പഠനലേഖനം 48
ഗീതം 97 ജീവന് ആധാരം ദൈവവചനം
അത്ഭുതകരമായി അപ്പം കൊടുത്തതിൽനിന്ന് പഠിക്കാം
“ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.”—യോഹ. 6:35.
ഉദ്ദേശ്യം
യോഹന്നാൻ 6-ാം അധ്യായത്തിൽ യേശു വലിയൊരു ജനക്കൂട്ടത്തിന് അപ്പവും മീനും വർധിപ്പിച്ച് കൊടുത്തതിനെക്കുറിച്ചുള്ള വിവരണം കാണാം. അതിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം.
1. ബൈബിളിൽ അപ്പത്തിന് എത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു?
ബൈബിൾക്കാലങ്ങളിലെ ഒരു പ്രധാനഭക്ഷണമായിരുന്നു അപ്പം. (ഉൽപ. 14:18; ലൂക്കോ. 4:4) ബൈബിളിൽ, ഭക്ഷണത്തെ അർഥമാക്കാനായി ചിലപ്പോഴൊക്കെ “അപ്പം” എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. (മത്താ. 6:11, പഠനക്കുറിപ്പ്; യോഹ. 13:18) യേശുവിന്റെ പ്രസിദ്ധമായ രണ്ട് അത്ഭുതങ്ങളിലും അപ്പത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. (മത്താ. 16:9, 10) അതിലൊരു സംഭവം യോഹന്നാൻ 6-ാം അധ്യായത്തിൽ കാണാം. ആ വിവരണം ചർച്ച ചെയ്തിട്ട് അതിൽനിന്ന് ഇന്നു നമുക്കു പഠിക്കാനാകുന്ന പാഠങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
2. ആയിരക്കണക്കിന് ആളുകൾക്കു ഭക്ഷണം ആവശ്യമായിവന്നത് എപ്പോഴാണ്?
2 പ്രസംഗപ്രവർത്തനത്തിനു ശേഷം യേശുവും അപ്പോസ്തലന്മാരും അൽപ്പം വിശ്രമിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് യേശു അവരെ വള്ളത്തിൽ കയറ്റി ഗലീലക്കടൽ കടന്ന് ബേത്ത്സയിദയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു പോയി. (മർക്കോ. 6:7, 30-32; ലൂക്കോ. 9:10) പെട്ടെന്നുതന്നെ യേശുവിനെ കാണാൻ അവിടെ ആയിരക്കണക്കിന് ആളുകൾ ഒന്നിച്ചുകൂടി. അവരെ ഒഴിവാക്കുന്നതിനു പകരം ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനും അവരെ സുഖപ്പെടുത്താനും യേശു സമയം കണ്ടെത്തി. എന്നാൽ നേരം വൈകിയതുകൊണ്ട് ഈ ആളുകളൊക്കെ ഇനി എന്തു കഴിക്കും എന്നു ശിഷ്യന്മാർ ചിന്തിച്ചു. ചിലരുടെ കൈയിൽ കുറച്ചൊക്കെ ഭക്ഷണമുണ്ടായിരുന്നു. എന്നാൽ മിക്കവർക്കും ഗ്രാമങ്ങളിൽ ചെന്ന് ഭക്ഷണം വാങ്ങണമായിരുന്നു. (മത്താ. 14:15; യോഹ. 6:4, 5) യേശു ഇപ്പോൾ എന്തു ചെയ്യും?
യേശു അത്ഭുതകരമായി അപ്പം കൊടുക്കുന്നു
3. ജനക്കൂട്ടത്തിനുവേണ്ടി എന്തു ചെയ്യാനാണു യേശു അപ്പോസ്തലന്മാരോടു പറഞ്ഞത്? (പുറംതാളിലെ ചിത്രവും കാണുക.)
3 യേശു അപ്പോസ്തലന്മാരോടു പറഞ്ഞു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്.” (മത്താ. 14:16) ഏതാണ്ട് 5,000 പുരുഷന്മാരുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 15,000 പേർക്കു ഭക്ഷണം വേണം. അതുകൊണ്ട് അത് അസാധ്യമായ കാര്യമായി തോന്നാം. (മത്താ. 14:21) അപ്പോൾ അന്ത്രയോസ് പറഞ്ഞു: “ഈ കുട്ടിയുടെ കൈയിൽ അഞ്ചു ബാർളിയപ്പവും രണ്ടു ചെറിയ മീനും ഉണ്ട്. എന്നാൽ ഇത്രയധികം പേർക്ക് ഇതുകൊണ്ട് എന്താകാനാണ്?” (യോഹ. 6:9) പൊതുവേ പാവപ്പെട്ട ആളുകൾ കഴിക്കുന്ന ഭക്ഷണമായിരുന്നു ബാർളിയപ്പം. അതുപോലെ ചെറിയ മീൻ, ഉപ്പു തേച്ച് ഉണക്കിയെടുത്തതായിരുന്നു. ശരി, ആ കുട്ടിയുടെ കൈയിലുണ്ടായിരുന്ന കുറച്ച് ഭക്ഷണംകൊണ്ട് ഇത്രയധികം പേർക്കു കൊടുക്കാൻ തികയുമായിരുന്നോ?
4. യോഹന്നാൻ 6:11-13-ലെ വിവരണത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (ചിത്രങ്ങളും കാണുക.)
4 അവർക്കു ഭക്ഷണം കൊടുക്കാൻ ആഗ്രഹിച്ചതുകൊണ്ട് യേശു അവരോടു പുൽപ്പുറത്ത് കൂട്ടംകൂട്ടമായി ഇരിക്കാൻ പറഞ്ഞു. (മർക്കോ. 6:39, 40; യോഹന്നാൻ 6:11-13 വായിക്കുക.) അപ്പത്തിനും മീനിനും വേണ്ടി യേശു പിതാവിനോടു നന്ദി പറഞ്ഞതിനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ട്. ദൈവത്തിനു നന്ദി കൊടുത്തത് ഉചിതമായിരുന്നു. കാരണം, ഭക്ഷണം തരുന്നത് യഹോവയാണല്ലോ. ഒറ്റയ്ക്കാണെങ്കിലും ആളുകൾ ചുറ്റുമുണ്ടെങ്കിലും നമ്മൾ ഭക്ഷണത്തിനു മുമ്പ് പ്രാർഥിക്കണമെന്നു യേശുവിന്റെ ഈ മാതൃക പഠിപ്പിക്കുന്നു. യേശു പിന്നെ ഭക്ഷണം വിതരണം ചെയ്തു. ആളുകൾ തിന്ന് തൃപ്തരായി. മിച്ചംവന്ന ഭക്ഷണം കളയാൻ യേശു ആഗ്രഹിച്ചില്ല. പിന്നീട് ഉപയോഗിക്കാൻവേണ്ടി അതു ശേഖരിച്ചുവെച്ചു. നമുക്കുള്ളതെല്ലാം ജ്ഞാനത്തോടെ ഉപയോഗിക്കുന്ന കാര്യത്തിൽ നല്ലൊരു മാതൃകയാണ് യേശു. മാതാപിതാക്കളേ, മക്കളോടൊപ്പം ഈ വിവരണം ചർച്ച ചെയ്തിട്ട് പ്രാർഥനയെക്കുറിച്ചും ആതിഥ്യത്തെക്കുറിച്ചും ഉദാരതയെക്കുറിച്ചും അവരെ പഠിപ്പിക്കാനാകുമോ?
5. യേശു അന്നു ചെയ്ത കാര്യങ്ങളോട് ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്, യേശു അപ്പോൾ എന്തു ചെയ്തു?
5 യേശു പഠിപ്പിക്കുന്നതും അത്ഭുതങ്ങൾ ചെയ്യുന്നതും കണ്ടപ്പോൾ ആളുകൾ അതിശയിച്ചുപോയി. ദൈവം ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കുമെന്നു മോശ പറഞ്ഞ കാര്യം അവർക്ക് അറിയാമായിരുന്നു. ‘അത് എങ്ങാനും യേശുവാണോ’ എന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും. (ആവ. 18:15-18) അങ്ങനെയാണെങ്കിൽ യേശു ഒരു മികച്ച ഭരണാധികാരിയായിരിക്കുമെന്നും ഇസ്രായേലിലുള്ള എല്ലാവർക്കും ഭക്ഷണം കൊടുക്കുമെന്നും അവർ ഓർത്തുകാണും. അതുകൊണ്ട് ആളുകൾ യേശുവിനെ “പിടിച്ച് രാജാവാക്കാൻ” ശ്രമിച്ചു. (യോഹ. 6:14, 15) അതിനു നിന്നുകൊടുത്തെങ്കിൽ യേശു രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നതുപോലെയായേനേ. എന്നാൽ യേശു അങ്ങനെ ചെയ്തില്ല. ബൈബിൾ പറയുന്നത്, പെട്ടെന്ന് യേശു “തനിച്ച് . . . മലയിലേക്ക് പോയി” എന്നാണ്. മറ്റുള്ളവരുടെ സമ്മർദം ഉണ്ടായിട്ടും യേശു രാഷ്ട്രീയത്തിൽ ഉൾപ്പെടാതെനിന്നു. നമുക്ക് എത്ര നല്ലൊരു പാഠമാണ് അത്!
6. യേശുവിന്റെ മാതൃക അനുകരിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം? (ചിത്രവും കാണുക.)
6 ആളുകൾ നമ്മളോട് അത്ഭുതകരമായി ഭക്ഷണം കൊടുക്കണമെന്നോ രോഗികളെ സുഖപ്പെടുത്തണമെന്നോ അവരുടെ ഭരണാധികാരിയാകണമെന്നോ ഒന്നും പറയില്ല. പകരം വോട്ട് ചെയ്ത് രാഷ്ട്രീയത്തിൽ ഉൾപ്പെടാനോ രാഷ്ട്രീയത്തിലുള്ള ആരെയെങ്കിലും പിന്തുണച്ച് സംസാരിക്കാനോ ആയിരിക്കാം അവർ ആവശ്യപ്പെടുന്നത്. അപ്പോൾ നമുക്കു രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടാതെനിന്ന യേശുവിന്റെ മാതൃക പകർത്താം. യേശു പിന്നീട് ഇങ്ങനെപോലും പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 17:14; 18:36) യേശുവിന്റെ ചിന്തകളും പ്രവൃത്തികളും അനുകരിക്കാനാണ് ഇന്നു ക്രിസ്ത്യാനികൾ ശ്രമിക്കുന്നത്. നമ്മൾ പിന്തുണ കൊടുക്കുന്നതും സാക്ഷ്യം കൊടുക്കുന്നതും പ്രാർഥിക്കുന്നതും യേശു പറഞ്ഞ ആ രാജ്യത്തിനുവേണ്ടിയാണ്. (മത്താ. 6:10) യേശു അത്ഭുതകരമായി അപ്പം കൊടുത്ത ആ വിവരണത്തെക്കുറിച്ച് നമുക്ക് ഒന്നുകൂടെ ചിന്തിക്കാം. അതിൽനിന്ന് മറ്റ് എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകുമെന്നും നോക്കാം.
“അപ്പം നൽകിയ സംഭവത്തിൽനിന്ന് ഗ്രഹിക്കേണ്ടത്”
7. യേശു എന്തു ചെയ്തു, അപ്പോസ്തലന്മാർ അതിനോട് എങ്ങനെ പ്രതികരിച്ചു, എന്നാൽ അവർ എന്തു മനസ്സിലാക്കിയില്ല? (യോഹന്നാൻ 6:16-20)
7 യേശു ജനക്കൂട്ടത്തിനു ഭക്ഷണം കൊടുത്തശേഷം അപ്പോസ്തലന്മാർ വള്ളത്തിൽ കഫർന്നഹൂമിലേക്കു പോയി. തന്നെ രാജാവാക്കാൻ ജനം ശ്രമിച്ചതുകൊണ്ട് യേശു മലയിലേക്കും പോയി. (യോഹന്നാൻ 6:16-20 വായിക്കുക.) അപ്പോസ്തലന്മാർ വള്ളത്തിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ ശക്തമായ ഒരു കാറ്റ് അടിച്ചിട്ട് കടൽ ക്ഷോഭിക്കാൻതുടങ്ങി. അപ്പോൾ യേശു കടലിനു മുകളിലൂടെ നടന്ന് വള്ളത്തിന് അടുത്തേക്കു ചെന്നു. വെള്ളത്തിന് മുകളിലൂടെ നടന്ന് വരാൻ യേശു അപ്പോസ്തലനായ പത്രോസിനോടും പറഞ്ഞു. (മത്താ. 14:22-31) യേശു വള്ളത്തിൽ കയറിയപ്പോൾ കാറ്റുനിന്നു. അപ്പോൾ ശിഷ്യന്മാർ ഇങ്ങനെ പറഞ്ഞു: “ശരിക്കും അങ്ങ് ദൈവപുത്രനാണ്.” a (മത്താ. 14:33) യേശു ദൈവപുത്രനാണെന്ന് ഇപ്രാവശ്യം സമ്മതിച്ചുപറഞ്ഞ അവർ മുമ്പത്തെ അത്ഭുതം കണ്ടപ്പോൾ അങ്ങനെ പറഞ്ഞില്ല എന്നതു ശ്രദ്ധിച്ചോ? അതെക്കുറിച്ച് മർക്കോസ് പറഞ്ഞത് ഇങ്ങനെയാണ്: “ഇതു കണ്ട് (അപ്പോസ്തലന്മാർ) ആകെ അമ്പരന്നുപോയി. കാരണം അത്ഭുതകരമായി അപ്പം നൽകിയ സംഭവത്തിൽനിന്ന് ഗ്രഹിക്കേണ്ടത് അവർ ഗ്രഹിച്ചിരുന്നില്ല. ഗ്രഹിക്കുന്ന കാര്യത്തിൽ അവരുടെ ഹൃദയം അപ്പോഴും മാന്ദ്യമുള്ളതായിരുന്നു.” (മർക്കോ. 6:50-52) അതെ, അത്ഭുതങ്ങൾ ചെയ്യുന്നതിന് യഹോവ എത്രമാത്രം ശക്തി യേശുവിനു കൊടുത്തിരുന്നു എന്ന കാര്യം മനസ്സിലാക്കാൻ ശിഷ്യന്മാർ പരാജയപ്പെട്ടു. അതിനു ശേഷം, അത്ഭുതകരമായി അപ്പം കൊടുത്തതിനെക്കുറിച്ച് യേശു വീണ്ടും സംസാരിക്കുകയും അതിൽനിന്ന് നമുക്കു പഠിക്കാനാകുന്ന പാഠത്തെക്കുറിച്ച് പറയുകയും ചെയ്തു.
8-9. എന്തിനുവേണ്ടിയാണു ജനക്കൂട്ടം യേശുവിനെ അന്വേഷിച്ചത്? (യോഹന്നാൻ 6:26, 27)
8 യേശു പോഷിപ്പിച്ച ആ ജനക്കൂട്ടത്തിന്റെ ശ്രദ്ധ ഭൗതികാവശ്യങ്ങളും ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്നതിൽ ആയിരുന്നു. അതു നമുക്ക് എങ്ങനെ അറിയാം? തങ്ങളെ പോഷിപ്പിച്ച സ്ഥലത്ത് ജനം പിറ്റെ ദിവസം എത്തിയപ്പോൾ യേശുവിനെയും അപ്പോസ്തലന്മാരെയും അവർക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ തിബെര്യാസിൽനിന്നുള്ള ചില വള്ളങ്ങളിൽ കയറി യേശുവിനെ തിരഞ്ഞ് കഫർന്നഹൂമിൽ എത്തി. (യോഹ. 6:22-24) അവർ അങ്ങനെ ചെയ്തത് യേശുവിൽനിന്ന് ദൈവരാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹംകൊണ്ടാണോ? അല്ല. അവർ ചെന്നതു പ്രധാനമായും യേശുവിൽനിന്ന് അപ്പം കിട്ടാൻവേണ്ടിയായിരുന്നു. അതു നമുക്ക് എങ്ങനെ അറിയാം?
9 കഫർന്നഹൂമിന് അടുത്തുവെച്ച് ജനക്കൂട്ടം യേശുവിനെ കണ്ടപ്പോൾ എന്താണു സംഭവിച്ചതെന്നു നോക്കുക. അവരുടെ പ്രധാനചിന്ത ഭൗതികാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആയിരുന്നു എന്നു യേശു തുറന്നുപറഞ്ഞു. അവർ ‘അപ്പം കഴിച്ച് തൃപ്തരായെങ്കിലും’ അതു ‘നശിച്ചുപോകുന്ന ആഹാരമാണെന്ന്’ യേശു വ്യക്തമാക്കി. അതുകൊണ്ട് ‘നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി പ്രയത്നിക്കാൻ’ യേശു അവരെ പ്രോത്സാഹിപ്പിച്ചു. (യോഹന്നാൻ 6:26, 27 വായിക്കുക.) ആ ആഹാരം പിതാവ് തരുമെന്നു യേശു പറഞ്ഞു. നിത്യജീവൻ നേടിത്തരുന്ന ആഹാരത്തെക്കുറിച്ച് കേട്ടപ്പോൾ ആ ജനക്കൂട്ടം അതിശയിച്ചുപോയിക്കാണും. അത് ഏത് ആഹാരമാണ്? യേശുവിന്റെ കേൾവിക്കാർക്ക് അത് എങ്ങനെ കിട്ടുമായിരുന്നു?
10. ജനക്കൂട്ടം മനസ്സിലാക്കേണ്ടിയിരുന്ന “ദൈവം അംഗീകരിക്കുന്ന പ്രവൃത്തി” എന്താണ്?
10 യേശു പറഞ്ഞ ആഹാരം കിട്ടണമെങ്കിൽ തങ്ങളുടെ ഭാഗത്ത് എന്തോ പ്രവൃത്തി ആവശ്യമാണെന്ന് ആ ജൂതന്മാർക്ക് തോന്നിയിരിക്കണം. മോശയുടെ നിയമമനുസരിച്ച് ജീവിക്കുന്നതാണ് ആ “പ്രവൃത്തി” എന്ന് അവർ ചിന്തിച്ചുകാണും. എന്നാൽ, യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവം അയച്ചവനെ വിശ്വസിക്കുക; അതാണു ദൈവം അംഗീകരിക്കുന്ന പ്രവൃത്തി.” (യോഹ. 6:28, 29) “നിത്യജീവൻ” ലഭിക്കണമെങ്കിൽ ദൈവത്തിന്റെ പ്രതിനിധിയിൽ വിശ്വസിക്കണം. യേശു ഇതെക്കുറിച്ച് മുമ്പും പറഞ്ഞിട്ടുണ്ട്. (യോഹ. 3:16-18) നിത്യജീവൻ നേടാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് യേശുവിന് ഇനിയും പറയാനുണ്ടായിരുന്നു.—യോഹ. 17:3.
11. ജൂതന്മാർക്ക് അപ്പോഴും എന്തിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത, അത് നമുക്ക് എങ്ങനെ അറിയാം? (സങ്കീർത്തനം 78:24, 25)
11 “ദൈവം അംഗീകരിക്കുന്ന പ്രവൃത്തി” എന്താണെന്നു യേശു പറഞ്ഞപ്പോൾ ജൂതന്മാർ അതു വിശ്വസിച്ചില്ല. അവർ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “അങ്ങ് . . . എന്ത് അടയാളം കാണിക്കും? അതു കണ്ടാൽ ഞങ്ങൾക്ക് അങ്ങയെ വിശ്വസിക്കാമല്ലോ.” (യോഹ. 6:30) തുടർന്ന് അവർ മോശയുടെ നാളിൽ ആളുകൾക്കു മന്ന കിട്ടിയതായി പറഞ്ഞു. അത് അന്നത്തെ ആളുകൾക്കു ദിവസവും കഴിക്കുന്ന അപ്പം അഥവാ ആഹാരംപോലെയായിരുന്നു. (നെഹ. 9:15; യോഹ. 6:31; സങ്കീർത്തനം 78:24, 25 വായിക്കുക.) അപ്പോഴും ജൂതന്മാരുടെ ചിന്ത അപ്പം കിട്ടുന്നതിലായിരുന്നെന്ന് അവരുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്. പിന്നെ യേശു “സ്വർഗത്തിൽനിന്ന് ശരിക്കുള്ള അപ്പം” തരുന്നതിനെക്കുറിച്ച് സംസാരിച്ചു. അതു നിത്യജീവൻ നേടിത്തരുന്നതായതുകൊണ്ട് മന്നയെക്കാൾ ശ്രേഷ്ഠമായിരുന്നു. (യോഹ. 6:32) എന്നാൽ ആ അപ്പത്തിന്റെ അർഥം എന്താണെന്നു യേശുവിനോടു ചോദിച്ച് മനസ്സിലാക്കാൻ അവർ ശ്രമിച്ചില്ല. ആ ജൂതന്മാർ തങ്ങളുടെ ഭൗതികാവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചതുകൊണ്ട് യേശു അവരുമായി പങ്കുവെക്കാൻ ആഗ്രഹിച്ച ആത്മീയസത്യങ്ങൾ അവർ അവഗണിച്ചു. ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
എന്തായിരിക്കണം നമുക്ക് ഏറ്റവും പ്രധാനം?
12. എന്തായിരിക്കണം നമുക്ക് ഏറ്റവും പ്രധാനം? യേശു അത് കാണിച്ചത് എങ്ങനെയാണ്?
12 യോഹന്നാൻ 6-ാം അധ്യായത്തിൽനിന്ന് നമുക്കുള്ള പ്രധാനപാഠം ഇതാണ്: നമ്മൾ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ആത്മീയകാര്യങ്ങൾക്ക് ആയിരിക്കണം. സാത്താന്റെ പ്രലോഭനങ്ങളെ ചെറുത്തുനിന്നപ്പോൾ യേശു പഠിപ്പിച്ച പാഠം അതാണ്. (മത്താ. 4:3, 4) ഇനി മലയിലെ പ്രസംഗത്തിലും യേശു പ്രത്യേകം എടുത്തുപറഞ്ഞത് ആത്മീയാവശ്യങ്ങൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചാണ്. (മത്താ. 5:3) അതുകൊണ്ട് സ്വയം ഇങ്ങനെ ചോദിക്കുക, ‘ഭൗതികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനെക്കാൾ എന്റെ ചിന്ത ആത്മീയാവശ്യങ്ങൾക്കാണോ? എന്റെ ജീവിതരീതി എന്താണു കാണിക്കുന്നത്?’
13. (എ) ഭക്ഷണം ആസ്വദിക്കുന്നതു തെറ്റല്ലാത്തത് എന്തുകൊണ്ട്? (ബി) പൗലോസിന്റെ ഏതു മുന്നറിയിപ്പു നമ്മൾ ഓർക്കണം? (1 കൊരിന്ത്യർ 10:6, 7, 11)
13 നമ്മൾ ഭൗതികകാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതും ആ കാര്യങ്ങൾ ആസ്വദിക്കുന്നതും തെറ്റല്ല. (ലൂക്കോ. 11:3) നമ്മൾ “തിന്നുകയും കുടിക്കുകയും അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുകയും” ചെയ്യുന്നത് നല്ലതാണെന്നും അത് ‘ദൈവത്തിന്റെ കൈകളിൽനിന്നാണെന്നും’ ബൈബിൾ പറയുന്നു. (സഭാ. 2:24; 8:15; യാക്കോ. 1:17) എങ്കിലും ഭൗതികകാര്യങ്ങളെ നമ്മൾ അതിന്റെ സ്ഥാനത്ത് നിറുത്തണം. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്ക് എഴുതിയ കത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. സീനായ് പർവതത്തിന് അടുത്തുവെച്ച് നടന്ന സംഭവം ഉൾപ്പെടെ ഇസ്രായേല്യരുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പൗലോസ് വിവരിച്ചു. “(ഇസ്രായേല്യരെപ്പോലെ) മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ” പൗലോസ് ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പുകൊടുത്തു. (1 കൊരിന്ത്യർ 10:6, 7, 11 വായിക്കുക.) ഭക്ഷണത്തോടുള്ള അത്യാഗ്രഹം കാരണം യഹോവ അത്ഭുതകരമായി കൊടുത്ത കാര്യങ്ങൾപോലും അവർക്കു ‘മോശമായി’ ഭവിക്കാനിടയായി. (സംഖ്യ 11:4-6, 31-34) ഇനി, കാളക്കുട്ടിയെ ആരാധിച്ചപ്പോൾ തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിൽ അവർ മുഴുകിപ്പോയി. (പുറ. 32:4-6) എ.ഡി. 70-ൽ യരുശലേമും അതിന്റെ ദേവാലയവും നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ജീവിച്ചിരുന്ന ക്രിസ്ത്യാനികളോടാണു പൗലോസ് ഇതൊക്കെ പറഞ്ഞത്. ഇന്നു നമ്മൾ ജീവിക്കുന്നത് ഈ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുമ്പാണ്. അതുകൊണ്ട് പൗലോസ് കൊടുത്ത ഉപദേശം നമ്മളും ഗൗരവമായെടുക്കണം.
14. ഭക്ഷണത്തിന്റെ കാര്യത്തിൽ പുതിയ ലോകത്ത് നമുക്ക് എന്തു പ്രതീക്ഷിക്കാം?
14 പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ “ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ” എന്നതിനോടൊപ്പം “അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നും യേശു പറഞ്ഞു. (മത്താ. 6:9-11) ആ കാലം വരുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറുന്ന സമയത്ത് നല്ല ആഹാരമുണ്ടായിരിക്കും എന്നു ബൈബിൾ ഉറപ്പുതരുന്നു. യശയ്യ 25:6-8 പറയുന്നതുപോലെ യഹോവയുടെ രാജ്യത്തിൽ നമുക്ക് ആസ്വദിക്കാനായി ധാരാളം ഭക്ഷണമുണ്ടായിരിക്കും. സങ്കീർത്തനം 72:16 പറയുന്നു: “ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.” അന്നു കിട്ടുന്ന ധാന്യം ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളതോ ഇതുവരെ പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തതോ ആയ ഭക്ഷണം ഉണ്ടാക്കാൻ നിങ്ങൾ കാത്തിരിക്കുകയാണോ? അതോടൊപ്പം സ്വന്തമായി നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടത്തിന്റെ ഫലം ആസ്വദിക്കാനും നിങ്ങൾക്കാകും. (യശ. 65:21, 22) അന്നു ഭൂമിയിലുള്ള എല്ലാവരും ഇതൊക്കെ ആസ്വദിക്കും.
15. പുനരുത്ഥാനപ്പെട്ടുവരുന്നവർ എന്തു പഠിക്കും? (യോഹന്നാൻ 6:35)
15 യോഹന്നാൻ 6:35 വായിക്കുക. യേശു അത്ഭുതകരമായി കൊടുത്ത അപ്പവും മീനും കഴിച്ച ആളുകളെ ഭാവിയിൽ എന്താണു കാത്തിരിക്കുന്നത്? ഭാവിയിലെ പുനരുത്ഥാനത്തിൽ അവരിൽ ചിലരെ നമുക്കു കാണാനായേക്കും. മുമ്പ് അവർ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അവർ പുനരുത്ഥാനപ്പെട്ടേക്കാം. (യോഹ. 5:28, 29) “ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കില്ല” എന്ന യേശുവിന്റെ വാക്കുകളുടെ അർഥം അവർ അന്നു പഠിക്കേണ്ടിവരും. അതുപോലെ യേശു തങ്ങൾക്കുവേണ്ടിയാണു മരിച്ചത് എന്ന കാര്യം അവർ വിശ്വസിക്കണം. ആ സമയത്ത്, പുനരുത്ഥാനപ്പെട്ടുവരുന്നവർക്കും പിന്നീടു ജനിക്കാൻ സാധ്യതയുള്ള കുട്ടികൾക്കും യഹോവയെക്കുറിച്ചും യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പഠിക്കാൻ അവസരമുണ്ടായിരിക്കും. ആ വിദ്യാഭ്യാസപരിപാടിയിൽ ആവേശകരമായ ഈ കാര്യങ്ങൾ അവരെ പഠിപ്പിക്കാനാകുന്നതു നമുക്ക് എത്ര സന്തോഷം തരും! രുചികരമായ അപ്പം കഴിക്കുന്നതിനെക്കാൾ വലിയ സന്തോഷമായിരിക്കും നമുക്ക് അപ്പോൾ തോന്നുന്നത്. അതെ, ആത്മീയകാര്യങ്ങളായിരിക്കും അന്നത്തെ പ്രധാനസവിശേഷത.
16. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
16 യോഹന്നാൻ 6-ാം അധ്യായത്തിലെ വിവരണത്തിന്റെ ഒരു ഭാഗമാണു നമ്മൾ ഈ ലേഖനത്തിൽ കണ്ടത്. എന്നാൽ യേശുവിനു ‘നിത്യജീവനെക്കുറിച്ച്’ ഇനിയും ചില കാര്യങ്ങൾ പഠിപ്പിക്കാനുണ്ടായിരുന്നു. ജൂതന്മാർ യേശു പറഞ്ഞ ആ കാര്യങ്ങൾക്ക് അന്നു ശ്രദ്ധകൊടുക്കേണ്ടതായിരുന്നു. ഇന്നു നമ്മൾ അതിനു ശ്രദ്ധകൊടുക്കണം. അടുത്ത ലേഖനത്തിൽ യോഹന്നാൻ 6-ാം അധ്യായത്തെക്കുറിച്ച് നമ്മൾ തുടർന്നും പഠിക്കും.
ഗീതം 20 അങ്ങ് പ്രിയമകനെ നൽകി
a ഈ വിവരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യേശു—വഴിയും സത്യവും, പേ. 131-ഉം അവരുടെ വിശ്വാസം അനുകരിക്കുക, പേ. 213-214-ഉം കാണുക.