പഠനലേഖനം 38
ഗീതം 25 ഒരു പ്രത്യേകസ്വത്ത്
നിങ്ങൾ മുന്നറിയിപ്പുകൾക്കു ചെവി കൊടുക്കുന്നുണ്ടോ?
“ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.”—മത്താ. 24:40.
ഉദ്ദേശ്യം
യേശു പറഞ്ഞ മൂന്നു ദൃഷ്ടാന്തകഥകളും, വ്യവസ്ഥിതിയുടെ അവസാനത്തിൽ നടക്കുന്ന ന്യായവിധിയുമായി അവയ്ക്കുള്ള ബന്ധവും നമ്മൾ പഠിക്കും.
1. യേശു ഉടൻതന്നെ എന്തു ചെയ്യും?
വലിയ മാറ്റങ്ങൾ സംഭവിക്കാൻപോകുന്ന ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്. യേശു ഉടൻതന്നെ എല്ലാ മനുഷ്യരെയും ന്യായം വിധിക്കും. ആ ന്യായവിധിക്കു മുമ്പായി ഈ ലോകത്തു നടക്കാൻപോകുന്ന സംഭവങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാരോടു പറഞ്ഞു. യേശുവിന്റെ അദൃശ്യസാന്നിധ്യത്തിന്റെയും “വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും” ഒരു പ്രാവചനിക “അടയാളം” നൽകിക്കൊണ്ടാണ് യേശു അതു ചെയ്തത്. (മത്താ. 24:3) ആ പ്രവചനം മത്തായി 24, 25 അധ്യായങ്ങളിലും അതിന്റെ സമാന്തരവിവരണങ്ങളായ മർക്കോസ് 13-ാം അധ്യായത്തിലും ലൂക്കോസ് 21-ാം അധ്യായത്തിലും കാണാം.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും, അവ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
2 യേശു മൂന്നു ദൃഷ്ടാന്തകഥകൾ പറഞ്ഞുകൊണ്ട് നമുക്കു ചില മുന്നറിയിപ്പുകൾ തന്നു. ഏതൊക്കെയാണ് ആ ദൃഷ്ടാന്തങ്ങൾ? ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തം, വിവേകമതികളും വിവേകമില്ലാത്തവരും ആയ കന്യകമാരുടെ ദൃഷ്ടാന്തം, താലന്തുകളുടെ ദൃഷ്ടാന്തം. യേശു ഒരു വ്യക്തിയെ ന്യായം വിധിക്കുന്നത് അയാളുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും എന്നു മനസ്സിലാക്കാൻ ഈ ഓരോ ദൃഷ്ടാന്തകഥയും നമ്മളെ സഹായിക്കും. ആ മൂന്നു കഥകളും അതിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ നോക്കും. ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ദൃഷ്ടാന്തകഥയാണ് നമ്മൾ ആദ്യം നോക്കാൻപോകുന്നത്.
ചെമ്മരിയാടുകളും കോലാടുകളും
3. യേശു ആളുകളെ ന്യായം വിധിക്കുന്നത് എപ്പോഴാണ്?
3 ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തത്തിൽ ആളുകളെ ന്യായം വിധിക്കുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്. അവർ സന്തോഷവാർത്തയോട് എങ്ങനെ പ്രതികരിച്ചു, ക്രിസ്തുവിന്റെ സഹോദരന്മാരെ എങ്ങനെ പിന്തുണച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ ന്യായവിധി നടത്തുന്നത്. (മത്താ. 25:31-46) അതു ‘മഹാകഷ്ടതയുടെ’ സമയത്ത്, അർമഗെദോനു തൊട്ടുമുമ്പായിട്ടായിരിക്കും സംഭവിക്കുന്നത്. (മത്താ. 24:21) ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അഭിഷിക്തക്രിസ്ത്യാനികളെ പിന്തുണച്ചവരെ അങ്ങനെ ചെയ്യാത്തവരിൽനിന്ന് യേശു വേർതിരിക്കും.
4. യശയ്യ 11:3, 4 അനുസരിച്ച് യേശു ആളുകളെ നീതിയോടെ ന്യായം വിധിക്കുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
4 യഹോവ നിയമിച്ചിരിക്കുന്ന ന്യായാധിപനാണ് യേശു. നീതിയോടെ യേശു ന്യായം വിധിക്കുമെന്ന് ബൈബിൾപ്രവചനങ്ങൾ കാണിക്കുന്നു. (യശയ്യ 11:3, 4 വായിക്കുക.) ആളുകൾ എന്തു ചെയ്യുന്നു, എന്തു ചിന്തിക്കുന്നു, എന്തു പറയുന്നു എന്നതൊക്കെ യേശു നിരീക്ഷിക്കുന്നു. തന്റെ അഭിഷിക്തസഹോദരന്മാരോട് അവർ എങ്ങനെയാണ് ഇടപെടുന്നതെന്നും യേശു നോക്കും. (മത്താ. 12:36, 37; 25:40) തന്റെ അഭിഷിക്തസഹോദരന്മാരെയും അവരുടെ പ്രവർത്തനത്തെയും പിന്തുണച്ചത് ആരെല്ലാമാണെന്ന് യേശുവിന് അറിയാൻ കഴിയും. a ചെമ്മരിയാടുതുല്യരായ ആളുകൾക്കു ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു വിധം, പ്രസംഗപ്രവർത്തനത്തിൽ അവരെ സഹായിക്കുന്നതാണ്. ഇങ്ങനെ പിന്തുണയ്ക്കുന്നവരെ യേശു ‘നീതിമാന്മാരായി’ വിധിക്കും; അവർക്കു ഭൂമിയിൽ ‘നിത്യം ജീവിക്കാനുള്ള’ അവസരമുണ്ടായിരിക്കും. (മത്താ. 25:46; വെളി. 7:16, 17) വിശ്വസ്തരായി നിൽക്കുന്നവരെ എത്ര വലിയ അനുഗ്രഹമാണു കാത്തിരിക്കുന്നത്! മഹാകഷ്ടതയുടെ സമയത്തും അതിനു ശേഷവും വിശ്വസ്തരായി നിൽക്കുന്നെങ്കിൽ അവരുടെ പേരുകൾ “ജീവന്റെ പുസ്തകത്തിൽ” ഉണ്ടായിരിക്കും.—വെളി. 20:15.
5. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തകഥ എന്തു ചെയ്യാനാണ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്, ആരെല്ലാം ഈ ദൃഷ്ടാന്തത്തിനു ശ്രദ്ധ കൊടുക്കണം?
5 വിശ്വസ്തരാണെന്നു തെളിയിക്കുക. ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ദൃഷ്ടാന്തം പ്രധാനമായും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെ ഉദ്ദേശിച്ച് യേശു പറഞ്ഞതാണ്. അവർ പ്രസംഗപ്രവർത്തനത്തിൽ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കുന്നു. അതോടൊപ്പം യേശു തിരഞ്ഞെടുത്തിരിക്കുന്ന വിശ്വസ്തനും വിവേകിയും ആയ അടിമ തരുന്ന നിർദേശങ്ങൾക്കു മനസ്സോടെ കീഴ്പെട്ടുകൊണ്ടും അവർ വിശ്വസ്തരാണെന്നു തെളിയിക്കുന്നു. (മത്താ. 24:45) എന്നാൽ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ മാത്രമല്ല സ്വർഗീയപ്രത്യാശയുള്ളവരും ഈ ദൃഷ്ടാന്തത്തിലെ മുന്നറിയിപ്പിനു ചെവി കൊടുക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ്? യേശു അവരുടെയും പ്രവൃത്തികളും മനോഭാവവും സംസാരവും ഒക്കെ നിരീക്ഷിക്കുന്നുണ്ട്. അവരും വിശ്വസ്തരാണെന്നു തെളിയിക്കണം. ശരിക്കുംപറഞ്ഞാൽ, അഭിഷിക്തർക്കുള്ള ചില പ്രത്യേകമുന്നറിയിപ്പുകൾ അടങ്ങിയ രണ്ടു ദൃഷ്ടാന്തകഥകൾകൂടെ യേശു പറഞ്ഞിട്ടുണ്ട്. അതും മത്തായി 25-ൽ കാണാം. ആദ്യത്തെ ദൃഷ്ടാന്തം നോക്കാം. വിവേകമതികളും വിവേകമില്ലാത്തവരും ആയ കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തമാണ് അത്.
വിവേകമതികളും വിവേകമില്ലാത്തവരും ആയ കന്യകമാർ
6. അഞ്ചു കന്യകമാർ തങ്ങൾക്കു വിവേകമുണ്ടെന്നു തെളിയിച്ചത് എങ്ങനെയാണ്? (മത്തായി 25:6-10)
6 കന്യകമാരെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയിൽ മണവാളനെ വരവേൽക്കാൻ പോയ പത്തു കന്യകമാരെക്കുറിച്ച് യേശു പറയുന്നു. (മത്താ. 25:1-4) വിവാഹവിരുന്നിൽ മണവാളനൊപ്പം പങ്കെടുക്കാനായിരുന്നു അവരുടെയെല്ലാം ആഗ്രഹം. അവരിൽ അഞ്ചു പേർ “വിവേകമതികളും” അഞ്ചു പേർ “വിവേകമില്ലാത്തവരും” ആയിരുന്നു എന്ന് യേശു പറഞ്ഞു. വിവേകമുള്ള കന്യകമാർ ജാഗ്രതയോടെ ഒരുങ്ങിയിരുന്നു. മണവാളൻ വരാൻ എത്ര വൈകിയാലും, അർധരാത്രി ആയാൽപ്പോലും, അതുവരെ കാത്തിരിക്കാൻ ഒരുങ്ങിയാണ് അവർ വന്നത്. അതുകൊണ്ടാണ് അവർ വെളിച്ചത്തിനായി വിളക്കുകൾ കരുതിയതും, മണവാളൻ വൈകിയാലോ എന്നോർത്ത് കയ്യിൽ കൂടുതൽ എണ്ണ എടുത്തതും. അതുകൊണ്ട് തങ്ങളുടെ വിളക്കുകൾ കെട്ടുപോകാതിരിക്കാൻവേണ്ട എല്ലാ ഒരുക്കങ്ങളും അവർ ചെയ്തിരുന്നെന്നു പറയാം. (മത്തായി 25:6-10 വായിക്കുക.) അവസാനം മണവാളൻ വന്നപ്പോൾ വിവേകമുള്ള കന്യകമാർ വിവാഹവിരുന്നിന് അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു. ആ കന്യകമാരെപ്പോലെതന്നെ അഭിഷിക്തക്രിസ്ത്യാനികളും മണവാളനായ യേശുവിനോടൊപ്പം സ്വർഗരാജ്യത്തിൽ പ്രവേശിക്കാനായി കാത്തിരിക്കുകയാണ്. ക്രിസ്തു വരുന്നതുവരെ ജാഗ്രതയോടെ, വിശ്വസ്തരായി തുടർന്നുകൊണ്ട് ഒരുങ്ങിയിരിക്കുന്നവർക്ക് അതിനുള്ള അവസരം കിട്ടും. b (വെളി. 7:1-3) എങ്കിൽ വിവേകമില്ലാത്ത മറ്റ് അഞ്ചു കന്യകമാരുടെ കാര്യമോ?
7. വിവേകമില്ലാത്ത അഞ്ചു കന്യകമാർക്ക് എന്താണു സംഭവിച്ചത്, എന്തുകൊണ്ട്?
7 വിവേകമുള്ള കന്യകമാരിൽനിന്ന് വ്യത്യസ്തമായി വിവേകമില്ലാത്ത അഞ്ചു കന്യകമാർ മണവാളൻ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ഒട്ടും തയ്യാറായിരുന്നില്ല. അവരുടെ വിളക്കുകൾ കെടാൻ തുടങ്ങുകയായിരുന്നു. കയ്യിൽ വേറെ എണ്ണയും ഉണ്ടായിരുന്നില്ല. മണവാളൻ ഉടനെ എത്തുമെന്ന് അറിഞ്ഞപ്പോൾ അവർക്ക് എണ്ണ വാങ്ങാൻ പോകേണ്ടിവന്നു. അദ്ദേഹം എത്തിയപ്പോഴാകട്ടെ അവർ തിരികെ വന്നിരുന്നുമില്ല. ആ സമയത്ത് “ഒരുങ്ങിയിരുന്ന കന്യകമാർ വിവാഹവിരുന്നിന് അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു; അതോടെ വാതിലും അടച്ചു.” (മത്താ. 25:10) കുറെ കഴിഞ്ഞപ്പോൾ വിവേകമില്ലാത്ത കന്യകമാർ തിരിച്ചെത്തി. അവർക്ക് അകത്ത് പ്രവേശിക്കണം എന്നുണ്ടായിരുന്നു. എന്നാൽ മണവാളൻ അവരോട് “എനിക്കു നിങ്ങളെ അറിയില്ല” എന്നു പറഞ്ഞു. (മത്താ. 25:11, 12) ആ കന്യകമാർ മണവാളൻ എപ്പോഴാണോ എത്തുന്നത് അതുവരെ കാത്തിരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നില്ല. ഇതിൽനിന്ന് അഭിഷിക്തർക്കുള്ള പാഠം എന്താണ്?
8-9. കന്യകമാരുടെ ദൃഷ്ടാന്തകഥയിൽനിന്ന് അഭിഷിക്തർക്ക് എന്തു പാഠമാണു പഠിക്കാനുള്ളത്? (ചിത്രവും കാണുക.)
8 ജാഗ്രതയുള്ളവരും ഒരുങ്ങിയിരിക്കുന്നവരും ആണെന്നു തെളിയിക്കുക. വ്യവസ്ഥിതിയുടെ അവസാനംവരെ ഒരുങ്ങിയിരിക്കുന്ന അഭിഷിക്തരുടെ ഒരു കൂട്ടവും അങ്ങനെ ചെയ്യാത്ത അഭിഷിക്തരുടെ ഒരു കൂട്ടവും ഉണ്ടായിരിക്കുമെന്ന് യേശു ഈ ദൃഷ്ടാന്തത്തിലൂടെ മുൻകൂട്ടിപ്പറയുകയായിരുന്നോ? അല്ല. പകരം അവസാനത്തോളം, വിശ്വസ്തതയോടെ സഹിച്ചുനിൽക്കാൻ ഒരുങ്ങിയില്ലെങ്കിൽ അഭിഷിക്തർക്ക് എന്തു സംഭവിക്കുമെന്ന് പറയുകയായിരുന്നു യേശു. അങ്ങനെയുള്ളവർക്കു പ്രതിഫലം കിട്ടുകയില്ല. (യോഹ. 14:3, 4) അത് എത്ര വലിയൊരു നഷ്ടമായിരിക്കും! നമ്മുടെ പ്രത്യാശ സ്വർഗത്തിലായാലും ഭൂമിയിലായാലും നമ്മൾ എല്ലാവരും കന്യകമാരുടെ ഈ ദൃഷ്ടാന്തത്തിൽനിന്നുള്ള മുന്നറിയിപ്പിനു ചെവി കൊടുക്കേണ്ടതാണ്. നമ്മൾ ഓരോരുത്തരും ജാഗ്രതയുള്ളവരും ഒരുങ്ങിയിരിക്കുന്നവരും അവസാനത്തോളം സഹിച്ചുനിൽക്കാൻ തയ്യാറുള്ളവരും ആയിരിക്കണം.—മത്താ. 24:13.
9 ഒരുങ്ങിയിരിക്കുന്നവരും ജാഗ്രതയുള്ളവരും ആയിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് കന്യകമാരുടെ ദൃഷ്ടാന്തത്തിലൂടെ വിശദീകരിച്ചതിനു ശേഷം യേശു താലന്തുകളുടെ ദൃഷ്ടാന്തകഥ പറഞ്ഞു. അതു കഠിനാധ്വാനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒന്നാണ്.
താലന്തുകൾ
10. രണ്ട് അടിമകൾ വിശ്വസ്തരാണെന്നു തെളിയിച്ചത് എങ്ങനെ? (മത്തായി 25:19-23)
10 താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയിൽ യജമാനനോടു വിശ്വസ്തരായിരുന്ന രണ്ട് അടിമകളെക്കുറിച്ചും അങ്ങനെയല്ലാതിരുന്ന ഒരു അടിമയെക്കുറിച്ചും യേശു പറഞ്ഞു. (മത്താ. 25:14-18) ആ രണ്ട് അടിമകൾ വിശ്വസ്തരാണെന്നു തെളിയിച്ചത്, യജമാനന്റെ പണം വർധിപ്പിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടാണ്. അന്യദേശത്തേക്കു യാത്ര പോകുന്നതിനു മുമ്പ് യജമാനൻ അവരുടെ കയ്യിൽ താലന്തുകൾ, അതായത് വലിയൊരു തുക ഏൽപ്പിച്ചിരുന്നു. രണ്ട് അടിമകൾ നല്ല അധ്വാനശീലമുള്ളവരായിരുന്നു. അവർ ആ പണം ബുദ്ധിയോടെ ഉപയോഗിച്ചു. എന്തായിരുന്നു ഫലം? യജമാനൻ തിരിച്ചുവന്നപ്പോഴേക്കും അദ്ദേഹം കൊടുത്ത പണം ഇരട്ടിയാക്കാൻ അവർക്കു കഴിഞ്ഞു. അതുകൊണ്ട് യജമാനൻ അവരെ അഭിനന്ദിച്ചു. അവർ ‘യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുകയും’ ചെയ്തു. (മത്തായി 25:19-23 വായിക്കുക.) എങ്കിൽ ആ മൂന്നാമത്തെ അടിമയുടെ കാര്യമോ? യജമാനൻ ഏൽപ്പിച്ച പണം അയാൾ എന്താണു ചെയ്തത്?
11. ‘മടിയനായ’ അടിമയ്ക്ക് എന്തു സംഭവിച്ചു, എന്തുകൊണ്ട്?
11 മൂന്നാമത്തെ അടിമയ്ക്ക് ഒരു താലന്ത് ലഭിച്ചെങ്കിലും അയാൾ ‘മടിയനായിരുന്നു.’ കൊടുത്ത താലന്ത് അയാൾ ബുദ്ധിപൂർവം ഉപയോഗിക്കാനാണ് യജമാനൻ പ്രതീക്ഷിച്ചത്. പക്ഷേ അയാൾ അതു നിലത്ത് കുഴിച്ചിട്ടു. യജമാനൻ മടങ്ങിവന്നപ്പോൾ കൂടുതലായൊന്നും തിരികെ കൊടുക്കാൻ അയാളുടെ കൈയിലുണ്ടായിരുന്നില്ല. ഇനി ആ അടിമയുടെ മനോഭാവവും ശരിയല്ലായിരുന്നു. കൊടുത്ത പണം വർധിപ്പിക്കാത്തതുകൊണ്ട് അയാൾ യജമാനനോടു ക്ഷമ പറയേണ്ടതായിരുന്നു. അതിനു പകരം, അയാൾ അന്യായമായി യജമാനനെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ‘കഠിനഹൃദയൻ’ എന്നു വിളിച്ചു. ഈ അടിമയ്ക്ക് യജമാനന്റെ അംഗീകാരം ലഭിച്ചില്ല. അതു മാത്രമല്ല, കൊടുത്ത താലന്ത് തിരികെ വാങ്ങുകയും അയാളെ യജമാനന്റെ വീട്ടിൽനിന്നുതന്നെ പുറത്താക്കുകയും ചെയ്തു.—മത്താ. 25:24, 26-30.
12. വിശ്വസ്തരായ രണ്ട് അടിമകൾ ഇന്ന് ആരെ അർഥമാക്കുന്നു?
12 വിശ്വസ്തരായ രണ്ട് അടിമകൾ വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികളെയാണ് അർഥമാക്കുന്നത്. ‘യജമാനന്റെ സന്തോഷത്തിൽ പങ്കുചേരാൻ’ യജമാനനായ യേശു അവരെ ക്ഷണിക്കുന്നു. അവർക്ക് ഒന്നാമത്തെ പുനരുത്ഥാനത്തിലൂടെ സ്വർഗത്തിലുള്ള പ്രതിഫലം ലഭിക്കും. (മത്താ. 25:21, 23; വെളി. 20:5ബി) എന്നാൽ മടിയനായ അടിമ അഭിഷിക്തർക്കുള്ള ഒരു മുന്നറിയിപ്പു മാത്രമാണ്. എന്തു മുന്നറിയിപ്പ്?
13-14. താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയിൽനിന്ന് അഭിഷിക്തർ പഠിക്കുന്ന പാഠം എന്താണ്? (ചിത്രവും കാണുക.)
13 കഠിനാധ്വാനികളാണെന്നു തെളിയിക്കുക. കന്യകമാരുടെ ദൃഷ്ടാന്തത്തിന്റെ കാര്യത്തിലെന്നപോലെ താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലും അഭിഷിക്തരിൽ ചിലർ മടിയുള്ളവരായിത്തീരുമെന്ന് യേശു മുൻകൂട്ടിപ്പറയുകയായിരുന്നില്ല. പകരം തീക്ഷ്ണത നഷ്ടപ്പെട്ടാൽ അഭിഷിക്തർക്ക് എന്തു സംഭവിക്കുമെന്ന് യേശു വിശദീകരിക്കുകയായിരുന്നു. അങ്ങനെ സംഭവിച്ചാൽ തങ്ങളുടെതന്നെ “ദൈവവിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ” അവർക്കു കഴിയാതെ വരും. സ്വർഗരാജ്യത്തിലേക്കു പ്രവേശിക്കാൻ അവരെ അനുവദിക്കുകയും ഇല്ല.—2 പത്രോ. 1:10.
14 കന്യകമാരെക്കുറിച്ചും താലന്തുകളെക്കുറിച്ചും ഉള്ള ദൃഷ്ടാന്തങ്ങളിലൂടെ അഭിഷിക്തക്രിസ്ത്യാനികൾ ഒരുങ്ങിയിരിക്കുകയും ജാഗ്രതയുള്ളവരായിരിക്കുകയും കഠിനാധ്വാനികളായിരിക്കുകയും ചെയ്യണമെന്ന് യേശു വ്യക്തമാക്കി. അഭിഷിക്തർക്ക് ഒരു മുന്നറിയിപ്പായി യേശു മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ട്. മത്തായി 24:40, 41-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽ നമുക്ക് ആ മുന്നറിയിപ്പു കാണാം.
ആരെ “കൂട്ടിക്കൊണ്ടുപോകും?”
15-16. മത്തായി 24:40, 41 അഭിഷിക്തർ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്നത് എങ്ങനെ?
15 ഈ മൂന്നു ദൃഷ്ടാന്തകഥകളും പറയുന്നതിനു മുമ്പ് വയലിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന രണ്ടു പുരുഷന്മാരെക്കുറിച്ചും തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കുന്ന രണ്ടു സ്ത്രീകളെക്കുറിച്ചും യേശു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അഭിഷിക്തരിൽ ആർക്കാണ് അന്തിമമുദ്ര കിട്ടുന്നതെന്നു സൂചിപ്പിക്കുകയായിരുന്നു യേശു. ഒറ്റനോട്ടത്തിൽ ആ പുരുഷന്മാർ രണ്ടുപേരും ഒരേ ജോലിയാണ് ചെയ്യുന്നതെന്നും അതുപോലെ ആ സ്ത്രീകൾ രണ്ടുപേരും ഒരേ ജോലിതന്നെയാണു ചെയ്യുന്നതെന്നും തോന്നും. എന്നാൽ രണ്ടു കൂട്ടരുടെയും കാര്യത്തിൽ യേശു പറഞ്ഞത്, “ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും” എന്നാണ്. (മത്തായി 24:40, 41 വായിക്കുക.) എന്നിട്ട് യേശു തന്റെ അനുഗാമികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “അതുകൊണ്ട് എപ്പോഴും ഉണർന്നിരിക്കുക. നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.” (മത്താ. 24:42) കന്യകമാരുടെ ദൃഷ്ടാന്തകഥ പറഞ്ഞതിനു ശേഷവും യേശു ഇതുപോലെതന്നെ ഒരു കാര്യം പറഞ്ഞു. (മത്താ. 25:13) യേശുവിന്റെ ഈ വാക്കുകൾ തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നുവേണം കരുതാൻ. ആത്മാർഥതയുള്ള, വിശ്വസ്തരായ അഭിഷിക്തരെ മാത്രമേ സ്വർഗരാജ്യത്തിലേക്കു ‘കൂട്ടിക്കൊണ്ടുപോകുകയുള്ളൂ,’ അഥവാ യേശു സ്വീകരിക്കുകയുള്ളൂ.—യോഹ. 14:3.
16 ഉണർന്നിരിക്കുന്നവരാണെന്നു തെളിയിക്കുക. ആത്മീയമായി ജാഗ്രതയുള്ളവരായി തുടരാത്ത അഭിഷിക്തരിൽ ആരെയും ‘തിരഞ്ഞെടുത്തിരിക്കുന്നവരുടെ’ കൂട്ടത്തിൽ കൂട്ടിച്ചേർക്കില്ല. (മത്താ. 24:31) ഒരർഥത്തിൽ ദൈവജനത്തിലെ എല്ലാവരും, അവരുടെ പ്രത്യാശ എന്തായിരുന്നാലും, ഉണർന്നിരിക്കാനും വിശ്വസ്തരായി തുടരാനും ഉള്ള ഒരു മുന്നറിയിപ്പായി യേശുവിന്റെ വാക്കുകളെ കാണേണ്ടതാണ്.
17. യഹോവ ചിലരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുന്നത് എപ്പോഴായാലും നമ്മൾ ആ തീരുമാനത്തെ ചോദ്യം ചെയ്യില്ലാത്തത് എന്തുകൊണ്ട്?
17 യഹോവയെ നമുക്കു നന്നായിട്ട് അറിയാം. അതുകൊണ്ട് യഹോവയുടെ തീരുമാനങ്ങളെ നമ്മൾ പൂർണമായി വിശ്വസിക്കുന്നു. യഹോവ നമ്മുടെ ഈ കാലത്ത് വിശ്വസ്തരായ ചില സഹോദരങ്ങളെ അഭിഷിക്തരായി തിരഞ്ഞെടുത്താലും നമ്മൾ യഹോവയുടെ ആ തീരുമാനത്തെ ചോദ്യം ചെയ്യില്ല. c മുന്തിരിത്തോട്ടത്തിന്റെ ദൃഷ്ടാന്തത്തിൽ 11-ാം മണി നേരത്ത് വന്ന പണിക്കാരെക്കുറിച്ച് യേശു പറഞ്ഞത് നമുക്ക് അറിയാം. (മത്താ. 20:1-16) ദിവസത്തിന്റെ അവസാനം പണിക്കു നിയമിച്ച ആളുകൾക്ക്, അന്ന് നേരത്തേതന്നെ ജോലി തുടങ്ങിയ പണിക്കാർക്കുള്ള അതേ കൂലിതന്നെ കിട്ടി. അതുപോലെ അഭിഷിക്തരെ തിരഞ്ഞെടുക്കുന്നത് എപ്പോഴായാലും അവർ വിശ്വസ്തരായി തുടരുകയാണെങ്കിൽ അവർക്കെല്ലാം സ്വർഗീയപ്രതിഫലം ലഭിക്കും.
മുന്നറിയിപ്പുകൾക്ക് ചെവി കൊടുക്കുക
18-19. നമ്മൾ എന്തെല്ലാം പാഠങ്ങളും മുന്നറിയിപ്പുകളും ആണ് കണ്ടത്?
18 നമ്മൾ എന്താണ് പഠിച്ചത്? ആദ്യം കണ്ടത് ചെമ്മരിയാടിന്റെയും കോലാടിന്റെയും ദൃഷ്ടാന്തമാണ്. ഭൂമിയിൽ എന്നും ജീവിക്കാൻ പ്രതീക്ഷിക്കുന്നവർ യഹോവയോടു വിശ്വസ്തരായി തുടരേണ്ടതിന്റെ പ്രാധാന്യം അത് എടുത്തുകാണിക്കുന്നു; ഇപ്പോഴും വരാൻപോകുന്ന മഹാകഷ്ടതയുടെ സമയത്തും. അർമഗെദോനു തൊട്ടുമുമ്പ് യേശു വിശ്വസ്തരായവരെ, ‘നിത്യജീവനിലേക്കു കടക്കാൻ’ യോഗ്യതയുള്ളവരായി വിധിക്കും.—മത്താ. 25:46.
19 അഭിഷിക്തർക്കുള്ള മുന്നറിയിപ്പുകൾ അടങ്ങിയ രണ്ടു ദൃഷ്ടാന്തകഥകൾകൂടെ നമ്മൾ പഠിക്കുകയുണ്ടായി. യേശു പറഞ്ഞ, വിവേകമതികളും വിവേകമില്ലാത്തവരും ആയ കന്യകമാരുടെ ദൃഷ്ടാന്തത്തിൽ അഞ്ചു കന്യകമാർ വിവേകമതികളാണെന്നു തെളിയിച്ചു. അവർ ഒരുങ്ങിയിരിക്കുന്നവരും ജാഗ്രതയുള്ളവരും ആയിരുന്നു. മണവാളനുവേണ്ടി എത്ര സമയം വേണമെങ്കിലും കാത്തിരിക്കാൻ അവർ തയ്യാറുമായിരുന്നു. പക്ഷേ വിവേകമില്ലാത്ത കന്യകമാർ തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ല. അതുകൊണ്ട് മണവാളൻ തന്റെ വിവാഹവിരുന്നിലേക്കു പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. യേശു ഈ വ്യവസ്ഥിതി അവസാനിപ്പിക്കുന്നത് എപ്പോഴാണോ അതുവരെ കാത്തിരിക്കാൻ നമ്മളും ഒരുങ്ങിയിരിക്കണം. ഇനി താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽ, നമ്മൾ വിശ്വസ്തരായ രണ്ട് അടിമകളെക്കുറിച്ച് പഠിച്ചു. അവർ നല്ല കഠിനാധ്വാനികളായിരുന്നു. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ യജമാനന്റെ അംഗീകാരം നേടി. എന്നാൽ മടിയനായ അടിമയെ തള്ളിക്കളഞ്ഞു. എന്താണ് പാഠം? യഹോവയുടെ സേവനത്തിൽ നമ്മൾ അവസാനംവരെ തിരക്കുള്ളവരായി തുടരണം. ഇനി, യേശു അഭിഷിക്തരെ സ്വർഗീയപ്രതിഫലത്തിലേക്കു ‘കൂട്ടിക്കൊണ്ടുപോകണമെങ്കിൽ’ അവർ എങ്ങനെയാണ് ഉണർന്നിരിക്കേണ്ടതെന്നും നമ്മൾ അവസാനം കണ്ടു. വലിയ പ്രതീക്ഷയോടെ അവർ സ്വർഗത്തിൽ യേശുവിനോടൊപ്പം ‘കൂട്ടിച്ചേർക്കപ്പെടുന്നതിനായി’ നോക്കിയിരിക്കുകയാണ്. അർമഗെദോൻ യുദ്ധത്തിനു ശേഷം കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ അവർ യേശുവിന്റെ മണവാട്ടിയായിത്തീരും.—2 തെസ്സ. 2:1; വെളി. 19:7, 9.
20. തന്റെ മുന്നറിയിപ്പുകൾക്കു ചെവി കൊടുക്കുന്നവർക്കുവേണ്ടി യഹോവ എന്തു ചെയ്യും?
20 ന്യായവിധി വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണെങ്കിലും നമുക്കു ഭയപ്പെടാൻ ഒന്നുമില്ല. വിശ്വസ്തരായി തുടരുകയാണെങ്കിൽ നമ്മുടെ സ്നേഹവാനായ സ്വർഗീയപിതാവ് നമുക്ക് “അസാധാരണശക്തി” നൽകും. അതുകൊണ്ട് നമുക്കു “രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും” കഴിയും. (2 കൊരി. 4:7; ലൂക്കോ. 21:36) നമ്മുടെ പ്രത്യാശ സ്വർഗത്തിലായാലും ഭൂമിയിലായാലും യേശുവിന്റെ ദൃഷ്ടാന്തകഥകളിലെ മുന്നറിയിപ്പുകൾക്കു ചെവി കൊടുക്കുന്നെങ്കിൽ അതു നമ്മുടെ പിതാവിനെ സന്തോഷിപ്പിക്കും. യഹോവയുടെ അനർഹദയയാൽ ജീവന്റെ ‘പുസ്തകത്തിൽ പേര് എഴുതിക്കാണുന്നവരുടെ’ കൂട്ടത്തിൽ നമ്മുടെ പേരുകളും ഉണ്ടായിരിക്കും.—ദാനി. 12:1; വെളി. 3:5.
ഗീതം 26 നിങ്ങൾ എനിക്കായ് ചെയ്തു
a 2024 മേയ് ലക്കം വീക്ഷാഗോപുരത്തിലെ “ഭാവിയിലെ യഹോവയുടെ വിധികളെക്കുറിച്ച് നമുക്ക് എന്ത് അറിയാം?” എന്ന ലേഖനം കാണുക.
b കൂടുതൽ വിവരങ്ങൾക്ക് 2015 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ഒരു അഭിഷിക്തസഹോദരി ശുശ്രൂഷയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരിയുമായി ബൈബിൾപഠനം നടത്തുന്നു.