കോപ്പർ മലയിടുക്കിലേക്ക് സ്വാഗതം
കോപ്പർ മലയിടുക്കിലേക്ക് സ്വാഗതം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
മെക്സിക്കോയിലെ സീയെറ മാഡ്റേ ഓക്സിടെന്റാൽ എന്ന പർവതനിരയിൽ സ്ഥിതി ചെയ്യുന്ന കോപ്പർ മലയിടുക്ക് പ്രകൃതിയിലെ ഒരു അത്ഭുതംതന്നെയാണ്. അതിന്റെ വിസ്തീർണം 50,000 ചതുരശ്ര കിലോമീറ്റർ വരും, അതായത് ഏകദേശം കോസ്റ്ററിക്ക എന്ന രാജ്യത്തിന്റെ അത്രയും.
എന്നാൽ അതിന്റെ പേര് അൽപ്പം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. കോപ്പർ മലയിടുക്ക് എന്നത് ഒരൊറ്റ മലയിടുക്കല്ല, മറിച്ച് പരസ്പര ബന്ധിതമായ 20 മലയിടുക്കുകളുടെ ഒരു ശൃംഖലയാണ്. ഈ മലയിടുക്കുകളിൽ ഒന്നായ കോപ്പർ മലയിടുക്കിന്റെ പേരിൽ മുഴു ശൃംഖലയും അറിയപ്പെടുന്നു എന്നു മാത്രം. പര്യവേക്ഷകനായ റിച്ചർഡ് ഫിഷർ പറയുന്നതനുസരിച്ച് ഈ മലയിടുക്കുകളിൽ മൂന്നെണ്ണമെങ്കിലും ഐക്യനാടുകളിലെ ഗ്രാന്റ് മലയിടുക്കിനെക്കാൾ താഴ്ചയുള്ളവയാണ്. a
കോപ്പർ മലയിടുക്കിന്റെ അപാര വലിപ്പം കാരണം
മിക്ക വിനോദസഞ്ചാരികൾക്കും അതിന്റെ വീക്ഷണ സ്ഥാനങ്ങളിൽ—ഈ ഭാഗങ്ങളിൽനിന്നു നോക്കിയാൽ കോപ്പർ മലയിടുക്ക് കാണാൻ കഴിയും—എല്ലാമൊന്നും സന്ദർശിക്കാൻ കഴിയാറില്ല. കോപ്പർ, സീൻഫോറൊസാ, യൂറിക്ക് മലയിടുക്കുകൾ വീക്ഷിക്കാൻ കഴിയുന്ന സ്ഥാനത്തു നിന്നുള്ള ദൃശ്യം അതിമനോഹരമായ ഒന്നാണ്. എന്നാൽ ഡിവിസാഡേറൊയിൽ നിന്നുള്ള ദൃശ്യം അതിലും സുന്ദരമാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. അവിടെനിന്നു നോക്കിയാൽ കോപ്പർ, യൂറിക്ക്, ടാരാരിക്ക്വാ മലയിടുക്കുകൾ കൈകോർത്തു നിൽക്കുന്നതു വ്യക്തമായി കാണാം.മാറിമറിയുന്ന കാലാവസ്ഥ
ഭൂനിരപ്പിലെ പെട്ടെന്നുള്ള വ്യത്യാസങ്ങൾ കോപ്പർ മലയിടുക്കിലെ കാലാവസ്ഥയെയും സസ്യവളർച്ചയെയും സ്വാധീനിക്കുന്നു. അത് നേരിട്ടു മനസ്സിലാക്കിയ ഒരു വ്യക്തിയാണ് മിഗെൽ ഗ്ലീസൻ. ഒരു സംഘത്തോടൊപ്പം യൂറിക്ക് മലയിടുക്കിലേക്ക് ഇറങ്ങി ചെന്നപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചു മെഹീക്കൊ ഡെസ്കോനോസീഡോ എന്ന മാസികയിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങൾക്കു ചൂട് അനുഭവപ്പെടാൻ തുടങ്ങി. പൈൻ വനങ്ങൾ ഉഷ്ണമേഖലാ സസ്യങ്ങൾക്കു വഴിമാറി. അവയിൽ വാഴയും അവൊക്കാഡോ മരങ്ങളും ഓറഞ്ചു മരങ്ങളും പോലും ഉണ്ടായിരുന്നു. ഞങ്ങൾക്ക് അതു വിശ്വസിക്കാനേ കഴിഞ്ഞില്ല. ശീതവനങ്ങൾ കടന്ന് ഇത്രയും പെട്ടെന്ന്, ഇത്രയും കുറഞ്ഞ ദൂരം യാത്ര ചെയ്ത് ഉപോഷ്ണമേഖലയിൽ ഞാനെത്തുന്നത് ആദ്യമായിട്ടായിരുന്നു.”
കോപ്പർ മലയിടുക്കിന്റെ പീഠഭൂമികളിൽ പൈൻ മരത്തിന്റെ 15 ഇനങ്ങളും ഓക്ക് മരത്തിന്റെ 25 ഇനങ്ങളും വളരുന്നു. അതു കൂടാതെ അവിടെ അലരി വൃക്ഷങ്ങളും സരള വൃക്ഷങ്ങളും ഉണ്ട്. വേനൽക്കാലത്ത് സീയെറ പർവതനിര മുഴുവനും പലതരം പുഷ്പങ്ങളാൽ അലങ്കൃതമാകും. അവയിൽ ചിലത് ടാരായൂമാരാ എന്നറിയപ്പെടുന്ന തദ്ദേശവാസികൾ ആഹാരമായും ഔഷധമായും ഉപയോഗിക്കുന്നു. സീയെറയിൽ, സമുദ്രനിരപ്പിൽനിന്ന് 1,800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ കാലാവസ്ഥ വർഷത്തിന്റെ ഏറിയ ഭാഗവും മിതോഷ്ണത്തിൽനിന്നു ശീതത്തിലേക്കും ശീതത്തിൽനിന്നു മിതോഷ്ണത്തിലേക്കും മാറിക്കൊണ്ടിരിക്കും. ശൈത്യകാലത്ത് ചെറിയ മഴയും ചിലപ്പോൾ മഞ്ഞും ഉണ്ടാകാറുണ്ട്.
മലയിടുക്കിലേക്ക് ഇറങ്ങി ചെല്ലുന്ന സന്ദർശകരെ വരവേൽക്കുന്നത് നാനാതരത്തിലുള്ള മരങ്ങളും കള്ളിച്ചെടികളുമാണ്. കുറച്ചുകൂടെ താഴോട്ട് ഇറങ്ങിയാൽ ഉപോഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശത്തെത്തും. ശൈത്യകാലത്ത് ശരാശരി 17 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള സുഖകരമായ കാലാവസ്ഥയാണ് അവിടെ. എന്നാൽ വേനൽക്കാലം അൽപ്പം രൂക്ഷമാണ്. അപ്പോൾ താപനില 35 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കായിരിക്കും. കൂടാതെ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയാക്കുന്ന വൻമഴയും അവിടെ ഉണ്ടാകാറുണ്ട്.
ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിനു മകുടം ചാർത്തുന്നത് രണ്ടു വെള്ളച്ചാട്ടങ്ങളാണ്—453 മീറ്റർ ഉയരമുള്ള പ്യേഡ്രാ ബോലാഡായും 246 മീറ്റർ ഉയരമുള്ള ബാസാസിയാച്ചിയും. പ്യേഡ്രാ ബോലാഡാ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.
ഒരു വന്യജീവി സങ്കേതം
വ്യത്യസ്തങ്ങളായ അനേകം വന്യജീവികളുടെ വാസസ്ഥലമാണ് കോപ്പർ മലയിടുക്ക്. മെക്സിക്കോയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സസ്തനികളുടെ 30 ശതമാനവും ഉള്ളത് ഈ പ്രദേശത്താണ് എന്നു പറയപ്പെടുന്നു. കരിങ്കരടി, ചെമ്പുലി, നീർനായ്, വെള്ളവാലൻ മാൻ, മെക്സിക്കൻ ചെന്നായ്, ഒരിനം കാട്ടുപന്നി, ബേ ലിങ്ക്സ്, റാക്കൂൺ, തുരപ്പൻ കരടി, വരയൻ സ്കങ്ക്, വവ്വാൽ, അണ്ണാൻ, മുയൽ എന്നിങ്ങനെ ആ പട്ടിക നീണ്ടു പോകുന്നു.
സ്വർണ കഴുകനും കായൽ പുള്ളും ഉൾപ്പെടെയുള്ള 400 ഇനം പക്ഷികളുടെയും കൂടെ സങ്കേതമാണ് കോപ്പർ മലയിടുക്ക്. ഇത് വടക്കേ അമേരിക്കയ്ക്കും മധ്യ അമേരിക്കയ്ക്കും ഇടയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്തായതിനാൽ ഇവിടെ ദേശാടനപക്ഷികൾ ശൈത്യകാലം ചെലവഴിക്കാൻ എത്തുന്നു. മറ്റുള്ളവ യാത്രാമധ്യേ വിശ്രമിക്കാനുള്ള ഒരു ഇടത്താവളമായി അത് ഉപയോഗിക്കുന്നു.
കോപ്പർ മലയിടുക്ക് തീർച്ചയായും പ്രകൃതിയിലെ എല്ലാ അത്ഭുതങ്ങളുടെയും സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ഒന്നുതന്നെയാണ്. ദാവീദു രാജാവിന്റെ ഈ വാക്കുകൾ എത്രയോ സത്യമാണ്: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ.”—1 ദിനവൃത്താന്തം 29:11.
[അടിക്കുറിപ്പ്]
a യൂറിക്ക് മലയിടുക്കിന്റെ താഴ്ച 1,879 മീറ്ററും സീൻഫോറൊസാ മലയിടുക്കിന്റേത് 1,830 മീറ്ററും ബാടോപിലാസ് മലയിടുക്കിന്റേത് 1,800 മീറ്ററുമാണ്. ഗ്രാന്റ് മലയിടുക്കിന്റെ താഴ്ച ഏകദേശം 1,615 മീറ്റർ ആണ്.
[18-ാം പേജിലെ ചതുരം/ചിത്രം]
ട്രെയിനിൽ നിന്നുള്ള വീക്ഷണം
941 കിലോമീറ്റർ ദൈർഘ്യമുള്ള ചിവാവാ-പസിഫിക് റെയിൽ പാത യു.എസ്.-മെക്സിക്കോ അതിർത്തിയിലുള്ള ഓഹിനാഗയിൽ തുടങ്ങി, കോപ്പർ മലയിടുക്കും കടന്ന് പസിഫിക് സമുദ്രതീരത്തുള്ള ടോപോലൊബാംപോ തുറമുഖത്തു ചെന്ന് അവസാനിക്കുന്നു. അവിടത്തെ ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഈ റെയിൽ പാതയെ എഞ്ചിനീയറിങ് രംഗത്തെ ഒരു വൻനേട്ടമായാണു കണക്കാക്കുന്നത്. ഈ പാതയിലൂടെ യാത്ര ചെയ്യണമെങ്കിൽ പ്രധാനപ്പെട്ട 37-ഓളം പാലങ്ങൾ കടക്കണം. അവയിൽ ഏറ്റവും നീളം കൂടിയത് ഫ്വെർട്ടേ നദിക്കു കുറുകെയുള്ള 500 മീറ്റർ നീളമുള്ള പാലമാണ്. ഏറ്റവും ഉയരമുള്ള പാലം ചീനിപാസ് നദിക്കു 90 മീറ്റർ മുകളിലായുള്ളതാണ്.
കൂടാതെ യാത്രക്കിടയിൽ 99 തുരങ്കങ്ങളിലൂടെയും ട്രെയിൻ കടന്നുപോകുന്നു. ഏറ്റവും നീളം കൂടിയ തുരങ്കം 1,810 മീറ്ററുള്ള എൽ ഡെസ്കാൻസോ ആണ്. ഈ യാത്രക്കിടയിൽ വിനോദസഞ്ചാരികൾക്ക് കോപ്പർ മലയിടുക്കിന്റെ മനോഹാരിത വ്യക്തമായി കാണാം.
[15-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അമേരിക്കൻ ഐക്യനാടുകൾ
മെക്സിക്കോ
ചിവാവാ
ഓഹിനാഗ
കോപ്പർ മലയിടുക്ക് മേഖല
ലാ ജുന്ത
ചിവാവാ
ക്രീൽ
ഡിവിസാഡേറൊ
ടോപോലൊബാംപോ
[15-ാം പേജിലെ ചിത്രങ്ങൾ]
ബാസാസിയാച്ചി വെള്ളച്ചാട്ടം
[കടപ്പാട്]
© Tom Till
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഡിവിസാഡേറൊയിൽ നിന്നുള്ള വീക്ഷണം
[കടപ്പാട്]
© Tom Till
[17-ാം പേജിലെ ചിത്രം]
കോപ്പർ മലയിടുക്കിൽ ടാരായുമാരാ എന്നറിയപ്പെടുന്ന ആളുകൾ വസിക്കുന്നു
[കടപ്പാട്]
George Hunter/H. Armstrong Roberts
[17-ാം പേജിലെ ചിത്രം]
റെക്ക് തടാകം
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
George Hunter/ H. Armstrong Roberts