ആരവം മുഴക്കുന്ന മഞ്ഞ്
ആരവം മുഴക്കുന്ന മഞ്ഞ്
ജലോപരിതലത്തിൽ പതിക്കുന്ന ഓരോ ചെറിയ മഞ്ഞുപരലും മനുഷ്യന് കേൾക്കാനാകാത്ത ഒരുതരം ശബ്ദം പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു. അടുത്തടുത്തുവരുന്ന ഒരു അഗ്നിശമന വാഹനത്തിന്റെ ആരവംപോലെ ഈ ശബ്ദം ഉച്ചസ്ഥായിയിലെത്തുകയും പിന്നെ നേർത്തുനേർത്ത് ഇല്ലാതാകുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കുന്നതാകട്ടെ, ഒരു സെക്കൻഡിന്റെ ഏതാണ്ട് പതിനായിരത്തിലൊന്ന് സമയംകൊണ്ട്.
നിപതിക്കുന്ന ഒരു മഴത്തുള്ളിയോ ആലിപ്പഴമോ ജലോപരിതലത്തെ മുറിച്ച് ഉള്ളിൽ കടക്കുന്നു, എന്നാൽ ഭാരം കുറഞ്ഞ മഞ്ഞുപരലുകൾ ജലോപരിതലത്തിൽത്തന്നെ കിടക്കുന്നു. എങ്കിലും പെട്ടെന്നുതന്നെ അത് ഉരുകുന്നു. മേൽപ്പറഞ്ഞ “ആരവം” ഉണ്ടാകുന്നത് അപ്പോഴാണ്. 15 വർഷങ്ങൾക്കു മുമ്പുതന്നെ ഇത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും, അതു സംബന്ധിച്ച പഠനം ആരംഭിച്ചത് പിന്നീടാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ, ദേശാന്തരഗമനം നടത്തുന്ന സാൽമൺ മത്സ്യങ്ങളുടെ ഗതി നിർണയിക്കാനായി സോണാർ (ശബ്ദതരംഗങ്ങളുടെ സഹായത്താൽ ആഴക്കടലിലെ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം) ഉപയോഗിക്കുന്ന അലാസ്കയിലെ ജീവശാസ്ത്രജ്ഞർക്ക് ഈ ശബ്ദം വലിയൊരു ശല്യമായിത്തീർന്നിരിക്കുന്നു. മത്സ്യങ്ങളിൽ തട്ടി തിരിച്ചുവരുന്ന സിഗ്നലുകളെ, നിപതിച്ചുകൊണ്ടിരിക്കുന്ന മഞ്ഞുപരലുകളുടെ ഈ ‘ആരവം’ തടസ്സപ്പെടുത്തുന്നതിനാൽ ശാസ്ത്രജ്ഞർക്ക് തങ്ങളുടെ ജോലി ഇടയ്ക്കുവെച്ച് നിറുത്തേണ്ടിവന്നിട്ടുണ്ട്. ഈ പ്രതിഭാസത്തിന് കാരണം എന്താണ്?
ന്യൂ സയന്റിസ്റ്റ് മാസിക വിശദീകരിക്കുന്നതനുസരിച്ച്, മഞ്ഞുപരലുകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, ജലോപരിതലത്തിനടിയിൽ കാര്യമായ ശബ്ദമൊന്നുമില്ല. എന്നാൽ, അത് ഉരുകിത്തുടങ്ങുമ്പോൾ, കേശിക പ്രവർത്തനത്തിന്റെ (capillary action) ഫലമായി ജലം വലിച്ചെടുക്കപ്പെടുന്നു. ഈ സമയത്തായിരിക്കാം, ചെറിയ വായുകുമിളകൾ മഞ്ഞുകട്ടയിൽനിന്ന് പുറത്തുകടക്കുകയോ ഉയർന്നുകൊണ്ടിരിക്കുന്ന ജലത്തിൽ കുടുങ്ങിപ്പോകുകയോ ചെയ്യുന്നത്. ചുറ്റുപാടുകളുമായി സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമത്തിൽ ഓരോ കുമിളയും കമ്പനം ചെയ്യുന്നു. അപ്പോൾ, ഒരു മണിയിൽനിന്ന് എന്നപോലെ അതു ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്നു, വളരെ ഉയർന്ന ആവൃത്തിയിൽ ആണെന്നുമാത്രം.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Snow Crystals/Dover