ത​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം പ്രതി​ഫ​ലി​പ്പി​ച്ചത്‌ എങ്ങനെ?

10 മോവാ​ബു​കാ​രി​യായ രൂത്തി​നോട്‌ ഇടപെ​ട്ട​പ്പോൾ ബോവസ്‌ അപരി​ചി​ത​രോ​ടുള്ള യഹോ​വ​യു​ടെ വീക്ഷണ​മാ​ണു പ്രതി​ഫ​ലി​പ്പി​ച്ചത്‌. തന്റെ വയലിലെ കൊയ്‌ത്തു നോക്കാൻ വന്ന ബോവസ്‌ കഠിനാ​ധ്വാ​നി​യായ ഒരു മറുനാ​ട്ടു​കാ​രി കൊയ്‌ത്തു​കാ​രു​ടെ പിന്നാലെ നടന്ന്‌ കാലാ പെറു​ക്കു​ന്നതു ശ്രദ്ധിച്ചു. കാലാ പെറു​ക്കാൻ അവകാ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അനുവാ​ദം ചോദി​ച്ച​ശേ​ഷ​മാ​ണു രൂത്ത്‌ അതു ചെയ്‌തത്‌. അത്‌ അറിഞ്ഞ ബോവസ്‌ കറ്റകൾക്കി​ട​യിൽനി​ന്നു​പോ​ലും കാലാ പെറു​ക്കാൻ രൂത്തിനെ അനുവ​ദി​ച്ചു.—രൂത്ത്‌ 2:5-7, 15, 16 വായി​ക്കുക.

11 അതിനു ശേഷമുള്ള സംഭാ​ഷണം കാണി​ക്കു​ന്നത്‌, രൂത്തി​നെ​ക്കു​റി​ച്ചും ഒരു പരദേ​ശി​യാ​യ​തു​കൊ​ണ്ടുള്ള രൂത്തിന്റെ അപകടം നിറഞ്ഞ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചും ബോവ​സി​നു ചിന്തയു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌. വയലിൽ പണി​യെ​ടു​ക്കുന്ന പുരു​ഷ​ന്മാർ രൂത്തിനെ ശല്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​യി തന്റെ ജോലി​ക്കാ​രി​ക​ളു​ടെ കൂടെ​യാ​യി​രി​ക്കാൻ ബോവസ്‌ രൂത്തി​നോ​ടു പറഞ്ഞു. മറ്റു ജോലി​ക്കാർക്കു നൽകു​ന്ന​തു​പോ​ലെ ആവശ്യ​ത്തി​നു ഭക്ഷണവും വെള്ളവും രൂത്തിനു ലഭിക്കു​ന്നു​ണ്ടെ​ന്നും ബോവസ്‌ ഉറപ്പു​വ​രു​ത്തി. പാവപ്പെട്ട, പരദേ​ശി​യായ ആ യുവതി​യോ​ടു തരംതാ​ണവൾ എന്ന രീതി​യി​ലല്ല ബോവസ്‌ സംസാ​രി​ച്ചത്‌, പകരം വാക്കു​ക​ളി​ലൂ​ടെ അദ്ദേഹം രൂത്തിനു ബലം പകർന്നു.—രൂത്ത്‌ 2:8-10, 13, 14.

12. അന്യനാ​ടു​ക​ളിൽനിന്ന്‌ പുതു​താ​യി വരുന്ന ആളുക​ളോ​ടു കാണി​ക്കുന്ന ദയ എന്തു നല്ല ഫലം ഉളവാ​ക്കി​യേ​ക്കാം?

12 അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യോ​ടുള്ള രൂത്തിന്റെ നിസ്വാർഥ​മായ സ്‌നേഹം മാത്രമല്ല ബോവ​സി​നെ ആകർഷി​ച്ചത്‌. രൂത്ത്‌ യഹോ​വ​യെ​യാണ്‌ ആരാധി​ക്കു​ന്ന​തെന്ന്‌ അറിഞ്ഞ​തും ബോവ​സിൽ മതിപ്പു​ള​വാ​ക്കി. യഥാർഥ​ത്തിൽ, ബോവ​സി​ന്റെ ദയ ‘യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ചിറകിൻകീ​ഴെ ആശ്രയി​ച്ചു​വന്ന’ ഒരു സ്‌ത്രീ​യോട്‌ യഹോ​വ​യ്‌ക്കുള്ള അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​യി​രു​ന്നു. (രൂത്ത്‌ 2:12, 20; സദൃ. 19:17) സമാന​മാ​യി, ഇന്നും ദയയോ​ടെ​യുള്ള നമ്മുടെ പെരു​മാ​റ്റം “സകലതരം മനുഷ്യ​രും” സത്യം മനസ്സി​ലാ​ക്കാ​നും യഹോവ അവരെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്നു തിരി​ച്ച​റി​യാ​നും അവരെ സഹായി​ക്കും.—1 തിമൊ. 2:3, 4.

പുതിയവർ രാജ്യ​ഹാ​ളിൽ വരു​മ്പോൾ നമ്മൾ അവരെ ഊഷ്‌മ​ള​ത​യോ​ടെ അഭിവാ​ദനം ചെയ്യു​ന്നു​ണ്ടോ? (13, 14 ഖണ്ഡികകൾ കാണുക)

13, 14. (എ) രാജ്യ​ഹാ​ളിൽ വരുന്ന അപരി​ചി​തരെ സ്വാഗതം ചെയ്യാൻ നമ്മൾ ആത്മാർഥ​മാ​യി ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) മറ്റൊരു സംസ്‌കാ​ര​ത്തി​ലുള്ള ആളുകളെ സമീപി​ക്കാൻ മടി തോന്നു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

13 മറ്റു നാടു​ക​ളിൽനിന്ന്‌ നമ്മുടെ രാജ്യ​ഹാ​ളിൽ പുതി​യ​താ​യി വരുന്ന​വരെ സ്വാഗതം ചെയ്‌തു​കൊണ്ട്‌ നമുക്കു ദയ കാണി​ക്കാം. നാണം കാരണം അങ്ങനെ​യു​ള്ളവർ എവി​ടെ​യെ​ങ്കി​ലും ഒതുങ്ങി​ക്കൂ​ടു​ന്നതു നമ്മൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​കും. വളർന്നു​വന്ന സാഹച​ര്യ​മോ സാമൂ​ഹി​ക​നി​ല​യോ കാരണം തങ്ങൾ മറ്റൊരു വംശത്തി​ലോ രാജ്യ​ത്തി​ലോ ഉള്ളവ​രെ​ക്കാൾ താഴ്‌ന്ന​വ​രാ​ണെന്ന്‌ അവർക്കു തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ നമ്മൾ അവരിൽ ഊഷ്‌മ​ള​വും ആത്മാർഥ​വും ആയ താത്‌പ​ര്യം കാണി​ക്കണം. JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ നിങ്ങളു​ടെ ഭാഷയിൽ ലഭ്യമാ​ണെ​ങ്കിൽ, മറ്റു ഭാഷക്കാ​രെ അവരുടെ ഭാഷയിൽ എങ്ങനെ അഭിവാ​ദനം ചെയ്യാ​നാ​കു​മെന്ന്‌ അത്‌ ഉപയോ​ഗിച്ച്‌ പഠിക്കാ​നാ​കും.—ഫിലി​പ്പി​യർ 2:3, 4 വായി​ക്കുക.

14 മറ്റൊരു സംസ്‌കാ​ര​ത്തി​ലുള്ള ആളുകളെ പരിച​യ​പ്പെ​ടാൻ നിങ്ങൾക്കു ചില​പ്പോൾ മടി തോന്നി​യേ​ക്കാം. അതിനെ മറിക​ട​ക്കാൻ, നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ എന്തെങ്കി​ലു​മൊ​ക്കെ അവരോ​ടു പറയാം. അങ്ങനെ ചെയ്യു​മ്പോൾ, വ്യത്യ​സ്‌ത​ത​ക​ളു​ണ്ടെ​ങ്കി​ലും നിങ്ങൾക്കി​ട​യിൽ പൊതു​വായ ധാരാളം കാര്യ​ങ്ങ​ളു​ണ്ടെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. വ്യത്യാ​സ​ങ്ങ​ളിൽ പലതും ഒരുപക്ഷേ നമ്മൾ ചിന്തി​ച്ചു​കൂ​ട്ടു​ന്ന​താ​യി​രി​ക്കാം. എല്ലാ സംസ്‌കാ​ര​ത്തി​നും നല്ല വശങ്ങളുണ്ട്‌, അതു​പോ​ലെ പോരാ​യ്‌മ​ക​ളും.

ഭവനത്തി​ന്റെ അന്തരീക്ഷം അവർക്കാ​യി ഒരുക്കുക

15. പുതിയ ഒരു രാജ്യത്തെ രീതി​ക​ളു​മാ​യി ഇണങ്ങാൻ ശ്രമി​ക്കു​ന്ന​വ​രോ​ടു കൂടുതൽ ഉൾക്കാ​ഴ്‌ച​യോ​ടെ ഇടപെ​ടാൻ നമ്മളെ എന്തു സഹായി​ക്കും?

15 സഭയിൽ വരുന്ന അന്യനാ​ട്ടു​കാർക്ക്‌ അവർ ഒറ്റപ്പെ​ട്ട​താ​യി തോന്നാ​തി​രി​ക്കാൻ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ ഒരു അന്യനാ​ട്ടിൽ പോകു​ക​യാ​ണെ​ങ്കിൽ അവിടു​ത്തെ ആളുകൾ എന്നോട്‌ എങ്ങനെ ഇടപെ​ടാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?’ (മത്താ. 7:12) പുതിയ ഒരു നാട്ടിലെ രീതി​ക​ളു​മാ​യി ഇണങ്ങാൻ ശ്രമി​ക്കു​ന്ന​വ​രോ​ടു ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. അവരുടെ ചിന്താ​രീ​തി​യും അവർ ഇടപെ​ടുന്ന വിധവും തുടക്ക​ത്തിൽ നമുക്കു മുഴു​വ​നാ​യി മനസ്സി​ലാ​ക​ണ​മെ​ന്നില്ല. നമ്മുടെ സംസ്‌കാ​ര​വു​മാ​യി അവർ ഇഴുകി​ച്ചേ​രാൻ പ്രതീ​ക്ഷി​ക്കു​ന്ന​തി​നു പകരം അവർ ആയിരി​ക്കു​ന്ന​തു​പോ​ലെ അവരെ അംഗീ​ക​രി​ക്കു​ക​യും സ്വീക​രി​ക്കു​ക​യും ചെയ്‌തു​കൂ​ടേ?—റോമർ 15:7 വായി​ക്കുക.

16, 17. (എ) മറ്റൊരു സംസ്‌കാ​ര​ത്തിൽനിന്ന്‌ വരുന്ന​വ​രോ​ടു കൂടുതൽ അടുപ്പം തോന്നാൻ നമ്മുടെ ഭാഗത്തു​നിന്ന്‌ എന്തൊക്കെ കാര്യങ്ങൾ ചെയ്യാ​നാ​കും? (ബി) വേറൊ​രു നാട്ടിൽനിന്ന്‌ നമ്മുടെ സഭയിൽ വരുന്ന​വരെ ഏതെല്ലാം പ്രാ​യോ​ഗി​ക​വി​ധ​ങ്ങ​ളിൽ നമുക്കു സഹായി​ക്കാം?

16 മറ്റു നാടു​ക​ളിൽനിന്ന്‌ വന്നവരു​ടെ ദേശ​ത്തെ​യും സംസ്‌കാ​ര​ത്തെ​യും കുറിച്ച്‌ നമ്മൾ പഠിക്കു​ന്നെ​ങ്കിൽ അവരു​മാ​യി ഇടപെ​ടു​ന്നതു കൂടുതൽ എളുപ്പ​മാ​യി​ത്തീ​രും. നമ്മുടെ സഭയി​ലോ സഭയുടെ പ്രദേ​ശ​ത്തോ ഉള്ള, മറുനാ​ട്ടു​കാ​രു​ടെ സംസ്‌കാ​ര​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ കുടും​ബാ​രാ​ധ​ന​യിൽ നമുക്കു സമയം മാറ്റി​വെ​ക്കാൻ കഴിയും. മറ്റു നാടു​ക​ളിൽനി​ന്നു​ള്ള​വരെ ഭക്ഷണത്തി​നാ​യി വീട്ടി​ലേക്കു ക്ഷണിക്കു​ന്ന​താണ്‌ അവരു​മാ​യി അടുക്കാൻ കഴിയുന്ന മറ്റൊരു വിധം. യഹോവ ‘വിജാ​തീ​യർക്കു വിശ്വാ​സ​ത്തി​ന്റെ വാതിൽ തുറന്നു​കൊ​ടു​ത്തി​രി​ക്കു​ന്നു.’ അതു​പോ​ലെ നമുക്കും മറ്റു നാടു​ക​ളിൽനി​ന്നുള്ള ‘സഹവി​ശ്വാ​സി​കൾക്കു’ നമ്മുടെ വാതിൽ തുറന്നു​കൊ​ടു​ക്കാൻ കഴിയി​ല്ലേ?—പ്രവൃ. 14:27; ഗലാ. 6:10; ഇയ്യോ. 31:32.

മറ്റു നാടു​ക​ളിൽനിന്ന്‌ പുതി​യവർ വരു​മ്പോൾ നമ്മൾ അവരോട്‌ അതിഥി​പ്രി​യം കാട്ടാ​റു​ണ്ടോ? (16, 17 ഖണ്ഡികകൾ കാണുക)

17 വേറൊ​രു നാട്ടിൽനിന്ന്‌ വന്ന ഒരു കുടും​ബ​ത്തോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്ന​തു​വഴി, നമ്മുടെ നാട്ടിലെ രീതി​ക​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ അവർ ചെയ്യുന്ന ശ്രമങ്ങൾ നമുക്കു കൂടുതൽ മനസ്സി​ലാ​കും. എന്നാൽ ഭാഷ പഠിക്കു​ന്ന​തിന്‌ അവർക്കു സഹായം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. അതു​പോ​ലെ ഒരു താമസ​സ്ഥ​ല​മോ ജോലി​യോ കണ്ടെത്താൻ അവരെ സഹായി​ക്കുന്ന പ്രാ​ദേ​ശിക ഏജൻസി​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയാ​മോ? അങ്ങനെ മുൻ​കൈ​യെ​ടുത്ത്‌ ചെയ്‌തു​കൊ​ടു​ക്കുന്ന കാര്യങ്ങൾ ഒരു സഹവി​ശ്വാ​സി​യു​ടെ ജീവി​ത​ത്തിൽ വലിയ മാറ്റം വരുത്തി​യേ​ക്കാം.—സദൃ. 3:27.

18. മറുനാ​ടു​ക​ളിൽനിന്ന്‌ വരുന്ന​വർക്ക്‌ ആദരവി​ന്റെ​യും നന്ദിയു​ടെ​യും ഏതു മാതൃക അനുക​രി​ക്കാൻ കഴിയും?

18 മറുനാ​ട്ടിൽനിന്ന്‌ വരുന്നവർ പുതിയ നാട്ടിലെ രീതി​ക​ളോ​ടു ചേർന്നു​പോ​കാൻ പരമാ​വധി ശ്രമി​ക്കു​മെ​ന്ന​തിൽ സംശയ​മില്ല. രൂത്ത്‌ ഈ കാര്യ​ത്തിൽ നല്ല മാതൃക വെച്ചു. ആദ്യം​തന്നെ, കാലാ പെറു​ക്കാൻ അനുവാ​ദം ചോദി​ച്ചു​കൊണ്ട്‌ പുതിയ നാട്ടിലെ കീഴ്‌വ​ഴ​ക്ക​ങ്ങളെ താൻ ആദരി​ക്കു​ന്നെന്നു രൂത്ത്‌ കാണിച്ചു. (രൂത്ത്‌ 2:7) ഇത്‌ തനിക്കു ചെയ്‌തു​ത​രാൻ മറ്റുള്ള​വർക്കു കടപ്പാ​ടുണ്ട്‌, ഇതു തന്റെ ഒരു അവകാ​ശ​മാണ്‌ എന്നൊ​ന്നു​മാ​യി​രു​ന്നില്ല രൂത്തിന്റെ ഭാവം. രണ്ടാമ​താ​യി, തന്നോടു കാണിച്ച ദയാ​പ്ര​വൃ​ത്തി​കൾക്കു നന്ദി പ്രകടി​പ്പി​ക്കാൻ രൂത്ത്‌ മടിച്ചില്ല. (രൂത്ത്‌ 2:13) മറുനാ​ടു​ക​ളിൽനിന്ന്‌ വരുന്നവർ ഇത്തരത്തി​ലുള്ള നല്ല മനോ​ഭാ​വം കാണി​ക്കു​മ്പോൾ അത്‌ ആ പ്രദേ​ശ​ത്തു​ള്ള​വ​രു​ടെ​യും സഹവി​ശ്വാ​സി​ക​ളു​ടെ​യും ബഹുമാ​നം നേടി​ക്കൊ​ടു​ക്കും.

19. നമ്മുടെ ഇടയി​ലുള്ള അപരി​ചി​തരെ സ്വാഗതം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 യഹോവ അനർഹ​ദ​യ​യാൽ എല്ലാ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​മുള്ള ആളുകൾക്കു സന്തോ​ഷ​വാർത്ത കേൾക്കാ​നുള്ള അവസരം കൊടു​ത്തി​രി​ക്കു​ന്ന​തിൽ നമ്മൾ സന്തുഷ്ട​രാണ്‌. സ്വന്തം നാട്ടിൽ ബൈബിൾ പഠിക്കാ​നോ യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം സ്വത​ന്ത്ര​മാ​യി സഹവസി​ക്കാ​നോ ഒരുപക്ഷേ അവർക്കു കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ ഇപ്പോൾ അവർക്ക്‌ അതിനുള്ള അവസര​മുണ്ട്‌. അങ്ങനെ​യെ​ങ്കിൽ നമ്മുടെ കൂടെ​യാ​യി​രി​ക്കു​മ്പോൾ തങ്ങൾ അപരി​ചി​ത​രാ​ണെന്നു തോന്നാ​തി​രി​ക്കാൻ നമ്മൾ അവരെ സഹായി​ക്കേ​ണ്ട​തല്ലേ? ഒരുപക്ഷേ പണം​കൊ​ണ്ടോ മറ്റ്‌ ഏതെങ്കി​ലും വിധത്തി​ലോ അവരെ സഹായി​ക്കാൻ നമുക്കു പരിമി​തി​യു​ണ്ടാ​യി​രി​ക്കും. എന്നാൽ നമ്മൾ അവരോ​ടു കാണി​ക്കുന്ന ദയ യഹോ​വ​യ്‌ക്ക്‌ അവരോ​ടുള്ള സ്‌നേ​ഹ​ത്തെ​യാ​ണു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. ‘ദൈവത്തെ അനുക​രി​ക്കു​ന്നവർ’ എന്ന നിലയിൽ നമുക്കി​ട​യി​ലുള്ള അപരി​ചി​തരെ സ്വാഗതം ചെയ്യാൻ നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യാം.—എഫെ. 5:1, 2.

^ [1] (ഖണ്ഡിക 1) ഇത്‌ യഥാർഥ​പേരല്ല.