മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
ദുഃഖിതരെ ആശ്വസിപ്പിക്കാൻ
നിങ്ങൾക്ക് അടുപ്പമുള്ള ഒരാൾ ഉറ്റവരുടെ വേർപാടിൽ ദുഃഖിക്കുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ടോ? എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ നിങ്ങൾക്ക് അറിയില്ലായിരിക്കും. പക്ഷേ അത്തരം സാഹചര്യങ്ങളിൽ നമുക്കു പലതും ചെയ്യാനുണ്ട്.
നിങ്ങൾ അവിടെ ചെന്ന് അവരെ കാണുന്നതുതന്നെ അവർക്കു വലിയ ആശ്വാസമായിരിക്കും. “എനിക്കും വിഷമമുണ്ട്” എന്നോ മറ്റോ അവരോടു പറയാനാകും. പല സംസ്കാരങ്ങളിലും, ആലിംഗനം ചെയ്യുന്നതോ കൈയിൽ ഒന്നു മൃദുവായി പിടിക്കുന്നതോ ഒക്കെ മതിയാകും ആ വ്യക്തിയോടുള്ള സ്നേഹം കാണിക്കാൻ. അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സഹാനുഭൂതിയോടെ ശ്രദ്ധിച്ചുകേൾക്കുക. അവർക്ക് ആ സമയത്ത് ആവശ്യമായ എന്തെങ്കിലും ചെയ്തുകൊടുക്കാനായാൽ അതു വലിയൊരു കാര്യമായിരിക്കും. ഉദാഹരണത്തിന്, അവർ ആഗ്രഹിക്കുന്നെങ്കിൽ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാനോ ഭക്ഷണം ഉണ്ടാക്കാനോ കുട്ടികളെ നോക്കാനോ നിങ്ങൾക്കു സാധിക്കും. തിരഞ്ഞെടുത്ത ചില വാക്കുകളെക്കാൾ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നത് അത്തരം സ്നേഹപ്രവൃത്തികളായിരിക്കും.
പിന്നീട് അവസരം കിട്ടുമ്പോൾ, മരിച്ചുപോയ വ്യക്തിയെക്കുറിച്ചുള്ള നല്ലനല്ല കാര്യങ്ങൾ പറയുന്നത് അവരെ ആശ്വസിപ്പിക്കും. ഉദാഹരണത്തിന്, ആ വ്യക്തിയുടെ നല്ല ഗുണങ്ങളെക്കുറിച്ചും അയാളോടൊപ്പം ചെലവഴിച്ച സന്തോഷകരമായ സമയങ്ങളെക്കുറിച്ചും നിങ്ങൾ പറയുമ്പോൾ, ദുഃഖം നിറഞ്ഞ ആ മുഖത്ത് പുഞ്ചിരി വിടർന്നേക്കാം. ഭർത്താവായ ഇയ്യാനെ ആറു വർഷം മുമ്പ് നഷ്ടപ്പെട്ട പാം പറയുന്നു: “എനിക്ക് അറിയില്ലാത്ത പല നല്ല കാര്യങ്ങളും ആളുകൾ ഇയ്യാനെക്കുറിച്ച് പറയുന്നതു കേൾക്കുമ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നും.”
* കാലങ്ങളായുള്ള ദുഃഖത്തിൽനിന്ന് കരകയറാൻ സുഹൃത്തുക്കളുമായുള്ള സംഭാഷണം സഹായിച്ചിട്ടുണ്ടെന്നു പലരും അഭിപ്രായപ്പെടുന്നു.
ദുഃഖിതരെ ആശ്വസിപ്പിക്കാൻ തുടക്കത്തിൽ സുഹൃത്തുക്കൾ പലതും ചെയ്തേക്കാമെങ്കിലും ജീവിതത്തിരക്കുകൾ കാരണം, അവരെ സഹായിക്കുന്ന കാര്യം സുഹൃത്തുക്കൾ പെട്ടെന്നുതന്നെ മറന്നുപോകാറുണ്ടെന്നു ഗവേഷകർ പറയുന്നു. അതുകൊണ്ട്, ദുഃഖിച്ചുകഴിയുന്ന ഒരു സുഹൃത്തിനോടു പതിവായി സംസാരിക്കാൻ പ്രത്യേകശ്രമം ചെയ്യുക.ജപ്പാനിലുള്ള കാവോരി എന്ന യുവതിക്ക് ആദ്യം അമ്മയെയും 15 മാസത്തിനു ശേഷം ചേച്ചിയെയും മരണത്തിൽ നഷ്ടമായി. കാവോരി ആകെ തകർന്നുപോയി. ആ സമയംമുതൽ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച നിലയ്ക്കാത്ത സഹായത്തെക്കുറിച്ച് കാവോരി നന്ദിയോടെ ഓർക്കുന്നു. കാവോരിയെക്കാൾ ഒരുപാടു പ്രായക്കൂടുതലുള്ള റിറ്റ്സുകോ കാവോരിയുടെ ഉറ്റ സുഹൃത്തായിത്തീർന്നു. കാവോരി പറയുന്നു: “സത്യം പറഞ്ഞാൽ, ആദ്യം എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. മറ്റാരെയും എനിക്ക് എന്റെ അമ്മയെപ്പോലെ കാണാൻ കഴിയുമായിരുന്നില്ല; ആരും ആ സ്ഥാനം ഏറ്റെടുക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ റിറ്റ്സുകോ മമ്മി എന്നോടു കാണിച്ച സ്നേഹം, അത് എന്നെ വല്ലാതെ സ്പർശിച്ചു. പതുക്കെപ്പതുക്കെ ഞങ്ങൾ തമ്മിൽ അടുത്തു. എല്ലാ ആഴ്ചയും ഞങ്ങൾ ഒരുമിച്ച് സുവിശേഷപ്രവർത്തനത്തിനും ക്രിസ്തീയയോഗങ്ങൾക്കും പോകാൻതുടങ്ങി. അതുപോലെ, റിറ്റ്സുകോ മമ്മി എന്നെ പല തവണ ചായ കുടിക്കാൻ ക്ഷണിച്ചു, എനിക്കു ഭക്ഷണം കൊണ്ടുവന്നുതന്നു, പലപ്പോഴും എനിക്കു കാർഡുകളും കത്തുകളും അയച്ചു. റിറ്റ്സുകോ മമ്മിയുടെ നല്ല പെരുമാറ്റം എന്റെ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു.”
കാവോരിയുടെ അമ്മ മരിച്ചിട്ട് ഇപ്പോൾ 12 വർഷം പിന്നിട്ടിരിക്കുന്നു. കാവോരിയും ഭർത്താവും ഇപ്പോൾ മുഴുസമയ സുവിശേഷപ്രവർത്തകരാണ്. കാവോരി പറയുന്നു: “റിറ്റ്സുകോ മമ്മിയുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. നാട്ടിൽ പോകുമ്പോഴൊക്കെ ഞാൻ മമ്മിയെ ചെന്ന് കാണാറുണ്ട്. മമ്മിയോടു സംസാരിക്കുന്നത് എനിക്ക് ഒരുപാടു ശക്തി തരുന്നു.”
യഹോവയുടെ സാക്ഷിയായ പോളിയും സുഹൃത്തുക്കളുടെ നിലയ്ക്കാത്ത സ്നേഹവും പിന്തുണയും അനുഭവിച്ചറിഞ്ഞു. സൈപ്രസിലാണു പോളി താമസിച്ചിരുന്നത്. ക്രിസ്തീയസഭയിൽ നേതൃത്വം വഹിച്ചിരുന്ന മാതൃകായോഗ്യനായ ഒരു വ്യക്തിയായിരുന്നു പോളിയുടെ ഭർത്താവായ സോസോസ്. ദയാലുവായ അദ്ദേഹം അനാഥരെയും വിധവമാരെയും ഇടയ്ക്കിടെ വീട്ടിലേക്കു ക്ഷണിച്ച് ഒരു നേരത്തെ ആഹാരം കൊടുക്കുകയും അവരോടു സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. (യാക്കോബ് 1:27) എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ബ്രെയിൻ ട്യൂമർ വന്നതിനെത്തുടർന്ന് 53-ാം വയസ്സിൽ അദ്ദേഹം മരിച്ചു. പോളി പറയുന്നു: “33 വർഷത്തെ വിവാഹജീവിതത്തിനു ശേഷം എന്റെ ഭർത്താവ് എന്നെ വിട്ടുപോയി.”
സോസോസിന്റെ മരണത്തിനു ശേഷം പോളി 15 വയസ്സുള്ള ഏറ്റവും ഇളയമകൻ ഡാനിയേലിനോടൊപ്പം കനഡയിലേക്കു താമസം മാറി. അവർ ആരാധനയ്ക്കായി അവിടെയുള്ള യഹോവയുടെ സാക്ഷികളോടൊപ്പം കൂടിവരാൻതുടങ്ങി. പോളി ഓർമിക്കുന്നു: “പുതിയ സഭയിലെ സുഹൃത്തുക്കൾക്കു ഞങ്ങളുടെ കഴിഞ്ഞ കാലത്തെക്കുറിച്ചോ ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചോ അറിയില്ലായിരുന്നു. പക്ഷേ അവർ ഒരു മടിയും കൂടാതെ ഞങ്ങളുടെ അടുത്ത് വന്ന് സ്നേഹത്തോടെ സംസാരിക്കുകയും ഞങ്ങൾക്ക് ആവശ്യമായതൊക്കെ ചെയ്തുതരുകയും ചെയ്തു. അതു ശരിക്കും തക്കസമയത്തെ ഒരു സഹായമായിരുന്നു. കാരണം എന്റെ മകനു വഴികാട്ടിയായി അച്ഛനെ ആവശ്യമുള്ള ഒരു സമയമായിരുന്നു അത്. സഭയിൽ നേതൃത്വം എടുക്കുന്നവർ ഡാനിയേലിന്റെ കാര്യത്തിൽ പ്രത്യേകതാത്പര്യം എടുത്തു. കൂട്ടുകാരുടെകൂടെ കൂടുമ്പോഴും പന്തു കളിക്കാൻ പോകുമ്പോഴും ഒക്കെ ഡാനിയേലിനെയും കൂടെ കൂട്ടാൻ അവരിൽ ഒരാൾ പ്രത്യേകം ശ്രദ്ധിച്ചു.” ഇന്ന് ആ അമ്മയും മകനും സന്തോഷത്തോടെ കഴിയുന്നു.
ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനും അവരെ സഹായിക്കാനും നമുക്കു പല മാർഗങ്ങളുണ്ട്. പുളകപ്രദമായ ഒരു ഭാവിപ്രത്യാശ നൽകിക്കൊണ്ടും ബൈബിൾ നമ്മളെ ആശ്വസിപ്പിക്കുന്നു. (w16-E No. 3)
^ ഖ. 6 സുഹൃത്തുക്കളുടെ ഉറ്റവർ മരിച്ച തീയതി ചിലർ കലണ്ടറിൽ രേഖപ്പെടുത്തിവെക്കാറുണ്ട്. തുടർന്നുവരുന്ന വർഷങ്ങളിൽ ആ തീയതിയിലോ അതിനോട് അടുത്ത ദിവസങ്ങളിലോ അവർക്ക് ആശ്വാസം പകരാൻ അതു സഹായിക്കും.