വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം മൂല്യ​മു​ള്ള​താ​യി കാണുക

ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം മൂല്യ​മു​ള്ള​താ​യി കാണുക

“യഹോ​വ​യു​ടെ ആത്മാവു​ള്ളി​ടത്ത്‌ സ്വാത​ന്ത്ര്യ​മുണ്ട്‌.”—2 കൊരി. 3:17.

ഗീതം: 62, 65

1, 2. (എ) ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ ആളുകൾക്ക്‌ ഏതൊക്കെ വ്യത്യ​സ്‌ത​വീ​ക്ഷ​ണ​ങ്ങ​ളാ​ണു​ള്ളത്‌? (ബി) തിര​ഞ്ഞെ​ടു​ക്കാ​നുള്ള നമ്മുടെ സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു, നമ്മൾ ഏതു ചോദ്യ​ങ്ങൾ ചിന്തി​ക്കും?

 വ്യക്തി​പ​ര​മായ തീരു​മാ​ന​മെ​ടു​ക്കേണ്ട ഒരു അവസര​ത്തിൽ ഒരു സ്‌ത്രീ കൂട്ടു​കാ​രി​യോ​ടു പറഞ്ഞു: “ചിന്തി​ക്കാ​നൊ​ന്നും എനിക്കു വയ്യ. എന്തു ചെയ്യണ​മെന്ന്‌ എന്നോടു പറഞ്ഞാൽ മതി. അതാണ്‌ എളുപ്പം.” സ്രഷ്ടാ​വിൽനി​ന്നുള്ള ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന വില​യേ​റിയ സമ്മാനം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കാൾ ആ സ്‌ത്രീ​ക്കു താത്‌പ​ര്യം എന്താണു ചെയ്യേ​ണ്ട​തെന്ന്‌ ആരെങ്കി​ലും തന്നോടു പറയു​ന്ന​താ​യി​രു​ന്നു. നിങ്ങളു​ടെ കാര്യ​മോ? സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​താ​ണോ അതോ മറ്റുള്ളവർ നിങ്ങൾക്കു​വേണ്ടി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​താ​ണോ നിങ്ങൾക്ക്‌ ഇഷ്ടം. ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ നിങ്ങൾ എങ്ങനെ കാണുന്നു?

2 നൂറ്റാ​ണ്ടു​ക​ളാ​യി ഇതൊരു വിവാ​ദ​വി​ഷ​യ​മാണ്‌. ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന ഒന്നി​ല്ലെ​ന്നും ദൈവം നേര​ത്തേ​തന്നെ തീരു​മാ​നി​ച്ചു​വെ​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളാ​ണു നമ്മൾ ചെയ്യു​ന്ന​തെ​ന്നും ചിലർ അവകാ​ശ​പ്പെ​ടു​ന്നു. പൂർണ​സ്വാ​ത​ന്ത്ര്യം ഉണ്ടെങ്കി​ലേ ഇച്ഛാസ്വാ​ത​ന്ത്ര്യം​കൊണ്ട്‌ പ്രയോ​ജ​ന​മു​ള്ളെന്നു മറ്റു ചിലർ വാദി​ക്കു​ന്നു. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കാൻ നമ്മൾ ദൈവ​വ​ച​ന​മായ ബൈബി​ളി​ലേക്കു തിരി​യണം. എന്തു​കൊണ്ട്‌? യഹോവ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തോ​ടെ, അതായത്‌ സ്വന്തമാ​യി ബുദ്ധി​പൂർവം തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താ​നുള്ള പ്രാപ്‌തി​യോ​ടെ​യും സ്വാത​ന്ത്ര്യ​ത്തോ​ടെ​യും, ആണെന്നു ബൈബിൾ പറയുന്നു. (യോശുവ 24:15 വായി​ക്കുക.) തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നമ്മൾ എങ്ങനെ ഉപയോ​ഗി​ക്കണം? അതിനു പരിധി​ക​ളു​ണ്ടോ? തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? മറ്റുള്ള​വ​രു​ടെ തീരു​മാ​ന​ങ്ങളെ മാനി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? ഇത്തരം ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ ബൈബി​ളി​ലുണ്ട്‌.

യഹോ​വ​യിൽനി​ന്നും യേശു​വിൽനി​ന്നും എന്തു പഠിക്കാം?

3. സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ യഹോവ എന്തു മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌?

3 സമ്പൂർണ​സ്വാ​ത​ന്ത്ര്യ​മു​ള്ളത്‌ യഹോ​വ​യ്‌ക്കു മാത്ര​മാണ്‌. യഹോവ അത്‌ ഉപയോ​ഗി​ക്കുന്ന വിധം നമു​ക്കൊ​രു മാതൃ​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോവ ഇസ്രാ​യേൽ ജനതയെ തന്റെ പേര്‌ വഹിക്കുന്ന ജനതയാ​യി, “തന്റെ പ്രത്യേ​ക​സ്വ​ത്താ​യി,” തിര​ഞ്ഞെ​ടു​ത്തു. (ആവ. 7:6-8) അതു പെട്ടെ​ന്നുള്ള ഒരു തിര​ഞ്ഞെ​ടു​പ്പ​ല്ലാ​യി​രു​ന്നു. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​നു കൊടുത്ത വാക്ക്‌ യഹോവ പാലി​ക്കു​ക​യാ​യി​രു​ന്നു. (ഉൽപ. 22:15-18) കൂടാതെ സ്‌നേ​ഹ​ത്തി​നും നീതി​ക്കും ചേർച്ച​യി​ലാണ്‌ യഹോവ എപ്പോ​ഴും സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്നത്‌. സത്യാ​രാ​ധന കൂടെ​ക്കൂ​ടെ ഉപേക്ഷി​ച്ചു​പോയ ഇസ്രാ​യേൽ ജനതയ്‌ക്കു ശിക്ഷണം കൊടുത്ത വിധത്തിൽനിന്ന്‌ ഇതു മനസ്സി​ലാ​ക്കാൻ കഴിയും. അവർ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ച്ച​പ്പോൾ അവരോ​ടു സ്‌നേ​ഹ​വും കരുണ​യും കാണി​ക്കാൻ യഹോവ മനസ്സു കാണിച്ചു. “ഞാൻ അവരുടെ അവിശ്വ​സ്‌തത സുഖ​പ്പെ​ടു​ത്തും. മനസ്സോ​ടെ ഞാൻ അവരെ സ്‌നേ​ഹി​ക്കും” എന്ന്‌ യഹോവ അവരോ​ടു പറഞ്ഞു. (ഹോശേ. 14:4) തന്റെ സ്വാത​ന്ത്ര്യം ഉപയോ​ഗി​ച്ചു​കൊണ്ട്‌ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ യഹോവ നമുക്ക്‌ എത്ര നല്ലൊരു മാതൃ​ക​യാണ്‌!

4, 5. (എ) ദൈവ​ത്തി​ന്റെ സമ്മാന​മായ ഇച്ഛാസ്വാ​ത​ന്ത്ര്യം ആദ്യം ലഭിച്ചത്‌ ആർക്കാണ്‌, ആ വ്യക്തി അത്‌ ഉപയോ​ഗി​ച്ചത്‌ എങ്ങനെ​യാണ്‌? (ബി) നമ്മൾ ഓരോ​രു​ത്ത​രും സ്വയം ഏതു ചോദ്യം ചോദി​ക്കണം?

4 യഹോവ സകലത്തി​ന്റെ​യും സൃഷ്ടി ആരംഭി​ച്ച​പ്പോൾ ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടി​കൾക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം നൽകി അനു​ഗ്ര​ഹി​ക്കാൻ സ്‌നേ​ഹ​പൂർവം തീരു​മാ​നി​ച്ചു. ഈ സമ്മാനം ആദ്യമാ​യി ലഭിച്ചത്‌ ‘അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​രൂ​പ​മായ’ ദൈവ​ത്തി​ന്റെ ആദ്യജാ​ത​നാണ്‌. (കൊലോ. 1:15) ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പു​തന്നെ പിതാ​വി​നോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാ​നും മത്സരി​യായ സാത്താ​നോ​ടൊ​പ്പം ചേരാ​തി​രി​ക്കാ​നും ഉള്ള തിര​ഞ്ഞെ​ടു​പ്പു യേശു നടത്തി. പിന്നീട്‌, ഭൂമി​യിൽ വന്നപ്പോൾ ആ മുഖ്യ​ശ​ത്രു​വി​ന്റെ പ്രലോ​ഭ​നങ്ങൾ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ യേശു ഇച്ഛാസ്വാ​ത​ന്ത്ര്യം ശരിയാ​യി ഉപയോ​ഗി​ച്ചു. (മത്താ. 4:10) മരിക്കു​ന്ന​തി​ന്റെ തലേരാ​ത്രി നടത്തിയ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നുള്ള ദൃഢനി​ശ്ചയം യേശു ഒന്നുകൂ​ടി ഉറപ്പി​ച്ചു​പ​റഞ്ഞു. യേശു പറഞ്ഞു: “പിതാവേ, അങ്ങയ്‌ക്ക്‌ ഇഷ്ടമെ​ങ്കിൽ ഈ പാനപാ​ത്രം എന്നിൽനിന്ന്‌ നീക്കേ​ണമേ. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.” (ലൂക്കോ. 22:42) യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ നമ്മളും നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നും ഉപയോ​ഗി​ക്കണം. അതു സാധ്യ​മാ​ണോ?

5 നമുക്കും യേശു​വി​ന്റെ മാതൃക അനുക​രി​ക്കാൻ കഴിയും. കാരണം നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ഛായയി​ലും സാദൃ​ശ്യ​ത്തി​ലും ആണ്‌. (ഉൽപ. 1:26) എങ്കിലും നമുക്കു പരിമി​തി​ക​ളുണ്ട്‌. യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​സ്വാ​ത​ന്ത്ര്യം നമുക്കില്ല. നമുക്കുള്ള സ്വാത​ന്ത്ര്യ​ത്തിന്‌ അതിർവ​ര​മ്പു​ക​ളു​ണ്ടെ​ന്നും യഹോവ വെച്ചി​രി​ക്കുന്ന ഉചിത​മായ പരിധി​കൾ അനുസ​രി​ക്ക​ണ​മെ​ന്നും ദൈവ​വ​ചനം പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യ​മാർ ഭർത്താ​ക്ക​ന്മാർക്കു കീഴട​ങ്ങി​യി​രി​ക്കണം, അതു​പോ​ലെ മക്കൾ മാതാ​പി​താ​ക്കൾക്കും. (എഫെ. 5:22; 6:1) ഈ പരിമി​തി​കൾ നമ്മൾ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കുന്ന വിധത്തെ എങ്ങനെ സ്വാധീ​നി​ക്കും? ആ ചോദ്യ​ത്തി​നുള്ള ഉത്തരം എന്നേക്കു​മുള്ള നമ്മുടെ ഭാവി​ജീ​വി​ത​ത്തെ​വരെ ബാധി​ക്കു​ന്ന​താണ്‌.

ഇച്ഛാസ്വാതന്ത്ര്യം—ഉപയോഗവും ദുരു​പ​യോ​ഗ​വും

6. നമ്മുടെ സ്വാത​ന്ത്ര്യ​ത്തി​നു പരിധി​ക​ളു​ള്ളത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

6 പരിധി​ക​ളോ​ടു​കൂ​ടിയ ഇച്ഛാസ്വാ​ത​ന്ത്ര്യം യഥാർഥ​ത്തി​ലുള്ള സ്വാത​ന്ത്ര്യ​മാ​ണോ? തീർച്ച​യാ​യും അതെ. ഉദാഹ​ര​ണ​ത്തിന്‌, ദൂരെ​യുള്ള ഒരു നഗരത്തി​ലേക്കു വാഹനം ഓടി​ച്ചു​പോ​കാൻ നമുക്കു സ്വാത​ന്ത്ര്യ​മുണ്ട്‌. ആ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ യാതൊ​രു ഗതാഗ​ത​നി​യ​മ​ങ്ങ​ളു​മി​ല്ലാത്ത, എത്ര വേഗത​യി​ലും ഏതു വശത്തു​കൂ​ടെ​യും ഓടി​ക്കാൻ കഴിയുന്ന, ഒരു റോഡി​ലൂ​ടെ വണ്ടി ഓടി​ക്കു​ന്നതു സുരക്ഷി​ത​മാ​ണെന്നു നമുക്കു തോന്നു​മോ? ഇല്ല. ശരിക്കുള്ള സ്വാത​ന്ത്ര്യ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ പരിധി​കൾ കൂടിയേ തീരൂ. യഹോവ വെച്ചി​രി​ക്കുന്ന പരിധി​കൾക്കു​ള്ളിൽനി​ന്നു​കൊണ്ട്‌ നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്നതു ജ്ഞാനമാ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കുന്ന ചില ബൈബിൾദൃ​ഷ്ടാ​ന്തങ്ങൾ നമുക്കു നോക്കാം.

7. (എ) ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം മറ്റു ജീവി​ക​ളിൽനിന്ന്‌ ആദാമി​നെ വ്യത്യ​സ്‌ത​നാ​ക്കി​യത്‌ എങ്ങനെ? (ബി) ആദാം ഇച്ഛാസ്വാ​ത​ന്ത്ര്യം നന്നായി ഉപയോ​ഗിച്ച ഒരു വിധം വിവരി​ക്കുക.

7 സ്വർഗ​ത്തി​ലെ ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടി​കൾക്കു കൊടുത്ത ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം ദൈവം ആദ്യമ​നു​ഷ്യ​നായ ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ ആദാമി​നും കൊടു​ത്തു. ഇത്‌ ആദാമി​നെ മൃഗങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​ക്കി, മൃഗങ്ങൾ സഹജജ്ഞാ​ന​മ​നു​സ​രി​ച്ചാ​ണ​ല്ലോ ജീവി​ക്കു​ന്നത്‌. ആദാം ഇച്ഛാസ്വാ​ത​ന്ത്ര്യം ശരിയായ വിധത്തിൽ ഉപയോ​ഗി​ച്ച​തി​ന്റെ ദൃഷ്ടാന്തം നോക്കുക. മനുഷ്യ​നെ സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ ദൈവം മൃഗങ്ങളെ സൃഷ്ടിച്ചു. എങ്കിലും ആ മൃഗങ്ങൾക്കു പേരി​ടാ​നുള്ള സന്തോ​ഷ​ക​ര​മായ നിയമനം യഹോവ ആദ്യമ​നു​ഷ്യ​നു​വേണ്ടി മാറ്റി​വെച്ചു. ദൈവം “അവയെ ഓരോ​ന്നി​നെ​യും മനുഷ്യൻ എന്തു വിളി​ക്കു​മെന്ന്‌ അറിയാൻ അവന്റെ അടുത്ത്‌ കൊണ്ടു​വന്നു.” ആദാം ഓരോ മൃഗ​ത്തെ​യും നിരീ​ക്ഷിച്ച്‌ അതിനു ചേരുന്ന പേരി​ട്ട​പ്പോൾ യഹോവ വന്ന്‌ ആദാമി​ന്റെ തിര​ഞ്ഞെ​ടു​പ്പു​കളെ മാറ്റി​മ​റി​ച്ചില്ല. പകരം, “ഓരോ ജീവി​യെ​യും മനുഷ്യൻ എന്തു വിളി​ച്ചോ അത്‌ അതിനു പേരാ​യി​ത്തീർന്നു.”—ഉൽപ. 2:19.

8. ഇച്ഛാസ്വാ​ത​ന്ത്ര്യം ആദാം എങ്ങനെ​യാ​ണു ദുരു​പ​യോ​ഗം ചെയ്‌തത്‌, അതിന്റെ ഫലം എന്തായി​രു​ന്നു?

8 പറുദീ​സ​യിൽ കൃഷി ചെയ്യാ​നും അതിനെ പരിപാ​ലി​ക്കാ​നും ഉള്ള നിയമനം ആദാമി​നു​ണ്ടാ​യി​രു​ന്നു. അതുകൂ​ടാ​തെ, “നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രിച്ച്‌ . . . മത്സ്യങ്ങ​ളു​ടെ മേലും . . . പറവക​ളു​ടെ മേലും ഭൂമി​യിൽ കാണുന്ന എല്ലാ ജീവി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തുക” എന്നും ദൈവം ആദാമി​നോ​ടു കല്‌പി​ച്ചു. അങ്ങനെ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗിച്ച്‌ ധാരാളം കാര്യങ്ങൾ ചെയ്യാ​നുള്ള അവസരങ്ങൾ ആദാമി​നു​ണ്ടാ​യി​രു​ന്നു. എന്നാൽ അത്ര​ത്തോ​ളം സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതിൽ ആദാം തൃപ്‌ത​ന​ല്ലാ​യി​രു​ന്നു. (ഉൽപ. 1:28) അതു​കൊണ്ട്‌, ദൈവം വിലക്കിയ പഴം കഴിച്ചു​കൊണ്ട്‌ ദൈവം വെച്ചി​രുന്ന അതിർത്തി​കൾ ലംഘി​ക്കാൻ ആദാം തീരു​മാ​ന​മെ​ടു​ത്തു. അങ്ങനെ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം ആദാം തെറ്റായി ഉപയോ​ഗി​ച്ചു. ഫലമോ, ആദാമി​ന്റെ സന്തതികൾ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി കഷ്ടപ്പാ​ടു​ക​ളും വേദന​യും അനുഭ​വി​ക്കു​ന്നു. (റോമ. 5:12) ആദാം എടുത്ത തീരു​മാ​ന​ത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ നമ്മൾ തിരി​ച്ച​റി​യണം. അത്‌, നമുക്കുള്ള സ്വാത​ന്ത്ര്യം യഹോവ വെച്ചി​രി​ക്കുന്ന അതിരു​കൾക്കു​ള്ളിൽനി​ന്നു​കൊണ്ട്‌ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ഉപയോ​ഗി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും.

9. എന്തു തിര​ഞ്ഞെ​ടു​പ്പാണ്‌ യഹോവ ഇസ്രാ​യേൽ ജനതയു​ടെ മുന്നിൽ വെച്ചത്‌, അവർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

9 ആദാമി​ന്റെ​യും ഹവ്വയു​ടെ​യും സന്തതികൾ ഈ അനുസ​ര​ണം​കെട്ട മാതാ​പി​താ​ക്ക​ളിൽനിന്ന്‌ അപൂർണ​ത​യും മരണവും അവകാ​ശ​മാ​ക്കി. എങ്കിലും ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം ഉപയോ​ഗി​ക്കാ​നുള്ള അവകാശം അവർക്ക്‌ അപ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. ദൈവം ഇസ്രാ​യേൽ ജനത​യോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ ഇതു മനസ്സി​ലാ​ക്കാ​നാ​കും. തന്റെ ദാസനായ മോശ​യി​ലൂ​ടെ, തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോവ ആ ജനതയ്‌ക്കു കൊടു​ത്തു. അതനു​സ​രിച്ച്‌ അവർക്കു ദൈവ​ത്തി​ന്റെ പ്രത്യേക സ്വത്താ​യി​രി​ക്കാ​നുള്ള പദവി സ്വീക​രി​ക്കു​ക​യോ നിരസി​ക്കു​ക​യോ ചെയ്യാ​മാ​യി​രു​ന്നു. (പുറ. 19:3-6) എന്തായി​രു​ന്നു അവരുടെ തീരു​മാ​നം? ദൈവ​ത്തി​ന്റെ നാമം വഹിക്കുന്ന ജനമാ​യി​രി​ക്കു​ന്ന​തി​നുള്ള വ്യവസ്ഥ​ക​ളെ​ല്ലാം പാലി​ക്കാൻ അവർ മനസ്സോ​ടെ തീരു​മാ​നി​ച്ചു. അവർ ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവ പറഞ്ഞ​തെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌.” (പുറ. 19:8) സങ്കടക​ര​മെന്നു പറയട്ടെ, കാലം കടന്നു​പോ​യ​പ്പോൾ ആ ജനത തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യു​ക​യും ദൈവ​ത്തി​നു കൊടുത്ത വാക്കു ലംഘി​ക്കു​ക​യും ചെയ്‌തു. നമുക്ക്‌ ഈ മുന്നറി​യി​പ്പിൻദൃ​ഷ്ടാ​ന്ത​ത്തി​നു ശ്രദ്ധ കൊടു​ക്കാം. യഹോ​വ​യോ​ടു പറ്റിനി​ന്നു​കൊ​ണ്ടും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ അനുസ​രി​ച്ചു​കൊ​ണ്ടും ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം നമുക്ക്‌ എല്ലായ്‌പോ​ഴും വില​യേ​റി​യ​താ​യി കാണാം.—1 കൊരി. 10:11.

10. ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന വിധത്തിൽ അപൂർണ​മ​നു​ഷ്യർക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കാൻ കഴിയു​മെന്ന്‌ ഏതു ദൃഷ്ടാ​ന്തങ്ങൾ തെളി​യി​ക്കു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

10 എബ്രായർ 11-ാം അധ്യാ​യ​ത്തിൽ, യഹോവ വെച്ച അതിർത്തി​കൾക്കു​ള്ളിൽ നിന്നു​കൊണ്ട്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കാൻ തീരു​മാ​നിച്ച 16 ദൈവ​ദാ​സ​രു​ടെ പേരുകൾ നമുക്കു കാണാം. അതിന്റെ ഫലമായി അവർക്കു വലിയ അനു​ഗ്ര​ഹ​ങ്ങ​ളും ഉറപ്പുള്ള പ്രത്യാ​ശ​യും ലഭിച്ചു. ഉദാഹ​ര​ണ​ത്തിന്‌, നോഹ ശക്തമായ വിശ്വാ​സം കാണി​ക്കു​ക​യും സ്വന്തകു​ടും​ബ​ത്തി​ന്റെ​യും മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി​ത​ല​മു​റ​ക​ളു​ടെ​യും രക്ഷയ്‌ക്കാ​യി പെട്ടകം പണിയാ​നുള്ള ദൈവ​ത്തി​ന്റെ നിർദേശം അനുസ​രി​ക്കാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. (എബ്രാ. 11:7) വാഗ്‌ദാ​നം ചെയ്‌ത ദേശ​ത്തേക്കു ദൈവം നയിച്ച​പ്പോൾ അബ്രാ​ഹാ​മും സാറയും മനസ്സോ​ടെ പോയി. ഈ ദൂരയാ​ത്ര തുടങ്ങി​യ​ശേ​ഷ​വും അവർക്കു സമ്പദ്‌സ​മൃ​ദ്ധ​മായ ഊർ നഗരത്തി​ലേക്കു ‘മടങ്ങി​പ്പോ​കാൻ അവസര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.’ എന്നിട്ടും അവർ വിശ്വാ​സ​ത്തി​ന്റെ കണ്ണുകൾ ദൈവ​ത്തി​ന്റെ ‘വാഗ്‌ദാ​ന​ങ്ങ​ളിൽ’ പതിപ്പി​ച്ചു. “അവർ കൂടുതൽ മെച്ചമായ ഒരു സ്ഥലം” നേടാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. (എബ്രാ. 11:8, 13, 15, 16) മോശ ഈജി​പ്‌തി​ലെ നിക്ഷേ​പങ്ങൾ വേണ്ടെന്നു വെക്കു​ക​യും “പാപത്തി​ന്റെ താത്‌കാ​ലി​ക​മായ സുഖത്തി​നു പകരം ദൈവ​ജ​ന​ത്തോ​ടൊ​പ്പം ദ്രോഹം സഹിക്കു​ന്നതു” തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു. (എബ്രാ. 11:24-26) ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനത്തെ മൂല്യ​മു​ള്ള​താ​യി കണ്ടു​കൊ​ണ്ടും ദൈ​വേഷ്ടം ചെയ്യാ​നാ​യി അത്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടും ആ പുരാ​ത​ന​കാ​ലത്തെ ദൈവ​ദാ​സ​രു​ടെ വിശ്വാ​സം നമുക്ക്‌ അനുക​രി​ക്കാം.

11. (എ) ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വലി​യൊ​രു അനു​ഗ്രഹം എന്താണ്‌? (ബി) ഇച്ഛാസ്വാ​ത​ന്ത്ര്യം ഉചിത​മാ​യി ഉപയോ​ഗി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

11 നമുക്കു​വേണ്ടി വേറെ​യാ​രെ​ങ്കി​ലും തീരു​മാ​ന​മെ​ടു​ക്കു​ന്ന​താണ്‌ എളുപ്പ​മെന്നു നമുക്കു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യു​മ്പോൾ ഇച്ഛാസ്വാ​ത​ന്ത്ര്യം​വഴി ലഭിക്കുന്ന വലി​യൊ​രു അനു​ഗ്രഹം നമ്മൾ നഷ്ടപ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും. ആ അനു​ഗ്രഹം എന്താ​ണെന്ന്‌ ആവർത്തനം 30:19, 20-ൽ (വായി​ക്കുക.) കാണാം. ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത തിര​ഞ്ഞെ​ടു​പ്പി​നെ​പ്പറ്റി 19-ാം വാക്യ​ത്തിൽ വിവരി​ക്കു​ന്നു. അവരുടെ ഹൃദയ​ത്തിൽ യഥാർഥ​ത്തിൽ എന്താണു​ള്ള​തെന്നു കാണി​ക്കാ​നുള്ള വില​യേ​റിയ അവസരം യഹോവ അവർക്കു കൊടു​ത്തെന്ന്‌ 20-ാം വാക്യം പറയുന്നു. യഹോ​വയെ ആരാധി​ക്ക​ണോ വേണ്ടയോ എന്നു നമുക്കും തീരു​മാ​നി​ക്കാൻ കഴിയും. നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗിച്ച്‌, ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്നു കാണി​ക്കാ​നും ദൈവ​ത്തി​നു മഹത്ത്വ​വും ബഹുമാ​ന​വും കൈവ​രു​ത്താ​നും ഉള്ള അതുല്യ​മായ അവസരം നമുക്കുണ്ട്‌.

ഇച്ഛാസ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യരുത്‌

12. ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം ഉപയോ​ഗിച്ച്‌ നമ്മൾ ഒരിക്ക​ലും എന്തു ചെയ്യരുത്‌?

12 ഒരു കൂട്ടു​കാ​രനു വില​യേ​റിയ ഒരു സമ്മാനം നിങ്ങൾ കൊടു​ത്തെന്നു സങ്കൽപ്പി​ക്കുക. എന്നാൽ അത്‌ അദ്ദേഹം ചവറ്റു​കൂ​ന​യി​ലേക്ക്‌ എറി​ഞ്ഞെ​ന്നോ അതു വേറൊ​രാ​ളെ ദ്രോ​ഹി​ക്കാൻ ഉപയോ​ഗി​ച്ചെ​ന്നോ അറിഞ്ഞാൽ നിങ്ങൾക്ക്‌ എത്ര നിരാശ തോന്നും! അനേകം ആളുകൾ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള അവരുടെ സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, ചില​പ്പോൾ മറ്റുള്ള​വർക്കു ദോഷം വരുത്തുന്ന വിധത്തി​ലാണ്‌ അത്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഇതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​മെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ഈ “അവസാ​ന​കാ​ലത്ത്‌” ആളുകൾ ‘നന്ദിയി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും.’ (2 തിമൊ. 3:1, 2) യഹോവ തന്ന ഈ വില​യേ​റിയ സമ്മാനത്തെ നമുക്കു നിസ്സാ​ര​മാ​യി കാണാ​തി​രി​ക്കാം, അതു ദുരു​പ​യോ​ഗം ചെയ്യാ​തി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ, ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം ദുരു​പ​യോ​ഗം ചെയ്യു​ന്നത്‌ ഒഴിവാ​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

13. നമ്മുടെ ക്രിസ്‌തീ​യ​സ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യു​ന്നത്‌ ഒഴിവാ​ക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

13 കൂട്ടു​കാ​രു​ടെ കാര്യ​ത്തി​ലും വേഷവി​ധാ​ന​ത്തി​ന്റെ​യും വിനോ​ദ​ത്തി​ന്റെ​യും കാര്യ​ത്തി​ലും ഓരോ​രു​ത്തർക്കും തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌. എന്നാൽ, നമ്മൾ അത്‌ ഉപയോ​ഗിച്ച്‌ ജഡിക​മായ ആഗ്രഹ​ങ്ങൾക്ക്‌ അടിമ​ക​ളാ​കാ​നും ഈ ലോക​ത്തി​ന്റെ ലജ്ജാക​ര​മായ അഭി​പ്രാ​യ​ങ്ങൾക്കും പ്രവണ​ത​കൾക്കും പിന്നാലെ പോകാ​നും ആണോ തീരു​മാ​നി​ക്കു​ന്നത്‌? എങ്കിൽ, നമ്മുടെ സ്വാത​ന്ത്ര്യം ‘തെറ്റു ചെയ്യു​ന്ന​തി​നുള്ള ഒരു മറയാ​യേ​ക്കാം.’ (1 പത്രോസ്‌ 2:16 വായി​ക്കുക.) നമ്മുടെ സ്വാത​ന്ത്ര്യം ‘ജഡത്തിന്റെ മോഹ​ങ്ങ​ളു​ടെ പിന്നാലെ പോകാ​നുള്ള’ ഒരു അവസര​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം ‘ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന’ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ ഉപയോ​ഗി​ക്കാം.—ഗലാ. 5:13; 1 കൊരി. 10:31.

14. യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തും ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്ന​തും തമ്മിൽ എന്താണു ബന്ധം?

14 ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം ശരിയാ​യി ഉപയോ​ഗി​ക്കാ​നുള്ള മറ്റൊരു വഴി ഏതാണ്‌? യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും യഹോവ നമ്മുടെ സംരക്ഷ​ണ​ത്തി​നാ​യി വെച്ചി​രി​ക്കുന്ന പരിധി​കൾ അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​താണ്‌ ആ വഴി. യഹോ​വ​യാ​ണു ‘നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി നമ്മളെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നമ്മളെ നടത്തു​ക​യും ചെയ്യു​ന്നത്‌.’ (യശ. 48:17) ‘മനുഷ്യ​ന്റെ വഴികൾ അവന്റെ നിയ​ന്ത്ര​ണ​ത്തി​ലല്ല. സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ’ എന്ന വാക്കു​ക​ളു​ടെ സത്യത നമ്മൾ താഴ്‌മ​യോ​ടെ അംഗീ​ക​രി​ക്കണം. (യിരെ. 10:23) ആദാമും ധിക്കാ​രി​ക​ളായ ഇസ്രാ​യേ​ല്യ​രും സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ക്കാ​നാ​ണു തീരു​മാ​നി​ച്ചത്‌. അങ്ങനെ​യൊ​രു കെണി​യിൽ നമുക്കു വീഴാ​തി​രി​ക്കാം. പകരം, നമുക്കു ‘പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കാം.’—സുഭാ. 3:5.

മറ്റുള്ള​വ​രു​ടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തെ മാനി​ക്കു​ക

15. ഗലാത്യർ 6:5-ലെ ബൈബിൾത​ത്ത്വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15 സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശ​ത്തെ​യും നമ്മൾ ആദരി​ക്കണം. എന്തു​കൊണ്ട്‌? കാരണം, ഓരോ​രു​ത്തർക്കും ഇച്ഛാസ്വാ​ത​ന്ത്ര്യ​മെന്ന പ്രാപ്‌തി​യു​ള്ള​തു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി​യെ​ടു​ക്കുന്ന തീരു​മാ​ന​മാ​യി​രി​ക്കില്ല മറ്റൊരു ക്രിസ്‌ത്യാ​നി​യെ​ടു​ക്കു​ന്നത്‌. നമ്മുടെ പെരു​മാ​റ്റ​ത്തി​ന്റെ​യും ആരാധ​ന​യു​ടെ​യും കാര്യ​ത്തിൽപ്പോ​ലും ഇതു സത്യമാണ്‌. ഗലാത്യർ 6:5-ലെ (വായി​ക്കുക.) തത്ത്വം ഓർക്കുക. സ്വന്തം കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഓരോ ക്രിസ്‌ത്യാ​നി​യു​ടേ​തു​മാണ്‌. ഇതു തിരി​ച്ച​റി​യു​മ്പോൾ മറ്റുള്ള​വ​രു​ടെ ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന അവകാ​ശത്തെ നമ്മൾ മാനി​ക്കും.

നമുക്കു തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌. എന്നാൽ മറ്റുള്ള​വ​രും അങ്ങനെ​തന്നെ ചെയ്യണ​മെന്നു നിർബന്ധം പിടി​ക്ക​രുത്‌ (15-ാം ഖണ്ഡിക കാണുക)

16, 17. (എ) തിര​ഞ്ഞെ​ടു​ക്കാ​നുള്ള ആളുക​ളു​ടെ സ്വാത​ന്ത്ര്യം കൊരി​ന്തിൽ ഒരു പ്രശ്‌ന​മാ​യത്‌ എങ്ങനെ? (ബി) പൗലോസ്‌ എങ്ങനെ​യാ​ണു പ്രശ്‌നം പരിഹ​രി​ച്ചത്‌, ഇതു മറ്റുള്ള​വ​രു​ടെ അവകാ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

16 മനസ്സാ​ക്ഷി​പ​ര​മായ കാര്യ​ങ്ങ​ളിൽ സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സഹോ​ദ​ര​ന്മാ​രു​ടെ സ്വാത​ന്ത്ര്യം നമ്മൾ ആദരി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു വ്യക്തമാ​ക്കുന്ന ഒരു തിരു​വെ​ഴു​ത്തു​ദൃ​ഷ്ടാ​ന്തം നോക്കാം. വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​താ​ണോ എന്നു സംശയ​മുള്ള മാംസം ചന്തയിൽനിന്ന്‌ വാങ്ങി കഴിക്കാ​മോ എന്നതു സംബന്ധിച്ച്‌ കൊരി​ന്തി​ലെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി. ‘വിഗ്രഹം ഒന്നുമ​ല്ലാ​ത്ത​തി​നാൽ ഈ മാംസം മനസ്സാ​ക്ഷി​ക്കുത്ത്‌ കൂടാതെ ഭക്ഷിക്കാം’ എന്ന്‌ ഒരു കൂട്ടർ വാദിച്ചു. എന്നാൽ മുമ്പ്‌ ആ വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചി​രു​ന്ന​വർക്ക്‌ അങ്ങനെ​യുള്ള മാംസം ഭക്ഷിക്കു​ന്നതു വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ഒരു ഭാഗമാ​യി തോന്നി. (1 കൊരി. 8:4, 7) സഭയിൽ ചേരി​തി​രിവ്‌ ഉണ്ടാക്കു​മാ​യി​രുന്ന ഗുരു​ത​ര​മായ ഒരു പ്രശ്‌ന​മാ​യി​രു​ന്നു അത്‌. ഈ വിഷയ​ത്തിൽ ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാട്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കളെ പൗലോസ്‌ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

17 ആദ്യമാ​യി, ഭക്ഷണം അവരെ ദൈവ​ത്തോ​ടു അടുപ്പി​ക്കു​ക​യി​ല്ലെന്നു പൗലോസ്‌ രണ്ടു കൂട്ട​രെ​യും ഓർമി​പ്പി​ച്ചു. (1 കൊരി. 8:8) പിന്നീട്‌, ‘തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം, ദുർബ​ല​രാ​യവർ ഇടറി​വീ​ഴാൻ ഒരുവി​ധ​ത്തി​ലും കാരണ​മാ​ക​രുത്‌’ എന്ന്‌ അദ്ദേഹം അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു. (1 കൊരി. 8:9) അതിനു​ശേഷം, അത്തരം മാംസം ഭക്ഷിക്കാ​മെന്നു തീരു​മാ​നി​ക്കു​ന്ന​വരെ വിധി​ക്ക​രു​തെന്നു ദുർബ​ല​മായ മനസ്സാ​ക്ഷി​യു​ള്ള​വ​രോ​ടു പൗലോസ്‌ നിർദേ​ശി​ച്ചു. (1 കൊരി. 10:25, 29, 30) ആരാധ​ന​യോ​ടു ബന്ധപ്പെട്ട സുപ്ര​ധാ​ന​മായ ഈ വിഷയ​ത്തിൽ ഓരോ ക്രിസ്‌ത്യാ​നി​യും മനസ്സാ​ക്ഷി​പൂർവം തീരു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ പ്രാധാ​ന്യം കുറഞ്ഞ കാര്യ​ങ്ങ​ളിൽ വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ അവകാ​ശത്തെ നമ്മളും ആദരി​ക്കേ​ണ്ട​തല്ലേ?—1 കൊരി. 10:32, 33.

18. ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനത്തെ വില​യേ​റി​യ​താ​യി കാണു​ന്നു​വെന്നു നിങ്ങൾ എങ്ങനെ കാണി​ക്കും?

18 യഹോവ നമുക്ക്‌ ഇച്ഛാശക്തി എന്ന സമ്മാനം തന്നിരി​ക്കു​ന്നു, അതു നമുക്ക്‌ യഥാർഥ​സ്വാ​ത​ന്ത്ര്യം നൽകുന്നു. (2 കൊരി. 3:17) ഈ സമ്മാനത്തെ നമ്മൾ വില​യേ​റി​യ​താ​യി കാണുന്നു. കാരണം അത്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വയെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു കഴിയും. ദൈവത്തെ ആദരി​ക്കുന്ന വിധത്തിൽ ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗി​ച്ചു​കൊ​ണ്ടും മറ്റുള്ളവർ അത്‌ ഉപയോ​ഗി​ക്കുന്ന വിധത്തെ ബഹുമാ​നി​ച്ചു​കൊ​ണ്ടും ഈ വില​യേ​റിയ സമ്മാന​ത്തോ​ടുള്ള വിലമ​തി​പ്പു കാണി​ക്കു​ന്ന​തിൽ നമുക്കു തുടരാം.