പഠനലേഖനം 21
ഗീതം 107 സ്നേഹത്തിന്റെ ദിവ്യമാതൃക
നിങ്ങൾക്ക് യോജിച്ച വിവാഹ ഇണയെ എങ്ങനെ കണ്ടെത്താം?
“കാര്യപ്രാപ്തിയുള്ള ഭാര്യയെ ആർക്കു കിട്ടും? അവൾക്കു പവിഴക്കല്ലുകളെക്കാൾ മൂല്യമുണ്ട്.”—സുഭാ. 31:10.
ഉദ്ദേശ്യം
ചേരുന്ന വിവാഹ ഇണയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവരെയും അങ്ങനെയുള്ളവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന സഭയിലുള്ളവരെയും സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ ചിന്തിക്കും.
1-2. (എ) ഡേറ്റിങ്ങിലേക്കു വരുന്നതിനു മുമ്പ് ഏകാകികളായ ക്രിസ്ത്യാനികൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ്? (ബി) “ഡേറ്റിങ്ങ്” എന്നതിന്റെ അർഥം എന്താണ്? (“പദപ്രയോഗത്തിന്റെ വിശദീകരണം” കാണുക.)
നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണോ? സന്തോഷത്തിന്റെ അടിസ്ഥാനം വിവാഹം അല്ലെങ്കിലും ചെറുപ്പക്കാരോ പ്രായമായവരോ ആയ ഏകാകികളായ പല ക്രിസ്ത്യാനികളും ഒരു വിവാഹ ഇണയെ കണ്ടെത്താൻ ആഗ്രഹിക്കുന്നു. വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരാളുമായി അടുപ്പത്തിലേക്കു വരുന്നതിനു മുമ്പുതന്നെ സാമ്പത്തികമായും ആത്മീയമായും വൈകാരികമായും നിങ്ങൾ തയ്യാറായിരിക്കണം. a (1 കൊരി. 7:36) അങ്ങനെയാകുമ്പോൾ നിങ്ങളുടെ വിവാഹജീവിതം വിജയിക്കാനുള്ള സാധ്യത കൂടുതലായിരിക്കും.
2 എങ്കിലും യോജിച്ച ഒരു വിവാഹ ഇണയെ കണ്ടെത്തുന്നത് എപ്പോഴും അത്ര എളുപ്പമല്ല. (സുഭാ. 31:10) ഇനി, നിങ്ങൾക്ക് ഒരാളെ ഇഷ്ടമായി, അയാളെ അടുത്തറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു; എന്നാലും ഡേറ്റിങ്ങ് b തുടങ്ങുന്നത് അത്ര എളുപ്പമായിരിക്കില്ല. തനിക്ക് യോജിച്ചേക്കാവുന്ന ഒരാളെ കണ്ടെത്തി ഡേറ്റിങ്ങ് തുടങ്ങാൻ ഏകാകികളായ ക്രിസ്ത്യാനികളെ സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ സഭയിലുള്ള മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാമെന്നും നമ്മൾ പഠിക്കും.
യോജിച്ച ഒരാളെ കണ്ടെത്തുക
3. ഒരു വിവാഹ ഇണയ്ക്കായി അന്വേഷിക്കുന്ന ഏകാകിയായ ഒരു ക്രിസ്ത്യാനി എന്തൊക്കെ കാര്യങ്ങൾ കണക്കിലെടുക്കണം?
3 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരാളുമായി അടുപ്പത്തിലേക്കു വരുന്നതിനു മുമ്പുതന്നെ ഇണയ്ക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. c ഇല്ലെങ്കിൽ യോജിച്ചേക്കാവുന്ന ഒരാൾ നിങ്ങളുടെ കണ്ണിൽപ്പെടാതെ പോയേക്കാം, അല്ലെങ്കിൽ ചേരാത്ത ഒരു വ്യക്തിയുമായി നിങ്ങൾ അടുപ്പത്തിലേക്കു വന്നേക്കാം. ഒരു കാര്യത്തിൽ സംശയമില്ല, നിങ്ങൾ ആലോചിക്കുന്ന വ്യക്തി സ്നാനമേറ്റ ഒരു ക്രിസ്ത്യാനിയായിരിക്കണം. (1 കൊരി. 7:39) പക്ഷേ സ്നാനമേറ്റ ഏതൊരാളും നിങ്ങൾക്കു യോജിച്ച ഒരു ഇണയായിരിക്കണം എന്നില്ല. അതുകൊണ്ട് സ്വയം ചോദിക്കുക: ‘ജീവിതത്തിൽ എന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? വിവാഹ ഇണയ്ക്ക് പ്രധാനമായും ഏതൊക്കെ ഗുണങ്ങൾ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്? എന്റെ പ്രതീക്ഷകൾ ന്യായമാണോ?’
4. ചിലർ പ്രാർഥനയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തുന്നു?
4 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും അതെക്കുറിച്ച് പ്രാർഥിച്ചിട്ടുണ്ടാകും. (ഫിലി. 4:6) തന്റെ എല്ലാ ദാസർക്കും ഒരു വിവാഹ ഇണയെ കിട്ടുമെന്ന് യഹോവ വാക്കു നൽകിയിട്ടില്ല എന്നതു ശരിയാണ്. എങ്കിലും യഹോവ നമ്മുടെ ആവശ്യങ്ങളും വികാരങ്ങളും അറിയുന്നുണ്ട് എന്ന് ഉറപ്പുണ്ടായിരിക്കുക. ഒരു ഇണയെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളെ സഹായിക്കാൻ യഹോവയ്ക്കാകും. അതുകൊണ്ട് നിങ്ങളുടെ ആഗ്രഹങ്ങളും വികാരങ്ങളും തുടർന്നും യഹോവയോടു പറയുക. (സങ്കീ. 62:8) ക്ഷമയ്ക്കും ജ്ഞാനത്തിനും വേണ്ടി പ്രാർഥിക്കുക. (യാക്കോ. 1:5) ഐക്യനാടുകളിൽനിന്നുള്ള ഏകാകിയായ ജോൺ d എന്ന സഹോദരൻ, താൻ പ്രാർഥനയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ഇണയിൽ ഞാൻ നോക്കുന്ന ഗുണങ്ങളെക്കുറിച്ച് ഞാൻ യഹോവയോടു പറയും. യോജിച്ച ഒരാളെ കണ്ടുമുട്ടാനുള്ള അവസരങ്ങൾ തരണേ എന്നും പ്രാർഥിക്കും. അതോടൊപ്പം നല്ലൊരു ഭർത്താവായിരിക്കാൻ വേണ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ എന്നെ സഹായിക്കണേ എന്നും ഞാൻ പ്രാർഥിക്കും.” ശ്രീലങ്കയിൽനിന്നുള്ള റ്റാനിയ സഹോദരി പറയുന്നു: “ഒരു ഇണയെ കണ്ടെത്താനായി കാത്തിരിക്കേണ്ടിവരുമ്പോഴും യഹോവയോടു വിശ്വസ്തയായിരിക്കാനും സന്തോഷം നിലനിറുത്താനും നല്ല മനോഭാവം ഉണ്ടായിരിക്കാനും സഹായിക്കണേ എന്നു ഞാൻ പ്രാർഥിക്കും.” പെട്ടെന്നുതന്നെ യോജിച്ച ഒരു ഇണയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും, നിങ്ങൾക്കുവേണ്ടി കരുതുമെന്നും സ്നേഹവും പിന്തുണയും നൽകുമെന്നും യഹോവ ഉറപ്പുതരുന്നു.—സങ്കീ. 55:22.
5. യഹോവയെ സ്നേഹിക്കുന്ന ഏകാകികളായ ക്രിസ്ത്യാനികളെ പരിചയപ്പെടാൻ എപ്പോൾ അവസരം കിട്ടും? (1 കൊരിന്ത്യർ 15:58) (ചിത്രവും കാണുക.)
5 ‘കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരിക്കാൻ’ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരിന്ത്യർ 15:58 വായിക്കുക.) യഹോവയുടെ സേവനത്തിൽ തിരക്കുള്ളവർ ആയിരിക്കുമ്പോൾ വ്യത്യസ്ത സഹോദരങ്ങളുമായി സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം കിട്ടും. അപ്പോൾ നിങ്ങൾക്കു നല്ല സഹവാസം ആസ്വദിക്കാനാകുമെന്നു മാത്രമല്ല, നിങ്ങളുടെ അതേ ആത്മീയലക്ഷ്യങ്ങൾ ഉള്ള ഏകാകികളായ സഹോദരങ്ങളെ പരിചയപ്പെടാനും കഴിയും. അതുപോലെ യഹോവയെ സന്തോഷിപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ യഥാർഥസന്തോഷവും നിങ്ങൾക്ക് ലഭിക്കും.
6. ഒരു ഇണയ്ക്കായി അന്വേഷിക്കുമ്പോൾ ഏകാകികളായ ക്രിസ്ത്യാനികൾ എന്ത് ഓർക്കണം?
6 എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതാണ്: ഒരു ഇണയെ കണ്ടെത്തുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഒരിക്കലും ചിന്തിക്കരുത്. (ഫിലി. 1:10) യഥാർഥസന്തോഷം യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്, അല്ലാതെ നിങ്ങൾ വിവാഹം കഴിച്ച ഒരാളാണോ അല്ലയോ എന്നതിനെ ആശ്രയിച്ചല്ല. (മത്താ. 5:3) മാത്രമല്ല ഏകാകിയായിരിക്കുമ്പോൾ ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. (1 കൊരി. 7:32, 33) ആ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഐക്യനാടുകളിൽനിന്നുള്ള ജെസീക്ക സഹോദരി വിവാഹിതയായത് 40-നോടടുത്ത് പ്രായമുള്ളപ്പോഴാണ്. സഹോദരി പറയുന്നു: “ഒരു വിവാഹ ഇണയ്ക്കായി നോക്കിക്കൊണ്ടിരുന്നപ്പോഴും ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടത്, സംതൃപ്തിയോടെയിരിക്കാൻ എന്നെ സഹായിച്ചു.”
നിരീക്ഷിക്കാൻ സമയമെടുക്കുക
7. ഒരാളോടു താത്പര്യമുണ്ട് എന്നു പറയുന്നതിനു മുമ്പ് അയാളെ നിരീക്ഷിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 13:16)
7 ‘ആ വ്യക്തി എനിക്ക് ചേരുന്ന ഒരാളായിരിക്കും’ എന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? പെട്ടെന്നുതന്നെ ആ വ്യക്തിയോട് കാര്യം പറയുമോ? ജ്ഞാനിയായ ഒരാൾ, ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് അതെക്കുറിച്ച് വേണ്ടത്ര അറിവ് നേടും എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 13:16 വായിക്കുക.) അതുകൊണ്ട് നിങ്ങളുടെ താത്പര്യത്തെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നതിനു മുമ്പ് കുറച്ച് സമയം ആ വ്യക്തിയെ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും. നെതർലൻഡ്സിൽനിന്നുള്ള എഷ്വിൻ പറയുന്നു: “വികാരങ്ങൾ നിമിഷങ്ങൾകൊണ്ട് വളർന്നുവന്നേക്കാം. പക്ഷേ അതേ വേഗത്തിൽതന്നെ അതു മാഞ്ഞുപോകുകയും ചെയ്തേക്കാം.” അതുകൊണ്ട് നിരീക്ഷിക്കാൻ അല്പം സമയം എടുക്കുന്നെങ്കിൽ പെട്ടെന്നുള്ള വികാരത്തിന്റെ പുറത്ത് ഒരാളുമായി ഡേറ്റിങ്ങിൽ ഏർപ്പെടാൻ നിങ്ങൾ മുതിരില്ല. മാത്രമല്ല കുറച്ചൊന്നു നിരീക്ഷിച്ചു കഴിയുമ്പോൾ ആ വ്യക്തി നിങ്ങൾക്ക് യോജിച്ച ഒരാളല്ല എന്നു ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കും.
8. ഒരു വ്യക്തി നിങ്ങൾക്കു യോജിച്ചേക്കുമോ എന്ന് നിങ്ങൾക്ക് എങ്ങനെ നിരീക്ഷിക്കാം?(ചിത്രവും കാണുക.)
8 വിവേകത്തോടെ നിങ്ങൾക്ക് എങ്ങനെ മറ്റേ വ്യക്തിയെ നിരീക്ഷിക്കാം? മീറ്റിങ്ങുകളിൽവെച്ചോ മറ്റു കൂടിവരവുകളുടെ സമയത്തോ നിങ്ങൾക്ക് അവരുടെ ആത്മീയതയും വ്യക്തിത്വവും പെരുമാറ്റവും ഒക്കെ നിരീക്ഷിക്കാൻ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആരൊക്കെയാണ്? എന്തിനെക്കുറിച്ചൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്? (ലൂക്കോ. 6:45) അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളോടു യോജിക്കുന്നതാണോ? ആ വ്യക്തിയെ നന്നായി അറിയാവുന്ന മൂപ്പന്മാരോടോ പക്വതയുള്ള ക്രിസ്ത്യാനികളോടോ നിങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ചോദിക്കാനാകും. (സുഭാ. 20:18) ഉദാഹരണത്തിന്, മറ്റുള്ളവരുടെ ഇടയിൽ അദ്ദേഹത്തിന് എങ്ങനെയുള്ളൊരു പേരാണുള്ളത്, അദ്ദേഹത്തിന്റെ സ്വഭാവം എങ്ങനെയാണ് എന്നൊക്കെ. (രൂത്ത് 2:11) ഇങ്ങനെ നിരീക്ഷിക്കുമ്പോൾ അത് മറ്റേ വ്യക്തിക്ക് അസ്വസ്ഥത തോന്നാൻ ഇടയാകുന്ന വിധത്തിൽ ആകരുത്. ആ വ്യക്തിയുടെ വികാരങ്ങളും സ്വകാര്യതയും മാനിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തണം.
9. ഏതു കാര്യങ്ങളിൽ ഉറപ്പില്ലെങ്കിൽ നിങ്ങളുടെ താത്പര്യത്തെക്കുറിച്ച് ഒരാളോടു നേരിട്ട് സംസാരിക്കരുത്?
9 താത്പര്യമുണ്ടെന്നു പറയുന്നതിനു മുമ്പ് നിങ്ങൾ എത്ര കാലം ആ വ്യക്തിയെ നിരീക്ഷിക്കണം? അത് വളരെ പെട്ടെന്നുതന്നെ പറഞ്ഞാൽ, വേണ്ടത്ര ചിന്തിക്കാതെ തീരുമാനമെടുക്കുന്ന ഒരാളാണ് നിങ്ങളെന്ന് ആ വ്യക്തിക്കു തോന്നിയേക്കാം. (സുഭാ. 29:20) നേരെമറിച്ച് സംസാരിക്കാൻ ഒരുപാടു താമസിക്കുകയാണെങ്കിൽ, നിങ്ങൾ തീരുമാനശേഷി കുറഞ്ഞ ആളാണെന്ന് ആ വ്യക്തി ചിന്തിച്ചേക്കാം; പ്രത്യേകിച്ചും നിങ്ങളുടെ താത്പര്യത്തെക്കുറിച്ച് ആ വ്യക്തി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ. (സഭാ. 11:4) ഓർക്കുക: ആ വ്യക്തിയെ വിവാഹം കഴിക്കുമെന്ന് മനസ്സിൽ ഉറച്ച തീരുമാനമെടുത്ത ശേഷമേ ആ വ്യക്തിയോട് നിങ്ങളുടെ താത്പര്യത്തെക്കുറിച്ച് പറയാവൂ എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. പക്ഷേ ആ വ്യക്തി നിങ്ങൾക്ക് യോജിച്ച ഒരു ഇണ ആയേക്കാമെന്ന് ഒട്ടും തോന്നുന്നില്ലെങ്കിലോ നിങ്ങൾതന്നെ വിവാഹത്തിന് ഒട്ടും ഒരുങ്ങിയിട്ടില്ലെങ്കിലോ നിങ്ങൾക്ക് ആ വ്യക്തിയോട് താത്പര്യമുണ്ടെന്നു പറയരുത്.
10. ഒരാൾക്കു നിങ്ങളോടു താത്പര്യം ഉണ്ടെന്നു മനസ്സിലാകുകയും എന്നാൽ നിങ്ങൾക്ക് തിരിച്ച് താത്പര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ എന്തു ചെയ്യണം?
10 നിങ്ങളോട് ഒരാൾക്കു താത്പര്യം ഉണ്ടെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിലോ? നിങ്ങൾക്ക് ആ വ്യക്തിയോടു താത്പര്യം ഇല്ലെങ്കിൽ അതു പെരുമാറ്റത്തിലൂടെ വ്യക്തമാക്കണം. നിങ്ങൾക്ക് ആഗ്രഹമില്ലാത്ത സ്ഥിതിക്ക് ആ വ്യക്തിയിൽ താത്പര്യം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഇടപെടുന്നത് ദയയായിരിക്കില്ല.—1 കൊരി. 10:24; എഫെ. 4:25.
11. മറ്റൊരാൾക്കുവേണ്ടി ഒരു വിവാഹ ഇണയെ കണ്ടെത്തിക്കൊടുക്കാനോ അല്ലെങ്കിൽ ഒരാളെ പരിചയപ്പെടുത്തിക്കൊടുക്കാനോ ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾ ഏതൊക്കെ കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?
11 ചില നാടുകളിൽ മാതാപിതാക്കളോ മുതിർന്ന ബന്ധുക്കളോ ഏകാകികൾക്കുവേണ്ടി ഒരു വിവാഹ ഇണയെ തീരുമാനിക്കുന്ന രീതിയാണുള്ളത്. എന്നാൽ, മറ്റു ചിലയിടങ്ങളിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ യോജിച്ചേക്കാവുന്ന ഒരാളെ പരിചയപ്പെടുത്തിക്കൊടുക്കും; എന്നിട്ട് ഡേറ്റിങ്ങ് തുടങ്ങണോ എന്ന തീരുമാനം ചെറുക്കനും പെണ്ണിനും വിടും. ആരെങ്കിലും നിങ്ങളോട്, ഒരു വിവാഹ ഇണയെ കണ്ടെത്തിക്കൊടുക്കാനോ അല്ലെങ്കിൽ ഒരാളെ പരിചയപ്പെടുത്തിക്കൊടുക്കാനോ ആവശ്യപ്പെടുകയാണെങ്കിൽ ചെറുക്കന്റെയും പെണ്ണിന്റെയും ആവശ്യങ്ങളും മുൻഗണനകളും മനസ്സിലാക്കുക. നിങ്ങളുടെ സുഹൃത്തിനോ ബന്ധുവിനോ പറ്റിയ ഒരാളെ കണ്ടെത്തിയതായി നിങ്ങൾക്കു തോന്നുകയാണെങ്കിൽ അവരുടെ വ്യക്തിത്വവും ഗുണങ്ങളും ഏറ്റവും പ്രധാനമായി, ആത്മീയതയും എങ്ങനെയുണ്ടെന്നു മനസ്സിലാക്കാൻ നല്ല ശ്രമം ചെയ്യുക. പണം, വിദ്യാഭ്യാസം, സാമൂഹികനില, കുടുംബപശ്ചാത്തലം ഇവയെക്കാളൊക്കെ പ്രധാനം യഹോവയുമായുള്ള ബന്ധമാണ്. എന്തായാലും ഒരു കാര്യം ഓർക്കുക: ഏകാകിയായ സഹോദരനും സഹോദരിയും ആയിരിക്കണം, ആരെ വിവാഹം കഴിക്കണം എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത്.—ഗലാ. 6:5.
എങ്ങനെ ഡേറ്റിങ്ങ് തുടങ്ങാം?
12. ഒരാളുമായി ഡേറ്റിങ്ങിൽ ഏർപ്പെടാൻ താത്പര്യപ്പെടുന്നെങ്കിൽ നിങ്ങൾക്ക് അത് എങ്ങനെ ആ വ്യക്തിയോടു പറയാം?
12 ഒരാളെ അടുത്ത് പരിചയപ്പെടാൻ താത്പര്യപ്പെടുന്നെങ്കിൽ നിങ്ങൾക്ക് അത് എങ്ങനെ ആ വ്യക്തിയോടു പറയാം? e ഒരു പൊതുസ്ഥലത്തുവെച്ചോ ഫോണിലൂടെയോ സംസാരിക്കാൻ നിങ്ങൾക്കു ക്രമീകരണം ചെയ്യാനാകും. നിങ്ങൾക്ക് അയാളെ ഇഷ്ടമാണെന്നും കൂടുതൽ അടുത്തറിയാൻ ആഗ്രഹമുണ്ടെന്നും വ്യക്തമായി പറയുക. (1 കൊരി. 14:9) എന്തു മറുപടി പറയണമെന്നു ചിന്തിക്കാൻ, ആവശ്യമെങ്കിൽ മറ്റേയാൾക്കു സമയം കൊടുക്കുക. (സുഭാ. 15:28) താത്പര്യം ഇല്ല എന്നാണു പറയുന്നതെങ്കിൽ ആ വ്യക്തിയുടെ വികാരങ്ങളെ മാനിക്കുക.
13. നിങ്ങളോട് താത്പര്യം ഉണ്ടെന്ന് ഒരാൾ പറയുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? (കൊലോസ്യർ 4:6)
13 ഇനി നിങ്ങളെ അടുത്ത് പരിചയപ്പെടാൻ താത്പര്യമുണ്ട് എന്ന് ഒരാൾ പറയുന്നെങ്കിലോ? അതു പറയാൻ ആ വ്യക്തിക്ക് ഒട്ടും എളുപ്പമായിരിക്കില്ല എന്ന് ഓർക്കുക. അതുകൊണ്ട് ദയയോടെയും ആദരവോടെയും ഇടപെടുക. (കൊലോസ്യർ 4:6 വായിക്കുക.) ഒരു തീരുമാനമെടുക്കുന്നതിന് സമയം ആവശ്യമാണെങ്കിൽ അതു പറയാം. എങ്കിലും വെച്ചുതാമസിപ്പിക്കാതെ കഴിയുന്നത്ര വേഗത്തിൽ ഒരു മറുപടി കൊടുക്കുക. (സുഭാ. 13:12) നിങ്ങൾക്കു താത്പര്യമില്ലെങ്കിൽ ആ കാര്യം ദയയോടെ, വ്യക്തമായി പറയണം. ഓസ്ട്രേലിയയിലെ ഹാൻസ് എന്ന ഒരു സഹോദരൻ ഒരു സഹോദരിയോട് എങ്ങനെയാണു മറുപടി പറഞ്ഞത് എന്ന് നോക്കുക: “അവൾക്കു പ്രതീക്ഷയൊന്നും കൊടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഡേറ്റിങ്ങിന് താത്പര്യമില്ലെന്ന് ഞാൻ അപ്പോൾത്തന്നെ ദയയോടെ, വ്യക്തമായി പറഞ്ഞു. പിന്നീട് അവളോടുള്ള എന്റെ പെരുമാറ്റവും ഞാൻ ശ്രദ്ധിച്ചു. കാരണം എന്റെ തീരുമാനത്തിന് മാറ്റം വന്നു എന്ന് അവൾ ചിന്തിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.” എന്നാൽ നിങ്ങൾക്കു താത്പര്യം ഉണ്ടെങ്കിൽ അക്കാര്യം പറയുക. ഒപ്പം ഡേറ്റിങ്ങിന്റെ സമയം എങ്ങനെ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറയുക. സംസ്കാരമോ മറ്റു ഘടകങ്ങളോ കാരണം ഇക്കാര്യത്തിൽ ഓരോരുത്തരുടെയും ചിന്ത വ്യത്യസ്തമായിരുന്നേക്കാം.
ഏകാകികളായ ക്രിസ്ത്യാനികളെ മറ്റുള്ളവർക്ക് എങ്ങനെ പിന്തുണയ്ക്കാം?
14. നമ്മുടെ വാക്കുകളിലൂടെ ഏകാകികളായ ക്രിസ്ത്യാനികളെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം?
14 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏകാകികളായ ക്രിസ്ത്യാനികളെ മറ്റുള്ളവർക്ക് എങ്ങനെ പിന്തുണയ്ക്കാൻ കഴിയും? അതിനുള്ള ഒരു വിധം അവരോടു പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക എന്നതാണ്. (എഫെ. 4:29) സ്വയം ചോദിക്കുക: ‘വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഞാൻ കളിയാക്കാറുണ്ടോ? ഏകാകിയായ ഒരു സഹോദരനും സഹോദരിയും സംസാരിക്കുന്നതു കാണുമ്പോൾ അവർ തമ്മിൽ “എന്തോ ഉണ്ട്” എന്നു ഞാൻ ചിന്തിക്കാറുണ്ടോ?’ (1 തിമൊ. 5:13) കൂടാതെ വിവാഹം കഴിക്കാത്തത് ഒരു കുറവാണെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ അവരോട് ഇടപെടുകയുമരുത്. മുമ്പു കണ്ട ഹാൻസ് പറയുന്നു: “ചില സഹോദരങ്ങൾ ചോദിക്കും: ‘എന്താ കല്യാണം കഴിക്കാത്തത്, പ്രായം എത്ര ആയെന്നാ വിചാരം?’ അങ്ങനെയൊക്കെ ചോദിച്ചാൽ തങ്ങൾ വിലയില്ലാത്തവരാണെന്ന് ഏകാകികൾക്കു തോന്നാൻ ഇടയായേക്കാം. മാത്രമല്ല, അത് എങ്ങനെയും കല്യാണം കഴിക്കാനുള്ള സമ്മർദം കൂട്ടുകയേ ഉള്ളൂ.” അതിനെക്കാൾ എത്രയോ നല്ലതാണ് ഏകാകികളായ ക്രിസ്ത്യാനികളെ അഭിനന്ദിക്കാനുള്ള അവസരങ്ങൾക്കായി നോക്കുന്നത്.—1 തെസ്സ. 5:11.
15. (എ) റോമർ 15:2-ലെ തത്ത്വം അനുസരിച്ച് മറ്റൊരാൾക്കുവേണ്ടി ഒരു ഇണയെ കണ്ടെത്തിക്കൊടുക്കാൻ സഹായിക്കുന്നതിനു മുമ്പ് നമ്മൾ എന്തു കാര്യം ഓർക്കണം? (ചിത്രവും കാണുക.) (ബി) വീഡിയോയിൽനിന്ന് എന്തെല്ലാം പ്രധാനപ്പെട്ട പാഠങ്ങളാണു നിങ്ങൾ പഠിച്ചത്? (അടിക്കുറിപ്പും കാണുക.)
15 ഏകാകിയായ ഒരു സഹോദരനെയും സഹോദരിയെയും കുറിച്ച്, അവർ തമ്മിൽ കല്യാണം കഴിച്ചാൽ നല്ലതായിരിക്കുമെന്ന് നമുക്കു തോന്നുന്നെങ്കിലോ? മറ്റുള്ളവരുടെ വികാരങ്ങൾ പരിഗണിക്കണമെന്നാണ് ബൈബിൾ നമ്മളോടു പറയുന്നത്. (റോമർ 15:2 വായിക്കുക.) മറ്റൊരാൾ തങ്ങൾക്കുവേണ്ടി ഒരു ഇണയെ അന്വേഷിക്കാൻ ഏകാകികളായ പലരും ആഗ്രഹിക്കുന്നില്ല. അവരുടെ ചിന്തയെ നമ്മൾ മാനിക്കണം. (2 തെസ്സ. 3:11) ചിലർ നമ്മുടെ സഹായം പ്രതീക്ഷിച്ചേക്കാം. പക്ഷേ അവർ ആവശ്യപ്പെടാതെ നമ്മൾ അങ്ങനെ ചെയ്യരുത്. f (സുഭാ. 3:27) ഇനി, ഏകാകികളായ മറ്റു ചിലർ നേരിട്ടല്ലാത്ത സഹായങ്ങളായിരിക്കും പ്രതീക്ഷിക്കുന്നത്. ജർമനിയിൽനിന്നുള്ള ഏകാകിയായ ലിഡിയ എന്ന സഹോദരി പറയുന്നു: “ഒരു വലിയ കൂട്ടത്തിന്റെ കൂടെ ആ സഹോദരനെയും സഹോദരിയെയും നമുക്ക് ഉൾപ്പെടുത്താം. അങ്ങനെ അവർക്കു തമ്മിൽ പരിചയപ്പെടാനുള്ള ഒരു അവസരം ഒരുക്കിക്കൊടുത്താൽ മതിയാകും. ബാക്കി അവർ തീരുമാനിക്കട്ടെ.”
16. ഏകാകികളായ ക്രിസ്ത്യാനികൾ എന്ത് ഓർക്കണം?
16 നമുക്ക് എല്ലാവർക്കും, ഏകാകികളാണെങ്കിലും വിവാഹിതരാണെങ്കിലും, സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനാകും. (സങ്കീ. 128:1) അതുകൊണ്ട് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും പറ്റിയ ഒരാളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ തുടർന്നും യഹോവയുടെ സേവനത്തിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. മക്കാവോയിൽനിന്നുള്ള സിൻ-യീ സഹോദരി പറയുന്നു: “ഇണയോടൊപ്പം പറുദീസയിൽ ചെലവഴിച്ചേക്കാവുന്ന സമയംവെച്ച് നോക്കുമ്പോൾ, ഇപ്പോൾ ഏകാകിയായിരിക്കുന്ന സമയം വളരെ കുറവാണ്. ഈ സമയം നന്നായി ആസ്വദിക്കുക, നന്നായി പ്രയോജനപ്പെടുത്തുക.” എന്നാൽ നിങ്ങൾ ഒരാളെ കണ്ടെത്തി ഡേറ്റിങ്ങ് തുടങ്ങിയിട്ടുണ്ടെങ്കിലോ? ശരിയായ തീരുമാനമെടുക്കാൻ സഹായിക്കുന്ന വിധത്തിൽ എങ്ങനെ ഡേറ്റിങ്ങ് നടത്താമെന്ന് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 137 വിശ്വസ്തസ്ത്രീകൾ, ക്രിസ്തീയസഹോദരിമാർ
a വിവാഹത്തിന് തയ്യാറാണോ അല്ലയോ എന്ന് അറിയാൻ jw.org-ലുള്ള “ഡേറ്റിങ്ങ്—ഭാഗം 1: ഞാൻ ഡേറ്റിങ്ങ് ചെയ്യാറായോ?” കാണുക.
b പദപ്രയോഗത്തിന്റെ വിശദീകരണം: യോജിച്ച ഒരു ഇണയാണോ എന്ന് അറിയുന്നതിന് ഒരു സ്ത്രീയും പുരുഷനും അടുത്ത് പരിചയപ്പെടുന്നതിനെയാണ് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും, “ഡേറ്റിങ്ങ്” എന്നു വിളിച്ചിരിക്കുന്നത്. ചില രാജ്യങ്ങളിൽ ഇതിനെ കോർട്ടിങ്ങ് എന്നും വിളിക്കാറുണ്ട്. തമ്മിൽ ഇഷ്ടം തോന്നുന്നുണ്ടെന്ന് ഒരു സ്ത്രീയും പുരുഷനും വ്യക്തമാക്കുമ്പോഴാണ് ഡേറ്റിങ്ങ് ആരംഭിക്കുന്നത്. വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതോടെ അവരുടെ ഡേറ്റിങ്ങ് അവസാനിക്കുന്നു.
c സഹോദരിമാർക്കു ബാധകമാകുന്ന രീതിയിലാണ് പൊതുവിൽ ഈ ലേഖനത്തിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നതെങ്കിലും ഇതിലെ തത്ത്വങ്ങൾ സഹോദരന്മാർക്കും ബാധകമാണ്.
d ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
e ചില സംസ്കാരങ്ങളിൽ സഹോദരന്മാരാണ് സഹോദരിമാരെ സമീപിച്ച് ഡേറ്റിങ്ങ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ ഒരു സഹോദരി മുൻകൈ എടുക്കുന്നതിലും തെറ്റില്ല. (രൂത്ത് 3:1-13) കൂടുതൽ വിവരങ്ങൾക്ക് 2004 നവംബർ 8 ലക്കം ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കിഷ്ടമാണെന്ന് ഞാൻ എങ്ങനെ പറയും?” എന്ന ലേഖനം കാണുക.
f jw.org-ലെ വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വിജയിക്കുന്നവർ—വിവാഹിതരല്ലാത്ത ക്രിസ്ത്യാനികൾ എന്ന വീഡിയോ കാണുക.