വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 51

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി

യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​താണ്‌ നിങ്ങളു​ടെ കണ്ണുനീർ

യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​താണ്‌ നിങ്ങളു​ടെ കണ്ണുനീർ

“എന്റെ കണ്ണീർ അങ്ങയുടെ തോൽക്കു​ട​ത്തിൽ ശേഖരി​ക്കേ​ണമേ. അതെല്ലാം അങ്ങയുടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ല്ലോ.”—സങ്കീ. 56:8.

ഉദ്ദേശ്യം

യഹോവ എങ്ങനെ​യാ​ണു നമ്മുടെ വേദനകൾ പൂർണ​മാ​യി മനസ്സി​ലാ​ക്കു​ന്ന​തെ​ന്നും നമുക്ക്‌ ആശ്വാസം തരുന്ന​തെ​ന്നും പഠിക്കാം.

1-2. നമ്മൾ കണ്ണീർ പൊഴി​ക്കുന്ന ഏതെല്ലാം സന്ദർഭങ്ങൾ ഉണ്ടാ​യേ​ക്കാം?

 കണ്ണു നിറ​ഞ്ഞൊ​ഴു​കുന്ന സന്ദർഭങ്ങൾ നമ്മു​ടെ​യെ​ല്ലാം ജീവി​ത​ത്തിൽ ഉണ്ടായി​ട്ടുണ്ട്‌. ഒത്തിരി സന്തോഷം തോന്നുന്ന നിമി​ഷ​ങ്ങ​ളിൽ നമ്മൾ ആനന്ദക്ക​ണ്ണീർ പൊഴി​ക്കാ​റുണ്ട്‌. പ്രത്യേ​കി​ച്ചും പ്രധാ​ന​പ്പെട്ട എന്തെങ്കി​ലും കാര്യം നമ്മുടെ ജീവി​ത​ത്തിൽ ഉണ്ടാകു​മ്പോൾ. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ കുഞ്ഞോ​മ​നയെ ആദ്യമാ​യി കൈക​ളിൽ എടുത്ത​പ്പോൾ നിങ്ങളു​ടെ കണ്ണുകൾ നിറഞ്ഞി​ല്ലേ? അല്ലെങ്കിൽ മധുര​മുള്ള ഓർമ​ക​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴോ വർഷങ്ങൾക്കു​ശേഷം നിങ്ങളു​ടെ ഉറ്റ സുഹൃ​ത്തി​നെ കണ്ടപ്പോ​ഴോ ഒക്കെ നിങ്ങളു​ടെ കണ്ണുകൾ ഈറന​ണി​ഞ്ഞി​ട്ടു​ണ്ടാ​കും. എന്നാൽ മിക്ക​പ്പോ​ഴും നമ്മൾ കണ്ണുനീർ പൊഴി​ക്കു​ന്നതു ഹൃദയ​ത്തി​ലെ വേദന​കൊ​ണ്ടാണ്‌.

2 ഉദാഹ​ര​ണ​ത്തി​നു നമ്മൾ വിശ്വ​സിച്ച ഒരു വ്യക്തി, നമ്മളെ വല്ലാതെ വേദനി​പ്പി​ച്ച​പ്പോൾ നമ്മൾ കരഞ്ഞി​ട്ടു​ണ്ടാ​കും. ഇനി നമ്മളെ തളർത്തി​ക്ക​ള​യുന്ന ഒരു രോഗ​മോ നമ്മുടെ പ്രിയ​പ്പെട്ട ഒരാളു​ടെ മരണമോ കാരണ​മു​ണ്ടാ​കുന്ന വേദന, നമ്മളെ കണ്ണുനീ​രിൽ ആഴ്‌ത്തി​യി​ട്ടു​ണ്ടാ​കും. അപ്പോൾ, പ്രവാ​ച​ക​നായ യിരെ​മ്യ​ക്കു തോന്നി​യ​തു​പോ​ലെ​യാ​യി​രി​ക്കും നമുക്കും തോന്നു​ന്നത്‌. ബാബി​ലോൺകാർ യരുശ​ലേം നശിപ്പി​ച്ച​പ്പോൾ യിരെമ്യ ഇങ്ങനെ വിലപി​ച്ചു: “എന്റെ കണ്ണീർ അരുവി​പോ​ലെ ഒഴുകു​ന്നു. എന്റെ കണ്ണീർ നിലയ്‌ക്കാ​തെ ഒഴുകു​ന്നു.” —വിലാ. 3:48, 50.

3. തന്റെ ദാസന്മാർ വേദനി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌? (യശയ്യ 63:9)

3 തളർത്തി​ക്ക​ള​യുന്ന പലപല സാഹച​ര്യ​ങ്ങൾ കാരണം നിങ്ങൾ എത്ര തവണ കണ്ണീർ പൊഴി​ച്ചി​ട്ടു​ണ്ടെന്ന്‌ യഹോ​വ​യ്‌ക്കു വ്യക്തമാ​യി അറിയാം. തന്റെ ദാസന്മാർ കടന്നു​പോ​കുന്ന വേദനി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ യഹോവ അറിയു​ന്നു​ണ്ടെ​ന്നും അവർ സഹായ​ത്തി​നാ​യി നിലവി​ളി​ക്കു​മ്പോൾ യഹോവ അതു കേൾക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. (സങ്കീ. 34:15) എന്നാൽ യഹോവ അതു കാണു​ക​യും കേൾക്കു​ക​യും മാത്രമല്ല ചെയ്യു​ന്നത്‌. കുഞ്ഞുങ്ങൾ കരയു​മ്പോൾ സഹായി​ക്കാ​നാ​യി ഓടി​യെ​ത്തുന്ന സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്ക​ളെ​പ്പോ​ലെ യഹോവ നമ്മളെ സഹായി​ക്കാ​നാ​യി പെട്ടെന്ന്‌ ഓടി​യെ​ത്തും.യശയ്യ 63:9 വായി​ക്കുക.

4. ഏതെല്ലാം ബൈബിൾമാ​തൃ​ക​ക​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കും, അതിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ എന്തു പഠിക്കും?

4 തന്റെ ദാസന്മാർ കണ്ണീർ പൊഴി​ച്ച​പ്പോൾ യഹോവ എങ്ങനെ പ്രതി​ക​രി​ച്ചു എന്നതി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ വ്യക്തമാ​യി പറയു​ന്നുണ്ട്‌. ഹന്നയു​ടെ​യും ദാവീ​ദി​ന്റെ​യും ഹിസ്‌കിയ രാജാ​വി​ന്റെ​യും ഉദാഹ​ര​ണ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. അവർ കരയാ​നു​ണ്ടായ സാഹച​ര്യം എന്തായി​രു​ന്നു? സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി​യോട്‌ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? കഠിന​മായ ദുഃഖം തോന്നു​മ്പോ​ഴോ മറ്റുള്ളവർ വഞ്ചിക്കു​മ്പോ​ഴോ പ്രതീ​ക്ഷ​യ്‌ക്ക്‌ ഒരു വകയു​മി​ല്ലെന്നു തോന്നു​മ്പോ​ഴോ ഒക്കെ കരയു​മ്പോൾ ഇവരുടെ ഉദാഹ​രണം നമ്മളെ എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ക്കു​ന്നത്‌?

കഠിന​മായ ദുഃഖ​ത്താ​ലുള്ള കണ്ണുനീർ

5. തന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ഹന്നയ്‌ക്ക്‌ എന്തു തോന്നി?

5 ദുഃഖം കാരണം കരഞ്ഞു​പോ​കുന്ന പല സാഹച​ര്യ​ങ്ങ​ളും ഹന്നയ്‌ക്ക്‌ നേരി​ടേ​ണ്ടി​വന്നു. ബഹുഭാ​ര്യ​ത്വം കാരണ​മുള്ള പ്രശ്‌നങ്ങൾ ഹന്നയ്‌ക്കു​ണ്ടാ​യി​രു​ന്നു. ഹന്നയുടെ ഭർത്താ​വി​ന്റെ മറ്റൊരു ഭാര്യ​യായ പെനി​ന്ന​യ്‌ക്കു ഹന്നയോ​ടു വെറു​പ്പാ​യി​രു​ന്നു. അതു കൂടാതെ ഹന്നയ്‌ക്കു കുട്ടി​ക​ളു​മി​ല്ലാ​യി​രു​ന്നു. എന്നാൽ പെനി​ന്ന​യ്‌ക്കു കുട്ടികൾ ഉണ്ടായി​രു​ന്നു​താ​നും. (1 ശമു. 1:1, 2) കുട്ടികൾ ഉണ്ടാകാ​ത്ത​തി​ന്റെ പേരിൽ പെനിന്ന ഹന്നയെ എപ്പോ​ഴും കുത്തി​നോ​വി​ക്കു​മാ​യി​രു​ന്നു. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ നിങ്ങൾക്ക്‌ എന്തു തോന്നി​യേനേ? ആ സാഹച​ര്യ​ത്തിൽ “ഹന്ന കരയു​ക​യും ഭക്ഷണം കഴിക്കാൻ വിസമ്മ​തി​ക്കു​ക​യും” ‘കടുത്ത മനോ​ദുഃ​ഖ​ത്തി​ലാ​യി​പ്പോ​കു​ക​യും‘ ചെയ്‌തു.—1 ശമു. 1:6, 7, 10.

6. ആശ്വാസം കിട്ടാൻ ഹന്ന എന്താണു ചെയ്‌തത്‌?

6 ആശ്വാ​സ​ത്തി​നാ​യി ഹന്ന എന്താണു ചെയ്‌തത്‌? ഹന്ന ചെയ്‌ത ഒരു കാര്യം, സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പോയി എന്നതാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിന്‌ അടുത്തു​വെച്ച്‌ “യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ തുടങ്ങിയ ഹന്ന നിയ​ന്ത്ര​ണം​വിട്ട്‌ കരഞ്ഞു.” ഹന്ന യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: ‘അങ്ങയുടെ ദാസി​യായ എന്റെ വിഷമം കണ്ട്‌ എന്നെ ഓർക്കേ​ണമേ.’ (1 ശമു. 1:10ബി, 11) ഹന്ന തന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും എല്ലാം പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മുമ്പാകെ പകർന്നു. തന്റെ പ്രിയ​മ​ക​ളു​ടെ കണ്ണീർ യഹോ​വയെ എത്ര വേദനി​പ്പി​ച്ചി​ട്ടു​ണ്ടാ​കും!

7. യഹോ​വ​യു​ടെ മുമ്പിൽ ഹൃദയം പകർന്ന​പ്പോൾ ഹന്നയ്‌ക്ക്‌ എങ്ങനെ​യാണ്‌ ആശ്വാസം കിട്ടി​യത്‌?

7 പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മുമ്പാകെ ഹൃദയം പകരു​ക​യും മഹാപു​രോ​ഹി​ത​നായ ഏലിയിൽനിന്ന്‌ യഹോവ പ്രാർഥന കേൾക്കു​മെന്ന ഉറപ്പ്‌ കിട്ടു​ക​യും ചെയ്‌ത​പ്പോൾ ഹന്നയ്‌ക്ക്‌ എന്തു തോന്നി? വിവരണം ഇങ്ങനെ പറയുന്നു: “ഹന്ന അവി​ടെ​നിന്ന്‌ പോയി ഭക്ഷണം കഴിച്ചു. പിന്നെ ഹന്നയുടെ മുഖം വാടി​യ​തു​മില്ല.” (1 ശമു. 1:17, 18) അങ്ങേയറ്റം ബുദ്ധി​മു​ട്ടു​നി​റഞ്ഞ ആ സാഹച​ര്യം മാറി​യി​ല്ലെ​ങ്കി​ലും ഹന്നയ്‌ക്കു വളരെ​യ​ധി​കം ആശ്വാസം തോന്നി. തന്റെ വൈകാ​രി​ക​വേ​ദ​ന​യു​ടെ ഭാരം മുഴുവൻ ഹന്ന യഹോ​വ​യിൽ ഇട്ടു. യഹോവ ഹന്നയുടെ വേദന കാണു​ക​യും കരച്ചിൽ കേൾക്കു​ക​യും ഹന്നയെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ഹന്നയ്‌ക്കു കുട്ടി​ക​ളു​ണ്ടാ​യി.—1 ശമു. 1:19, 20; 2:21.

8-9. എബ്രായർ 10:24, 25 പറയു​ന്ന​ത​നു​സ​രിച്ച്‌ മീറ്റി​ങ്ങു​കൾക്കു പോകാൻ നമ്മളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം ചെയ്യേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? (ചിത്ര​വും കാണുക.)

8 നമുക്കുള്ള പാഠങ്ങൾ. അങ്ങേയ​റ്റത്തെ ദുഃഖം കാരണം നീറി​ക്ക​ഴി​യുന്ന ഒരു സാഹച​ര്യ​ത്തി​ലാ​ണോ നിങ്ങൾ? ഒരുപക്ഷേ നിങ്ങളു​ടെ ഒരു കുടും​ബാം​ഗ​ത്തെ​യോ സുഹൃ​ത്തി​നെ​യോ നിങ്ങൾക്കു മരണത്തിൽ നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടാ​കാം. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ ഒറ്റയ്‌ക്കാ​യി​രി​ക്കാൻ തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌. എന്നാൽ ഓർക്കുക, വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പോയ​പ്പോൾ ഹന്നയ്‌ക്ക്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും കിട്ടി. അതു​പോ​ലെ സങ്കടവും ക്ഷീണവും ഒക്കെയു​ണ്ടെ​ങ്കി​ലും ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു പോകു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ ആശ്വാസം കിട്ടും. (എബ്രായർ 10:24, 25 വായി​ക്കുക.) അവി​ടെ​യാ​യി​രി​ക്കു​മ്പോൾ ബൈബി​ളിൽനി​ന്നുള്ള ആശ്വസി​പ്പി​ക്കുന്ന വിവരങ്ങൾ കേൾക്കാൻ കഴിയും. അതിലൂ​ടെ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ചിന്തി​ക്കു​ന്നതു നിറു​ത്താ​നും നല്ല ചിന്തകൾ മനസ്സി​ലേക്കു കൊണ്ടു​വ​രാ​നും യഹോവ നമ്മളെ സഹായി​ക്കും. നമ്മുടെ സാഹച​ര്യം പെട്ടെന്നു മാറി​യി​ല്ലെ​ങ്കി​ലും വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാൻ അപ്പോൾ നമുക്കു കഴിയും.

9 മീറ്റി​ങ്ങു​ക​ളി​ലാ​യി​രി​ക്കു​മ്പോൾ നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സഹവാസം നമുക്ക്‌ ആസ്വദി​ക്കാൻ കഴിയു​ന്നു. അവരുടെ സ്‌നേ​ഹ​വും കരുത​ലും എല്ലാം നമുക്കു വലി​യൊ​രു ആശ്വാ​സ​മാണ്‌. (1 തെസ്സ. 5:11, 14) ഭാര്യയെ മരണത്തിൽ നഷ്ടപ്പെട്ട പ്രത്യേക മുൻനി​ര​സേ​വ​ക​നായ ഒരു സഹോ​ദ​രന്റെ അനുഭവം നോക്കാം. സഹോ​ദരൻ പറയുന്നു: “ഭാര്യ പോയ​തി​ന്റെ വേദന എനിക്കു താങ്ങാ​വു​ന്ന​തി​ലും അപ്പുറ​മാണ്‌. ചില സമയത്ത്‌ ഞാൻ എവി​ടെ​യെ​ങ്കി​ലും പോയി ഇരുന്ന്‌ വല്ലാതെ കരയും. പക്ഷേ മീറ്റി​ങ്ങു​കൾക്കു പോകു​ന്നത്‌ എനി​ക്കൊ​രു ബലമാണ്‌. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ പ്രോ​ത്സാ​ഹനം നിറഞ്ഞ വാക്കുകൾ എന്നെ ശരിക്കും ആശ്വസി​പ്പി​ക്കു​ന്നു. മീറ്റി​ങ്ങി​നു പോകു​ന്ന​തി​നു മുമ്പ്‌ എനിക്ക്‌ എത്ര വിഷമ​വും ഉത്‌ക​ണ്‌ഠ​യും ഉണ്ടെങ്കി​ലും അവിടെ ചെന്നു​ക​ഴി​യു​മ്പോൾ ഞാൻ അതെല്ലാം മറക്കും.” മീറ്റി​ങ്ങു​ക​ളി​ലാ​യി​രി​ക്കു​മ്പോൾ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാ​നാ​കും.

സഹാരാ​ധ​ക​രിൽനിന്ന്‌ നമുക്ക്‌ ആശ്വാസം സ്വീക​രി​ക്കാം (8-9 ഖണ്ഡികകൾ കാണുക)


10. കടുത്ത ദുഃഖം അനുഭ​വി​ക്കുന്ന സമയത്ത്‌ നമുക്ക്‌ എങ്ങനെ ഹന്നയുടെ മാതൃക അനുക​രി​ക്കാം?

10 പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു തന്റെ ഹൃദയം പകർന്നു​കൊ​ണ്ടും ഹന്ന ആശ്വാസം നേടി. യഹോവ ശ്രദ്ധി​ക്കു​മെന്ന ഉറപ്പോ​ടെ നിങ്ങൾക്കും ‘എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടാം.’ (1 പത്രോ. 5:7) കവർച്ച​ക്കാ​രാൽ കൊല്ല​പ്പെട്ട ഒരു സഹോ​ദ​രന്റെ ഭാര്യ ഇങ്ങനെ പറയുന്നു: “എന്റെ ഹൃദയം പൊട്ടി​ച്ചി​ത​റി​യ​തു​പോ​ലെ എനിക്കു തോന്നി. അത്‌ ഇനി പഴയ അവസ്ഥയി​ലാ​കി​ല്ലെന്നു ഞാൻ ഓർത്തു. എന്നാൽ എന്റെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താ​വി​നോ​ടു പ്രാർഥി​ച്ച​പ്പോൾ എനിക്ക്‌ ആശ്വാ​സ​വും സാന്ത്വ​ന​വും കിട്ടി. ചില സമയത്ത്‌ ഞാൻ പ്രാർഥി​ക്കു​മ്പോൾ എനിക്കു വാക്കു​കൾപ്പോ​ലും കിട്ടില്ല. പക്ഷേ, യഹോവ എന്നെ മനസ്സി​ലാ​ക്കി. കടുത്ത വിഷമം തോന്നുന്ന സമയങ്ങ​ളിൽ സമാധാ​ന​ത്തി​നാ​യി ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കും. അപ്പോൾ എന്റെ ഹൃദയ​ത്തി​നും മനസ്സി​നും ഒരു ശാന്തത കിട്ടും. ആ ദിവസം ചെയ്യേ​ണ്ട​തൊ​ക്കെ ചെയ്യാൻ എനിക്കു കഴിയും.” ഹൃദയ​ത്തി​ലെ വേദന​ക​ളെ​ല്ലാം നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ പകരു​മ്പോൾ അത്‌ യഹോ​വ​യ്‌ക്കും അനുഭ​വ​പ്പെ​ടും. നിങ്ങളു​ടെ വിഷമ​വും സങ്കടവും എല്ലാം യഹോവ മനസ്സി​ലാ​ക്കും. വിഷമ​ത്തി​നുള്ള കാരണം മാറി​യി​ല്ലെ​ങ്കി​ലും നിങ്ങളു​ടെ തകർന്ന ഹൃദയത്തെ ആശ്വസി​പ്പി​ക്കാ​നും സമാധാ​നം തരാനും യഹോ​വ​യ്‌ക്കു കഴിയും. (സങ്കീ. 94:19; ഫിലി. 4:6, 7) നിങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കു​മ്പോൾ യഹോവ പ്രതി​ഫലം തരും.—എബ്രാ. 11:6.

വഞ്ചന നേരി​ടു​മ്പോ​ഴുള്ള കണ്ണുനീർ

11. തന്നെ ബുദ്ധി​മു​ട്ടിച്ച സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദാവീ​ദിന്‌ എന്താണു തോന്നി​യത്‌?

11 തന്നെ കണ്ണീരി​ലാ​ഴ്‌ത്തിയ, ബുദ്ധി​മു​ട്ടി​ക്കുന്ന പല സാഹച​ര്യ​ങ്ങ​ളും ദാവീ​ദി​ന്റെ ജീവി​ത​ത്തിൽ ഉണ്ടായി. ദാവീ​ദി​നു പലരിൽനി​ന്നും ശത്രുത നേരി​ടേ​ണ്ടി​വന്നു. സ്വന്തം കൂട്ടു​കാ​രും കുടും​ബ​ത്തി​ലു​ള്ള​വർപ്പോ​ലും ദാവീ​ദി​നെ ചതിച്ചു. (1 ശമു. 19:10, 11; 2 ശമു. 15:10-14, 30) അതെക്കു​റിച്ച്‌ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “നെടു​വീർപ്പിട്ട്‌ ഞാൻ ആകെ തളർന്നി​രി​ക്കു​ന്നു. രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കു​ന്നു; കരഞ്ഞു​ക​രഞ്ഞ്‌ കിടക്ക​യിൽനിന്ന്‌ കണ്ണീർ കവി​ഞ്ഞൊ​ഴു​കു​ന്നു.” എന്തു​കൊ​ണ്ടാ​ണു ദാവീ​ദിന്‌ അങ്ങനെ തോന്നി​യത്‌? തന്നെ ‘ദ്രോ​ഹി​ക്കു​ന്നവർ നിമി​ത്ത​മാണ്‌’ ദാവീദ്‌ അങ്ങനെ പറഞ്ഞത്‌. (സങ്കീ. 6:6, 7) മറ്റുള്ള​വ​രു​ടെ ക്രൂര​മായ പ്രവൃ​ത്തി​കൾ കാരണം കണ്ണുനീർ നിലയ്‌ക്കാത്ത അവസ്ഥയാ​യി​രു​ന്നു ദാവീ​ദിന്‌.

12. സങ്കീർത്തനം 56:8-ൽ പറയു​ന്ന​തു​പോ​ലെ ദാവീ​ദിന്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു?

12 ജീവി​ത​ത്തിൽ ഒരുപാ​ടു പ്രതി​സ​ന്ധി​കൾ ദാവീ​ദി​നു നേരി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും യഹോവ തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. കാരണം അദ്ദേഹം പറഞ്ഞു: “എന്റെ കരച്ചിൽ യഹോവ കേൾക്കു​മ​ല്ലോ.” (സങ്കീ. 6:8) മറ്റൊരു സാഹച​ര്യ​ത്തിൽ ഹൃദയ​സ്‌പർശി​യായ ചില വാക്കുകൾ ദാവീദ്‌ പറഞ്ഞു. നമുക്ക്‌ അത്‌ സങ്കീർത്തനം 56:8-ൽ (വായി​ക്കുക) കാണാം. യഹോ​വ​യു​ടെ ആർദ്ര​സ്‌നേ​ഹ​ത്തി​ന്റെ​യും കരുത​ലി​ന്റെ​യും എത്ര നല്ലൊരു ചിത്ര​മാണ്‌ ആ വാക്കുകൾ വരച്ചി​ടു​ന്നത്‌! തന്റെ കണ്ണീ​രെ​ല്ലാം യഹോവ ഒരു കുടത്തിൽ ശേഖരി​ക്കു​ന്ന​തു​പോ​ലെ​യോ ഒരു പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യോ ആണ്‌ ദാവീ​ദി​നു തോന്നി​യത്‌. തന്റെ വേദനകൾ യഹോവ കാണു​ന്നു​ണ്ടെ​ന്നും ഓർത്തി​രി​ക്കു​ന്നു​ണ്ടെ​ന്നും ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. താൻ കടന്നു​പോയ സാഹച​ര്യം മാത്രമല്ല, അത്‌ തന്നെ എത്ര​ത്തോ​ളം വേദനി​പ്പി​ച്ചെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാ​മെന്നു ദാവീ​ദി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു.

13. മറ്റുള്ളവർ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യാ​ലും ഏതു കാര്യം നമുക്ക്‌ ആശ്വാസം തരും? (ചിത്ര​വും കാണുക.)

13 നമുക്കുള്ള പാഠങ്ങൾ. നിങ്ങൾക്ക്‌ അത്ര വിശ്വാ​സ​മുള്ള ആരെങ്കി​ലും വേദനി​പ്പി​ച്ച​തു​കൊ​ണ്ടോ ചതിച്ച​തു​കൊ​ണ്ടോ നിങ്ങളു​ടെ ഹൃദയം തകർന്നി​രി​ക്കു​ക​യാ​ണോ? ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ വിവാഹം കഴിക്കാൻ തീരു​മാ​നി​ച്ചു​റ​പ്പിച്ച വ്യക്തി നിങ്ങളെ വിട്ടു​പോ​കു​ക​യോ അല്ലെങ്കിൽ നിങ്ങളു​ടെ വിവാ​ഹ​യിണ ഉപേക്ഷി​ച്ചു​പോ​കു​ക​യോ ചെയ്‌ത​തി​ന്റെ വേദന​യി​ലാ​യി​രി​ക്കാം നിങ്ങൾ. ഇനി നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും യഹോ​വയെ ഉപേക്ഷി​ച്ചു​പോ​യി​രി​ക്കാം. ഭാര്യ വ്യഭി​ചാ​രം ചെയ്‌ത്‌, തന്നെ ഉപേക്ഷിച്ച്‌ പോയ​തി​നെ​ക്കു​റിച്ച്‌ ഒരു സഹോ​ദരൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ ആകെ ഞെട്ടി​ത്ത​രി​ച്ചു​പോ​യി. എനിക്ക്‌ അതൊ​ന്നും വിശ്വ​സി​ക്കാ​നേ കഴിഞ്ഞില്ല. എന്നെ ഒന്നിനും കൊള്ളി​ല്ലെന്ന്‌ എനിക്കു തോന്നി. ആകെ ദേഷ്യ​വും വിഷമ​വും ആയിരു​ന്നു.” ആരെങ്കി​ലും വഞ്ചിക്കു​ക​യോ വിഷമി​പ്പി​ക്കു​ക​യോ ചെയ്‌ത​തി​ന്റെ വേദന​യി​ലാ​ണു നിങ്ങ​ളെ​ങ്കിൽ, യഹോവ നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. അതു നിങ്ങളെ ആശ്വസി​പ്പി​ക്കും. സഹോ​ദരൻ ഇങ്ങനെ​യും പറഞ്ഞു: “മനുഷ്യർ എപ്പോ​ഴും നമ്മളോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെ​ന്നില്ല. എന്നാൽ നമ്മുടെ പാറയായ യഹോ​വ​യു​ടെ കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ട. എന്തു സംഭവി​ച്ചാ​ലും നമ്മളെ സഹായി​ക്കാ​നാ​യി യഹോ​വ​യു​ണ്ടാ​കും. തന്റെ വിശ്വ​സ്‌തരെ യഹോവ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല.” (സങ്കീ. 37:28) ഓർക്കുക, യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഒപ്പമെ​ത്താൻ ഒരു മനുഷ്യ​ന്റെ സ്‌നേ​ഹ​ത്തി​നും കഴിയില്ല. ആരെങ്കി​ലും നിങ്ങളെ വഞ്ചിച്ചാ​ലും അതൊ​ന്നും യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴം കുറയ്‌ക്കു​ന്നില്ല. യഹോ​വ​യു​ടെ കണ്ണിൽ നിങ്ങൾ അപ്പോ​ഴും വില​പ്പെ​ട്ട​വ​നാണ്‌. (റോമ. 8:38, 39) ഓർത്തി​രി​ക്കേണ്ട പാഠം ഇതാണ്‌: മറ്റുള്ളവർ നിങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റി​യാ​ലും നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നുണ്ട്‌.

യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലു​ണ്ടെന്നു സങ്കീർത്ത​നങ്ങൾ ഉറപ്പു​ത​രു​ന്നു (13-ാം ഖണ്ഡിക കാണുക)


14. സങ്കീർത്തനം 34:18 എന്ത്‌ ഉറപ്പാണു നമുക്കു തരുന്നത്‌?

14 ആരെങ്കി​ലും നിങ്ങളെ വഞ്ചിച്ചി​ട്ടു​ണ്ടെ​ങ്കിൽ സങ്കീർത്തനം 34:18-ലെ (വായി​ക്കുക) ദാവീ​ദി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താം. “മനസ്സു തകർന്നവർ” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു “മുന്നിൽ പ്രതീ​ക്ഷ​യു​ടെ നേരിയ വെട്ടം​പോ​ലും കാണാ​നാ​കാ​ത്ത​വ​രെ​യാ​യി​രി​ക്കാം” എന്ന്‌ ഒരു പുസ്‌തകം പറയുന്നു. ഇങ്ങനെ തോന്നു​ന്ന​വരെ യഹോവ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? യഹോവ നമ്മുടെ “അരികി​ലുണ്ട്‌.” കുഞ്ഞ്‌ കരയു​മ്പോ​ഴേ​ക്കും ആശ്വസി​പ്പി​ക്കാ​നാ​യി ഓടി​യെ​ത്തുന്ന സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്ക​ളെ​പ്പോ​ലെ​യാണ്‌ യഹോവ. ആരെങ്കി​ലും നമ്മളെ വഞ്ചിക്കു​ക​യോ ഉപേക്ഷി​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ആ വേദന​ക​ളെ​ല്ലാം യഹോവ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും സഹായ​ത്തി​നാ​യി ഓടി​യെ​ത്തു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. തകർന്നി​രി​ക്കുന്ന ഹൃദയ​ത്തെ​യും വേദനി​ക്കുന്ന മനസ്സി​നെ​യും ആശ്വസി​പ്പി​ക്കാ​നും സാന്ത്വ​നി​പ്പി​ക്കാ​നും യഹോവ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കു​ക​യാണ്‌. ഭാവി​യെ​ക്കു​റിച്ച്‌ നല്ലൊരു പ്രത്യാശ തന്നു​കൊണ്ട്‌ ഇപ്പോ​ഴുള്ള പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാ​നും യഹോവ നമ്മളെ സഹായി​ക്കു​ന്നു.—യശ. 65:17.

പ്രതീക്ഷ നിലയ്‌ക്കു​മ്പോ​ഴുള്ള കണ്ണുനീർ

15. കണ്ണുനീ​രിന്‌ ഇടയാ​ക്കിയ എന്തു സാഹച​ര്യ​മാ​ണു ഹിസ്‌കിയ നേരി​ട്ടത്‌?

15 യഹൂദ രാജാ​വായ ഹിസ്‌കി​യ​യ്‌ക്കു 39 വയസ്സു​ള്ള​പ്പോൾ ഗുരു​ത​ര​മായ ഒരു രോഗം പിടി​പെട്ടു. രോഗം കാരണം ഹിസ്‌കിയ മരിക്കു​മെ​ന്നുള്ള യഹോ​വ​യു​ടെ സന്ദേശം പ്രവാ​ച​ക​നായ യശയ്യ ഹിസ്‌കി​യയെ അറിയി​ച്ചു. (2 രാജാ. 20:1) പ്രതീ​ക്ഷ​യ്‌ക്ക്‌ ഒരു വകയു​മി​ല്ലെന്നു തോന്നിയ സാഹച​ര്യം. ആ വാർത്ത കേട്ട​പ്പോൾ തകർന്നു​പോയ ഹിസ്‌കിയ പൊട്ടി​ക്ക​രഞ്ഞു. സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു.—2 രാജാ. 20:2, 3.

16. കണ്ണുനീ​രോ​ടെ​യുള്ള ഹിസ്‌കി​യ​യു​ടെ യാചന കേട്ട​പ്പോൾ യഹോവ എങ്ങനെ പ്രതി​ക​രി​ച്ചു?

16 നിറക​ണ്ണു​ക​ളോ​ടെ​യുള്ള ഹിസ്‌കി​യ​യു​ടെ യാചന യഹോ​വ​യു​ടെ ഹൃദയത്തെ തൊട്ടു. യഹോവ ഹിസ്‌കി​യ​യോ​ടു പറഞ്ഞു: “ഞാൻ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു, നിന്റെ കണ്ണീർ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഇതാ ഞാൻ നിന്നെ സുഖ​പ്പെ​ടു​ത്തു​ന്നു.” ഹിസ്‌കി​യ​യു​ടെ ആയുസ്സു കൂട്ടു​മെ​ന്നും അസീറി​യൻ രാജാ​വി​ന്റെ കൈയിൽനിന്ന്‌ യരുശ​ലേ​മി​നെ വിടു​വി​ക്കു​മെ​ന്നും യശയ്യയി​ലൂ​ടെ യഹോവ ഹിസ്‌കി​യ​യോ​ടു പറഞ്ഞു.—2 രാജാ. 20:4-6.

17. ഗുരു​ത​ര​മായ രോഗം നേരി​ടു​മ്പോൾ യഹോവ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? (സങ്കീർത്തനം 41:3) (ചിത്ര​വും കാണുക.)

17 നമുക്കുള്ള പാഠങ്ങൾ. പ്രതീ​ക്ഷ​യ്‌ക്ക്‌ ഒരു വകയു​മി​ല്ലെന്നു തോന്നുന്ന തരത്തി​ലുള്ള ആരോ​ഗ്യ​പ്ര​ശ്‌നം നിങ്ങൾ നേരി​ടു​ക​യാ​ണോ? യഹോ​വ​യോ​ടു പ്രാർഥി​ക്കുക, കണ്ണുനീ​രോ​ടെ ആണെങ്കിൽപ്പോ​ലും. “മനസ്സലി​വുള്ള പിതാ​വും ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​വും” ആയ യഹോവ, ‘നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം നമ്മളെ ആശ്വസി​പ്പി​ക്കു​മെന്ന്‌’ ബൈബിൾ ഉറപ്പു​ത​രു​ന്നു. (2 കൊരി. 1:3, 4) നമ്മൾ നേരി​ടുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും യഹോവ ഇന്നു മാറ്റു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും പിടി​ച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കും. (സങ്കീർത്തനം 41:3 വായി​ക്കുക.) പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ നമുക്കു വേണ്ട ശക്തിയും ജ്ഞാനവും മനസ്സമാ​ധാ​ന​വും യഹോവ തരും. (സുഭാ. 18:14; ഫിലി. 4:13) എല്ലാ തരം രോഗ​ങ്ങ​ളും പൂർണ​മാ​യി ഇല്ലാതാ​ക്കു​മെ​ന്നുള്ള പ്രത്യാശ തന്നു​കൊ​ണ്ടും യഹോവ നമ്മളെ സഹായി​ക്കു​ന്നു.—യശ. 33:24.

നമുക്കു ശക്തിയും ജ്ഞാനവും മനസ്സമാ​ധാ​ന​വും തന്നു​കൊണ്ട്‌ യഹോവ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരും (17-ാം ഖണ്ഡിക കാണുക)


18. അങ്ങേയറ്റം തകർന്നി​രി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ നിങ്ങളെ ആശ്വസി​പ്പി​ക്കുന്ന തിരു​വെ​ഴുത്ത്‌ ഏതാണ്‌? (“ കണ്ണുനീർ ഒപ്പുന്ന ആശ്വാ​സ​വ​ച​നങ്ങൾ” എന്ന ചതുര​വും കാണുക.)

18 യഹോ​വ​യു​ടെ വാക്കുകൾ ഹിസ്‌കി​യയെ ആശ്വസി​പ്പി​ച്ചു. അതു​പോ​ലെ നമുക്കും ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്താം. തകർന്നി​രി​ക്കുന്ന സമയത്ത്‌ നമ്മളെ ആശ്വസി​പ്പി​ക്കുന്ന വാക്കുകൾ യഹോവ തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​ട്ടുണ്ട്‌. (റോമ. 15:4) പശ്ചിമ ആഫ്രി​ക്ക​യി​ലുള്ള ഒരു സഹോ​ദരി തനിക്കു ക്യാൻസർ ആണെന്ന്‌ അറിഞ്ഞ​പ്പോൾ ഒരുപാ​ടു കരഞ്ഞു. സഹോ​ദരി പറയുന്നു: “യശയ്യ 26:3 ആണ്‌ എന്നെ ആശ്വസി​പ്പി​ക്കുന്ന ഒരു തിരു​വെ​ഴുത്ത്‌. സാഹച​ര്യം എപ്പോ​ഴും നമ്മുടെ കൈപ്പി​ടി​യിൽ അല്ലെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ മനസ്സമാ​ധാ​നം തരാനും സഹിച്ചു​നിൽക്കാ​നും യഹോവ സഹായി​ക്കു​മെന്ന്‌ ആ വാക്യം ഉറപ്പു​ത​രു​ന്നു.” പ്രതീ​ക്ഷ​യ്‌ക്ക്‌ ഒരു വകയും ഇല്ലാത്ത, അങ്ങേയറ്റം തകർന്നി​രി​ക്കുന്ന സാഹച​ര്യ​ത്തിൽ നിങ്ങളെ ആശ്വസി​പ്പി​ക്കുന്ന ഏതെങ്കി​ലും വാക്യ​മു​ണ്ടോ?

19. നമ്മളെ എന്താണു കാത്തി​രി​ക്കു​ന്നത്‌?

19 നമ്മൾ ഇപ്പോൾ അവസാ​ന​കാ​ല​ത്തി​ന്റെ അവസാ​ന​ത്തിൽ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ കണ്ണീരിന്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ കൂടി​ക്കൂ​ടി വരുകയേ ഉള്ളൂ. എന്നാൽ ഹന്നയു​ടെ​യും ദാവീ​ദി​ന്റെ​യും ഹിസ്‌കിയ രാജാ​വി​ന്റെ​യും കാര്യ​ത്തിൽ കണ്ടതു​പോ​ലെ നമ്മുടെ കണ്ണുനീർ യഹോവ കാണു​ക​യും അത്‌ യഹോ​വയെ ദുഃഖി​പ്പി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യ്‌ക്കു നമ്മുടെ കണ്ണുനീർ വില​പ്പെ​ട്ട​താണ്‌. അതു​കൊണ്ട്‌ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ നമ്മുടെ ഹൃദയം പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മുമ്പാകെ പകരണം. സഭയി​ലുള്ള സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമ്മളെ സ്വയം ഒറ്റപ്പെ​ടു​ത്താ​തി​രി​ക്കാം. അതു​പോ​ലെ ബൈബി​ളി​ലെ സാന്ത്വ​നി​പ്പി​ക്കുന്ന വാക്കു​ക​ളിൽനിന്ന്‌ ആശ്വാസം കണ്ടെത്തു​ന്ന​തിൽ തുടരാം. വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ യഹോവ നമുക്കു പ്രതി​ഫലം തരു​മെന്ന്‌ ഉറപ്പാണ്‌. അതിൽ ഒരു അനു​ഗ്ര​ഹ​മാ​ണു വേദന കാരണ​മു​ണ്ടായ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം. (വെളി. 21:4) പിന്നെ നമ്മുടെ കണ്ണുക​ളിൽനിന്ന്‌ ആനന്ദക​ണ്ണീർ മാത്രമേ പൊഴി​യൂ!

ഗീതം 4 “യഹോവ എന്റെ ഇടയൻ”