നിങ്ങൾക്ക് അറിയാമോ?
സ്തംഭത്തിൽ തറച്ച് കൊന്ന ഒരാൾക്കു റോമാക്കാർ മാന്യമായ ശവസംസ്കാരം അനുവദിച്ചിരുന്നോ?
യേശുവിനെ രണ്ടു കുറ്റവാളികളുടെ നടുക്ക്, ഒരു സ്തംഭത്തിൽ തറച്ച് കൊന്നതിനെക്കുറിച്ചുള്ള ബൈബിൾവിവരണം പലർക്കും അറിയാം. (മത്താ. 27:35-38) മരണശേഷം യേശുവിനെ ഒരു കല്ലറയിൽ അടക്കിയെന്നാണു ബൈബിൾ പറയുന്നത്. എന്നാൽ അതു സത്യമാണോ എന്നതിനെക്കുറിച്ച് പല തർക്കങ്ങളും നടക്കുന്നുണ്ട്.—മർക്കോ. 15:42-46.
വധശിക്ഷ കിട്ടിയ ഒരാളെ മാന്യമായ രീതിയിൽ കല്ലറയിൽ അടക്കുമെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണു സുവിശേഷവിവരണങ്ങളിൽ സംശയം പ്രകടിപ്പിക്കുന്ന ചില വിമർശകരുടെ അഭിപ്രായം. പലരും അങ്ങനെ ചിന്തിക്കാനുള്ള കാരണത്തെക്കുറിച്ച് എഴുത്തുകാരനായ ഏരിയൽ സബാർ സ്മിത്ത്സോണിയൻ മാസികയിൽ പറയുന്നത് ഇങ്ങനെയാണ്: “സമൂഹത്തിലെ ഏറ്റവും മോശം ആളുകൾക്കു നൽകിയിരുന്ന ശിക്ഷയായിരുന്നു കുരിശുമരണം. അങ്ങനെയുള്ളവർക്കു റോമാക്കാർ മാന്യമായ ഒരു ശവസംസ്കാരം നൽകുമെന്നു ചിന്തിക്കാൻപോലും പറ്റില്ല എന്നാണു ചില പണ്ഡിതന്മാരുടെ അഭിപ്രായം.” കുറ്റവാളികൾക്ക് ഏറ്റവും നിന്ദ വരുത്തുന്ന തരം ശിക്ഷ നൽകാനാണു റോമാക്കാർ ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുറ്റവാളികളുടെ ശവം മൃഗങ്ങളും പക്ഷികളും മറ്റും തിന്നാൻവേണ്ടി സ്തംഭത്തിൽത്തന്നെ ഉപേക്ഷിക്കുകയായിരുന്നു പതിവ്. എന്തെങ്കിലും ബാക്കി വരുന്നെങ്കിൽ അതു പൊതുശ്മശാനത്തിൽ തള്ളുകയും ചെയ്യുമായിരുന്നു.
എന്നാൽ കുറ്റവാളികളായി വധിക്കപ്പെട്ട ചില ജൂതന്മാരുടെ കാര്യത്തിൽ ഇതിന് ഒരു വ്യത്യാസമുള്ളതായി തെളിവുകൾ സൂചിപ്പിക്കുന്നു. ചിലരുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങളെങ്കിലും സംസ്കരിച്ചു എന്നതിന്റെ തെളിവുകൾ പുരാവസ്തു ഗവേഷകർക്കു കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് ഒന്നാം നൂറ്റാണ്ടിൽ വധിക്കപ്പെട്ട ഒരാളുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ 1968-ൽ കണ്ടെത്തി. യരുശലേമിന് അടുത്തുള്ള ഒരു ജൂത കുടുംബക്കല്ലറയിൽനിന്നാണ് അതു കിട്ടിയത്. മരിച്ചവരുടെ അസ്ഥികൾ സൂക്ഷിക്കുന്ന ഒരു പെട്ടിക്കുള്ളിലായിരുന്നു അത്. അക്കൂട്ടത്തിൽ ഉപ്പൂറ്റിയുടെ അസ്ഥിയുമുണ്ടായിരുന്നു. 11.5 സെന്റിമീറ്റർ (4.5 ഇഞ്ച്) നീളമുള്ള ഇരുമ്പാണികൊണ്ട് ഒരു മരക്കഷണത്തിൽ തറച്ച നിലയിലായിരുന്നു അത്. അതെക്കുറിച്ച് സബാർ പറയുന്നു: “യഹോഖനാൻ എന്നു പേരുള്ള ഒരാളുടെ ഉപ്പൂറ്റിയിലെ അസ്ഥിയാണു കണ്ടെത്തിയത്. യേശുവിനെ കല്ലറയിൽ അടക്കിയോ എന്നതിനെക്കുറിച്ച് വളരെക്കാലമായി നിലനിന്ന തർക്കത്തിനു പരിഹാരം കണ്ടെത്താൻ ഇതു സഹായിച്ചു. യേശുവിന്റെ കാലത്ത് കുരിശിൽ തറച്ച് കൊന്ന കുറ്റവാളികൾക്കു ചിലപ്പോഴെങ്കിലും റോമാക്കാർ ജൂത മതാചാരമനുസരിച്ചുള്ള ശവസംസ്കാരത്തിന് അനുമതി നൽകിയിരുന്നെന്നു തെളിയിക്കുന്നതായിരുന്നു യഹോഖനാന്റെ ഉപ്പൂറ്റിയുടെ അസ്ഥി. യേശുവിനെ അടക്കിയതിനെക്കുറിച്ചുള്ള സുവിശേഷവിവരണം സത്യമാണെന്നാണ് ഇതു തെളിയിക്കുന്നത്.”
ഉപ്പൂറ്റിയുടെ അസ്ഥി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, യേശുവിനെ സ്തംഭത്തിൽ തൂക്കിയത് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള പല ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ ഒരു കാര്യം ഉറപ്പാണ്, വധിക്കപ്പെട്ട ചില കുറ്റവാളികളുടെയെങ്കിലും ശരീരം പൊതുശ്മശാനത്തിൽ തള്ളുന്നതിനു പകരം അതു മാന്യമായ രീതിയിൽ അടക്കിയിരുന്നു. അതുകൊണ്ട് യേശുവിന്റെ ശരീരം ഒരു കല്ലറയിൽ വെച്ചു എന്ന ബൈബിൾവിവരണം വിശ്വസിക്കാവുന്നതാണ്. നമുക്കു കിട്ടിയിരിക്കുന്ന തെളിവുകൾ അതിനെ പിന്താങ്ങുന്നു.
ഏറ്റവും പ്രധാനമായി, യേശുവിനെ സമ്പന്നനായ ഒരാളുടെ കല്ലറയിൽ അടക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ദൈവത്തിന്റെ വാക്കുകൾ എല്ലായ്പോഴും അങ്ങനെതന്നെ നിറവേറും.—യശ. 53:9; 55:11.