നിങ്ങൾക്ക് അറിയാമോ?
ആണയിടുന്നതിനെ കുറ്റം വിധിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതു ജൂതന്മാരുടെ ഏതു പ്രവണതയാണ്?
മോശയുടെ നിയമപ്രകാരം ആണയിടുന്നതു തെറ്റല്ലായിരുന്നു. എന്നിരുന്നാലും, നിത്യജീവിതത്തിൽ എന്തിനും ഏതിനും ആണയിടുന്ന അളവോളം യേശുവിന്റെ കാലത്തെ ആളുകളുടെ ഇടയിൽ അതു സർവസാധാരണമായി മാറി. പറയുന്ന വാക്കിന് ആധികാരികത കൂട്ടുകയായിരുന്നു ലക്ഷ്യമെങ്കിലും അത് ഒരു നിസ്സാരകാര്യമായിത്തീർന്നു. ഈ പ്രവണതയെ യേശു രണ്ടു പ്രാവശ്യം കുറ്റപ്പെടുത്തി സംസാരിച്ചു. പകരം യേശു പഠിപ്പിച്ചത് ഇതാണ്: “നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.”—മത്താ. 5:33-37; 23:16-22.
ഉറപ്പായും പാലിക്കേണ്ടതും അല്ലാത്തതും ആയ ആണകളെക്കുറിച്ച് ജൂതകൃതിയായ താൽമൂദിൽ അതിസൂക്ഷ്മമായി വിശദീകരിക്കുന്നുണ്ട്. പുതിയ നിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, ആ ഭാഗങ്ങൾ “ഒട്ടുമിക്ക പ്രസ്താവനകളും ആണയിട്ട് ഉറപ്പിക്കാനുള്ള ജൂതന്മാരുടെ പ്രവണത” വളരെ ശക്തമായിരുന്നെന്നു വ്യക്തമാക്കുന്നു.
അനാവശ്യമായി ആണയിടുന്നതിനെ കുറ്റം വിധിച്ചതു യേശു മാത്രമല്ല. ദൃഷ്ടാന്തത്തിന്, ജൂത ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് ഒരു പ്രത്യേക ജൂതവിഭാഗത്തിൽപ്പെട്ടവരെക്കുറിച്ച് ഇങ്ങനെ എഴുതി: “ആണയിടുന്നതു കള്ളസത്യം പറയുന്നതിനെക്കാൾ മോശമായി കണക്കാക്കിയതുകൊണ്ട് അവർ അതു തീർത്തും ഒഴിവാക്കിയിരുന്നു. ദൈവത്തിന്റെ പേരിൽ ആണയിട്ടില്ലെങ്കിൽ വിശ്വസിക്കാത്ത ഒരാൾ കുറ്റക്കാരനാണെന്നാണ് അവരുടെ പക്ഷം.” സമാനമായി, ജൂതന്മാരുടെ അപ്പോക്രഫാ ലിഖിതത്തിന്റെ ഭാഗമായ സീറാക്കിന്റെ ജ്ഞാനം അഥവാ പ്രഭാഷകൻ (23:11) ഇങ്ങനെ പറയുന്നു: “പതിവായി ആണയിടുന്നവൻ അകൃത്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കും.” നിസ്സാരകാര്യങ്ങൾക്ക് ആണയിടുന്ന പ്രവണതയെ യേശു ന്യായമായും കുറ്റം വിധിച്ചു. എല്ലായ്പോഴും സത്യം സംസാരിക്കുന്ന ഒരാൾക്കു തന്റെ വാക്കുകളുടെ വിശ്വാസ്യത വർധിപ്പിക്കാനായി ആണയിടേണ്ട ആവശ്യമില്ല.